PHOTOSTORIES
എബി ഉലഹന്നാൻ
ഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.
ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ അര്‍ത്ഥം. എന്നാൽ ഏറ്റവും നിര്‍ഭാഗ്യവനായ ചക്രവര്‍ത്തിയായിരുന്നു ഹുമയൂണ്‍. കൈയില്‍ നിറയെ പുസ്തകങ്ങളുമായി സ്വന്തം പുസ്തകശാലയില്‍ നിന്നും ഇറങ്ങി വരുന്ന വരവില്‍ പറ്റിയ വീഴ്ചയിലാണ് നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ സംഭവ ബഹുലമായ സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ എന്നെന്നേക്കുമായി അദ്ദേഹം തെറിച്ചു പോയത്. ജീവിതത്തിലും സ്ഥിരമായി ഒരിടത്തിരുന്ന് സ്വസ്ഥമായി ഭരിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ഭൗതിക ശരീരത്തിനും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പലപ്പോഴും യാത്രയാകേണ്ടി വന്നു. ആദ്യം പുരാനകിലയിലും പിന്നീട് പഞ്ചാബിലെ സിര്‍ഹിന്ദിലും അദ്ദേഹം അടക്കപ്പെട്ടു. അക്ബര്‍ ഹേമുവിനെ തോല്‍പ്പിച്ച് ഡല്‍ഹി വീണ്ടെടുത്തപ്പോള്‍ ഹുമയൂണിന്റെ ശരീരം തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ഷേര്‍ മണ്ടലില്‍ അടക്കി. പില്‍ക്കാലത്ത് ഹാജി ബീഗം എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ പത്നി ബേഗ ബീഗം രാജോചിതമായ രീതിയില്‍ ഒരു കുടീരം നിര്‍മ്മിച്ച് ഹുമയൂണിന്‍റെ ശരീരം അവിടെയടക്കി.
പതിനാല് വര്‍ഷങ്ങളെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍. മിറാഖ് മിര്‍സ ഘിയത് എന്ന പേര്‍ഷ്യന്‍ വാസ്തുശില്പിക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല. പേര്‍ഷ്യന്‍ ശൈലിക്കൊപ്പം ഇന്ത്യന്‍ വാസ്തുശൈലി കൂടി സങ്കലനം ചെയ്തു കൊണ്ടുള്ള നിര്‍മാണരീതിയാണ് ഇതിനായി സ്വീകരിച്ചത്.
1565 മുതല്‍ ഹുമയൂണ്‍ ചക്രവര്‍ത്തി ഇവിടെ ഉറങ്ങുന്നു… സ്വസ്ഥമായി !
…
പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9048906827