കവിത
ഉണ്ണി പുത്രോട്ടിൽ
ഉച്ചയൂണിന് സ്കൂൾ വിട്ടാൽ
തെങ്ങിൻ തോപ്പിലൂടെ
ഒരു നടപ്പുണ്ട് വീട്ടിലേക്ക്.
ഓലക്കീറിനുള്ളിലൂടെ വരുന്ന
വെയിൽക്കീറുകളെ
ഒറ്റത്തട്ടിന് തെറിപ്പിച്ച്,
വീടെത്താനുള്ളൊരോട്ടമുണ്ട്
ഉച്ചവെയിലും കൊണ്ട്
വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ !
ആരുമില്ലാനിശ്ശബ്ദതയിൽ
ഇരുമ്പു താക്കോലിട്ട്
കുലുക്കിയൊന്നുണർത്തും.
ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ
എന്നോടൊത്തൽപ്പനേരം കളിക്കും വീട്.
പൂച്ച കേറാതിരിക്കാൻ
അമ്മ ഉറിയിൽ തൂക്കിയ
ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും
കാറ്റുകൊണ്ടു വന്ന കരിയിലകൾ
ചിക്കിപ്പറിച്ചിട്ടതിന്
വീടിനെയിത്തിരി വഴക്കുപറയും
ആരുമില്ലാനേരം
കാറ്റും വീടും തമ്മിലുള്ള തിമിർപ്പുകൾ
കണ്ടു പിടിക്കാതിരിക്കാൻ,
വഴക്കായ വഴക്കൊക്കെ കേട്ട്
മൗനം പാലിക്കും വീട്.
ഹോംവർക്കെഴുതിത്തീരുന്നതിൽ മുമ്പ്
മഷി തീർന്ന പേന,
ധൃതിയിൽ കുളിക്കുന്നതിൻ മുമ്പ്
അഴിച്ചെറിഞ്ഞ അടിവസ്ത്രം..,
ആടിത്തീരുന്നതിൻ മുമ്പ്
ഉമ്മറത്തിണ്ണയിലിട്ടു പോയ
കൊത്തം കല്ലുകൾ..,
ഉപേക്ഷിച്ചവയെ
വീടിനെയേൽപ്പിച്ച്
ഉച്ചവെയിൽ മുറിച്ച്
സ്കൂളിലേക്ക് മടങ്ങും.
കുന്നിന്റെ ഉച്ചാന്തലയിൽ
മറഞ്ഞ കാറ്റ് അപ്പഴേക്കും
പൊതിഞ്ഞു പിടിച്ചിട്ടുണ്ടാവും വീടിനെ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.