മൗനം

2
273

കഥ

എയ്ഞ്ചൽ മരിയ ഗ്രേസൻ

പറയാനൊരു വിശേഷവുമില്ലാത്തവളുടെ വാചാലതയായിരുന്നു മൗനം. ഉതിർന്നുവീഴാൻ കണ്ണീരോ ചിരിച്ചു തള്ളാൻ ഓർമ്മകളോ ഇല്ലാത്തവളുടെ വികാരങ്ങളായിരുന്നു മൗനം. മൗനം അവളെ അവളാക്കി.

വീടുവിട്ട്, എന്തിനെന്നറിയാതെ മഠത്തിലെത്തിയ അവൾക്ക് മൗനങ്ങൾക്കിടയിലെ വാചാലത ഏറെ വിലപ്പെട്ടതായിരുന്നു. തന്നെ ഇമവെട്ടാതെ നോക്കുന്ന ഒരുചില കണ്ണുകളിലെ സഹതാപവും മറ്റുചില കണ്ണുകളിലെ പരിഹാസവും… എല്ലാത്തിനും അവളുടെ ഉത്തരം മൗനമായിരുന്നു. ഈ മൗനം മൂലമാവണം അവൾ നേരിട്ട ചോദ്യങ്ങളത്രയും മറുപടി കാംഷിക്കുന്നവരുടെ ഉത്തരങ്ങൾ മാത്രമായിരുന്നു.

ദൈവവിളിയായിരുന്നില്ല, അവളെ കോൺവെന്റിലെത്തിച്ചത് വിശപ്പിൻറെ വിളി മാത്രമായിരുന്നു. അറുപത്തഞ്ചാം വയസ്സിലും രാവിലെയും വൈകിട്ടും നാടുനീളെ പാലു കറന്ന് കിട്ടുന്നതുംകൊണ്ട് അഞ്ചാറ് വയറു നിറയ്ക്കാൻ പെടാപ്പാടുപെട്ടപ്പോൾ അപ്പച്ചൻ കണ്ട പോംവഴിയായിരുന്നു മഠം. ഒരു വയറിനുള്ളത് കുറച്ചു കണ്ടെത്തിയാൽ മതിയല്ലോ അപ്പോൾ. സർക്കാർ സ്‌കൂളിലെ ഉച്ചക്കഞ്ഞിയിൽ നിന്ന് അവൾ വെട്ടിമാറ്റപ്പെട്ടിരുന്നു അപ്പോളേക്കും. പത്തിൽ നല്ല മാർക്ക് വാങ്ങിയവളുടെ പഠിത്തം തുടരാനും ഇത് തന്നെയായിരുന്നു ഏക മാർഗം. അങ്ങനെ വിശപ്പിന്റെ വിളിക്കു മുന്നിൽ മൗനം സമ്മതമാക്കി അവൾ കോൺവെന്റിലെത്തി.

പ്രാർത്ഥനാമുറികളിലെ ജപമാലകളെക്കാൾ അവൾ മനമുരുകി ജപിച്ചത് തീൻമേശയിലെ പ്രാർത്ഥനകളിൽ ആയിരുന്നു – പ്രാതലിനു മുൻപുള്ള പ്രാർത്ഥനകളിൽ. തന്റെ വയർ നിറയ്ക്കുന്നതുപോലെ വീട്ടിലെ എല്ലാ വയറുകളും നിറയ്ക്കണേ എന്ന പ്രാർത്ഥന. ആ പ്രാർത്ഥനകളിൽ മാത്രമായിരുന്നു അവൾ ദൈവത്തെ ശല്യം ചെയ്തിരുന്നത്. കോൺവെന്റ്‌ മുറ്റത്തെ മാവും ചാമ്പയുമൊക്കെ തന്റെ അന്നദാതാവായത് വെള്ളിയാഴ്ച്ചകളിലെ ഒരുനേരങ്ങളിൽ ആയിരുന്നു. വിശപ്പിന്റെ വിളിയാൽ മഠത്തിലെത്തിയവൾക്ക് എന്ത് ഒരുനേരം! വിശന്നിരിക്കുന്ന അനിയനു വേണ്ടി അവൾ ഒരുപാട് ദിവസങ്ങൾ ഒരുനേരമാക്കിയിരുന്നു. പക്ഷെ നാലുനേരം ഭക്ഷണമുള്ള മഠത്തിലിരുന്ന് ഒരുനേരം നോക്കുന്നതിൽ, എന്തുകൊണ്ടോ അവൾ സംതൃപ്തയായില്ല. അതിനാൽ തന്റെ വെള്ളിയാഴ്ചകൾ മാങ്ങയും ചാമ്പങ്ങയും പേരയ്ക്കയും ഒക്കെ കൊണ്ട് അവൾ സമൃദ്ധമാക്കി. മൗനം വാക്കുകളാക്കിയവളെ ആരും തിരഞ്ഞിരുന്നുമില്ല.

പ്ലസ് 2 അവധിക്കുപോലും വീട്ടിൽ പോകാത്തവൾക്ക് അതികഠിന ദൈവഭക്തിയും ദൈവവിളിയുമാണെന്ന് തെറ്റിദ്ധരിച്ച മദറമ്മയോട് സഹതാപമാണ് അവൾക്ക് തോന്നിയത്. 2 മാസം ഈ വയറുകൂടി നിറയ്ക്കാൻ അപ്പച്ചന്റെ കാലുകൾ ഓടേണ്ടല്ലോ എന്നത് മാത്രമായിരുന്നു അവളുടെ ചിന്ത.  അതിനാൽ തന്നെ മഠത്തിലെ പണിയെടുത്തും പ്രാർത്ഥിച്ചും അവൾ ആ ചുവരുകൾക്കുള്ളിൽ കഴിഞ്ഞുകൂടി.

പതിവുപോലെ ഒരുനേര പ്രാർത്ഥന പറമ്പിലെ മാവിൻചുവട്ടിൽ കുശാലാക്കുകയായിരുന്നു അവൾ. എല്ലാ അമ്മമാരും ചാപ്പലിൽ പ്രാർത്ഥിക്കുന്ന സമയമാണ് അവളുടെ പറമ്പിലെ പണി. പക്ഷെ അന്ന് പതിവ് തെറ്റിച്ചു മദറമ്മ നടക്കാനിറങ്ങിയത് മാവിൻചുവട്ടിലേക്കായിരുന്നു. കർത്താവിന്റെ മണവാട്ടിയാകേണ്ടവൾ മാനം നോക്കി മാങ്ങ തിന്നുന്നത് കണ്ടതോടെ മദറമ്മ സ്ഥലം വിട്ടു. വൈകിട്ട് അവളെ സ്വകാര്യത്തിൽ മുറിയിലിരുത്തി കാര്യങ്ങൾ അന്വേഷിച്ചതോടെ അവളുടെ സന്യസ്തജീവിതത്തിനു തീരുമാനം ആയി. പിന്നെ കുറച്ചു കൗണ്സലിങ്ങും പ്രാർത്ഥനകളും. ഒരുനേരം നോക്കാത്തവളെ മഠത്തിന്നു പറഞ്ഞുവിടാൻ വകുപ്പില്ല, പക്ഷെ ദൈവവിളിയില്ലാത്തവളെ പറഞ്ഞുവിടുന്നതിനു പ്രയാസമുണ്ടായില്ല.

വന്നപ്പോൾ പാലിച്ച മൗനം പോകുമ്പോളും പാലിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. പറഞ്ഞുവിട്ടെങ്കിലും അപ്പച്ചന് ഒരുചാൺ വയറിന്റെ ഭാരമാകാതിരിക്കാനുള്ള വഴിയും മദറമ്മ നീട്ടിയിരുന്നു. സഭയുടെ കോളേജിൽ നഴ്സിംഗ് പഠനവും സഹകരണ ബാങ്കിൽനിന്ന് ലോണും – രണ്ടും മദറമ്മ തന്നെ ഒരുക്കിയിരുന്നു. ബാംഗ്ലൂർനടുത്തുള്ള ഓണംകേറാമൂലയിലെ നഴ്സിംഗ് പഠനവും അവധിദിനങ്ങളിലെ അല്ലറചില്ലറ ജോലിയും ആണ്ടിലൊരിക്കലെ കുടുംബസന്ദർശനവും നേടിത്തന്നത് രണ്ടു കാര്യങ്ങളായിരുന്നു – നഴ്‌സെന്ന ജോലിയും ബാംഗ്ലൂർ പഠിച്ച പെണ്ണിന്റെ ചീത്തപ്പേരും. ബാംഗ്ലൂർ പറഞ്ഞു ദ്വെഷിക്കുന്നവരെ കൊണ്ട് വിദേശം പറഞ്ഞു മോഹിപ്പിക്കുന്നതായിരുന്നു പിന്നെയുള്ള സ്വപ്നം മുഴുവൻ. നടുവൊടിഞ്ഞു പണിയെടുത്തും എത്തിപ്പെട്ടത്, മൗനം വെറുക്കുന്ന കലപില സംസാരിക്കുന്ന പത്താംക്ലാസുകാരന്റെ ഭാര്യയായി ഒരു വാഗ്‌ദത്ത ഭൂമിയിലായിരുന്നു. അവനോടുള്ള സമ്മതം പോലും അവൾ മൗനമായിട്ടായിരുന്നു പറഞ്ഞത്. മൗനത്തിനു മാത്രമേ അവളെ വാചാലയാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here