മനശാസ്ത്രകാരിയായ ഒരു കലാകാരി…

0
216

അഡ്വ. വി. പ്രദീപൻ

മനസ്സിന് സാന്ത്വന സ്പർശമേകുന്നതോടൊപ്പം വരയുടെ ലോകത്തെ സ്ത്രീസ്പർശമായി, മനശാസ്ത്രകാരിയായ ഒരു കലാകാരി…

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ കേമ്പുകളിലെ മാനസികമായി തകർന്നു പോയ ദുരിതബാധിതർക്ക് മനശാസ്ത്രകൗൺസിലിങ്ങ് നൽകി ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള മാനസികമായ കരുത്തു പകർന്നു നൽകിയ പിണറായി ശിവക്ഷേത്രത്തിനടുത്ത ശ്രുതി പ്രകാശിന് നിറക്കൂട്ടുകളുടെ ലോകം സ്വന്തം മനസ്സിലെ ആശയങ്ങളെ ദ്യശ്യവൽക്കരിക്കാനുള്ള ഉപാധിയാണ്.

ശ്രൂതി പ്രകാശ്

ഇരിക്കൂറിലെ സിഗ്ബ കോളജിലെ മനശാസ്ത്രകൗൺസിലറായി ജോലി ചെയ്യുന്ന ശ്രുതി മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. സുഹൃത്തും കവയിത്രിയുമായ കിഴക്കുംഭാഗത്തെ അഞ്ജലിയുമായി ചേർന്ന് ശ്രുതി പിണറായിൽ മനോമിത്രം എന്ന പേരിൽ ഒരു കൗൺസിലിങ്ങ് സെന്റർ നടത്തുന്നുണ്ട്.

ശ്രുതി പ്രകാശിന്റെ ചിത്രങ്ങൾ സ്ത്രീയെയും അവളുടെ പ്രശ്നങ്ങളേയും ദൃശ്യവൽക്കരിക്കുന്നതാണ്. സ്നേഹതണൽ വിരിച്ച് നമ്മുടെ ശ്വാസമായി പ്രകാശമായി മാറുന്ന സ്ത്രീയെ വൃക്ഷത്തോട് ബിംബവൽക്കരിക്കുകയാണ് വൃക്ഷവും സ്ത്രീയും കഥാപാത്രമാകുന്ന ചിത്രത്തിലൂടെ ചിത്രകാരി. കാടുകൾ വെട്ടിനശിപ്പിച്ച് കോൺക്രീറ്റ് കാടുകളാകുമ്പോൾ നാടു മുഴുവൻ ഇന്ന് ഇന്റർലോക്കിട്ട് നിറയ്ക്കുമ്പോൾ പടർന്നു പന്തലിക്കാൻ കഴിയാത്ത വൃക്ഷത്തെ അടുക്കളയിൽ തളച്ചിടപ്പെടുന്ന സ്ത്രീയോടാണ് ഈ ചിത്രത്തിൽ ശ്രുതി താരതമ്യം ചെയ്യുന്നത് . ഈ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് സ്ത്രീയും പ്രകൃതിയും പടർന്ന് പന്തലിക്കുമെന്ന ശുഭപ്രതീക്ഷ കൂടിയാണ് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്.

പ്രകൃതിയും സ്ത്രീയുമായുള്ള ആഴത്തിലുള്ള പൊക്കിൾകൊടി ബന്ധം കാട്ടി തരുന്ന ശ്രുതിയുടെ മറ്റൊരു ചിത്രം സജിത്ത് നാലാം മൈലിന്റെ കനൽ എന്ന നോവലിന്റെ കവർ പേജായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സിഗ്ബ കോളജിൽ തന്റെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച ശ്രുതിക്ക് തലശ്ശേരി ലളിതകലാ അക്കാദമിയിൽ നടന്ന ഗ്രൂപ്പ് എക്സിബിഷനിലും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ചിത്രരചനയിൽ കാര്യമായ അക്കാദമിക പരിശീലനമൊന്നും നേടാതെയാണ് ഈ കലാകാരിക്ക് ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചത്.

ഇപ്പോൾ കൗൺസിലിങ്ങ് രംഗത്ത് സജീവമായ ശ്രുതി വ്യക്തിത്വ വികസന ക്ലാസ്സുകൾ , പരീക്ഷാ പേടി അകറ്റാനുള്ള ക്ലാസ്സുകൾ തുടങ്ങി ഈ രംഗത്ത് നിരവധി ക്ലാസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് കിനാശ്ശേരി അനാഥമന്ദിരത്തിലെ കുട്ടികൾക്ക്‌ മനോമിത്രത്തിന്റെ ഭാഗമായി നൽകിയ കൗൺസിലിങ്ങ് ക്ലാസ്സ് ഇന്നും മനസ്സിൽ മായാതെ സൂക്ഷിക്കുന്നുണ്ട്.

സാമുഹ്യ പ്രതിബദ്ധത നെഞ്ചേറ്റിയ ഈ കലാകാരി കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മനോബലം നൽകുന്നതിനായി ടെലി കൗൺസിലിങ്ങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒപ്പം കൊറോണ കാലത്ത് വരയുടെയും വർണ്ണങ്ങളുടെയും ലോകത്ത് സജീവമാകുക കൂടിയാണ് ഈ കലാകാരി . പിണറായി അമ്പലത്തിനടുത്തുള്ള പിണറായി വെസ്റ്റിലേക്കുള്ള കനാൽ റോഡിനരികിൽ പ്രകാശ് ഭവനിൽ പ്രകാശന്റെയും സതിയുടെയും മകളാണ് ശ്രുതി പ്രകാശ്.അച്ഛനും അമ്മയും സഹോദരൻ സ്മൃതിനും ശ്രുതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി കൂടെയുണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here