ബാലൂകം

0
478
Balookam-Junaith-Aboobaker

ജുനൈദ് അബൂബക്കര്‍

പതിവിലുമധികം ചൂടുള്ള രാത്രിയായിരുന്നു. ഉണര്‍ന്നപ്പോള്‍ വെള്ളം കോരിയൊഴിച്ചതുപോലെ വിരിയാകെ നനഞ്ഞിരിക്കുന്നു. പനി വിട്ടു പോയതാണെന്ന് ഭാര്യ പറയുന്നു. രണ്ടാഴ്ചയായുള്ള പനി, ഇന്നാണല്പമെങ്കിലും തലയൊന്ന് പൊങ്ങിയത്. കുറച്ചു ദിവസമായ് കഴിക്കുന്ന മരുന്നുകള്‍ പണി വെടിപ്പായി ചെയ്തിരിക്കുന്നുവെന്ന് വേണം കരുതാന്‍. നെറ്റിയില്‍ തൊട്ടുനോക്കി, ചൂടില്ല.. എങ്കിലും മൂക്കാകെ അടഞ്ഞിരിക്കുന്നു. കഫം കെട്ടി നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നു, നെഞ്ചത്താകെയൊരു കനം.

ചുക്ക് കാപ്പിയും പത്രവുമായ് സിറ്റൌട്ടിലെ കസേരയില്‍ വന്നിരുന്നു. ചൂട് ഉച്ചസ്ഥായിയിലാണ്. കാപ്പിക്കും ചൂട്, കൂടാതെ കുരുമുളകിന്റേയും ചുക്കിന്റേയും എരിവ്. ചൂടും എരിവും കണ്ണുനീരായ് പുറത്ത് വന്നത് പുറം കൈകൊണ്ട് തുടച്ചുകളഞ്ഞു.

balookam-illustration-subesh-padmanabhan

രാവിലെതന്നെ റോഡില്‍ ഭീകരമായ തിരക്ക്, ചൂട്, പൊടി, പുക, ശബ്ദം. സമാധാനമില്ലാത്ത അന്തരീക്ഷം. പ്രോപ്പര്‍ട്ടിവില കുത്തനെ കൂടുന്നുവെന്ന അവസാനപേജിലെ വാര്‍ത്ത കണ്ടതോടുകൂടി ദേശീയപാതയോട് ചേര്‍ന്ന് വീടു പണിയണ്ടായിരുന്നുവെന്ന തോന്നല്‍ പെട്ടന്നുതന്നെ പോയി. റോഡിന്റെ എതിര്‍വശത്ത് പുതിയൊരു കെട്ടിടമുയരുന്നത് നോക്കി അല്പനേരമിരുന്നു, വീടും കടമുറികളും കൂടെയാണ്. വെയിലും കാപ്പിയുടെ എരിവും കൂടെ പണിക്കാരെ ആവിയാക്കിക്കളയുന്നു. കയറിത്താമസിത്തിന്റെയന്ന് തിരക്കുകളെല്ലാം കഴിഞ്ഞ് പുതിയ കട്ടിലില്‍, മെത്തയില്‍ കിടക്കുമ്പോള്‍ ഉടമസ്ഥന്‍ എന്തായിരിക്കും ആലോചിക്കുകയെന്ന് വെറുതെ ചിന്തിച്ചു. ഇതിന്റെ കടമെങ്ങനെ വീടുമെന്നായിരിക്കുമോ, അതോ ഏത് ബിസിനസ്സ് തുടങ്ങുമെന്നായിരിക്കുമോ? ചിലപ്പോള്‍ പുരവാസ്തുബലിയൊന്നുമില്ലാതെ പണിതീരുമ്പോള്‍, ചിലപ്പോളതിനും മുന്‍പ് തന്നെ കെട്ടിടം മുഴുവനുമയാള്‍ വാടകയ്ക്ക് കൊടുക്കുമായിരിക്കും. താനെന്തായിരുന്നു ആലോചിച്ചത്? ഓര്‍ക്കുന്നില്ല.

പത്രം പതിയെ മറിച്ചു നോക്കി, പുറകില്‍ നിന്ന് മുന്നോട്ട് പത്രങ്ങളും മാസികകളും വായിക്കുന്ന ശീലമെങ്ങനെയാണാവോ ഉണ്ടായത്? മിക്കവാറും സ്‌പോര്‍ട്ട്‌സ് വാര്‍ത്തകള്‍ വായിക്കാന്‍ വേണ്ടിയാവണം, അല്ലെങ്കില്‍ മാസികകളിലെ കാര്‍ട്ടൂണ്‍ സ്ട്രിപ്‌സ് ആയിരിക്കണം ഇങ്ങനെയൊരു ശീലത്തിന് തുടക്കമിട്ടത്. അതോ എല്ലാവരും ഇങ്ങനെതന്നെയായിരിക്കുമോ?

എല്ലാം പതിവ് വാര്‍ത്തകള്‍. പത്രക്കാര്‍ പേരുകളും ദിവസവും തീയതിയും മാത്രമേ മാറ്റുന്നുള്ളുവെന്ന് തോന്നുന്നു. ഒരേ വാര്‍ത്തകള്‍, ഒരേ അപകടങ്ങള്‍, ഒരേ മരണങ്ങള്‍, ഒരേ ചതികള്‍, ഒരേ അഴിമതിക്കഥകള്‍, കുംഭകോണങ്ങള്‍. പേരുകള്‍ മാത്രം വല്ലപ്പോഴും മാറുന്നു.

മുന്‍പേജില്‍ മാത്രമൊരു മാറ്റം കണ്ടു. പത്രത്തിന്റെ പേരിനു താഴെ മുഴുപ്പേജില്‍ ഒരാഡംബര വസ്ത്രാലയത്തിന്റെ പരസ്യം. ജീവനക്കാരെ മൂത്രമൊഴിക്കാന്‍ പോലുമനുവദിക്കാതെ ജോലിചെയ്യിക്കുകയും ശമ്പളം കൊടുക്കാതിരിക്കുകയും ചെയ്താലും പരസ്യത്തിനൊരു കുറവും വരുത്തരുതെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ പാവം തൊഴിലാളികളുടെ കുത്തിയിരുപ്പ് സമരമൊന്നും വാര്‍ത്തയാകുന്നില്ല. അല്ലെങ്കിലും ഇത്രയും വലിയ പരസ്യത്തിന്റെ അടിയില്‍ നിന്നും ആ വാര്‍ത്തയെങ്ങനെ പുറത്തുവരാനാണ്.

പത്രം മടക്കി കണ്ണടച്ച് വെറുതെ കിടന്നു, പുറത്തുള്ള ശബ്ദം മാത്രം കേള്‍ക്കാം, എല്ലാം വളരെ കൃത്യമായ് അറിയാന്‍ പറ്റുന്നുണ്ട്. ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, സൈക്കിളുകള്‍, ടിപ്പര്‍ ലോറികള്‍, ബസ്സുകള്‍, മനുഷ്യര്‍ എല്ലാ ശബ്ദവും ചെവിയില്‍ വന്നുകയറുന്നു. ശരീരത്തിന് സുഖമില്ലാതാകുമ്പോള്‍ മാത്രം ഇതെല്ലാമെങ്ങനെ കൃത്യമായ് കേള്‍ക്കുന്നുവെന്ന ചിന്തയുമായി കണ്ണടച്ചുതന്നെയിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. പനിയും ഒച്ചയടപ്പും കാരണം രണ്ടാഴ്ച ഇതിന്റെ ശല്യമില്ലായിരുന്നു. ഇനിയിതിന്റെ സംഭാവനകൂടിയിരിക്കട്ടെയെന്ന് കരുതിക്കാണും.

കണ്ണു തുറന്നു, വെയിലുകാരണം അല്പനേരത്തേക്ക് ഒന്നും തെളിഞ്ഞില്ല. ആരാണെന്ന് നോക്കാതെ ഫോണെടുത്തു.

‘ഹലോ’

‘മച്ചാ, ജെറോമാടാ, നിന്റെ പനിയൊക്കെക്കുറഞ്ഞോ? നീയറിഞ്ഞാരുന്നോ, ബാലു ആക്‌സിഡന്റായി മെഡിക്കല്‍ കോളേജിലാ, നമ്മുക്കൊന്ന് പോയിക്കാണണ്ടേ? എന്‍.എച്ചില്‍ വച്ചാരുന്നു, ഹെഡ് ഇഞ്ച്വറി. ഐ.സി.യുവില്‍ നിന്ന് ഇന്നലെ വാര്‍ഡിലോട്ട് മാറ്റി. നീ റെഡിയായിട്ടിരിക്ക് ഞാന്‍ വണ്ടിയും കൊണ്ട് വരാം’

രണ്ടാഴ്ചയായ് ഇവിടെത്തന്നെ അടയിരിപ്പാണ്. ഒന്ന് പുറത്തിറങ്ങിയാല്‍ കുറച്ചൊരാശ്വാസമാകുമല്ലോയെന്ന് കരുതി ശരിയെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

ഒരപകടം കേള്‍ക്കുമ്പോഴുണ്ടാകേണ്ട ഞെട്ടലെന്തുകൊണ്ടാണ് ഉണ്ടാകാഞ്ഞതെന്നോര്‍ത്ത് അകത്തേക്ക് നടന്നു. പനികൊണ്ടായിരിക്കുമെന്ന് സമാധാനിച്ചു. വിയര്‍ത്തൊഴുകുന്നു.. അതുമൊപ്പി മേലുകഴുകാനായ് കുളിമുറിയിലേക്ക് കയറി. മൂത്രമൊഴിച്ചപ്പോള്‍ കാപ്പിയുടെ കെട്ടമണം.. എണീറ്റ് ഷവര്‍ തുറന്നു. തണുത്തവെള്ളം തലയില്‍ വീണപ്പോള്‍ നല്ല ആശ്വാസം തോന്നി. ബാലുവിനെക്കുറിച്ചോര്‍ത്തു.

ഞങ്ങളൊരേ കോളേജിലായിരുന്നു പഠിച്ചത്. അവനെന്റെ ജൂനിയറായിരുന്നു. ദൂരെക്കാഴ്ചയില്‍ ഞങ്ങള്‍ രണ്ടു പേരും ഏകദേശം ഒരേപോലെയായിരുന്നു. എന്നേക്കാളും ഒരു പൊടിക്ക് പൊക്കമവനായിരുന്നു കൂടുതലെന്ന് പറയാം. നിറവും, മീശയുമെല്ലാം ഒരു പോലെ. കോളേജിനടുത്തൊരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന ഞങ്ങളുടെ കൂടെ രണ്ടാം വര്‍ഷമാണവന്‍ ചേര്‍ന്നത്. എന്റെ സഹോദരനാണെന്ന് പറഞ്ഞ് ചില സൂപ്പര്‍ സീനിയേഴ്‌സിന്റെ റാഗിങ്ങില്‍ നിന്ന് രക്ഷപെട്ട കഥകളൊക്കെ അപ്പോഴണറിയുന്നത്. റാഗിങ്ങില്‍ നിന്ന് രക്ഷപെടുമെന്നുണ്ടെങ്കില്‍ ആരായാലും കള്ളങ്ങള്‍ പറയും. സംശയം വേണ്ട.

ഒരു ദിവസം ജെറോമിന്റെ ബൈക്കും കൊണ്ട് പോയ അവന്‍ പോയതിനേക്കാളും വേഗത്തില്‍ വീട്ടില്‍ പാഞ്ഞുവന്നു.

‘അളിയാ രക്ഷിക്കണം, വന്നവഴി വണ്ടിയൊരു കിളവന്റെ ദേഹത്തുമുട്ടി, കഷ്ടകാലത്തിനവന്മാര്‍ നമ്പര്‍ നോട്ട് ചെയ്തു, ഞാനൊരുവിധത്തിലാ തടിയൂരിയത്. എനിക്ക് ലൈസന്‍സ് പോലുമില്ല, എന്നെയൊന്ന് രക്ഷിക്കെടാ, വണ്ടിയോടിച്ചത് നീയാണെന്ന് പറഞ്ഞാല്‍ മതി പ്ലീസെടാ, കയ്യില്‍ക്കിട്ടിയാല്‍ അവരെന്നെ തല്ലിക്കൊല്ലും’

ഞങ്ങളുടെ വീട്ടുടമസ്ഥനൊരു പോലീസുകാരനായിരുന്നതുകൊണ്ട് കിളവന്റെ ചികിത്സച്ചിലവില്‍ കാര്യമൊതുക്കി. അതോടെ ബാലുവിന്റെ ബൈക്കോട്ടവും നിലച്ചു.

കുളിച്ച് ഡ്രസ്സ് ചെയ്തുകഴിഞ്ഞപ്പോഴേക്കും ജെറോം വണ്ടിയും കൊണ്ടെത്തി.

കാറില്‍ക്കയറിയപ്പോള്‍ ഒരു ഫ്രീസറില്‍ കയറിയതുപോലെ തോന്നി. ഏ.സി കുറച്ചിട്ടു.

‘എടാ, പുറത്തുനല്ല ചൂടാ ‘

‘എന്റെയകത്തും നല്ല ചൂടാ, ഇനിയതു കുറയാതെ തണുപ്പടിച്ചാല്‍ ഇപ്പോഴത്തേതിന്റെ ബാക്കി കിടപ്പിലാവും, അതൊക്കെപ്പോട്ടെ എവിടെവച്ചാണ് അവന് അപകടം സംഭവിച്ചത് ? ‘

‘കഴിഞ്ഞ ഞായറാഴ്ച ആലുവയില്‍ ഏതോ ഡോക്‌റ്റേഴ്‌സ് മീറ്റുണ്ടെന്ന് പറഞ്ഞിറങ്ങിയതാ, അന്ധകാരനഴിയടുത്തുവച്ച് ആരോ തട്ടീട്ട് സ്ഥലം വിട്ടു, ബോധം കെട്ട് വഴിയില്‍ക്കിടന്നവനെ നാട്ടുകാരാ ആശുപത്രിയിലെത്തിച്ചത്. ‘

‘അപകടങ്ങളൊന്നും ആളുകള്‍ക്കൊരു പുത്തരിയല്ലാതായിട്ട് കാലം കുറേയായി അല്ലേടാ, സോഷ്യല്‍ മീഡിയക്കൊരു ചിത്രം, കൂടുതല്‍ ലൈക്കുകള്‍ക്കായുള്ള തന്ത്രമൊക്കെയായ് ജീവനുകള്‍ മാറിക്കഴിഞ്ഞു മോനേ. ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തോണ്ട് വേണം മരിക്കാന്‍, ഗംഭീരമായിരിക്കും..’

‘പിന്നെ, ഗംഭീരമായിരിക്കും..’ ഇടയിലൂടെ നുഴഞ്ഞുകയറിയ ബൈക്കുകാരന്റെ തലമുറകളെ തെറിയില്‍ കുതിര്‍ത്തുകൊണ്ട് ജെറോം പറഞ്ഞു.

പുറത്ത് വെയില്‍, ഒരു ഡിസ്‌പ്ലേ ഫ്രീസര്‍ പോലെ കാറ് നീങ്ങുന്നു, അല്ല തിരക്കില്‍ ഇഴയുന്നു.

കണ്ണില്‍ നിന്നും ചൂട് പുറത്തേക്കൊഴുകുന്നു, ഒരു ജലദോഷത്തിന്റെ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പറ്റുന്നില്ല. ബാലുവിന് സീരിയസ്സായ കുഴപ്പമൊന്നുമില്ലായിരിക്കും, അതല്ലേ അവനെ വാര്‍ഡിലേക്ക് മാറ്റിയത്.

Balookam-Subesh-padmanabhan

കോളേജ് വിട്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പിന്നെയുമവനെ കാണുന്നത്, കണ്ണൂരില്‍ വച്ച്. ഞങ്ങളുടെ ബാച്ച് ഭൂരിഭാഗവും മെഡിക്കല്‍ റെപ്പുകളായ് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും ചേക്കേറിയിരുന്നു അപ്പോഴേക്കും.

ഡോ.രാമകൃഷ്ണന്റെ ക്ലിനിക്ക് രാത്രി ഒന്‍പത് മുതല്‍ പത്ത് വരെ മെഡിക്കല്‍ റെപ്പുമാരുടെ സമ്മേളനസ്ഥലമാണ്. അവിടെവച്ചാണ് അവനെ പിന്നെയും കണ്ടുമുട്ടിയത്. അളിയാന്നുള്ള വിളിയില്‍ത്തന്നെ അവനെ ഞാന്‍ തിരിച്ചറിഞ്ഞു. ‘അളിയാ രക്ഷിക്കണേ’ എന്നാണോ കേട്ടതെന്ന് ഒരുനിമിഷം ശങ്കിച്ചു. ഒരു ലോക്കല്‍ മരുന്നു കമ്പനിയുടെ റെപ്പായിട്ട് അവന്‍ അവിടെയെത്തിയിട്ട് ഒരാഴ്ചയായെന്ന് പറഞ്ഞു.

‘മടുപ്പാ, അളിയാ..അവന്മാര്‍ ഇതുവരെ ഇമ്പ്രസ് ക്യാഷ് തന്നിട്ടില്ല, തല്‍ക്കാലം തളാപ്പിലെ ആനന്ദ്, അമ്പിളി തിയറ്ററിന്റെ അടുത്തുള്ള ലോഡ്ജിലാ താമസം. നീയെവിടെയാ, അവിടെ സ്ഥലമുണ്ടേല്‍ എന്നേം കൂടെ കൂട്ടളിയാ, ലോഡ്ജ് താമസമൊന്നും നമ്മുക്ക് ശരിയാകത്തില്ല. അവിടൊരു കിളവനുണ്ട് മേല്‍നോട്ടത്തിന്, വല്യ ചൊറയാ, സാമ്പിള്‍ ബോക്‌സൊന്നും മുറിയില്‍ വെക്കരുതെന്നൊക്കെ വന്നു പറയും, ഇടയ്‌ക്കൊക്കെ മുറി തുറന്ന് എന്റെ ഗിഫ്‌റ്റൊക്കെ എടുത്തോണ്ട് പോകുന്നുണ്ടോന്നും സംശയമുണ്ട്.’

‘ഒരാഴ്ചകൊണ്ട് നീ അയാളുമായും ഒടക്കിയോ’

അവനൊരോഞ്ഞ ചിരി ചിരിച്ചു.

ഞങ്ങള്‍ കാള്‍ട്ടക്‌സിനടുത്തായിരുന്നു താമസം, കുഞ്ഞുകുഞ്ഞു മുറികളുള്ളൊരു വീട്ടില്‍. ഞാനും, ജെറോമും, പിന്നെ കൊല്ലത്തുനിന്നുമൊരു സുനിലും. വാടക നാലായി വീതിക്കാമല്ലോയെന്നോര്‍ത്ത് അവനേയും കൂട്ടാമെന്ന് വച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഒരു പെട്ടിയോട്ടോ നിറയെ സാധനങ്ങളുമായ് അവനെത്തി. സാമ്പിള്‍ മരുന്നുകളുടെ ഒരു കൂമ്പാരം. നീയിതൊന്നും ഡോക്റ്റര്‍മാര്‍ക്ക് കൊടുക്കാറില്ലേടേയെന്ന സുനിലിന്റെ ചോദ്യം കേട്ടതായിട്ട് പോലും അവന്‍ ഭാവിച്ചില്ല.

അളിയാ, ഓട്ടോക്കാരന് കൊടുക്കാന്‍ ഒരമ്പതിങ്ങു താ, ശമ്പളം കിട്ടിയാലുടനെ തരാമെന്ന് പറഞ്ഞ് അതും വാങ്ങിയവന്‍ താമസം തുടങ്ങി.

മാസത്തില്‍ കുറച്ചുദിവസമേ അവന്‍ വീട്ടില്‍ കാണുകയുള്ളൂ, ബാക്കി ദിവസങ്ങള്‍ ഔട്ട് ഓഫ് സ്റ്റേഷന്‍ വര്‍ക്കിലാണെന്നാണ് പറച്ചില്‍.

‘അതേ അളിയാ, ഓ.എസ് വര്‍ക്കാകുമ്പോള്‍ അലവന്‍സ് കൂടുതല്‍ കിട്ടും, മനേജര്‍മാര്‍ ശല്യപ്പെടുത്താന്‍ വരത്തുമില്ല, വിളിക്കത്തുമില്ല. അവിടെങ്ങും മൊബൈലിന് റേഞ്ചില്ലെന്നാ ഞാന്‍ പറഞ്ഞേക്കുന്നേ.’

ഏതായാലും കെട്ടുകണക്കിന് സാമ്പിളുകളുമായ് അവന്‍ ഓ.എസ് വര്‍ക്കിന് പോകും. പിന്നീടണറിഞ്ഞത് സാമ്പിളുകള്‍ അവനവിടെ ആര്‍ക്കോ വിക്കുകയാണ് പതിവെന്ന്. അവനായതു കൊണ്ട് ഞങ്ങള്‍ക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. കള്ളത്തരത്തിന്റെ രാജാവായതിനാല്‍ തരം കിട്ടിയാല്‍ അവന്‍ ഞങ്ങളെവരെ വില്‍ക്കുമെന്നുറപ്പായിരുന്നു. കമ്മീഷന്‍ കൊടുത്താല്‍ ഞങ്ങളുടെ സാമ്പിളുകളും വിറ്റുതരാമെന്ന് അവനേറ്റതോടെ ഞങ്ങളുമവന്റെ പങ്ക് കച്ചവടക്കാരായി. സാമ്പിള്‍ വിറ്റതിന്റെ കാശൊന്നും കൃത്യമായ് ഞങ്ങള്‍ക്ക് കിട്ടാറില്ലെങ്കിലും കടം വാങ്ങിക്കുന്നതിനൊരു അറുതി വന്നതുകൊണ്ട് ഞങ്ങളുമത് വല്യ കാര്യമാക്കിയില്ല. കുഴപ്പങ്ങളില്ലാതെ കുറച്ചു മാസങ്ങള്‍ കഴിഞ്ഞു.

ഒരുദിവസം ഞാന്‍ കാഞ്ഞങ്ങാട് രാവിലത്തെ വര്‍ക്ക് കഴിഞ്ഞ് കല്ലുമ്മക്കായ് ഫ്രൈയ്യും കൂട്ടി ചോറുണ്ണാനിരുന്നപ്പോളാണവന്റെ ഫോണ്‍ വന്നത്.

‘അളിയാ, നീ കാഞ്ഞങ്ങാട്ടില്ലേ, ഡോ.അബ്ദൂള്ളയുടെ ക്ലിനിക്ക് വരെയൊന്ന് വരാമോ?’

‘ഞാന്‍ കാഞ്ഞങ്ങാട്ടുണ്ടെന്ന് നിന്നോടാരാ പറഞ്ഞത്?’

‘അതെ ഞാന്‍ നിന്റെ ടൂര്‍ പ്ലാന്‍ നോക്കിയാരുന്നു, നീയൊന്ന് പെട്ടെന്ന് വരാമോ?’

എന്റെ ഡയറിയിലെ ടൂര്‍ പ്ലാന്‍ അവന്‍ കണ്ടിരുന്നുവെന്ന്, അവനിനി എന്തൊക്കെ പരതിക്കാണുമോ എന്ന് പേടിച്ച്, ഇവനെ കാര്യമായിത്തന്നെ സൂക്ഷിക്കണമെന്ന് മനസ്സില്‍ കരുതി.

‘എടാ, അയാളെന്റെ ലിസ്റ്റിലില്ല, അതുതന്നെയുമല്ല അങ്ങേര്‍ക്കെഴുതാന്‍ പറ്റിയ മരുന്നുകളൊന്നും എന്റെ കയ്യിലില്ല, പിന്നെന്നാത്തിനാ ഞാനങ്ങോട്ട് വരുന്നത്?’

‘അളിയാ, നീ അങ്ങേരെ കാണുകയൊന്നും വേണ്ട, എനിക്കൊരു സഹായം വേണം, പ്ലീസെടാ..’

‘കാശാണെങ്കില്‍ പൊന്നുമോനേ, നീ പ്രതീക്ഷിക്കണ്ട, എന്റെ കയ്യിലില്ല. ഒണ്ടേലും നിനക്ക് തരാനുദ്ദേശിക്കുന്നില്ല.’

‘അതൊന്നുമല്ല, കാശിന് നിനക്കത്യാവശ്യം വല്ലതുമുണ്ടേല്‍ ഞാന്‍ തരാം, നീയൊന്ന് വേഗം വാടാ..പ്ലീസ്..പ്ലീസ്..’

ഏതായാലും ഉച്ചകഴിഞ്ഞ് കാസര്‍കോഡാണ് വര്‍ക്ക്. പോകുന്ന വഴിക്കാണ് ഡോ.അബ്ദുള്ളയുടെ ക്ലിനിക്ക്. കുമ്പള സ്റ്റാര്‍ മെഡിക്കത്സിന്റെയടുത്ത്. കാശിന് മുടിഞ്ഞ ആര്‍ത്തിയുള്ള ടീമാണെന്നാണ് കേള്‍വി. അയാളുമായിട്ട് ഇവനിനി എന്ത് സെറ്റപ്പാണോ എന്നാലോചിച്ചു ഊണുകഴിച്ചിട്ടെണീറ്റു.

അധികം താമസിയാതെ അവിടെയെത്തി. ഇതിന്നിടയില്‍ അവന്‍ രണ്ടു തവണകൂടി വിളിച്ചിരുന്നു. അവനാണെന്നുറപ്പുണ്ടായിരുന്നതുകൊണ്ട് ബൈക്കോടിക്കുന്നതിനിടയില്‍ ഫോണെടുക്കാന്‍ പോയില്ല. ക്ലിനിക്കിന്റെ മുന്പില്‍ തന്നെ അവനുണ്ടായിരുന്നു.

ഒരു പഴയ വീടായിരുന്നു ഡോക്റ്ററുടെ ക്ലിനിക്ക്. അവിടവിടെ തേപ്പിളകിയ പഴയ ഓടിട്ടൊരു വീട്. പൊളിഞ്ഞ സിമന്റിന്റെ ഇടയിലൂടെ വെട്ടുകല്ലുകള്‍ തെളിഞ്ഞുകാണാം. മുന്‍വശത്തെ വാതിലിനടുത്ത് ഡോ.അബ്ദുള്ള MBBS. എന്ന് എഴുതി വച്ചിരിക്കുന്നത് മാഞ്ഞ് തുടങ്ങിയിരിക്കുന്നു. വലതുവശത്തെ ജനലിന് മുകളില്‍ ഓ.പി. എന്ന് എഴുതിയിട്ടുണ്ട്. ഓയുടെ പെയിന്റൊലിച്ച് അത് പി.പി എന്ന് വായിക്കാം.

‘അളിയാ, ഇത് സമീറ’ മുഖവുരയൊന്നുമില്ലാതെ അവന്റെയടുത്തുനിന്ന പര്‍ദ്ദയിട്ട രൂപത്തിനെ പരിചയപ്പെടുത്തി.

‘ഞാനീ ഓ.എസ് വര്‍ക്കിന് പോകുമ്പോള്‍ താമസിക്കുന്നത് ഇവരുടെ വീടിനടുത്താ, അവക്കൊരു സഹായം വേണം, പെട്ടെന്ന് നിന്നേയാ ഓര്‍ത്തത്.അതാ അളിയാ നിന്നെ വിളിച്ചത്.’

സ്ത്രീകളെ സഹായിക്കാന്‍ പൊതുവേ സന്നദ്ധനായിരുന്നെങ്കിലും, ഇവന്‍ ഇടപെട്ടതായതുകൊണ്ട് പണിപാളാന്‍ സാധ്യതയുണ്ടെന്നൊരു അപായമണി മനസ്സില്‍ മുഴങ്ങി.

‘എന്ത് സഹായമാ?’

‘ഒന്നുമില്ലളിയാ, നിന്റെയൊരു ഒപ്പ് മതി.’

‘ഒപ്പോ? നീയെന്നാ കുരുത്തക്കേടാ ഒപ്പിച്ചത് ?’

‘അളിയാ, ഒരു സിമ്പിള്‍ ഒപ്പ്, പിന്നെ ചെക്ക് ബുക്കിലൊന്നുമല്ലല്ലോ.. നിന്റെയൊരു കുഞ്ഞ് ഒപ്പ്..പ്ലീസെടാ..’

‘അതേടാ, നീയിങ്ങ് വന്നേ..നീയായതുകൊണ്ട് മാത്രം ഞാന്‍ പറയാം’അവനെന്നെ അടുത്ത് വിളിച്ച് സ്വകാര്യമായ് പറഞ്ഞു

‘ഇവക്ക് മൂലക്കുരുവിന്റെ ഒരു പ്രശ്‌നമുണ്ട്, അതിനൊരു ഓപറേഷന്‍ വേണം. അതിനാ ഇങ്ങോട്ട് വന്നത്.’

‘അതിനിങ്ങേര് സര്‍ജ്ജനാണോ?’

‘ഓ, അതൊക്കെ പുള്ളി ചെയ്‌തോളും..’

‘അതേ പാവത്തിനേം കൊണ്ട് ആശുപത്രിയില്‍ പോകാനൊന്നും അവിടാരുമില്ലെടാ, കിളവന്‍ തന്ത കാറിത്തുപ്പിക്കിടപ്പാ. എന്റെ കാലുപിടിച്ചതുകൊണ്ടാ ഞാനീ നാറ്റക്കേസ് ഏറ്റത്. ഇവിടാകുമ്പോള്‍ ഇങ്ങേരെ പരിചയവുമുണ്ടല്ലോയെന്ന് കരുതി. എല്ലാം പറഞ്ഞേറ്റതാ. പക്ഷെ, കഴുവേറി ഇപ്പോ അടുക്കുന്നില്ല. ബന്ധുക്കളാരെങ്കിലും കണ്‍സെന്റ് ഫോം ഒപ്പിട്ടുകൊടുത്താലേ ചെയ്യത്തൊള്ളെന്ന്. നിങ്ങളാണെങ്കില്‍ ഒരു ജാതിയുമല്ലേ, ബന്ധുവാണെന്ന് അവര് കരുതിക്കോളും. ഞാനാണേല്‍ വിളിച്ചോണ്ട് പോരുകയും ചെയ്തു. കാര്യം നടത്താതെ തിരിച്ചു കൊണ്ടുചെന്നാല്‍…അളിയാ പ്രസ്റ്റീജിന്റെ പ്രശ്‌നമാ..പ്ലീസെടാ..സത്യമായും ഒരു കുഴപ്പവുമുണ്ടാകത്തില്ല, ഞാനല്ലേ പറയുന്നത്..നീ ധൈര്യമായിട്ട് ഒപ്പിട്ടോ.. ദാണ്ടെടാ അവിടെ ഓ.പിയിലെ സിസ്റ്ററിന്റെയടുത്ത് ചെന്നാല്‍ മതി.’

എന്നതേലുമാവട്ടെ, ഒരൊപ്പിന്റെ കാര്യമല്ലേ.. കാശ് ചിലവൊന്നുമില്ലല്ലോ.. ഇനി ഞാനായിട്ടവന്റെ പ്രസ്റ്റീജ് പ്രഷര്‍കുക്കര്‍ പൊട്ടിക്കണ്ട. അവളേയും കൊണ്ട് നഴ്‌സിന്റെയടുത്തു ചെന്നു.

‘സിസ്റ്ററേ, ആ പേപ്പറിങ്ങ് തന്നാല്‍ ഒപ്പിട്ടു തരാം..’

‘ഓ! വന്നോ..? എവിടാരുന്നു, തനിക്കിതിനൊന്നും സമയം കിട്ടത്തില്ലല്ലോ.. ദേ ഇവിടെയിട്..’തള്ളയുടെ മുഖത്ത് കരിക്കലം വീണ ഭാവം..

മൂലക്കുരു കളയുന്നതിനും ഇത്രയും ആര്‍ഭാടമോയെന്നാലോചിച്ച് ഒപ്പിട്ടുകൊടുത്തു..

സമീറയേയും കൊണ്ട് ഒരു നഴ്‌സ് അകത്തേക്ക് പോയി.

‘ഇതിനെങ്കിലും തനിക്കിവടെ കൂടെ വരാന്‍ പറ്റത്തില്ലാരുന്നോ? കൂട്ടുകാരനേം കൂട്ടി വിട്ടിരിക്കുന്നു. ഒണ്ടാക്കാന്‍ നേരത്ത് ഇതൊന്നും ആലോചിക്കത്തില്ല..അതും കഴിഞ്ഞ് കലക്കാനിറങ്ങിയേക്കുന്നു.. സമയമില്ലാത്ത ഒരോ മറ്റേ മോന്മാര്..’ നഴ്‌സ് തള്ള ജനലിന് വെളിയിലേക്ക് കാറിത്തുപ്പി.

‘അത്, സിസ്റ്ററേ..സിസ്റ്ററേ..’

അവര്‍ കൂടുതലൊന്നും പറയാതെ വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി.

ബാലു ഒന്നുമറിയാത്ത പോലെ വെളിയിലേക്ക് നോക്കി നില്‍ക്കുന്നു.

കണ്ടപാടെ ചെകിട്ടത്തൊരടിയും ആഞ്ഞൊരു ചവിട്ടും കൊടുത്തു. അവന്‍ മുറ്റത്തേക്ക് വീണു. വീണിടത്തുനിന്നും പൊടിയും തുടച്ചവനെണീറ്റു. ചുണ്ടില്‍ നിന്നും പൊടിഞ്ഞ ചോര കര്‍ച്ചീഫെടുത്ത് ഒപ്പി.

‘അളിയാ, സോറിയെടാ, ഒരബദ്ധം പറ്റിയതാ.. സത്യമായും ഇനിയിത് ആവര്‍ത്തിക്കില്ല. വാ, നമ്മുക്കൊരു ചായ കുടിക്കാം. ഇവിടുത്തെ കാന്റീനില്‍ നല്ല അരിക്കടുക്ക കിട്ടും.’

‘ഒരു മൈരും വേണ്ട, നിന്നെയിനി ഞാന്‍ താമസിക്കുന്നിടത്ത് കണ്ടു പോകരുത്.മനസ്സിലായോ?’

അത് കഴിഞ്ഞിട്ടിപ്പോള്‍ എത്ര നാളായി.. എട്ടോ പത്തോ വര്‍ഷമായിരിക്കുന്നു. അതിന്നിടയ്ക്ക് അവന്‍ പലപ്രാവശ്യം വിളിച്ചു..ഫോണെടുത്തിട്ടില്ല, പല നമ്പരുകളില്‍ നിന്നും വിളിച്ചപ്പോഴൊക്കെ അവനാണെന്നറിയുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു പതിവ്.

ഠപ്പേ! തലചെന്ന് കാറിന്റെ സൈഡ് വിന്‍ഡൊയിലിടിച്ചു.

ജെറോം കാറ് വെട്ടിച്ചതാണ്. റോഡില്‍ നിന്നും തെന്നിയ കാറ് അവന്‍ ചവിട്ടി നിര്‍ത്തി. ഒരു കെ.എസ്.ആര്‍.ട്ടി.സിയുടെ ഹോണടി ചെവിയിലൂടെ ചീറിപ്പാഞ്ഞ് പോയി.

‘കഴുവേറികളെന്നാ പോക്കാടാ പോയത്? വണ്ടിയിടിച്ചു കിടക്കുന്നവനെ കാണാന്‍ പോയ നമ്മളെക്കാണാന്‍ വല്ലോനും വരേണ്ടി വന്നേനെ.’
പെട്ടന്നുള്ള ഞെട്ടല്‍ കൊണ്ടാണെന്ന് തോന്നുന്നു മൂക്കടപ്പും, ജലദോഷവും, പനിയുമെല്ലാം മാറിയതു പോലെ.. തല നേരേ നിന്നു.
ജെറോം വണ്ടി പതിയെയെടുത്തു. ആശുപത്രിയിലേക്കുള്ള വഴിയില്‍ നിര്‍ത്തി ഞാനും അവനും ഓരോ കരിക്ക് കുടിച്ചു.

‘അവനൊരെണ്ണം വാങ്ങിക്കണോടാ?’

‘ഓ! എന്നാത്തിനാ? അവിടവന് ആവശ്യത്തിന് ഗ്ലൂക്കോസ് കൊടുക്കുന്നുണ്ടായിരിക്കും. വാ തുറക്കാനുള്ള ആരോഗ്യം വന്നിട്ടുണ്ടെങ്കില്‍ അവനിപ്പോള്‍ മിനിമം നാല് ലാര്‍ജ്ജെങ്കിലും ചെലുത്തിയിട്ടുണ്ടാവും. പിന്നവനെന്നാത്തിനാ കരിക്ക്. നീ കേറ് , വാ പോകാം.. പനിയും പിടിച്ചധികം വെയില് കൊള്ളണ്ട.’

balookam-illustration-subesh-padmanabhan

ഞങ്ങളാശുപത്രിയിലെത്തി. ഇവിടെ രോഗികളും ഡോക്റ്റര്‍മാരും മാറിയാലും മാറാത്ത ചിലതുണ്ട്. തിരക്ക്, ഫിനോയിലിന്റെ മണം, ഈച്ചകള്‍.
ഒരുവിധം ഞങ്ങളവനെ കണ്ടുപിടിച്ചു. തലയില്‍ ബാന്റേജിന്റെ വലിയ കെട്ടുമായ് കണ്ണടച്ചു കിടക്കുന്ന ബാലു, ചുറ്റും കുറേ രോഗികള്‍, മുകളില്‍ കറകറ ശബ്ദത്തില്‍ കറങ്ങുന്നൊരു ഫാന്‍. ഒരവാര്‍ഡ് പടത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളൊരു ഷോട്ട് പോലെ.
തലവേദന തിരിച്ചു വന്നിരിക്കുന്നു. യാതൊരു പരിചയവുമില്ലാത്തൊരാളെ കാണുന്നതു പോലെയുള്ള നിസംഗതയോടെ ഞാനവന്റെ ബെഡ്ഡിന്റെ സൈഡിലിരുന്നു.

‘ഡാ, ബാലൂ, ഡാ..’ ജെറോമവനെ തട്ടി വിളിച്ചു.

ഒരു കല്ലന്‍ തെറിയോടെ, ചത്തില്ലെടാ, ഞാന്‍ ചത്തില്ലെടായെന്നവന്‍ കണ്ണു തുറന്നു. അതുകഴിഞ്ഞാണെന്നെ കണ്ടത്.

‘ആഹാ, നീയുമുണ്ടായിരുന്നോ അളിയാ, നിന്റെ കോപ്പിലെ നമ്പരു മാറ്റിയിട്ടെനിക്കെന്നാ തരാഞ്ഞത്. പഴയ നമ്പരില്‍ വിളിക്കുമ്പോഴൊക്കെ ഒരു തമിഴനാ എടുത്തത്. ഒരു സെന്തിള്‍..’

‘നിനക്കിപ്പോളെങ്ങനെയുണ്ട്? ആരേലും മനപ്പൂര്‍വ്വം താങ്ങിയതാണോടാ’

‘ഓ, അല്ലളിയാ.. ഞാന്‍ പറയട്ടെ, ആ സെന്തിളൊണ്ടല്ലോ മിടുക്കനാ, ഇവിടെ വടക്കച്ചവടമാ.. നിന്നെ വിളിച്ച് വിളിച്ച് അവനുമായിട്ട് നല്ല കമ്പനിയായ്.. അതേ അവനിവിടെങ്ങാനുമുണ്ടോ?’

നിന്നെ മാത്രമാ ഇവിടെയെത്തിച്ചതെന്നാ ഞാനറിഞ്ഞത്.. ജെറോം പറഞ്ഞു

‘അന്ന് എന്റെ കൂടെ അവനുമുണ്ടാരുന്നു. ഞങ്ങള് ആലുവയിലൊരു സെറ്റപ്പിനെ കാണാന്‍ പോയ വഴിയാരുന്നു.. അന്നേരമാ മുടിഞ്ഞ കാറുകാരന്‍ കൊണ്ട് കേറ്റിയേച്ചും പോയത്..അവനൊക്കെ പെണ്ണ് കെട്ടാതെ ചാകത്തേയുള്ളൂ..’

‘മുടിയാനെക്കൊണ്ട് ആ കോപ്പന്‍ സെന്തിളിന് ഒന്നും പറ്റിക്കാണത്തില്ലായിരിക്കും..ഛേ! അവനൊറ്റയ്ക്ക് പോയിക്കാണും..’

‘അളിയാ..നീയിപ്പോ എവിടാ.. നിന്റെ നമ്പരൊന്ന് താടാ.. എന്തേലും അത്യാവശ്യമുണ്ടേല്‍ മാത്രമേ വിളിക്കത്തുള്ളൂ..സത്യം..’

‘ആദ്യം നീ ഇവിടുന്ന് ഡിസ്ചാര്‍ജ്ജാക്..എന്നിട്ട് തരാം..’

ഞാനും ജെറോമും അവിടുന്നിറങ്ങി…
തലവേദനയും പനിയുമെല്ലാം മാറിയിരിക്കുന്നു.. പത്രവാര്‍ത്തകള്‍ പോലെതന്നെ രൂപത്തിലല്ലാതെ ഉള്ളടക്കത്തില്‍ ബാലുവിനും മാറ്റമൊന്നുമില്ല.

*ബാലൂകം – ഒരു വിഷദ്രവ്യം

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here