മാലാഖയുടെ ചിറക്

0
584
athma-online-story-malaghayude-chirak-shameer-pattarumadom

ചെറുകഥ

ഷമീർ പട്ടരുമഠം

ഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടാകണം. ചില്ലയിൽ പക്ഷികൾ അവരുടേതായ അടയാളങ്ങളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല എന്ന് താഴെനിന്നുള്ള നോട്ടത്തിൽ തോന്നിയേക്കും അത് ഒരു തോന്നൽ മാത്രമാണ്. ഒന്നോ രണ്ടോ തൂവൽ കൊഴിഞ്ഞത് താഴെ കരിയിലകൾക്കൊപ്പം പറന്ന് നടക്കുന്നു.

ഉത്തരവാദിത്വമുളള വീട്ടുടമസ്ഥനെ പോലെയാണ് പക്ഷികൾ. കഷ്ടപ്പാടുകളുളള ഒരു മനുഷ്യന് വീട് ഒരു വിശ്രമകേന്ദ്രം മാത്രമാണ്. അതിരാവിലെ ചുറ്റുമുളളവരുടെ കൂടി വിശപ്പടക്കാൻ വീടുവിട്ടിറങ്ങുന്ന മനുഷ്യർ അദ്ധ്വാനത്തിന്റെ വിയർപ്പൊഴുകി തീരുന്ന സമയം തിരികെ വീട്ടിലേയ്ക്ക്. അതുപോലെ തന്നെയാണ് പക്ഷികൾ. പറന്ന് തളരുമ്പോൾ വിശ്രമിക്കാനുളള ഒരിടം മാത്രമാണ് പക്ഷികൾക്ക് മരങ്ങൾ. വീടും കുടുംബനാഥനും എന്നതു പോലെ മരങ്ങളും പക്ഷികളും തമ്മിൽ ഒരു ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എത്രയോ ദിവസങ്ങളിലായി പലരും വന്ന് നോക്കുന്നു വില പറയുന്നു. ഉടമസ്ഥന് തൃപ്തിയായ വില കിട്ടത്തതിന്റെ പേരിൽ ആയുസെണ്ണി ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നു ആ മരം. ഉടൽത്തടിയിലെ പാടുകളിൽ തന്റെ വിരലുകൾ ഓടിച്ച ശേഷം നൂഹിന്റെ കണ്ണുകൾ ആ വലിയ മരത്തിനു ചുവട്ടിൽ നിന്ന് മുകളിലേക്ക് സഞ്ചരിച്ച് ഇലകളിൽ തങ്ങിനിന്നു.



“ചില്ലകൾക്കിടയിൽ എവിടെയെങ്കിലും…?”
“ഏയ് കാണില്ലായിരിക്കും അവറ്റകൾ പറന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടു കാണും”
“നൂഹ് എന്താ നോക്കണത്..?”
വീട്ടുടമസ്ഥന്റെ, ചോദ്യം കേട്ട് നൂഹ് കണ്ണുകൾ താഴ്ത്തി.
ഏയ് മരത്തിൽ വല്ല പക്ഷികളും കൂട് കൂടിയിട്ടുണ്ടോന്ന് നോക്കുകയായിരുന്നു.

ഇലചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങിയ വെയിലിനെ തടഞ്ഞു കണ്ണിനു മുകളിൽ ഒരു കൈ ഉയർത്തി വീട്ടുടമസ്ഥനും മുകളിലേക്ക് നോക്കി.

“ഓ ഉണ്ടേലെന്നാ മരം വെട്ടിതുടങ്ങുമ്പോൾ അവറ്റകൾ പറന്ന് സ്ഥലം വിട്ടോളും.”
അത് ശരിയാണെന്ന് നൂഹും സമ്മതിച്ചു.

ഈ സ്ഥലത്തിൻറെ കാര്യം ഒക്കെ ഏതാണ്ട് തീരുമാനമായിട്ടുണ്ട് എഗ്രിമെൻറ് നടക്കുന്നതിനു മുൻപ് മുഴുവൻ കാശ് തന്ന് ഈ മരം വെട്ടി കൊണ്ടുപോണം.

അതുകേട്ടപ്പോൾ നൂഹിന് ആധിയായി. എത്രയും പെട്ടെന്ന് കാശ് സംഘടിപ്പിക്കണം ഈ മരം വെട്ടി മുറിച്ച് ഉരുപ്പടിയാക്കി വിറ്റാൽ മാത്രമെ ലാഭം കിട്ടുകയുള്ളൂ. കയ്യിൽ കരുതി വച്ചിരുന്ന കാശൊക്കെ അലീമയുടെ ചികിത്സയ്ക്കായി മുടക്കി തീർന്നിരിക്കുന്നു പിന്നെ ഒരു ആശ്വാസം ഉള്ളത് അവളുടെ കാതിലും കഴുത്തിലും ഉണ്ടായിരുന്ന അല്പം സ്വർണമാണ്. കീമോ കഴിഞ്ഞ ശേഷം അവൾ ഇതൊന്നും ഉപയോഗിക്കാറില്ല. പല ആവശ്യങ്ങൾ വന്നിട്ടും മടി കാരണം ഇതുവരെ ചോദിച്ചിട്ടില്ല. അവളെന്ത് കരുതുമെന്ന് പേടിച്ചിട്ടാണ് .

നൂഹ് എന്തേ മറുപടിയൊന്നും പറഞ്ഞില്ല .
വീട്ടുടമസ്ഥൻ സംശയത്തോടെ നൂഹിനെ നോക്കി .
ഒന്ന് രണ്ടിടത്ത് മരംവെട്ട് നടന്നുകൊണ്ടിരിക്കാ അതു കഴിഞ്ഞു അടുത്ത ദിവസം തന്നെ കാശ് തന്ന് ഇതു വെട്ടിയെടുത്തോളാം.

തൽക്കാലത്തേയ്ക്ക് അങ്ങനെ ഒരു കള്ളം പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്ന നൂഹിനെ മരം നന്ദിയോടെ നോക്കി.



സത്യത്തിൽ ഈയടുത്തായി പണി തീരെ കുറവായതുകൊണ്ട് സ്ഥിരം വെട്ടുന്ന പണിക്കാർ വേറെ ആളുടെ കൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ്. ആയിരം രൂപയാണ് ഒരാൾക്ക് കൂലി. പിന്നെ രണ്ടുനേരം ഭക്ഷണവും ഒരാൾക്ക് രണ്ടു പേരുടെ ഭക്ഷണം വീതം വേണം. മൂക്കുമുട്ടെ തിന്നും കുടിക്കും. കിട്ടുന്ന കാശൊക്കെ കുടിച്ചാണ് അവർ തീർക്കുക. സ്ഥിരമായി തന്റെ കയ്യിൽ നിന്നും തടിയെടുക്കുന്നവരോട് കുറച്ച് കാശ് ചോദിച്ചു നോക്കി നിരാശയായിരുന്നു ഫലം. നോട്ട് നിരോധനത്തിനു ശേഷം സാമ്പത്തികമായി തകർന്നു പോയവർ ആണ് പലരും. ആരുടെ കയ്യിലും കാശില്ല ഒരുപക്ഷേ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് ഇതാദ്യമാണെന്ന് നൂഹിന് തോന്നി. ഒരു മണ്ടൻ തീരുമാനത്തിന് ജനങ്ങൾ ഇപ്പോഴും ശിക്ഷയേറ്റുവാങ്ങി കൊണ്ടിരിക്കുന്നു. രാത്രി വൈകി വീട്ടിലെത്തുമ്പോഴും അലീമയുടെ സ്വർണ്ണം എങ്ങനെ ചോദിച്ചു വാങ്ങും എന്ന സങ്കടത്തിലായിരുന്നു നൂഹ്. ആ മുഖത്തെ സങ്കടം അലീമ വായിച്ചെടുക്കുകയും ചെയ്തു.

“മരം എടുക്കാനുള്ള കാശ് കിട്ടിയില്ല അല്ലേ ഇക്കാ”

“അറിയാവുന്നവരോട് ചോദിച്ചു നോക്കി ആരുടെ കയ്യിലും കാശില്ല ആരെയും കുറ്റം പറയാൻ പറ്റില്ല അതാണ് നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ”

നൂഹ് ഉടുത്തിരുന്ന വേഷം മാറുന്നതിനിടയിൽ ചക്കി പൂച്ച ശബ്ദം ഉണ്ടാക്കാതെ കാലിനിടയിലൂടെ കടന്നു പോയി. ഭക്ഷണം കഴിച്ചു തീരാറായപ്പോൾ ചക്കിപൂച്ചയ്ക്കുള്ള പങ്ക് പാത്രത്തിന്റെ ഒരുവശത്ത് നീക്കിവെച്ചിരുന്നു. ഒരിക്കൽ അലീമയുടെ ജീവൻ രക്ഷിച്ചതാണ് ചക്കിപൂച്ച. വീട്ടിൽ അലീമ മാത്രം ഉണ്ടായിരുന്ന സമയം. മുറ്റത്ത് തുണി കഴുകി ഉണക്കാനിട്ട ശേഷം അകത്തേക്ക് കയറാനായി വന്ന അലീമയെ ശബ്ദമുണ്ടാക്കി വന്ന ചക്കിപ്പൂച്ച നൈറ്റിയുടെ തുമ്പിൽ കടിച്ച് പിടിച്ച് പുറത്തേക്ക് വലിച്ചു. ചക്കി വല്ല പാമ്പിനെ കണ്ട് പേടിച്ചോ എന്ന സംശയത്തോടെ അലീമ ചെന്നു.

വീടിന്റെ വേലികെട്ടിന് പുറത്തേക്ക് അലീമയും ചക്കിയും കടന്നതും വലിയ ശബ്ദത്തോടെ അടുക്കളയുടെ ഒരു ഭാഗം പൊട്ടിത്തെറിച്ചു തീ പടർന്നു. ഗ്യാസ് ലീക്കായി അശ്രദ്ധമൂലം സംഭവിച്ചതായിരുന്നു ആ തീപിടുത്തം. വീടിന്റെ പകുതിയോളം കത്തിനശിച്ചിരുന്നു പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പുതിയ വീട് പണിതുയർത്തിയത്. ദുരന്തങ്ങളെ മുൻകൂട്ടി കാണുവാനുളള മൃഗങ്ങളുടെ കഴിവിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിയുന്നത് ആദ്യമായിട്ടായിരുന്നു.
പാത്രം നക്കിവടിച്ചശേഷം ചക്കി നന്ദിയോടെ നൂഹിനെ നോക്കി.



“നമ്മുടെയീ കഷ്ടപ്പാടൊക്കെ എന്നാ മാറുക ഇക്കാ..”

കട്ടിലിലേക്ക് തലചായ്ക്കാൻ നേരം അലീമയുടെ പരിഭവം നിറഞ്ഞ ചോദ്യം.

“അതിനൊക്കെ പടച്ചോൻ എന്തെങ്കിലുമൊക്കെ വഴിയുണ്ടാക്കി വെച്ചിട്ടുണ്ടാവും നമ്മളത് കണ്ടെത്തണമെന്ന് മാത്രം”

അലീമ നൂഹിനോട് ചേർന്ന് കിടന്നു .

“നീ മരുന്നു കഴിച്ചോ…?”
അലീമയുടെ തലയിൽ അവശേഷിച്ചിരുന്ന മുടിയിഴകളിൽ വിരലുകൾ ഓടിച്ചു സ്നേഹത്തോടെ നൂഹ് തിരക്കി.
“ഓ…കഴിച്ചൂ” മടുപ്പോടെ അലീമ പറഞ്ഞു. മരുന്നുകളുടെ കയ്‌പ് രുചി അത്രത്തോളം അലീമയെ മുറിവേൽപ്പിച്ചിരുന്നു.
“ആമി മോള് ഉറങ്ങിയോ”
അപ്പുറത്തെ മുറിവാതിൽക്കലേയ്‌ക്ക് കണ്ണുകളോടിച്ചുകൊണ്ട് നൂഹ് തിരക്കി.
“ഉം… ഇന്ന് നേരത്തയാ… സ്കൂളിന് പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് ആകെ തളർന്നാ വന്നത്… അതിന്റെ ക്ഷീണത്തിൽ പെട്ടെന്ന് കിടന്നുറങ്ങി ശനിയാഴ്ചയല്ലേ പരിപാടി.”

അലീമ അതു പറഞ്ഞപ്പോഴാണ് നൂഹ് മറ്റൊരു കാര്യമോർത്തത് സ്കൂൾ വാർഷികത്തിന് ആമിയുടെ നാടകമുണ്ട്. മാലാഖയുടെ വേഷമാണ് ആമിക്കതിൽ. മാലാഖയുടെചിറകുകൾ തുന്നിയെടുക്കാൻ കുറച്ച് സാധനങ്ങൾ വാങ്ങുന്ന കാര്യം അവൾ പറഞ്ഞിരുന്നു.

“മോള് ആവശ്യപ്പെട്ട സാധനങ്ങളൊന്നും ഞാൻ വാങ്ങിയില്ലല്ലോ.. ഓട്ടത്തിനിടയിൽ മറന്നുപോയതാണ്.” കട്ടിലിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് നൂഹ് പറഞ്ഞു.

“ശൊ കടകളെല്ലാം അടച്ചു കാണുമല്ലോ”

നൂഹിന് ആകെ സങ്കടമായി. അത് വാങ്ങി സമയത്ത് കൊടുത്തില്ലെങ്കിൽ മോളുടെ പരിപാടിക്ക് തടസം നേരിടും.

“അത് സാരമില്ല രാവിലെ അവളെയും കൂട്ടി അതൊക്കെ വാങ്ങിയിട്ട് ക്ലാസ്സിൽ കൊണ്ടുചെന്നാക്കിയാൽ മതി. ഇനീം രണ്ടു ദിവസം ഉണ്ടല്ലോ…” അലീമ ആശ്വസിപ്പിച്ചു.



‘മാലാഖയുടെ ചിറക്’ അതാണ് നാടകത്തിൻറെ പേര്… അതിൽ മാലാഖയുടെ വേഷത്തിലാണ് ആമീ. രാവിലെ കടയിൽ നിന്നും ചിറക് തുന്നുവാനുള്ള സാധനങ്ങളും വാങ്ങി നൂഹ് ആമിയെ ക്ളാസിൽ കൊണ്ടു വിട്ടൂ. ചിറകായി രൂപാന്തരം പ്രാപിക്കാനുള്ള സാമഗ്രികളുമായി ആമി ഏഴ് ബിയിലേയ്ക്ക് കയറിപ്പോയി.

സ്കൂളിൽ പരിപാടി ദിവസം അലീമയെ കൂടി കൊണ്ടുപോകണം. ആദ്യം ഒന്ന് മടിച്ചതാണവൾ.
“ഞാനവിടെ വന്നാൽ എന്റെയീ മുടിയിലേക്കായിരിക്കും എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടം. എനിക്കത് സഹിക്കില്ല…”
അലീമ അത് പറഞ്ഞപ്പോൾ നൂഹ് ഒരു ഷാളെടുത്ത് അലീമയുടെ തലയുടെ മുകളിലേക്കിട്ട് കണ്ണാടിയുടെ മുൻപിൽ കൊണ്ട് നിർത്തി

“എല്ലാം നിന്റെ വെറും തോന്നലുകളാണ്.. ദാ നോക്ക്… എന്തൊരു മൊഞ്ചാണ് നിനക്കെന്ന്”

അലീമ കണ്ണാടിയിൽ നോക്കി നിൽക്കെ തലയ്ക്കുമുകളിൽ ഇട്ടിരിക്കുന്ന ഷാളിനുള്ളിൽ മുടിയാകെ തിങ്ങിനിറഞ്ഞിരിക്കുന്നതുപോലെ തോന്നി. അന്ന് രാത്രി ആമിമോൾ ഉറങ്ങിയില്ല നാടകത്തിൽ താൻ പറയേണ്ട സംഭാഷണങ്ങൾ ഉരുവിട്ട് ഒരു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. ചക്കിപൂച്ചയും ഉറങ്ങാതെ ആമിയ്ക്ക് കാവലിരുന്നു. നാളെ മോളുടെ പരിപാടി ഗംഭീരമാകണെ എന്ന പ്രാർത്ഥനയിലായിരുന്നു അലീമയും.

“മോളിതുവരെ കിടന്നില്ലല്ലോ”

ആമിയുടെ മുറിയിൽ നിന്നും മാലാഖയുടെ ശബ്ദം കേട്ട് നൂഹ് ചോദിച്ചു .

“അവള് നാടകം പഠിക്കാ… കുറച്ചുകഴിയുമ്പോൾ കിടന്നോളും.. നമ്മള് ശല്യം ചെയ്യണ്ട… ങ്ഹാ നാളെ ഇക്കാടെ
മൊബൈലിൽ പരിപാടിയുടെ വീഡിയോ എടുക്കണം കേട്ടോ..”

അതു കേട്ടപ്പോഴാണ് മൊബൈൽ ചാർജ് ചെയ്‌തില്ലല്ലോ എന്ന കാര്യം നൂഹ് ഓർത്തത്. മേശപ്പുറത്ത് മൊബൈൽ കുത്തിയിടുവാനൊരുങ്ങവെ റിങ് ചെയ്തു. പണിക്കാരാണ്. നാളെ മരം വെട്ടാൻ നിൽക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്. മോളുടെ പരിപാടി സ്കൂളിൽ നടക്കുന്നതിനാൽ താൻ താമസിച്ചേ പണി സ്ഥലത്തെത്തുകയുളളൂവെന്ന് അവരോട് സൂചിപ്പിച്ചിരുന്നു .

ഫോൺ കട്ട് ചെയ്ത് വീണ്ടും മേശപുറത്തുവെയ്ക്കവെ അവിടെ വെച്ചിരുന്ന അലീമയുടെ സ്വർണം പണയം വെച്ച രസീത് താഴെ പറന്ന് വീണു. സുബഹി നിസ്കരിച്ച് ശേഷം ആമിമോൾ ചെറുതായിട്ടൊന്നു മയങ്ങിപ്പോയി.

ഉച്ചകഴിഞ്ഞാണ് ആമിയുടെ നാടകം. സ്കൂളിൽ ടീച്ചറെ ഏൽപ്പിച്ച ശേഷം നാടകത്തിന്റെ സമയത്തിനുമുമ്പ് അലീമയെ കൊണ്ടു പോകാമെന്ന തീരുമാനത്തിൽ നൂഹും ആമിയും സ്കൂളിലേക്ക് പോയി പ്രാർത്ഥനഗാനത്തിന് ശേഷം ഉദ്ഘാടന ചടങ്ങ് കഴിഞ്ഞപ്പോൾതന്നെ സമയം വൈകിയിരുന്നു. വീട്ടിൽ ഒരുങ്ങി കാത്തിരുന്ന അലീമ മരുന്നിന്റെ ക്ഷീണത്താൽ മയങ്ങിപോയി.

ആ നേരം ഒരു കറുത്ത പൂച്ച പമ്മി പമ്മി അകത്തേയ്ക്ക് കയറിപ്പോകുന്നത് ചക്കിപൂച്ച ശ്രദ്ധിച്ചു . മയക്കത്തിൽ അലീമ ഒരു സ്വപ്നം കണ്ടു. കുട്ടികൾ നിറഞ്ഞുകവിഞ്ഞ സ്കൂൾ മൈതാനം.സ്റ് റേജിൽ ആമിമോളുടെ നാടകം. ചിറകുകൾ വെളള ഗൗണിൽ തുന്നിപിടിപ്പിച്ച് ശരിക്കും മാലാഖയെപോലെ തന്നെ എന്ന് തോന്നിപ്പോയി. ഇപ്പോൾ ആമി ചിറകുകൾ മെല്ലെ ഇളക്കി പറക്കുവാൻ തുടങ്ങുന്നു. പറന്നു പറന്നു പറന്നു ആമിയെന്ന എന്ന മാലാഖ മുകളിലേക്കുയർന്നു പൊങ്ങി.



എന്തോ കട്ടെടുത്തതുപോലെ കറുത്ത പൂച്ച മുറിയിൽ നിന്ന് പുറത്തേക്ക് വേഗത്തിൽ ഓടി പോകുന്നത് ചക്കിപൂച്ചകണ്ടു. അത് കരച്ചിലോടെ ചക്കി കറുത്തപൂച്ചയെ പിന്തുടർന്നു. ആമിയുടെ മേക്കപ്പിട്ട് കഴിഞ്ഞിരുന്നു. നൂഹ് തന്റെ മൊബൈലിൽ ആമിമോളുടെ മാലാഖ വേഷം പകർത്തുവാനൊരുങ്ങവെ മൊബൈൽ ശബ്ദിച്ചു.

മോളെ ടീച്ചറെ ഏൽപ്പിച്ചശേഷം നൂഹ് സംഭവസ്ഥലത്തേയ്ക്ക് വേഗം പുറപ്പെട്ടു. അവിടെ മരത്തിൻറെ ചില്ലകളൊക്കെ വെട്ടിയത് താഴെ അവിടവിടെയായി കൂടി കിടക്കുന്നു. പക്ഷികൂടിന്റെ ചുള്ളിക്കമ്പുകൾ ചിതറി തൂവലുകൾ പറ്റിപ്പിടിച്ചിരിക്കുന്നു. നൂഹ് ബൈക്ക് സ്റ്റാൻഡിൽ വച്ചതും തൊഴിലാളികൾ ഓടി അടുത്തേക്ക് വന്നു.

“ഇയ്ക്കാ…മരം വെട്ടി മറിഞ്ഞ ശേഷമാണ് ഞങ്ങളത് കണ്ടത്‌.. ഇനിയിപ്പോ എന്ത് ചെയ്യും കൊടുത്ത കാശ് തിരികെ കിട്ടുമോ..?”
നൂഹ് ഒന്നും പറയാതെ താഴെവെട്ടിയിട്ടിരിക്കുന്ന മരത്തിന്റെ അടുത്തേക്ക് ചെന്ന് കുനിഞ്ഞ് വെട്ടുമുറിയിട്ട ഭാഗത്തേയ്ക്ക് ചരിഞ്ഞു നോക്കി. മരത്തിന്റെ ഉൾഭാഗം മുഴുവൻ വലിയൊരു പോത്…ശൂന്യമാണ് ഉൾത്തടി..!

മുകളിൽ വട്ടമിട്ട് പറന്ന പക്ഷികളിലൊന്നിന്റെ ചിറകിൽ നിന്നൊരു തൂവൽ കൊഴിഞ്ഞത് നൂഹിന്റെ മടിയിൽ വന്ന് വീണു.
സ്കൂളിൽ ആമിമോളുടെ പരിപാടി തുടങ്ങിയിരുന്നു. മാലാഖയുടെ വേഷത്തിൽ ആമി പറന്നു തുടങ്ങി… ഇടയ്ക്ക് ആമിയുടെ നോട്ടം ആൾക്കൂട്ടത്തിലേക്ക് വീണു. ആൾക്കൂട്ടത്തിനിടയിൽ വെളുത്ത ഷാളിൽ തലമറച്ച് ഉമ്മച്ചിയുടെ ചിരിക്കുന്ന മുഖം തിളങ്ങുന്നു. ആമി ചിരിച്ചുകൊണ്ട് മുകളിലേക്ക് പറന്നുയർന്നു….!

ഷെമീർപട്ടരുമഠം.
പട്ടരുമഠം, പുന്നപ്ര. പി.ഒ
ആലപ്പുഴ

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here