കവിത
അലീന
അമ്മയെക്കൊണ്ടെന്തൊരു ശല്യം.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും,
ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ
പ്രഷറ് താഴും.
ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ
ഷുഗറു കൂടും.
ആകാശമിടിഞ്ഞു വീഴും.
ഒന്നും പറയാനില്ലെന്നറിയാം.
അതുകൊണ്ട്,
മൂന്നാമത്തെയോ നാലാമത്തെയോ
കോളെടുക്കും.
ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട്
എന്റെ ചായ തിളച്ചു തൂവിയിട്ടില്ല,
തുണി മഴ നനഞ്ഞു പോയിട്ടില്ല.
“വീടിന്റടുത്ത് പണ്ട് താമസിച്ച
വത്സമ്മയെ ഓർമ്മയൊണ്ടോ?”
“എനിക്കറിയാമ്മേലാ”
“ആ നിനക്കെങ്ങനറിയാനാ ,
നീയന്ന് കുഞ്ഞല്യോ.”
“പിന്നെന്തിന് ചോദിക്കുന്നു?”
“അവരുടെ മോൾടെ കല്യാണം.
പത്തൊമ്പതാം തീയതി.
വെള്ളിയാഴ്ചയാണ്.
ആരേലും വെള്ളിയാഴ്ച കല്യാണം വെക്കുമോ?”
അങ്ങനെ,
എന്നെ ബാധിക്കാത്ത കുറേ കാര്യങ്ങൾ
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.
“എനിക്കൊരു സാരി വേണം.
സ്വർണ്ണക്കരയുള്ളത്.
സ്വർണ്ണോന്നു വെച്ചാ
ഇളം സ്വർണ്ണം.
പക്ഷേ സാരി വെള്ളയിൽ റോസ് പൂക്കളായിരിക്കണം.
ഇളം പൂക്കൾ.
കടും നിറങ്ങൾ എനിക്ക് ഇഷ്ടമേയല്ല.”
“കല്യാണത്തിന് പോകാൻ സാരി വേണമല്ലേ?
പൈസ ഞാൻ അക്കൗണ്ടിലിടാം.”
അമ്മയുടെ ശബ്ദത്തിൽ ചിരിയനക്കം.
പക്ഷേ ഏത് അക്കൗണ്ട്?
അച്ഛന്റെ.
അമ്മയ്ക്ക് ബാങ്ക് അക്കൗണ്ടില്ലല്ലോ.
സ്വന്തമായി പണം സമ്പാദിക്കുന്നവരുടെ
ആഡംബരമാണ് ബാങ്ക് അക്കൗണ്ടെന്ന്
അച്ഛനാവാം അമ്മയോടു പറഞ്ഞത്.
പക്ഷേ അതിനിത്ര പ്രാധാന്യമുണ്ടോ?
പത്തൊമ്പതാം തീയതി,
അച്ഛനയച്ചു തന്ന ഫോട്ടോ.
കടുംനീല സാരിയുടുത്ത് കല്യാണത്തിനൊരുങ്ങിയമ്മ.
“കാശല്ല,
സാരിയാ ഞാനെടുത്തു കൊടുത്തത്.
അവൾക്കൊട്ടും സെലക്ഷനില്ല.”
ഫോട്ടോയിലെ അമ്മയുടെ ചിരി
കണ്ണിലേക്ക് പടരാതിരുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
അലീനയുട അമ്മയെക്കൊണ്ട് എന്ന കവിത പുതു മൊഴിയിൽ സംസാരിക്കുന്നു…. ഇഷ്ടമായി…. കവിയ്ക്ക്, കവിതയുടെ ????സ്നേഹം.