കവിത
ശാലിനി പടിയത്ത്
പിച്ചകപ്പൂക്കൾക്കുമപ്പുറം
നിന്റെ ചിരി
നിന്നു പൂക്കുന്നുണ്ട്
കള്ളിപ്പാലകൾക്കുമിപ്പുറം
നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട്
വാകയിലകൾക്കു മീതെ
നിന്റെ നനഞ്ഞ പാദങ്ങൾ
പതുക്കെ
വളരെ പതുക്കെ
അമർന്നു പോകുന്നുണ്ട്
വെള്ളിയോളങ്ങളിൽ
തങ്ങിനിന്ന
നിന്റെ ആമ്പൽപൂമണം
കാറ്റ്
എന്റെ നനഞ്ഞ മുടിയിലേക്ക്
പൊതിഞ്ഞുണക്കുന്നുണ്ട്
എല്ലാം
നീല നിലാചന്തത്തിലൊതുക്കി
ഇന്ദുമതി
ചന്ദനക്കാടുകൊണ്ട്
ഒറ്റ ഫ്രെയിം തീർത്തിട്ടുണ്ട്
നോക്കൂ
ആ ഫ്രെയ്മിനുള്ളിൽ
നീയും ഞാനും
വാൽത്തുമ്പിൽ കവുങ്ങിൻ
പൂക്കുലചുറ്റിയ
ഉടലിൽ നിറമഞ്ഞളാടിയ
ചുണ്ടുകളിൽ മാണിക്യം കൊരുത്ത
നറുംപാൽമണമുള്ള
കളളിപ്പാലപ്പൂവുടുപ്പിട്ട
രണ്ട്
വെള്ളിനാഗങ്ങൾ
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ഹൃദയം നിറഞ്ഞ നന്ദി ആത്മ❤️❤️