ഇന്ന്, സൈഗാളിന്റെ നൂറ്റിപതിനാലാം ജന്മവർഷം

0
643

നിധിൻ.വി.എൻ

നിലാവിലലിഞ്ഞ്, സൈഗാളിന്റെ ഗാനമാസ്വദിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ച ഏകാന്ത രാവുകളേറെയുണ്ട്. കിദാർ ശർമ്മയുടെ വരികൾക്ക് പങ്കജ് മല്ലിക്ക് സംഗീതം നൽകി , സൈഗാൾ പാടിയ സോ…..ജാ……രാജകുമാരി…സോ…..ജാ… സ്വർഗത്തിൽ നിന്നിറങ്ങിവന്ന് ഹൃദയം നിറയ്ക്കുന്ന ശബ്ദം. സൈഗാളിന്റെ മാന്ത്രിക സ്വരമാധുരി. ചെറുപ്പത്തിലെന്നോ കേട്ട സൈഗാളിന്റെ ശബ്ദം കീഴ്പ്പെടുത്തിയിരുന്നു,ആരാധകനാക്കിയിരുന്നു. 78 വർഷങ്ങൾക്ക് ഇപ്പുറം പുതുമമാറാതെ നിൽക്കുകയാണ് ആ ഗാനം ഇന്ന് ഇപ്പോൾ,ഈ നിമിഷം കേൾക്കുമ്പോൾ.

കുന്ദൻലാൽ സൈഗാൾ എന്ന കെ.എൻ.സൈഗാളിന്റെ നൂറ്റിപതിനാലാം ജന്മദിനമാണ് ഇന്ന് . പ്രതിഭാശാലിയായ നടനും ഗായകനുമായ സൈഗാൾ, 15 വർഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ 36 സിനിമകളിൽ അഭിനയിച്ചു. ഇതിൽ 28 സിനിമകൾ ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. ഏഴ് ബംഗാളി സിനിമയിലും, ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ച അദ്ദേഹം 188 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇതിൽ 43 എണ്ണം സിനിമേതര ഗാനങ്ങളായിരുന്നു.

ജമ്മുവിലെ നവ സഹാറിൽ 1904 ഏപ്രിൽ പതിനൊന്നിന്ന് ജനിച്ച സൈഗാളിന്, സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. എന്നാൽ ജീവിതസാഹചര്യങ്ങൾ നിമിത്തം സംഗീതാഭ്യസനം നടത്താൻ കഴിഞ്ഞില്ല. ദാരിദ്ര്യം കാരണം ചെറുപ്പത്തിലേ സ്കൂൾ വിദ്യാഭ്യാസം നിർത്തി, ജീവിക്കാൻ വേണ്ടി റെയിൽവേ ടൈം കീപ്പറായി ജോലിക്കു ചേർന്നു. പിന്നീട് റമിങ്ടൺ ടൈപ്പ് റൈറ്റർ കമ്പനിയിൽ സെയിൽസ്മാനായും, ഹോട്ടലിൽ മാനേജരായും ജോലി ചെയ്തു. 1930-ൽ കൽക്കത്തയിലെ നാഷ്ണൻ തിയറ്ററിന്റെ പ്രധാന ചുമതലക്കാരനായ ബി.എൻ.സിർക്കാർ അവിടേക്ക് ക്ഷണിച്ചതോടെ സൈഗാളിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായി. കശ്മീരിൽ നിന്നും കൽക്കത്തയിലെത്തിയ സൈഗാൾ,വളരെ വേഗം ബംഗാളി പഠിച്ചു. രവീന്ദ്രനാഥടാഗോർ ബംഗാളിയല്ലാത്ത ഒരാൾക്കു മാത്രമേ തന്റെ ഗീതങ്ങൾ ആലപിക്കാനുള്ള അനുവാദം നൽകിയിട്ടുള്ളു. അത് കെ.എൽ. സൈഗാളിനാണ്. സംഗീതസംവിധായകനായ നൗഷാദ് സൈഗാളിനു നൽകിയ വിശേഷണം “രാഗങ്ങൾ പെയ്യുന്ന മേഘം ” എന്നാണ്.

നാഷ്ണൽ തിയറ്ററിൽവെച്ച് പ്രശസ്ത സംഗീത സംവിധായകന്മാരായ ആർ.സി.ബോറൽ,പങ്കജ് മല്ലിക്ക്,കെ.സി.ഡേ, പഹാഡി സന്യാൽ തുടങ്ങിയവരുമായുള്ള അടുപ്പം സൈഗാളിന്റെ ജീവിതം മാറ്റിമറിച്ചു.1932-ൽ പുറത്തിറങ്ങിയ ഉറുദു സിനിമയായ “മൊഹബ്ബത്ത് കെ ആൻസൂ” ആണ്‌ ജനശ്രദ്ധ നേടികൊടുത്ത ആദ്യ സിനിമ. 1933-ൽ പുറത്തിറങ്ങിയ “പുരാൺ ഭഗത്ത് ” എന്ന ചിത്രത്തിൽ അദ്ദേഹം നാലു ഭജനുകൾ ആലപിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്തി വീണ്ടും ഉയർന്നു. 1935-ൽ പുറത്തിറങ്ങിയ ദേവദാസിൽ പ്രധാന കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചതോടെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ പ്രഥമസ്ഥാനം നേടി. നാഷ്ണൽ തിയറ്റർ നിർമ്മിച്ച ഏതാനും ബംഗാളി സിനിമകളിലും അഭിനയിച്ച അദ്ദേഹം, ” തെരുവു ഗായകൻ ” എന്ന ഹിന്ദി ചിത്രത്തിൽ പാടി അഭിനയിച്ച “ബാബുൽ മോറ ” എന്ന ഗാനം ഒരേ സമയം നടനെന്ന നിലയിലും, ഗായകനെന്ന നിലയിലും പ്രശസ്തനാക്കി.

1941-ൽ ബോംബെയിലെത്തിയ സൈഗാൾ രഞ്ജിത്ത് മൂവിടോൺ നിർമ്മിച്ച് ” ഭക്ത സൂർദാസ് (1942), “താൻസെൻ” (1943) എന്നീ സിനിമകളിൽ അഭിനയിച്ചു. അമിത മദ്യപാനത്തിനടിമയായിത്തീർന്ന സൈഗാൾ ക്രമേണ സിനിമയിൽ നിന്നും നിഷ്കാസിതനായി 1947 ജനുവരി 18-ന് ,തന്റെ 42-ാം വയസ്സിൽ ജലന്ദറിൽ വെച്ച് അന്തരിച്ചു. സൈഗാളിന്റെ ജീവിതം അന്വേഷിച്ചിറങ്ങിയപ്പോൾ വെളിച്ചം കാട്ടിയതാകട്ടെ പ്രാൺ നെവിലിന്റെ “കെ.എൽ.സൈഗാൾ; ദ ഡെഫനിറ്റീവ് ബയോഗ്രഫി”യും. സ്വർണ്ണത്തിന് സുഗന്ധം ലഭിച്ചാൽ എങ്ങനെയിരിക്കുമോ അതായിരുന്നു അഭിനയത്തിൽ സൈഗാൾ. അന്വേഷിക്കും തോറും ഇഷ്ടം കൂടുന്ന ചില അപൂർവ്വപ്രതിഭകളുണ്ട് നമുക്കു ചുറ്റുമെന്നതു തന്നെയാണ് ഏറ്റവും വലിയ ആശ്ചര്യം.

LEAVE A REPLY

Please enter your comment!
Please enter your name here