രേഖ

0
221
saifudhin-thaikkandi

സൈഫുദ്ദീൻ തൈക്കണ്ടി

വാർദ്ധക്യകാല പെൻഷന്
പോയപ്പോഴാണ്
അസൈനാര് ആ ചോദ്യം
ആദ്യമായി നേരിട്ടത് ..
നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?

ഇതെന്ത് “കുദറത്ത് ”
എന്ത് ഹലാക്കിന്റെ ചോദ്യമാ
ഈ പഹയൻ ചോദിക്കുന്നത് –
എന്ന് ആദ്യം അരിശം ഇരച്ച് കയറി.

വയസ്സായതല്ലെ ..
വയ്യാണ്ടായില്ലെ .
വയറ് നിറയണ്ടെ
ഉണ്ടാക്കി വിട്ടവരൊക്കെ
വിട്ട് പോയവന്
ആകെയുള്ള പ്രതീക്ഷയല്ലെ
മൂരി കുന്നിറങ്ങുമ്പോലെ
വന്ന അരിശം .ശൂർർ

ഞാനല്ലെ സാറെ .
മുന്നിലില്ലെ സാറെ .
കണ്ടില്ലെ സാറെ
സാറെ … സാറെ
സാറെ .. സാറെ …
സാറൊന്നു മുഖമുയർത്തി
ചിറി പുച്ഛരസത്തിൽ കോടി .

സാക്ഷി വേണം കാക്കേ
തെളിവ് വേണം കാക്കേ
കടലാസിലാവണം കാക്കേ

കാക്കേ … കാക്കേ … കാക്കേ

(ഏയ് ഇത് നിങ്ങൾ വിചാരിക്കുന്ന
കാക്കയല്ല
കുറച്ചുണങ്ങിയതാ .
വറ്റ് കൊത്താൻ പോലും പാങ്ങില്ല)

അന്നാദ്യമായാണ് ആ ” അതൃപ്പം ”
അസൈനാര് കാണുന്നത്
മുമ്പില് നിൽക്കുന്നവന്റെ
മുഖത്ത് നോക്കി “മയ്യാത്താ .. അയ്യത്താ ”
എന്നൊരാൾ ..
അതിശയം.

ഓർമ്മയില്ലാത്ത കാലത്തേ
തുറിച്ച് നോക്കി
ഉമ്മറത്തിരിക്കുമ്പോഴാണ്
അസൈനാറ്
താൻ ജനിച്ചിരുന്നോ എന്ന് ഓർത്തത്

ജനിച്ചിരുന്നോ ?
ജനിച്ചിരുന്നെങ്കിൽ
സ്കൂളിൽ പോണ്ടെ
പഠിക്കണ്ടെ
സർട്ടിഫിക്കറ്റ് വേണ്ടേ ?

ശരിയാണ് അപ്പോൾ
സാറ് പറഞ്ഞത് നേരാവും
ഞാൻ ജനിച്ചിട്ടേയില്ല
ഇന്നാള് കവലയ്ന്ന്
ഏതോ ബില്ലിന്റെ കാര്യമൊക്കെ
ആരാണ്ട് തൊള്ള കീറി
പറയുന്നത് കേട്ടതോർത്തു.
ആ രേഖകളെ കുറിച്ചോർത്തു.

രേഖകളൊന്നുമില്ലാത്തവർ
ജനിച്ചോ മരിച്ചോ എന്ന്
തിട്ടമില്ലാത്തവർ
അന്ന് കണാരനും പറഞ്ഞു.

അയ്ന് ഓന്റെട്ത്തേട്ന്നാ രേഖ ?

ഓനും ഞാനുമല്ലെ ആ പരന്ന
നിലത്ത്
കിളച്ച്
വിതച്ച്
കൊയ്ത്

അയിന്റെടക്ക് ഏട്ന്ന് രേഖ ?
എന്ത് രേഖ ?
ജീവിച്ചിരിപ്പില്ലെന്ന്
പറയുന്നതാണ് ബുദ്ധി ..

വെറ്റിലച്ചോര നീട്ടി തുപ്പി
അസൈനാർ ഉറപ്പിച്ചു
ഞാൻ ജനിച്ചിട്ടേയില്ല !!

* കുദ്റത്ത് – അതിശയം
* അതൃപ്പം – രസകരമായ കാഴ്ച
* മയ്യത്താ അയ്യത്താ – മരിക്കണോ ജീവിക്കണോ എന്ന നാടൻ ചോദ്യം


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here