അഡ്വ. ഫരീദബാനു
അങ്ങനെയാണെന്നും…
രാവിലെ മുതൽ
വൈകുന്നേരം വരെ
പതിവാണ്…
കാർ നിറുത്തിയിടുന്നതൊരു
പൂമരത്തിൻ ചുവട്ടിലാണ്.
എന്നും
എല്ലാകാലവും
പൂക്കുന്ന മരമല്ല;
പക്ഷേ പൂമരമാണ്.
ആകെ പൂത്തുലയുന്നൊരു
കാലമുണ്ട്..
നേരവും കാലവും കൂട്ടിപ്പിണഞ്ഞു
ഒന്നുചേരുന്ന കാലം…
നല്ല തെളിച്ചമുള്ള
നല്ല കാറ്റുള്ള
നല്ല തണുപ്പുള്ള
മഞ്ഞുപൊഴിയുന്ന
കുളിര് കോരുന്നൊരു കാലം…
ചുവന്ന പൂക്കളല്ല..
വയലറ്റ് പൂക്കളല്ല…
മരം കാണാത്തത്രയും നിറയുന്ന
പൂക്കൾ
കടും മഞ്ഞപ്പൂക്കൾ….
വലുതല്ല ചെറിയ പൂക്കൾ;
തീരെ ചെറുതുമല്ല…
പൊഴിഞ്ഞു പൊഴിഞ്ഞു
ചുവട് നിറയെ
മഞ്ഞമെത്ത വിരിച്ച്
പൊലിഞ്ഞു പോവുന്ന പൂക്കൾ…
പൂമരത്തിൻ ചുവട്ടിലാണ് കാർ….
തണലേറ്റ്…
കാറ്റേറ്റ്….
എന്തേ പൂക്കാത്തെ?
യെന്ന് ചോദിച്ചു ചോദിച്ചു…
കേട്ടു കേട്ടു മടുക്കുമ്പോൾ മാത്രം
പൂക്കാനൊരുങ്ങുന്ന
പൂമരത്തിൻ ചുവട്ടിൽ…
നല്ല തെളിച്ചമുള്ള….
നല്ല കാറ്റുള്ള….
നല്ല തണുപ്പുള്ള
മഞ്ഞുപൊഴിയുന്ന
കുളിര് കോരുന്ന കാലം…
അതീ കാലമാണ്…..
ഒന്നേ….
രണ്ടേ…..
മൂന്നേ….
എണ്ണിയെണ്ണി ഓരോ പൂവും
പൊഴിയും…
നേരമിരുട്ടുമ്പോഴേക്കും
കാറിന്റെ ചില്ലിൽ
ബോണറ്റിൽ
റൂഫ് റാക്കിൽ
വിൻഡ്സ്‌ക്രീനിൽ…
തെന്നിവീഴാതെ….
കാറ്റ് പോലും തൊടാതെ
മഞ്ഞമെത്ത വിരിച്ചു
കാത്തു വെയ്ക്കും….
വിൻഡ്സ്‌ക്രീനിൽ നിരന്ന
പൂക്കൾ വൈപ്പ് ചെയ്യാതെ
തിരിയെ പോരുമ്പോൾ….
പൂക്കളോരോന്നിലും
പതിയെ കാറ്റ് തൊടും…
തെന്നിയിളകി ഇരുവശത്തേക്കും
പറന്നകലാൻ തുടങ്ങും..
പറക്കാൻ തുടങ്ങും മുൻപേയവ
അപരിചിതരാവും…
തമ്മിൽ തമ്മിൽ ഒരു കാലത്തും
കണ്ടിട്ടില്ലാത്തവരെ പൊലെ തീർത്തും
അപരിചിതർ…
കാണാൻ തോന്നുമ്പോൾ പോലും
കാണാത്തവർ..
ഏത് കാലമെന്നോ
ഏത് ദേശമെന്നോ
തിരയാതെ പറന്നകന്ന്
അകന്നകന്ന്
ഒറ്റയായൊറ്റയായ്…
ഒറ്റക്കൊറ്റയ്ക്ക് നീറുന്ന പൂക്കൾ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.