ചൂണ്ട

1
513

കഥ
എസ് ജെ സുജിത്

“സംഗതി നീ പറയുന്നപോലാണെങ്കില് മൂന്ന് വഴിയേയുള്ളൂ”

ചിരട്ടയിൽ കുഴച്ചു വച്ചിരുന്ന മൈദ വിരലുകൾ കൊണ്ട് പരുവപ്പെടുത്തി ചൂണ്ടയിലേക്ക് ഒട്ടിക്കുകയായിരുന്നു ബിജു. തൊട്ടരികിൽത്തന്നെ തെങ്ങിൽ ചാരി രാജേഷ് ഇരിക്കുന്നുണ്ട്. കിഴക്കിലേക്ക് ചരിഞ്ഞിറങ്ങി അമ്പിളിമാമൻ നിലാവ് വിതറി ആകാശത്ത് പൂർണ വലിപ്പത്തിൽ പ്രകാശം പരത്തുന്നു. ചൂണ്ട കായലിലേക്ക് എറിഞ്ഞ് ബിജു ഒന്നനങ്ങി കാലുറപ്പിച്ച് കുന്തിച്ചിരുന്നു. കാൽവണ്ണയിൽ കുത്തുന്ന കൊതുകിനെ തട്ടിയും കാൽ തടവിയും രാജേഷ് ആ ഇരിപ്പ് തുടർന്നു. ചൂണ്ടനൂല് ഒന്നു വെട്ടിയപ്പോൾ ബിജു പതുക്കെ വലിച്ചെടുത്തു. കാലിയായ ചൂണ്ട മാത്രമാണ് ആ വലിയിൽ കിട്ടിയത്.

” മൈദ മൊത്തം മാക്രിയും ഞണ്ടും തിന്നു തീർക്കുമെന്നാണ് തോന്നുന്നത്. ഒരു മൈരും കൊത്തുന്ന ലക്ഷണമില്ല”

വായിലെ തെറി ഉച്ചത്തിൽ ഛർദ്ദിച്ച് ബിജു വീണ്ടും മൈദ ഉരുട്ടാൻ തുടങ്ങി.

തെങ്ങിന്റെ ചോട്ടിൽ നിന്നും ഒരു കൊച്ചിങ്ങ എടുത്ത് രാജേഷ് കായലിലേക്ക് വലിച്ചെറിഞ്ഞു. ‘ഗ്ലും’ എന്ന ഒച്ചയോടെ ഓളം വെട്ടിച്ച് അത് വെള്ളത്തിലേക്ക് താഴ്ന്നു പോയി.

മൈദ കുഴച്ചു വച്ചിരുന്ന ചിരട്ടയുടെ വക്കിലേക്ക് ചൂണ്ട ശ്രദ്ധയോടെ വച്ച ശേഷം ബിജു രാജേഷിനരികിലേക്ക് നിരങ്ങി നീങ്ങിയിരുന്നു.

“എടാ…”

രാജേഷ് ഒരു കൊച്ചിങ്ങ കൂടി കൈപ്രയോഗം നടത്തി. ഇത്തവണ മുമ്പ് എറിഞ്ഞതിനെക്കാൾ ദൂരത്തേക്കാണത് പതിച്ചത്.

“ഒന്നുകിൽ നീ ഇക്കാര്യം സ്റ്റേഷനില് അറിയിക്കണം.”

മേഘങ്ങൾ ചന്ദ്രനെ മറച്ചപ്പോൾ രാജേഷിന് ബിജുവിന്റെ മുഖവും മറഞ്ഞു.

“അല്ലെങ്കിൽ, ഇത് വച്ച് നിന്റെ കാര്യം സാധിച്ചെടുക്കണം.” ഇരുട്ടിൽ ബിജുവിന്റെ മുഖഭാവം വായിച്ചെടുക്കാനായില്ല.

“പിന്നുള്ളത്, ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില് ജീവിക്കണം.” ബിജു അരയിൽ നിന്നെടുത്ത സിഗരറ്റിന് തീ കൊടുത്തു.

“മൂന്നായാലും അതിന്റെ റിസ്‌കൊണ്ട്” ബിജു രാജേഷിന്റെ മുഖത്തേക്ക് മുഖം ചേർത്തു. പുകയുടെ ഗന്ധം മൂക്കിൽ തട്ടിയപ്പോൾ രാജേഷ് സിഗരറ്റിനായി കൈ നീട്ടി.

“എന്ത് റിസ്ക്?” അതുവരെ മിണ്ടാതിരുന്ന രാജേഷ് പുകയൂതിക്കൊണ്ടു ചോദിച്ചു.

“പോലീസിനോട് പറഞ്ഞാൽ ആ സമയത്ത് എന്തിനവിടെ പോയി എന്ന് പറയേണ്ടി വരും.”

രാജേഷ് മുഖം കുനിച്ചു.

“ഉമ്മിണിയക്കന്റെ മോളുടെ കുളിസീൻ കാണാൻ പോയീന്നൊക്കെ പറഞ്ഞാൽ അവര് ആദ്യം നിനക്കിട്ടു പെരുക്കും” ഗൗരവത്തിലായിരുന്നെങ്കിലും ബിജുവിന് ചിരി വന്നു.

“ഇനിയിപ്പോ കുളിസീൻ കാണാനല്ല ചൂണ്ടയിടാൻ പോന്നതാണ് എന്നു പറഞ്ഞാലും ഉമ്മിണിയക്കന്റെ വടക്കേപ്പുറത്ത് ചാണകക്കുഴി വരെ എന്തിന് പോയീന്നു ചോദിച്ചാൽ ഉത്തരം പറയണ്ടേ?”

രാജേഷിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

“ഈ പേരും പറഞ്ഞ് നീ കൊച്ചിനോടുള്ള പ്രേമം പറയാൻ പോയാൽ ആ ചാണാക്കുഴിയില് നിന്റെ ബോഡി കൂടി വീണാലോ!”

ഉമ്മിണിയക്കൻ ഒരു ശവം വീടിനുള്ളിൽ നിന്നും വലിച്ചിഴച്ച്‌ ചാണകക്കുഴിയിൽ ഇടുന്നതു വ്യക്തമായും കണ്ടതാണ്. ബിജുവിനൊപ്പം രാത്രിയിൽ ചൂണ്ടയിടാൻ വരുന്നതിന് ഉമ്മിണിയക്കന്റെ മോൾ സിന്ധുവും ഒരു കാരണമാണ്. സിന്ധുവിന്റെ പാതിരാക്കുളിയെപ്പറ്റി ബിജുവിനും തനിയ്ക്കും മാത്രമേ അറിയൂ. പണിയൊതുക്കി രാത്രി വളരെ വൈകി കിണറ്റിൻകരയിൽ നിന്നും വെള്ളം കോരിയൊഴിച്ചു കുളിക്കുന്ന സിന്ധുവിന്റെ കുളിക്കാഴ്ച്ച ആദ്യം കണ്ടെത്തിയത് ബിജുവാണ്. ആ രഹസ്യം രണ്ടാം ദിവസം രാജേഷും അറിഞ്ഞു.

സിന്ധുവിന്റെ

പാതിരാക്കുളി കണ്ട് അവളോട് പ്രേമമായി. അക്കാര്യം ബിജുവിനോട് പറഞ്ഞ ശേഷം അവൻ കുളി കാണാൻ കൂടെ വന്നിട്ടില്ല. പറ്റിയാൽ ഉമ്മിണിയക്കന്റെ കുളി കണ്ടോളാം എന്നു പറഞ്ഞ് രാജേഷിന്റെ പ്രേമത്തിന്റെ കല്ല് ബിജു ചാന്തിട്ടുറപ്പിച്ചു.

ബിജു കായലിലേക്ക് പോയാൽ കുളി കഴിയുന്ന വരെ ഇരുട്ടുവാക്കിൽ പതുങ്ങിയിരിക്കും. നെഞ്ചോളം കയറ്റിയുടുത്ത പാവാടയുടുത്ത് സിന്ധു അടുക്കള വാതിൽ തുറന്ന് കിണറ്റിൻകരയിലേക്ക് എത്തുന്നത് വരെ കാത്തിരിപ്പാണ്. സോപ്പ് പതപ്പിക്കാൻ സൗകര്യത്തിന് പാവാട നെഞ്ചിൽ നിന്നഴിച്ച് അരയിൽ കെട്ടി ഇടുപ്പിൽ കൈ കുത്തി അര മിനിറ്റ് ഒരു നിൽപ്പുണ്ട്. വടക്കേപ്പുറത്തെ നാൽപ്പത് വാട്ടിന്റെ മങ്ങിയ വെളിച്ചത്തിലെ ആ കാഴ്‌ചയിലാണ് രാജേഷ് സ്വർഗ്ഗസ്ഥനാകുന്നത്.

അന്നും പതിവ് പോലെ ഉമ്മിണിയക്കന്റെ വീട്ടിലേക്ക് പമ്മിയിറങ്ങിയപ്പോൾ വടക്കേപ്പുറത്ത് വെളിച്ചമുണ്ടായിരുന്നില്ല. പതിവിലും നേരത്തേ സിന്ധു കുളിച്ചു കയറിയോ എന്ന ആശങ്ക ഉള്ളിലുണ്ടായി. പതിവായി ഇരിക്കുന്ന പ്ലാവിന്റെയും ചെമ്പരത്തിയുടെയും മറ പിടിച്ച് കാത്തിരുന്നപ്പോഴാണ് പിൻവാതിൽ തുറന്ന് ഉമ്മിണിയക്കൻ പുറത്തേക്ക് വന്നത്. അഴിഞ്ഞു കിടന്ന മുടി വരിചുറ്റി പരിസരം വീക്ഷിച്ച് അകത്തേക്ക് കയറിയപ്പോൾ മടങ്ങിപ്പോകാൻ എഴുന്നേറ്റു.

അപ്പോഴാണ് അവർ വീണ്ടും പുറത്തേക്കിറങ്ങിറങ്ങിയത്. ശ്രദ്ധയിപ്പെടാതിരിക്കാൻ ചെമ്പരത്തിയുടെ മറവിൽ പമ്മി. അടുക്കളയിൽ നിന്നും മുറ്റത്തേക്ക് തെറിച്ച വെളിച്ചത്തിൽ ഉമ്മിണിയക്കൻ ഒരു ശരീരം വലിച്ചിറക്കുന്നത് രാജേഷ് കണ്ടു.

ആയാസപ്പെട്ടുകൊണ്ട് അവരതിനെ വലിച്ചിഴച്ച് ചാണകക്കുഴിയിലേക്കിട്ടു. തൊഴുത്തിൽ ചാരി നിർത്തിയ മുളന്തോട്ടിയെടുത്ത് ശവം കുഴിക്കുള്ളിലേക്ക് കുത്തിയിറക്കി. കുറച്ചു നേരം ആ കുഴിയിലേക്ക് നോക്കി നിന്ന ശേഷം കിണറ്റിൻകരയിലേക്ക് നടക്കുന്നതും തോട്ടിയും കൈകാലുകളും കഴുകുന്നതും കണ്ടു. തോട്ടി തൊഴുത്തിൽ പഴയ സ്ഥാനത്ത് കൊണ്ടുവച്ച് ഒന്നും സംഭവിയ്ക്കാത്തത് പോലെ ഉള്ളിലേക്ക് കയറിപ്പോയി.

അത്രയുംനേരം പിടിച്ചു വച്ചിരുന്ന ശ്വാസഗതി കയൽക്കരയിലെത്തി ഇക്കാര്യങ്ങൾ ബിജുവിനോട് പറഞ്ഞപ്പോഴാണ് നേരെ വീണത്.

ബിജു നാലഞ്ചു വയസ്സിന് മൂത്തതാണെങ്കിലും സ്കൂൾ കാലം മുതലേ കൂട്ടാണ്. മെനക്കെട്ടിരുന്നിട്ടും ഒരു പള്ളത്തി പോലും ചൂണ്ടയിൽ കൊത്താത്തതിന്റെ നിരാശയിൽ ഇരുന്നപ്പോഴാണ് കനത്ത നെഞ്ചിടിപ്പുമായി കൊലപാതകത്തിന്റെ സാക്ഷിമൊഴി കേൾക്കുന്നത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും രാജേഷിന് ധൈര്യം നൽകാൻ ബിജുവിന് കഴിഞ്ഞു.

“ഇനി പോലീസിലും പറയണ്ട ഉമ്മിണിയക്കന്റെ മോളേം വേണ്ട എന്നുവച്ച് ഒന്നും സംഭവിച്ചില്ല എന്നു കരുതി നടന്നാലും നിന്റെ ഉള്ളില് കുറ്റബോധമോ നഷ്ടബോധമോ ഉണ്ടാവും.” ചൂണ്ടയിൽ എന്തോ ഒന്ന് കൊത്തിയതിനെ ബിജു ആവേശത്തോടെ കരയിലേക്ക് വലിച്ചെടുത്തു. ചൂണ്ടക്കൊളുത്തിൽ കുടുങ്ങി ചേറുമീനൊരെണ്ണം പിടഞ്ഞു.

2

ഇടംകൈയിൽ ഉമിക്കരിയുമായി മുറ്റത്ത് നിന്നപ്പോഴാണ് ദേവിക്കുട്ടൻ പാൽ സൈക്കിളുമായി എത്തിയത്‌. പാൽ അളന്നു അലുമിനിയം തൂക്കിൽ ഒഴിച്ച് അടുക്കള ഭാഗത്തേക്ക് പോയി. മൂന്നാല് വീടുകളിൽ നിന്നും പാൽ വാങ്ങി മറ്റുള്ള വീടുകളിൽ എത്തിച്ചു നല്കിയുണ്ടാക്കുന്നതാണ് ദേവിക്കുട്ടന്റെ വരുമാനം. കൂട്ടത്തിൽ അടുക്കളയിൽ നിന്നും അടുക്കളകളിലേക്കുള്ള വാർത്തകളുടെ പ്രാദേശിക റിപ്പോർട്ടറും. തൂക്കുപാത്രം സൈക്കിളിൽ തൂക്കി ദേവിക്കുട്ടൻ മടങ്ങാൻ തുടങ്ങിയപ്പോൾ രാജേഷ് വാ നിറയെ ഉമിക്കരിയുമായി നിൽക്കുകയായിരുന്നു.

ദേവിക്കുട്ടന്റെ സൈക്കിൾ ഇടവഴി താണ്ടിയപ്പോഴേക്കും അമ്മ മുറ്റത്തേക്ക് വന്നു.

“എടാ രാജേഷേ, ഉമ്മിണീടെ മോള് കത്തെഴുതി വച്ചിട്ട് ആരോടോ കൂടെ പോയെന്ന്”

താടിക്ക് കൈ കൊടുത്തു നിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വായിൽ നിറഞ്ഞിരുന്ന ഉമിക്കരി തൊണ്ടക്കുഴി പിന്നിട്ടിരുന്നു. തുപ്പാനുള്ളതാണ് ഇറക്കിയതെന്ന കാര്യം രാജേഷ് മറന്നു.

“നല്ലോര് കൊച്ചാരുന്നു. അവള് എങ്ങ്നെ നോക്കീതാരുന്നു. പാവം ഉമ്മിണി!”

കൈയും വായും കഴുകി കിട്ടിയ ഉടുപ്പുമെടുത്തിട്ട് രാജേഷ് ബിജുവിന്റെ വീട്ടിലേക്ക് പാഞ്ഞു.

“അവൻ പണിക്ക് പോയീടാ. നീ വൈകിട്ട് വാ.”

ബിജുവിന്റെ സഹോദരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

തിരികെ വീട്ടിലേക്ക് ഉമ്മിണിയക്കന്റെ വീടു വഴിയാണ് രാജേഷ് നടന്നത്.

അപ്പുറവും ഇപ്പുറവും ഉള്ള നാലഞ്ചു പേർ മുറ്റത്ത് നിൽപ്പുണ്ട്. വീടിന്റെ വരാന്തയിൽ ഉമ്മിണിയക്കൻ ഇരിക്കുന്നു. രാജേഷ് കാലുകൾ വലിച്ചു വച്ച് വീട്ടിലേക്ക് നടന്നു.

ഉമ്മിണിയക്കന്റെ വീട് കണ്ണിൽ നിന്നും മറയുന്ന ദൂരത്തിലായപ്പോഴാണ് രാജേഷിന് സമാധാനമായത്.

രാത്രിയിൽ കായൽക്കരയിലേക്ക് നടക്കുമ്പോൾ അകലെ ഉമ്മിണിയക്കന്റെ വീടിന്റെ അടുക്കള ഭാഗത്തെ വെളിച്ചം തെളിഞ്ഞു കിടക്കുന്നത് കാണുന്നുണ്ടായിരുന്നു. ഒരു ചിരട്ട നിറയെ മൈദ ഉരുട്ടിയിട്ടും ബിജുവിന്റെ ചൂണ്ടയിൽ മീനുകളൊന്നും കൊത്തിയില്ല. കൊച്ചിങ്ങകൾ കായൽപ്പരപ്പിൽ ഓളങ്ങളുണ്ടാക്കി മടുത്തപ്പോൾ രാജേഷ് വീട്ടിലേക്ക് നടന്നു. ഉമ്മിണിയക്കന്റെ വീടിനടുത്തെത്തിയപ്പോൾ ദേവിക്കുട്ടന്റെ സൈക്കിൾ ഡൈനാമോ വെളിച്ചം പരത്തി കടന്നുപോയി. പോകുന്ന പോക്കിൽ “മീനൊന്നും കൊത്തീലേ ബിജുവേ?” എന്നവൻ വിളിച്ചു ചോദിച്ചു. ഉത്തരത്തിന് കാത്തു നിൽക്കാതെ സൈക്കിൾ ചെറു വെട്ടം തെറിപ്പിച്ച് അകന്നു.

“ഇവനീ പാതിരാത്രീലും കറവയ്ണ്ടാ?” മീനൊന്നും കിട്ടാത്തതിനേക്കാൾ ദേവിക്കുട്ടന്റെ ചോദ്യം ബിജുവിനെ ചൊടിപ്പിച്ചു.

3.

ദേവിക്കുട്ടന്റെ സൈക്കിൾ ബെൽ കേട്ടപ്പോൾ കക്കൂസിൽ പോകാനായി കിണറ്റിൻകരയിൽ നിന്നും അലുമിനിയം ബക്കറ്റിലേക്ക് വെള്ളം പകരുകയായിരുന്നു രാജേഷ്. വയറൊഴിച്ചു കക്കൂസിൽ നിന്നിറങ്ങി മുറ്റത്തേക്ക് വന്നപ്പോൾ ദേവിക്കുട്ടന്റെ സൈക്കിൾ ഇടവഴി കടന്നിട്ടില്ലായിരുന്നു. “എടാ രാജേഷേ…” അമ്മ അടുക്കളയിൽ നിന്നും നീട്ടി വിളിച്ചു.

“ഉമ്മിണീട പശൂനേം ക്ടായെം ദേവിക്കുട്ടൻ വാങ്ങീന്ന്. ഉമ്മിണിക്ക് ഇനി ഒറ്റക്ക് പശുവിനെ നോക്കാനൊന്നും വയ്യാത്രേ. ആ, എത്ര നാളായി ഇങ്ങനെ വല്ലോരുടെ പാലും വിറ്റ് നടക്കും. അവന് രക്ഷപ്പെടാൻ ഉമ്മിണീട മോള് നിമിത്തായി”

ഭൂമി തനിക്കു ചുറ്റും കറങ്ങുന്നതാണോ താൻ ഭൂമിക്കു ചുറ്റും കറങ്ങുന്നതാണോ എന്നറിയാതെ രാജേഷ് മുറ്റത്തു തന്നെ നിന്നു.

കാപ്പി കുടീം കഴിഞ്ഞ് ഉമ്മറത്ത് ചുരുണ്ടു കൂടി ഇരിക്കുമ്പോഴാണ് ബിജു മുറ്റത്തെക്ക് കയറിയത്.

“എടാ, നീ വരുന്നോ!”

എങ്ങോട്ടാണെന്ന ഭാവത്തിൽ രാജേഷ് ബിജുവിനെ നോക്കി.

“ഉമ്മിണിയക്കന്റെ വീട്ടിൽ കുറച്ചു പണിയുണ്ട്. ചാണാക്കുഴി മൂടണം. അക്കൻ പശൂനെ കൊടുത്തൂന്ന്”

രാജേഷ് വീടിനുള്ളിലെ ശബ്ദത്തിന് ചെവിയോർത്തു. അമ്മ വടക്കേപ്പുറത്ത് ആരോടോ സംസാരിക്കുന്നുണ്ട്.

“നിനക്കെന്താണ്, അവിടെ നടന്നതൊന്നും അറിയില്ലേ?” ശബ്ദത്തിലെ പതർച്ച ബിജുവിന് മനസ്സിലാകുന്നുണ്ടായിരുന്നു.

“നമ്മളായിട്ട് ഒന്നിനും പോണ്ട. നീ വരുന്നേൽ വാ. രണ്ടു മണിക്കൂറത്തെ കാര്യം.”

“ഞാനില്ല, നീ പോ!” രാജേഷ് ഒഴിഞ്ഞു. കുറച്ചു നേരം കൂടി ബിജു അവിടെ ചുറ്റിപ്പറ്റി നിന്നു.

ബിജുവിന്റെ ചുറ്റിക്കറക്കം രാജേഷിന്റെ തീരുമാനത്തിന് ഇളക്കം തട്ടിച്ചു.

“സമ്മതിക്കില്ല! വാ പൂവാ!” എന്നും പറഞ്ഞ് ബിജുവിനൊപ്പം നടന്നു.

രാജേഷും ബിജുവും ഉമ്മിണിയക്കന്റെ വീട്ടിലെത്തുമ്പോൾ ദേവിക്കുട്ടൻ തൊഴുത്തിൽ കൂട്ടിയിട്ടിരുന്ന വയ്ക്കോൽ കെട്ടുകൾ സൈക്കിളിലേക്ക് അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു.

“ഇന്നെന്താടാ പിള്ളേരെ മീനോൾക്ക് തീറ്റ കൊടുക്കാൻ പോയില്ലേ?” എന്നു ചോദിച്ച് ഒരു ചിരി പാസാക്കി.

“നീയാ കച്ചി പെറുക്കി പോകാൻ നോക്കെടാ, പിള്ളേരോട് കിണ്ണാൻ നിക്കാതെ” വയ്ക്കോൽ കെട്ടുകൾ എണ്ണി കണക്ക് പറയുന്നതിനിടയിലും ഉമ്മിണിയക്കൻ ബിജുവിന്റെ പക്ഷം ചേർന്നു.

“ഇവന്റെ സൈക്കിളിന് ഞാൻ അള്ളു വയ്ക്കും.” വയ്ക്കോൽ കെട്ടുകളേറ്റി പോകുന്ന ദേവിക്കുട്ടനെ നോക്കി ബിജു രാജേഷിനോട് രഹസ്യമായി പറഞ്ഞു.

സൈക്കിളും ഈ നാക്കും ഇല്ലെങ്കിൽപ്പിന്നെ ദേവിക്കുട്ടൻ ഇല്ല എന്ന് രാജേഷ് ഓർത്തു.

ചാണകക്കുഴിയ്ക്ക് ചുറ്റിലുള്ള മണ്ണ് വെട്ടി കുഴി മൂടുമ്പോൾ രാജേഷിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ബിജു അത് കണ്ടില്ലെന്നു നടിച്ചു.

കുഴി മൂടിക്കഴിഞ്ഞപ്പോൾ മൂന്നാല് ചെമ്പരത്തി കമ്പുകൾ വെട്ടി അവിടമാകെ കുത്തി നിർത്തി. പണി തീർത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ബിജു ചോദിച്ചു: “ഇനി അവളെങ്ങാനും അതിനുള്ളിലുണ്ടാകുമോ?”

താൻ കണ്ടത്‌ കണ്ടതുതന്നെയാണ് എന്ന് ഒരുറച്ച നോട്ടത്തിലൂടെ രാജേഷ് മറുപടി നൽകി.

നാലഞ്ചു ദിവസം രാജേഷ് ചൂണ്ടിയിടാൻ പോയില്ല. ബിജുവും! തീറ്റ തേടി കുറച്ചു വരാലുകൾ കരയ്ക്കരികിൽ ചുറ്റിപ്പറ്റി നിന്നു.

കൊള്ളിമീനുകൾ പായുന്ന പോലെ ദേവിക്കുട്ടന്റെ സൈക്കിൾ ഇരുണ്ട വഴിയിലൂടെ വെളിച്ചം മിന്നിച്ച് സഞ്ചരിച്ചുകൊണ്ടിരുന്നു.

4

എന്നത്തേയും പോലെ മീനുകൾ ബിജുവിനെ കളിയാക്കിക്കൊണ്ട് തീറ്റയും കൊത്തി കടന്നുകളയുകയും അതിനൊത്ത് ബിജു പലവിധ തെറികൾ ഛർദ്ദിക്കുകയും ചെയ്തു. വളരെ വൈകിയിട്ടും ചൂണ്ടയിൽ കൊരുത്ത മൂന്നാലു ചെറുമീനുകളെ പാള കൊണ്ടുണ്ടാക്കിയ കൂടയിലേക്ക് മാറ്റുമ്പോൾ ബിജു പറഞ്ഞു. “നിനക്ക് തോന്നിയതാകും!”

“മൈരാണ്”

എഴുന്നേൽക്കുന്നതിനിടയിൽ അഴിഞ്ഞുപോയ കൈലിമുണ്ട് വാരിക്കുത്തി ഇരുട്ടിലേക്ക് ആഞ്ഞു നടന്നു രാജേഷ്. പാതിമുറിഞ്ഞ നിലാവിന്റെ വെളിച്ചത്തിൽ ബിജു രാജേഷിന്റെ പിന്നാലെ നടന്നു.

ഉമ്മിണിയക്കന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയരികിൽ എത്തിയ ശേഷം ബിജുവിന്റെ കാഴ്ചയിൽ നിന്നും രാജേഷ് മറഞ്ഞു. രാജേഷ് പറഞ്ഞത് പൂർണമായും വിശ്വസിക്കാൻ ബിജുവിന് സാധിച്ചിരുന്നില്ല. ഉമ്മിണിയക്കൻ മോളെ കൊന്നുവെന്നും ശരീരം ചാണകക്കുഴിയിൽ താഴ്ത്തിയെന്നും. എന്തോ! രാജേഷിന് അങ്ങനെ ഒന്നു പറഞ്ഞുണ്ടാക്കിയിട്ട് എന്ത് കാര്യം? രാജേഷ് പറയുന്നത് സത്യമാണെങ്കിൽത്തന്നെ അത് സിന്ധു ആയിരിക്കണമെന്നില്ലല്ലോ. ആ ബോഡി സിന്ധുവിന്റേതാണ് എന്ന് രാജേഷിനും ഉറപ്പില്ലല്ലോ! സിന്ധു കത്തെഴുതി വച്ചിട്ട് ആരോടോ കൂടെ ഒളിച്ചോടിയതാണ് എന്നു വിശ്വസിക്കാനാണ് ബിജുവിന് തോന്നിയത്.

ഉമ്മിണിയക്കന്റെ വീട്ടിൽ വടക്കു വശത്ത് വെളിച്ചം കാണുന്നുണ്ട്. എന്ത് തോന്നിയിട്ടാണ് എന്നറിയില്ല, കൈയിലിരുന്ന ചൂണ്ടയും പാളക്കൂടയും വഴിയരികിൽ വച്ച് ബിജു ഉമ്മിണിയക്കന്റെ വീട് ലക്ഷ്യമാക്കി നടന്നു.

നിലാവ് നൽകിയ തെളിച്ചത്തിൽ തൊഴുത്തിന്റെ അരികിൽ ചാരി വച്ചിരുന്ന സൈക്കിൾ ദേവിക്കുട്ടന്റെയാണ് എന്ന് ബിജു തിരിച്ചറിഞ്ഞു. ഇരുട്ടിന്റെ മറ പിടിച്ച് അവൻ വീടിന്റെ ഓരത്ത് നിന്നു. മരപ്പലക മറച്ച ജനൽ പാളിയിലൊന്ന് പതുക്കെ തുറന്ന് നോക്കി.

അകത്തെ വെളിച്ചം ജനൽപ്പാളിയും കടന്ന് ബിജുവിന്റെ കണ്ണിലടിച്ചു. വേനലിൽ ചുവന്നു പൂത്ത് നിൽക്കുന്ന വാകമരം കണക്ക് ഉമ്മിണിയക്കൻ! മരത്തിൽ പടർന്ന് ചുറ്റിയ കാട്ടുവളളി പോലെ ദേവിക്കുട്ടൻ. മുറിയിലാകെ പരവതാനി വിരിച്ച് ചുവന്ന പൂക്കൾ. പൂക്കൾക്ക് മീതെ പൂക്കൾ വീണ്ടും പൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ബിജു ഭയന്നു പിന്നോക്കം മാറി.

പ്ലാവിന്റെയും ചെമ്പരത്തിയുടെയും മറവിൽ

അപ്പോഴും രണ്ടു കണ്ണുകൾ കിണറ്റിൻകരയിലേക്ക് വരുന്ന സിന്ധുവിനെ കാത്തിരുന്നു. ചാണകകുഴിയുടെ മുകളിൽ നട്ട ചെമ്പരത്തിക്കമ്പുകളിലൊന്നിൽ ചോര നിറമുള്ള പൂവ് വിടരാൻ തയ്യാറായി നിന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here