തലസ്ഥാന നഗരിയുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ നൃത്ത സംഘത്തിന് ചീഫ് സെക്രട്ടറി ടോം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്‍കി. റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും, കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ഓബ്രോസ് നൃത്ത സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 20 ഓളം പേരാണ് പങ്കെടുത്തത്. വൈവിദ്ധ്യമാര്‍ന്ന 12 നൃത്തരൂപങ്ങളാണ് പ്രേക്ഷരില്‍ ആഹ്ലാദവും വിസ്മയവും നിറച്ച് ടാഗോര്‍ തീയേറ്ററില്‍ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ നൃത്താവതരണത്തിനായി കലാസംഘം ഇന്നലെ (22.10.2019 ) യാത്ര തിരിച്ചു. റഷ്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ രതീഷ്.സി. നായര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്‍റര്‍ റീജിയണല്‍ ഫൗണ്ടേഷന്‍ ഡിസ്റ്റാനിയ ഡയറക്ടര്‍ നതാലിയ പിറവാര നന്ദി പറഞ്ഞു.