ചാനലിൽ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ ‍

0
315

മുഹാദ് വെമ്പായം

പണ്ടൊക്കെ വല്ല ആണ്ടിലോ സംക്രാന്തിയിലോ ദൂരദര്‍ശന്‍ ചില നാടകങ്ങളെ സ്റ്റാറ്റിക്ക് ആയി ക്യാമറ വച്ച് ഷൂട്ട് ചെയ്ത് കാണിച്ചിട്ടുണ്ട് എന്നതിനപ്പുറം മുഖ്യധാരാ ചാനലുകളിലൊന്ന് മുഴുനീള നാടകങ്ങള്‍ അഞ്ചു ക്യാമറകള്‍ കൊണ്ട് ഷൂട്ട് ചെയ്ത് പ്രൈം ടൈമില്‍ കണിക്കാന്‍ തുടങ്ങുന്നു.
ഈ വാര്‍ത്ത പുളകമോ പൊല്ലാപ്പോ എന്നറിയാത്ത ഒരു നവസാഹചര്യ അങ്കലാപ്പ് നടക പ്രവര്‍ത്തകര്‍ക്കിടയില്‍ വന്നിട്ടുണ്ട്.
അമേച്ചര്‍, സ്റ്റ്രീറ്റ്, എക്സ്പെരിമെന്‍റല്‍ നാടകങ്ങളെയല്ല പ്രൊഫഷണല്‍ നാടകങ്ങളെ മാത്രമാണ് ചാനല്‍ ഉള്‍പ്പെടുത്തിരിക്കുന്നത് എന്നത് കൊണ്ട് തന്നെ പ്രധാനമായും പ്രൊഫഷണല്‍ നാടകക്കാര്‍ക്ക് ഇടയില്‍ തന്നെയാണ് പ്രാഥമിക ചര്‍ച്ച വരുന്നതും.
പ്രൊഫഷണല്‍ നാടകങ്ങള്‍ പേരു സൂചിപ്പിക്കുമ്പോലെ തന്നെ തൊഴില്‍ നാടകങ്ങള്‍ കൂടി ആയതിനാല്‍ ഒരു വ്യക്തതാ ബോധം ഉണ്ടായി വരേണ്ടതുണ്ട്.
എങ്കില്‍ പരസ്പരമുള്ള ഒരു ചര്‍ച്ചയ്ക്കും ചിന്തയ്ക്കും വേണ്ടി, തോന്നിയതും ക്രോഡീകരിച്ചതുമായ ചില കാര്യങ്ങള്‍ പറയുന്നു എന്ന് മാത്രം.
ഇത് എന്‍റെ തീര്‍പ്പുകളല്ല.. വെറും പോയിന്‍റുകള്‍ മാത്രമാണ്. തള്ളാം… കൊള്ളാം.. അവഗണിക്കാം..
( ചിലപ്പോള്‍ ഞാന്‍ വടി കൊടുത്ത് അടിവാങ്ങലുമായേക്കാം)

പുതിയ സാഹചര്യം

നാടകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ല എന്നുള്ള പതിറ്റാണ്ടുകള്‍ നീണ്ട പരാതികള്‍ നമുക്കുണ്ട്. മറുഭാഗത്ത് ചില ചാനലുകള്‍ നാടകങ്ങളെയും നാടക പ്രവര്‍ത്തകരേയും അപഹാസ്യരാക്കി അപമാനിക്കുന്ന കോപ്രായങ്ങള്‍ ടെലിക്കാസ്റ്റ് ചെയ്യുന്നു.
വേറൊരിടത്ത് ജീവിതത്തില്‍ നാടകം കണ്ടിട്ടില്ലാത്തവര്‍ ചര്‍ച്ച എന്ന നിലയില്‍ നാടകക്കാരെ വേദിയില്‍ വിളിച്ചിരുത്തി അപമാനിക്കുന്നു.
ഇനിയൊരിടത്ത് ഒരല്പം ഗതകാല പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്ത് കേരളത്തിലെ പ്രൊഫഷണല്‍ നാടകങ്ങള്‍ സജീവമായി അരങ്ങില്‍ പ്രൗഢമായ തിരിച്ചു വരവിന്‍റെ ആവേശത്തില്‍ നില്ക്കുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യധാരാ ചാനലുകളിലൊന്ന് മുഴുനീള നാടകങ്ങളുടെ സംപ്രേക്ഷണവുമായി വരുന്നത്.
സെക്കന്‍റിനു പതിനായിരങ്ങള്‍ വിലയുള്ള പ്രൈം ടൈമില്‍ അവതരിപ്പിക്കാന്‍ വേണ്ടുന്ന വിപണി മൂല്യം ജനകീയ നാടകങ്ങള്‍ക്ക് ഉണ്ട് എന്നതില്‍ നമുക്ക് സന്തോഷിക്കുകയും ചെയ്യാം.
ആദ്യമേ ആ കാല്‍ വയ്പ്പിനു ഫ്ളവേഴ്സ് ചാനലിന് നന്ദിയും അറിയിക്കുന്നു.
എങ്കിലും നാടകമേഖലയുമായി ബന്ധപ്പെട്ട് ഈ വിഷയം ഒരു ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക തന്നെ വേണം

പുതിയവകളെ എല്ലാ കാലത്തും ആശങ്ക

പുതിയവകളെ എല്ലാ കാലത്തും എല്ലാ മേഖലയിലും അല്പം ശങ്കയോടെ തന്നെയാണ് കാണുക.
നിലനില്പിന്‍റെ കൂടി സാഹചര്യം ഉള്ള ഇടങ്ങളില്‍ പ്രത്യേകിച്ചും.
അരങ്ങില്‍ പാടി അഭിനയിക്കുന്നതില്‍ നിന്നും സൈഡിലെ സംഗീതക്കാര്‍ എന്ന മാറ്റത്തിലേക്ക് വന്നപ്പോഴും അവിടെ നിന്ന് റിക്കോര്‍ഡിങ്ങ് കാസറ്റുകളിലേക്ക് വന്നപ്പോഴും മ്യൂസിക്ക് ഓപ്പറേഷന് സീഡികളും റിമോട്ട് കണ്ട്രോളുകളിലേക്കും മാറിയപ്പോഴും എല്‍ ഇ ഡി പാറുകള്‍ വന്നപ്പോഴും ഈ ആശങ്കകള്‍ നാടക പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. ചില ശക്തമായ എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട് മേല്‍ പറഞ്ഞ ഓരോന്നിനും.
ഈ വര്‍ഷം പ്രിന്‍റഡ് കര്‍ട്ടനുകള്‍ എന്ന ആശയം വിജയകരമായി നടപ്പിലാക്കി രാജേഷ് ഇരുളം വന്നപ്പോഴും അത്തരം ആശങ്കകള്‍ പലറ്ക്കും ഉണ്ട്.
വിജയിച്ച/ വിജയിക്കേണ്ടുന്ന മാറ്റങ്ങള്‍ എല്ലാ കാലത്തും സംശയങ്ങളുടെ നൂൽപ്പാലത്തിലൂടെ തന്നെയാണ് വന്നിട്ടുള്ളത്.
അതുകൊണ്ട് തന്നെ, നാടകത്തിന്‍റെ ചാനല്‍ പ്രവേശം എന്നത് പ്രൊഫഷനല്‍ നാടകങ്ങളുടെ അസ്തിത്വത്തിന്‍റെ വിഷയം ആകയാല്‍ നമ്മള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാഭാവികം.ഗുണമുള്ള മാറ്റങ്ങള്‍ ഉണ്ടാവണം.. ഗുണമുള്ള മാറ്റങ്ങളേ ഉണ്ടാകാവൂ.

നാടകം അരങ്ങിലാണ് കണേണ്ടത്.

ആത്യന്തികമായി അതാണ് ശരി എന്നാണ് എന്റെ പക്ഷം.
പക്ഷേ അരങ്ങില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് കൂടി കാണാന്‍ കഴിയുന്ന തരത്തില്‍ നാടകം വ്യാപിക്കുന്നതില്‍ തെറ്റില്ല എന്ന മറുവാദവും ഉണ്ട്.അതിലും ചില ശരികള്‍ ഉണ്ട്. പല ലോക നാടകങ്ങളുടെയും വീഡിയോകള്‍ ഇന്ന് നിലവിലുണ്ട്.
അമിതമായ കര്‍ക്കശബുദ്ധി ഒന്നിനോടും അരുത് എന്ന മൂന്നാം വാദവും ഉണ്ട്. ഇതില്‍ അവരവര്‍ക്ക് ഏതു പക്ഷവും സ്വീകരിക്കാം.

ചാനലിലെ നാടകം : ഗുണങ്ങള്‍ ഉണ്ടോ ഉണ്ടെങ്കില്‍ എന്ത്?

ഉണ്ട് .. ചില കാര്യങ്ങളില്‍ ഗുണം ഉണ്ട്.
പലപ്പോഴും പരിഹാസ്യമായി പലരും കാണുന്ന നാടകങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിതവുമായും സമൂഹവുമായും എത്രത്തോളം
ബന്ധപ്പെട്ട മഹത്തായ കലയാണ് എന്നത് ലോകം അറിയാന്‍ ഇത് കാരണമാവും.
അറിയപ്പെടാതെ പോകുന്ന നൂറുനൂറ് അഭിനയപ്രതിഭകളെ ലോകമലയാളം അറിയും.. അവര്‍ക്ക് കൂടുതല്‍ വലിയ അവസരങ്ങള്‍ക്ക് അത് കാരണമായേക്കാം.
ഒപ്പം സിനിമകളേക്കാള്‍ ജനകീയ, സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമിതികളും നാടകങ്ങളും രചയിതാക്കളും സംവിധായകരും ഉണ്ട് എന്ന കാര്യം സമൂഹത്തിനു ബോദ്ധ്യമാവും.
നാടകം മരിച്ചിട്ടില്ല, മരിക്കുകയുമില്ല എന്ന് നിലവിലുള്ള നാടകങ്ങളുടെ കരുത്ത് കാട്ടി നമുക്ക് വിളിച്ചു പറയാന്‍ കഴിയും.
അഭിനേതാക്കള്‍ക്ക് ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന സെലിബ്രിറ്റി പരിവേഷം വന്നു ചേരും.
സിനിമകള്‍ പലതും റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മുടക്കിനെക്കാള്‍ ലാഭത്തിലാണ് എന്ന് കേട്ടിട്ടില്ലേ.
ചാനലുകള്‍ കൊടുക്കുന്ന സാറ്റലൈറ്റ് റേറ്റ് ആണത്. മൂന്ന് കോടി മുടക്കി ഇറങ്ങിയ പടത്തിനു അഞ്ച് കോടി സാറ്റലൈറ്റ് കിട്ടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
അത് പോലെ എട്ടു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഇറക്കി നാടകം പ്രൊഡ്യൂസ് ചെയ്യുന്ന നാടകസംഘാടകന്
രണ്ട് ലക്ഷം രൂപ എങ്കിലും സാറ്റലൈറ്റ് റേറ്റ് കിട്ടുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ ഈ സംരംഭം ഗുണകരമല്ലേ.. ആണ്.
നല്ല നാടകം ഇറക്കിയാലേ നല്ല സാറ്റലൈറ്റ് റേറ്റ് കിട്ടൂ എന്ന ബോദ്ധ്യത്തിലേക്ക് എത്താനും മതി.

ചാനലിലെ നാടകം :
ആശങ്കകളില്‍ കഴമ്പുണ്ടോ?

ഉണ്ട് .. ചില കാര്യങ്ങളില്‍ ഗുണം ഉണ്ട്.
പലപ്പോഴും പരിഹാസ്യമായി പലരും കാണുന്ന നാടകങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിതവുമായും സമൂഹവുമായും എത്രത്തോളം
ബന്ധപ്പെട്ട മഹത്തായ കലയാണ് എന്നത് ലോകം അറിയാന്‍ ഇത് കാരണമാവും.
അറിയപ്പെടാതെ പോകുന്ന നൂറുനൂറ് അഭിനയപ്രതിഭകളെ ലോകമലയാളം അറിയും.. അവര്‍ക്ക് കൂടുതല്‍ വലിയ അവസരങ്ങള്‍ക്ക് അത് കാരണമായേക്കാം.
ഒപ്പം സിനിമകളേക്കാള്‍ ജനകീയ, സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമിതികളും നാടകങ്ങളും രചയിതാക്കളും സംവിധായകരും ഉണ്ട് എന്ന കാര്യം സമൂഹത്തിനു ബോദ്ധ്യമാവും.
നാടകം മരിച്ചിട്ടില്ല, മരിക്കുകയുമില്ല എന്ന് നിലവിലുള്ള നാടകങ്ങളുടെ കരുത്ത് കാട്ടി നമുക്ക് വിളിച്ചു പറയാന്‍ കഴിയും.
അഭിനേതാക്കള്‍ക്ക് ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന സെലിബ്രിറ്റി പരിവേഷം വന്നു ചേരും.
സിനിമകള്‍ പലതും റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മുടക്കിനെക്കാള്‍ ലാഭത്തിലാണ് എന്ന് കേട്ടിട്ടില്ലേ.
ചാനലുകള്‍ കൊടുക്കുന്ന സാറ്റലൈറ്റ് റേറ്റ് ആണത്. മൂന്ന് കോടി മുടക്കി ഇറങ്ങിയ പടത്തിനു അഞ്ച് കോടി സാറ്റലൈറ്റ് കിട്ടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
അത് പോലെ എട്ടു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഇറക്കി നാടകം പ്രൊഡ്യൂസ് ചെയ്യുന്ന നാടകസംഘാടകന്
രണ്ട് ലക്ഷം രൂപ എങ്കിലും സാറ്റലൈറ്റ് റേറ്റ് കിട്ടുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ ഈ സംരംഭം ഗുണകരമല്ലേ.. ആണ്.
നല്ല നാടകം ഇറക്കിയാലേ നല്ല സാറ്റലൈറ്റ് റേറ്റ് കിട്ടൂ എന്ന ബോദ്ധ്യത്തിലേക്ക് എത്താനും മതി.

അപ്പോള്‍ ന്യായമായ ഒരു സംശയം വരും. കോമഡി ഷോകള്‍ ടിവിയില്‍ വരുന്നു.. പറമ്പിലും വരുന്നു ഒരു പ്രശ്നവുമില്ലല്ലോ എന്ന് ചിലർ പറയും.

കോമഡി ഷോകള്‍ പോലെ അല്ല നാടകം.
കൃത്യമായ ചട്ടക്കൂടില്‍ ചലനങ്ങളും സംഭാഷണങ്ങളും പ്രകാശശബ്ദവിന്യാസങ്ങളും ചിട്ടയോടെ അവതരിപ്പിച്ചാല്‍ മാത്രം ശരിയാകുന്ന ഒന്നാണ് നാടകം.
അതുകൊണ്ട് തന്നെ കോമഡി ഷോകള്‍ ടിവിയില്‍ വരുന്നു.. പറമ്പിലും വരുന്നു ഒരു പ്രശ്നവുമില്ലല്ലോ എന്ന വാദം കൊണ്ട് മാത്രം ഇതിനെ നേരിടാന്‍ കഴിയില്ല.
കോമഡി ഷോകള്‍ക്ക് കാരിക്കേച്ചര്‍ സ്വഭാവവും സറ്റൈറിക്കല്‍ സ്വാതന്ത്ര്യവുമുണ്ട്.വലത്ത് നിന്ന് ഇന്ന് കയറിയ ആള്‍ നാളെ ഇടത്ത് നിന്ന് കയറിയാലോ ഇല്ലോജിക്കലായ ചലനങ്ങള്‍ വന്നാലോ
കോമഡി സ്കിറ്റുകളെ അത് ബാധിക്കില്ല. അത് ആ കലയുടെ സ്വാതന്ത്ര്യമാണ്.
നാടകത്തിന് ആ തരം സ്വാതന്ത്ര്യം എടുക്കാതിരിക്കലാണ് ആ കലയുടെ സ്വാതന്ത്ര്യം.
എന്നിട്ട് പോലും ടിവിയില്‍ വന്ന സെയിം സ്കിറ്റ് സെയിം രീതിയില്‍ പറമ്പില്‍ കളിച്ചാല്‍ സംഘാടകരും കാണികളും സമ്മതിക്കില്ല.
ഇത് നമ്മള്‍ കണ്ടതാണല്ലോ വേറൊന്നുമില്ലേ എന്നവര്‍ ചോദിക്കും. സ്റ്റേജുകളിൽ നിന്നും കോമഡി ഷോകൾ ഇല്ലാതായി പോയതിൽ ടിവിയിലെ കോമഡി ഷോകളുടെ ആധിക്യമാണ് കാരണം എന്ന് ഒരു വളരെ പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ഇക്കഴിഞ്ഞ ആഴ്ച പറഞ്ഞതേയുള്ളൂ..
അത് നാടകത്തിനും സംഭവിക്കുമോ എന്ന ആശങ്ക വരിക സ്വാഭാവികം.

നാടകം നാടകമാണ് . അതുകൊണ്ടാണ് നാടകമെന്ന പേരുള്ളത്

നാടകം എന്ന വാക്കിന് തന്നെ നാടകീയതയുള്ള അല്ലെങ്കില്‍ യതാതഥത്വത്തിനപ്പുറമുള്ള എന്ന് അര്‍ഥമുണ്ട്.
അത് ചിട്ടപ്പെടുത്തിയിരിക്കുന്നത് നൂറോ ഇരുനൂറോ മീറ്റര്‍ അകലെയുള്ള പ്രേക്ഷകനു കൂടി അനുഭവവേദ്യമാവുന്ന ചലനതാളത്തിലും സംഭാഷണതാളത്തിലുമാണ്.
ഇനി എത്രയൊക്കെ റിയലിസ്റ്റിക്ക് ആയി എന്ന് പറഞ്ഞാലും ഏറ്റവും പിന്നിലുള്ള പ്രേക്ഷകനെ കൂടി ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സംവിധായകനും അത് വഴി നടനും ഉണ്ട്.
തൊട്ടടുത്ത് കാണുന്ന , ക്ലോസ് മിഡ് ഷോട്ടുകളുടെ സപ്പോര്‍ട്ട് ഉള്ളڔടിവി സിനിമ കലകൾക്ക് ആക്ടിങ്ങിനേക്കാൾ ബിഹേവിങ്ങ് തന്നെയാണ് പ്രധാനം.
നാടകത്തിന് ബിഹേവിങ്ങിലുപരി ആക്റ്റിങ്ങ് തന്നെ വേണം.
അപ്പോള്‍ ടിവിയില്‍ നാടകം കാണിക്കുമ്പോള്‍, അരങ്ങിനു വേണ്ടി ചിട്ടപ്പെട്ട് വച്ചിരിക്കുന്ന ആക്റ്റിങ്ങ് മൂഡുകളും ഡയലോഗ്ഗ് റെന്‍ററിങ്ങും
ബിഹേവിങ്ങിന്‍റെ ക്ലോസ് ഷോട്ടുകളില്‍ എത്തുമ്പോള്‍ അതിനാടകീയതയായും അമിതചലങ്ങളുമായി വ്യാഖ്യാനിക്കപ്പെട്ടേയ്ക്കാം. കാരണം സിനിമയിലോ സീരിയലിലോ
ആണെങ്കില്‍ എവിടെയാണ് ക്ലോസ് ഷോട്ട് എവിടെയാണ് വൈഡ് ഷോട്ട് എന്ന് സംവിധായകനു മുൻധാരണയുണ്ടാവും. ഇവിടെ അത് സാധ്യമാവുകയില്ല. ആ നിലയ്ക്ക് ഇതിലെ ക്ലിപ്പുകള്‍
കടുത്ത നാടകാസ്വാദകരല്ലാത്ത പ്രേക്ഷകരില്‍ ചിലപ്പോഴെങ്കിലും പരിഹാസ്യത ഉണ്ടാക്കിയേക്കാം.
മുദ്രകളില്ലാതെ കഥകളി സാധ്യമാവില്ല എന്നത് പോലെ നാടകീയതയില്ലാതെ നാടകവും സാധ്യമല്ല.

ഡേയ്.. ഏതെങ്കിലും ഒരിടത്ത് ചവിട്ടി നില്ക്ക്. ചാനലിലെ നാടകം നല്ലതോ മോശമോ?

പ്രൊഫഷണല്‍ നാടക പ്രവര്‍ത്തകന്‍റെ പ്രൊഫഷനേയും ജീവിതത്തെയും ആത്യന്തികമായി പ്രൊഫഷണൽ നാടകങ്ങളുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കാത്ത രീതിയിലാണെങ്കില്‍..
അങ്ങനെയാണെങ്കില്‍ , ഉറപ്പായും ഇത് ഗുണകരമാണ്. അങ്ങനെയാണെങ്കില്‍ മാത്രം.

എന്‍റെ സജഷന്‍.
സീസണ്‍ അവസാനിച്ച ശേഷം മാത്രം ചാനലിലേക്ക് ഷൂട്ട് ചെയ്യുക.
അപ്പോള്‍ ആ വര്‍ഷത്തെ മിക്കവാറും എല്ലാ നാടകങ്ങളുടേയും കളക്ഷനുകള്‍ ഉണ്ടാക്കി വയ്ക്കാന്‍ ചാനലുകള്‍ക്ക് കഴിയും.
മേയ് മാസത്തിനു ശേഷം മുതല്‍ അവ ടെലിക്കാസ്റ്റ് ചെയ്യുക. ആ വര്‍ഷം മുഴുവന്‍ ആഴ്ചയില്‍ ഒന്ന് വീതം അവ കാണിച്ചു കഴിയുമ്പോല്‍
ഈ വര്‍ഷത്തെ സീസണ്‍ അവസാനിക്കുകയും ഈ വര്‍ഷത്തെ നാടകങ്ങള്‍ ഷൂട്ട് ചെയ്യുകയും ചെയ്യാം. ഇങ്ങനെ തുടര്‍ന്നാല്‍ പരുക്കുകളില്ലാതെ ഇരു കൂട്ടർക്കും മുന്നോട്ട് പോകാന്‍ കഴിയും.
ഒരല്പം ക്യാഷ് കൂടുതല്‍ കൊടുക്കാന്‍ ചാനലുകൾക്ക് കഴിഞ്ഞാല്‍, മുന്‍ വര്‍ഷങ്ങളില്‍ കഴിഞ്ഞു പോയڔപഴയ നാടകങ്ങളെ സെറ്റും റിഹേഴ്സലും ഇട്ട് അവതരിപ്പിക്കാനും കഴിഞ്ഞേക്കാം.
ഏതായാലും ഒന്ന് പറയാതെ വയ്യ.. ഈ ചലനത്തിന് മുന്‍ കൈ എടുത്ത ഫ്ളവേഴ്സിനെയും അതിന്‍റെ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിക്കുക തന്നെ വേണം. ചാനല്‍ പ്രവര്‍ത്തകരും നാടകപ്രവര്‍ത്തകരും യുക്തിപൂര്‍വ്വമായി നീങ്ങിയാല്‍ രണ്ട് കൂട്ടർക്കും ഗുണകരമായ തീരുമാനങ്ങള്‍ ഉണ്ടാകും എന്നാനെനിക്ക് തോന്നുന്നത്.

നിങ്ങള്‍ക്ക് മേല്‍ പറഞ്ഞ ഏത് അഭിപ്രായത്തെയും ഖണ്ഡിക്കാം.. എതിര്‍ക്കാം.. അനുകൂലിക്കാം.. അപഹസിക്കാം.. ചര്‍ച്ചയ്ക്കെടുക്കാം എടുക്കാതിരിക്കാം. കാരണം മേൽ പറഞ്ഞതൊന്നും തീർപ്പുകളല്ല.. ചിന്തകൾക്ക് വയ്ക്കാവുന്ന പോയിന്റുകൾ മാത്രമാണ്.
അതിൽ മുഴുവൻ ശരിയും, പാതിശരിയും, മുഴുവൻ തെറ്റും ഉള്ള അഭിപ്രായങ്ങൾ ഉണ്ടായേക്കാം.
ആത്യന്തികമായി നാടകത്തിന്റെ നിലനിൽപ്പ് തന്നെയാണ് പ്രധാനം.
( സാമൂഹ്യവും പുരാണവുമായി അമ്പതിലധികം നാടകങ്ങള്‍ എഴുതാന്‍ അവസരം കിട്ടുകയും അതുകൊണ്ട് ഒരുപാട് നല്ലതുകള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്ത ഒരാളെന്ന നിലയില്‍ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രം എഴുതുന്നു. നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് വളരെ മൂല്യമുണ്ട്. എല്ലാ അഭിപ്രായങ്ങൾക്കും സ്വാഗതം..)
സ്നേഹം

LEAVE A REPLY

Please enter your comment!
Please enter your name here