ചന്ദന എസ് ആനന്ദ്
വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി.
എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു.
ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ.
ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി.
ആദ്യം കയറിയ കുപ്പിവളക്കാരിയുടെ കിലുക്കാം പെട്ടി പോലുള്ള കുട്ടി ചിരിയും,
കൂട്ടമണി അടിച്ചതിനു പിന്നാലെ വൈകും മുന്നേ വീടെത്താൻ ഓടി കൂടിയവരും,
നിറങ്ങൾ വാരി പൂശി വിടപറയൽ അലങ്കാരികമാക്കിയ കുഞ്ഞുങ്ങളും,
പറയാതെ പറഞ്ഞ യാത്രയിൽ കണ്ണ് നിറഞ്ഞവളും,
നുറുങ്ങി നിന്നിട്ടും പുരികം ചുളിക്കാത്ത, ഗാംഭീര്യം മുറുക്കെ പിടിച്ചൊരു ചുണക്കുട്ടനും,
പരിസരത്തെ ജനപ്രിയനായ ചേട്ടനും,
മോണ കാട്ടി ചിരിക്കുന്ന സുന്ദരി അമ്മൂമ്മയും,
ചെവി കേൾക്കാത്തത് നമ്മൾക്കെന്ന പോലെ ഉച്ചഭാഷിണി തുറന്ന രസികൻ അപ്പൂപ്പനും,
ഏതോ സാഹിത്യ മാസിക നെറുകെ മടക്കി വായിക്കുന്ന ഒരു കണ്ണടക്കാരൻ മാമനും,
അങ്ങനെ എല്ലാരുമെല്ലാരും,
മുക്കി മൂളിയുള്ള ഈ കയറ്റം കേറും മുന്നേ ഇറങ്ങി പോയിരിക്കുന്നു.
ഇടയ്ക്കിടെ വീശുന്ന കാറ്റുണ്ട്.
അയാൾ ഒറ്റയ്ക്കായിരുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8078816827 (WhatsApp)
editor@athmaonline.in
[…] athmaonline / 28th October 2019 […]