നിബിൻ ജോസ് മടുക്കാങ്കൽ
മാഗസിന്റെ ആ പേര് തന്നെ ഉറക്കെ ഉള്ള ഒരു വിളംബരം ആയിരുന്നു…. പരമ്പരാഗത വഴികളിൽ നിന്ന് വേറിട്ട് നടക്കുന്ന പേജുകൾ… നിറഞ്ഞു നിൽക്കുന്നത് വർത്തമാന കാലത്തിന്റെ ആകുലതകൾ… ഫാസിസം ഫണം വിടർത്തി ആടി കരിച്ചു കളഞ്ഞ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ… അതിനെതിരെ അക്ഷരകൂട്ടുകൾ കൊണ്ട് തീർത്ത പ്രതിരോധം… പ്രത്യാശയയുടെ രാഷ്ട്രീയം…. ദളിതന്റെ, അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെ ശബ്ദങ്ങൾ നിറഞ്ഞ് കേൾക്കുന്ന താളുകൾ… മേവാനി, ഹാദിയ, മഅ്‌ദനി, ഉമർ ഖാലിദ്, പുതുവൈപിന് സമരം, ബാഹുബലിയുടെ രാഷ്ട്രീയം, നക്സലിസം, ശീതൾ ശ്യാം, ജസ്റ്റിസ് കർണൻ, സ്ത്രീപക്ഷ രാഷ്ട്രീയം, അംബേദ്കർ… ഓരോ പേജുകളും ഓരോ നിലപാട് ആണ്… കലഹങ്ങളുടെ കാലത്തോട് സധൈര്യം സംവദിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങൾ…
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി കോഴിക്കോട് ബാങ്കേഴ്സ് മെൻസ് യൂണിയൻ ഏർപ്പെടുത്തിയ ഇരുപത്തിമൂന്നാമത് ബഷീർ അവാർഡിൽ രണ്ടാം സ്ഥാനത്തിന് അർഹമായ എറണാകുളം മഹാരാജാസ് കോളേജിന്റെ മാഗസീൻ ‘ റോഡ് ടു പാക്കിസ്ഥാൻ ‘ നിലപാടുകളിലെ ശരികൾകൊണ്ടുതന്നെ ശ്രദ്ധ നേടുന്നു. ജോര്‍ജ്കുട്ടി ജയിംസാണ് എഡിറ്റര്‍.
മാഗസിന്‍ പൂർണ്ണമായി തന്നെ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായവയെ ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയമായി ശ്രമിക്കുന്നു. കവി സച്ചിദാനന്ദന്റെ “പീരങ്കികളില്‍ മുല്ലവള്ളി പടരുന്ന ദിവസം…”എന്ന വരികളോടെയാണ് ഉള്ളടക്കം ആരംഭിക്കുന്നത്. നജീബ് എവിടെ? എന്ന ചോദ്യം ഉയര്‍ത്തുന്നതിനു പിന്നാലെ ജിഷ്ണു പ്രണോയിയും രോഹിത് വെമുലയും ഓരോ പേജുകളിലുമുണ്ട്. ഇവിടെ അധികാരങ്ങളെന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും മുദ്രാവാക്യങ്ങള്‍ ചുവരുകളെ പ്രകമ്പനം കൊള്ളിക്കും. ഇനിയും ചുവരെഴുത്തുകളുണ്ടാകുമെന്നത്. മഹാരാജാസില്‍ നടന്ന വിവാദങ്ങളെ ഓര്‍മിപ്പിക്കും. കസേര കത്തിക്കലോളം എത്തിയ വിവാദങ്ങള്‍. നോട്ടു നിരോധനം കൊന്നു കളഞ്ഞവര്‍ക്കും പശുഭീകരവാദികളാല്‍ കൊല്ലപ്പെട്ടവര്‍ക്കുമാണ് സമര്‍പ്പണം.
നാലുപേജുള്ള എഡിറ്റോറിയല്‍ എന്തുകൊണ്ട് ‘റോഡ് ടു പാക്കിസ്ഥാൻ’ എന്നു വിശദമാക്കുന്നു. ‘ഈ വഴിയിലുള്ളവരാരും സ്വന്തം അഭിപ്രായത്താല്‍ ഇവിടെ എത്തിയവരല്ല. മറിച്ച് അവര്‍ ഉയര്‍ത്തിയ ആശയങ്ങളെ ഭയപ്പെട്ടിരുന്നതിനാല്‍ ഒരു കൂട്ടര്‍ അവരെ നാടുകടത്താന്‍ ശ്രമിച്ചതാണ്.
‘റോഡ് ടു പാക്കിസ്ഥാൻ’എന്ന രോഷാകുലമായ പേരും പാക്കിസ്ഥാന്റെ ഭൂപടം കൊണ്ട് അതിനുണ്ടാക്കിയ ഭാവനാത്മകമായ ടൈപ്പോഗ്രഫിയും ഏറെ ചര്‍ച്ച ചെയ്യപ്പെടും എന്നുറപ്പ്. മാഗസിന്റെ വിതരണം പൂര്‍ത്തിയായിക്കാഴിഞ്ഞു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലാണ് മാഗസിന്‍ തയ്യാറാക്കിയത്.
കാലത്തേ മുന്നിൽ കണ്ടെഴുതിയ, രക്തസാക്ഷിയുടെ ചുടുനിണം വീണു പരിപാവനാമാക്കപ്പെട്ട റോഡ് ടു പാകിസ്ഥാൻ ‘ ന്റെ എഡിറ്റർ ജോർജിക്കുട്ടി പുരസ്‌കാരം വാങ്ങിക്കൊണ്ട് പറഞ്ഞത് ആ പുസ്തകത്തെക്കുറിച്ചല്ല മറിച്ച് അവന്റെ സുഹൃത്ത് അഭിമന്യുവിൻറെ കുടുംബത്തിന് സഹായം ചെയ്യുന്നതിനെക്കുറിച്ചാണ്. ബാക്കി പറയാനുള്ളതെല്ലാം മാഗസിനിലുണ്ട് എന്നുതോന്നിക്കും വിധം.
2018 ലെ മാഗസിൻ പുറത്തിറങ്ങിയിട്ടില്ല. ഒന്നുറപ്പാണ് ആ മാഗസിൻ റോഡ് ടു പാക്കിസ്ഥാന്റെ തുടർച്ചയാവും അഭിമന്യുവിന്റെ സ്മരണയാവും.