അംബേദ്കറെ നിശ്ചയമായും ആകാശമെന്ന് വിളിക്കാം

0
854

സൂര്യ സുകൃതം

പലവക മിഠായികള്‍ നിറഞ്ഞ ഒരു പെട്ടിയില്‍ നിന്ന് നമുക്കിഷ്ടമുള്ള വര്‍ണങ്ങളില്‍ പൊതിഞ്ഞവ തിരഞ്ഞെടുത്ത് വയ്ക്കാറില്ലേ…? അത് പോലെ ചിലത് പെറുക്കി വച്ചിട്ടുണ്ട് ഞാന്‍, സി.എസ്  രാജേഷിന്‍റെ കവിതകളില്‍ നിന്ന്.

ഓരോ തലക്കെട്ടിലും, വരിയിലും പൊതിഞ്ഞു വച്ചിരിക്കുന്നത് അത്ര മധുരമല്ലാത്ത ചില ചോദ്യങ്ങളാണ്. തന്നില്‍ തുടങ്ങി എല്ലാവരിലേക്കും എന്ന തരത്തില്‍, എല്ലാവര്‍ക്കും ബാധകമാവുന്ന വേദനകളാണ് രാജേഷിന്റെ കവിതകള്‍ ചര്‍ച്ച ചെയ്യുന്നത്.

”… പെങ്ങടെ കെട്ട്യോനായിട്ടും
എന്നെപ്പിന്നെ പേരാണ്,

താഴുന്നതെങ്ങിനെ
അളിയന്‍ താഴേന്നാകുമ്പോള്‍…? ”

എന്ന് രാജേഷ് ചോദിച്ചത് കെവിന്‍ കൊല്ലപ്പെടുന്നതിനും എത്രയോ നാള്‍ മുന്‍പാണ്.

സവര്‍ണ മേല്‍ക്കോയ്മ ഇന്നെവിടെ എന്ന് ചോദിക്കുന്നവരോട്, സംവരണ വിരുദ്ധരോട്, ജാതി വേര്‍തിരിവ് കാണാനേയില്ലെന്ന് വാദിക്കുന്നവരോട്,

”ഒട്ടിപ്പ് ചുരണ്ടിയാല്‍ സകലതും ബ്രാഹ്മിണച്ചാര്‍ തന്നെയെന്ന്” അച്ചാര്‍ എന്ന കവിത പ്രഖ്യാപിക്കുന്നു.

സമകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന ഒട്ടനവധി കവിതകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും

”അംബേദ്കറെ നിശ്ചയമായും
ആകാശമെന്ന് വിളിക്കാം”

എന്ന ഒരൊറ്റ വരി കൊണ്ട് അതിരുകളില്ലാത്ത, അറ്റമില്ലാത്ത സ്‌നേഹമാണ് തന്റെ (തന്നെ പോലുള്ളവരുടെ) മതം എന്ന് പ്രഖ്യാപിക്കുന്നു കവി.

വര്‍ഗ്ഗബോധവും, ജാതി ബോധവും ഒരൊറ്റ സമവാക്യത്തിനിരുപുറമാണെന്ന് പറയുന്നു. ‘ജാതിമതില്‍’ എന്ന മറ്റൊരു കവിത.

”… ജാഥയായി ചെന്ന വര്‍ഗ്ഗ മനുഷ്യര്‍
ജാതി മനുഷ്യര്‍ കെട്ടിയ മതിലു പൊളിച്ചു

അനന്തരം വീടുകളിലേക്ക് മടങ്ങവേ
കതക് തുറന്നതെല്ലാം
ജാതി പെണ്ണുങ്ങള്‍”

കേവലം കറുപ്പും വെളുപ്പുമായ് മാത്രമല്ല ജാതി നില നില്‍ക്കുന്നതെന്നും, ലിംഗഭേദവും, ജാതി ബോധവും തമ്മിലൊരു വ്യത്യാസവും ഇല്ല എന്നും പറഞ്ഞു വയ്ക്കുന്ന വരികള്‍.

തികച്ചും ക്ലീഷേയെന്നു കരുതി വായിച്ചു തുടങ്ങുന്ന പ്രണയ കവിതകള്‍ക്കുള്ളിലും കത്താന്‍ പാകത്തിന് ഒരു തരി കനല്‍ കവി തിരുകി വയ്ക്കുന്നുണ്ട്.

‘തീ’ എന്ന കവിതയിലെ അവസാന വരികള്‍ –

”…വീടിനോ സമുദായത്തിനോ
ധൈര്യമുണ്ടെങ്കില്‍
ഉള്‍ക്കാട്ടില്‍ കയറി
അറസ്റ്റ് ചെയ്യിക്കട്ടെ” എന്ന് പറയവേ തികച്ചും വന്യമായ പ്രണയങ്ങളെ തോല്‍പ്പിക്കാനാവില്ലെന്ന് കവി വെല്ലുവിളിക്കുന്നു.

കവിതകളോരോന്നായ് അനാവരണം ചെയ്ത് നശിപ്പിക്കുന്നത് ശരിയല്ലാ എന്ന തോന്നലുള്ളത് കൊണ്ട് ഇവിടെ നിര്‍ത്തുകയാണ്. എങ്കിലും പുതിയകാലത്ത് വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വരികള്‍ തന്നെയാണിവ.

ഒന്നില്‍ കൂടുതല്‍ തവണ നുണഞ്ഞാലും, പറഞ്ഞാലും മതിവരാത്ത വരികള്‍ ഇനി നേരിട്ട് അറിഞ്ഞു നോക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here