നിധിന്‍ വി.എന്‍.
മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു മഹാനായ അക്ബര്‍. നമുക്കുമുണ്ടായിരുന്നു ചക്രവര്‍ത്തിയായ അക്ബര്‍. മലയാളിയെ നര്‍മ്മം കൊണ്ട് ചിന്തിപ്പിച്ച, സൗഹൃദങ്ങളുടെ ചക്രവര്‍ത്തി, അക്ബര്‍ കക്കട്ടില്‍. ദീപ്ത സൗഹൃദങ്ങളുടെ വന്‍കരകള്‍ താണ്ടിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സര്‍ഗാത്മക രചനകളിലൂടെ പ്രശ്സ്തിയുടെ പടവുകള്‍ കയറിയപ്പോള്‍ അനാവശ്യമായ അഹങ്കാരവും അശ്ലീലജാഡയും പ്രകടിപ്പിക്കാത്ത എഴുത്തുകാരന്‍. കുട്ടികളുടെ പംക്തിയില്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര എഴുത്തുകാര്‍ക്കിടയില്‍ സ്ഥാനംപിടിച്ച സാഹിത്യകാരന്‍. പേരിനൊപ്പം കക്കട്ടില്‍ എന്ന സ്ഥലനാമം ചേര്‍ത്ത് അക്ബര്‍, അക്ബര്‍ കക്കട്ടിലാവുകയായിരുന്നു.
സരസവും ലളിതവുമായ ആഖ്യാനരീതി കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അക്ബര്‍ മാഷ്. മലയാളത്തിലെ അദ്ധ്യാപക കഥകള്‍ എന്ന സാഹിത്യശാഖയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കി അദ്ദേഹം. 4 നോവലുകളും, 27 ചെറുകഥാ സമാഹാരങ്ങളുമടക്കം അദ്ദേഹത്തിന്റെ 54 പുസ്തകങ്ങള്‍ സാഹിത്യലോകത്തിനു മുതല്‍ക്കൂട്ടാണ്.
1954 ജൂലൈ 7-ന് സി.കെ. കുഞ്ഞാമിന, പി. അബ്ദുള്ള എന്നീ ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജ്, ഗവ. കോളേജ് മടപ്പള്ളി , കേരളവര്‍മ്മ കോളേജ് തൃശൂര്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന്, വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , കോട്ടയം നവോദയ വിദ്യാലയം, കൂത്താളി ഹൈസ്കൂള്‍ തുടങ്ങിയ ഇടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് രണ്ട് തവണ അദ്ദേഹത്തെ തേടിയെത്തി. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.
മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന നോവലായിരുന്നു ‘മൃത്യുയോഗം’. ഈ നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. “മൃത്യുയോഗം” ഡോ. അശോക് കുമാർ, ‘മൃത്യുയോഗ’ എന്ന പേരിൽ കന്നഡയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. നാട്ടുമൊഴികളിലൂടെ വേറിട്ട ഭാഷയില്‍ കഥ പറഞ്ഞ ആ മഹാനായ കാഥികന്‍, 2016 ഫെബ്രുവരി 17-ന് ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് മലയാളത്തോട് വിടപറഞ്ഞു.