കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം

0
511

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.

പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയുളള കോഴ്‌സാണ് ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് കോഴ്‌സ് ഈ മേഖലയിലെ നൂതനപ്രവണതകള്‍ക്കും സോഷ്യല്‍ മീഡിയ, വെബ് അഡ്വര്‍ടൈസിങ് എന്നിവയ്ക്കും പ്രാധാന്യമുളള കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, കണ്‍വര്‍ജന്റ് മീഡിയ, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ ക്യാമറ, എഡിറ്റിങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.

കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദകോഴ്‌സ് അവസാന വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 30 വയസ്സ് കവിയരുത്. പട്ടികവിഭാഗകാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി/ പട്ടികവര്‍ഗ്ഗ / ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയി നല്‍കണം. ചെക്കും, ഫീസ് നല്‍കാത്ത അപേക്ഷകളും സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 16 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍ : 04842422275, 04842422068
ഇ-മെയില്‍ : keralamediaacademy.gov@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here