കവിത
യഹിയാ മുഹമ്മദ്
അപ്പനിൽ നിന്ന്
എന്നിലേക്കും
അപ്പച്ചനിൽ നിന്ന്
അപ്പനിലേക്കും
കൈമാറിക്കിട്ടിയ
യാത്രാപേടകമാണ്
ഈ ചേതക്
സ്റ്റാർട്ടാവാൻ
ഇത്തിരി പണിയാണേലും
ഓടിത്തുടങ്ങിയാൽ
നൂലു പൊട്ടിയ പട്ടം പോലെ
പറന്നു തുടങ്ങും.
വീട്ടിൽ നിന്ന് സ്കൂളുവരെ
നീണ്ട വയലിൽ
പെരുമ്പാമ്പു പോലെ
വളഞ്ഞുപുളഞ്ഞ് കടക്കുന്ന
വരമ്പിലൂടെ ചേതകിൽ
അപ്പനുപിറകിലിരുന്നാണ്
കുട്ടിക്കാലത്ത്
ഞാൻ സ്കൂളിൽ പോയിരുന്നത്
അപ്പൻ
അതിനു മുകളിൽ
നട്ടെല്ലു നിവർത്തിയിരുന്നാണ്
യാത്ര ചെയ്യാറ്
അതു പോലെ തന്നെയായിരിക്കും
അപ്പച്ചനും യാത്ര പോയിരിക്കുക
കിക്കറടിച്ച്
തഴമ്പിച്ച കാലിൽ
തിരിഞ്ഞു നടക്കാനാവാത്ത
ഓർമ്മകളുടെ
നീർക്കെട്ട്
…
ഇരുട്ടിൻ്റെ കമ്പിളിച്ചൂടിൽ
പൂത്തു പോയ
വെയിൽ ചില്ലകൾ
പൊഴിച്ചിട്ട
വെളിച്ചപ്പൂ ചൂടി നിൽക്കുന്ന
വീട്ടുമുറ്റത്ത്
കാറ്റിനെ ആവാഹിച്ച്
പറക്കാൻ ചിറകു നെയ്യുന്നു
ചേതക്.
പത്രം വായന
ചായ കുടി
പല്ലുതേപ്പ്,
പ്രഭാതകർമ്മങ്ങൾ
കിക്കറടിക്കുന്ന
സാഹസത്തിനൊപ്പം തന്നെയാണ്.
വീടുകൾ, മുറ്റങ്ങൾ
തെങ്ങുകൾ, മരങ്ങൾ
കാടുകൾ, പുഴകൾ
കുന്നുകൾ, മലകൾ
വകഞ്ഞു മാറ്റി
എന്നെയും കൊണ്ട്
ചേതക് മുന്നോട്ടു മുന്നോട്ടു പാഞ്ഞു.
കടകൾ
കടത്തിണ്ണയിലെ ചായ കുടിക്കാർ
പഞ്ഞി മിഠായി
പഞ്ഞി മിഠായി വിൽപ്പനക്കാരൻ
കോഴികൾ
കോഴിക്കാരൻ്റെ കുറുക്കൻ നോട്ടങ്ങൾ
എല്ലാം ഓർമ്മകൾക്ക് പിറകിലേക്ക്
വകഞ്ഞു മാറ്റി
ചേതക് മുന്നോട്ടു തന്നെ പാഞ്ഞു.
തിരിച്ചുവിടാൻ
റിവേഴ്സ് ഗിയർ ഇല്ലാത്തത് കൊണ്ട്
തിരിഞ്ഞുനോട്ടങ്ങളെ
കുറിച്ച് ചിന്തിക്കുന്നേയില്ല
…
ഒരു കര മറുകര
പാലത്തിന് മുകളിലൂടെ
ഞരങ്ങിയും മുരണ്ടും
ചേതക് മുന്നോട്ടു മുന്നോട്ടു പാഞ്ഞു.
നടുവിൽ
ഓടിത്തീർത്ത ദൂരങ്ങൾ
ഓർമ്മകളിൽ കെട്ടിയാടുന്ന
പുകച്ചാലുകൾ.
പിന്നോട്ടുപുറം തള്ളിയ കാഴ്ചകൾ
കൊളുത്തിട്ടു വലിക്കുന്ന ചൂണ്ടക്കൊളുത്തുകൾ.
താണ്ടിയതൊക്കെയും
ഒന്നു തിരിഞ്ഞു പോസ്റ്റൽ
അതിന്
റിവേഴ്സ് ഗിയറില്ലല്ലേ!
മുന്നോട്ട് മുന്നോട്ട് എന്നെയും കൊണ്ട്
ചേതക് കാഴ്ചകളെ
പുറംതള്ളി
അക്കരക്ക് പറന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു
ഞെട്ടറ്റ പട്ടം പോലെ.
മുകളിലൂടെ എനിക്ക് മുന്നിലായ് വരിവരിയായ് ദേശാടനക്കിളികൾ മറുതീരം തേടുന്നു .
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.