സുഗന്ധം പരത്തുന്ന വനസ്ഥലികളിലൂടെ 

2
784
the arteria - athmaonline-01

വായന

പിയാർകെ ചേനത്തിൻ്റെ കാഴ്ചവട്ടങ്ങൾക്കുമകലെ എന്ന കഥാസമാഹാരത്തെ കുറിച്ച്

കൃഷ്ണകുമാർ മാപ്രാണം

കാഴ്ചവട്ടങ്ങൾക്കുമകലെ
[കഥാസമാഹാരം]
പ്രസാധകർ : ഹോൺബിൽ പബ്ളിക്കേഷൻസ്തൃശ്ശൂർ

വളരെ ലളിതമാണ് ജീവിതം. ജീവിതത്തിൻ്റെ ലാളിത്യം തിരിച്ചറിയാത്തവരാണ് സങ്കീർണ സമസ്യകളിൽപ്പെട്ട് കൈകാലിട്ടടിച്ചു കേഴുന്നവർ. അവർക്ക് ഒന്നിലും തൃപ്തിയില്ല. അവർ ജീവിതത്തെ തിരിച്ചറിയാത്തവരാണ് ജീവിതയാഥാർത്ഥ്യങ്ങളോട് മുഖംതിരിച്ച് ചിന്തയുടെ കൂടാരങ്ങളിൽ അന്തിയുറങ്ങുന്നവരും ജീവിതത്തെ സങ്കീർണവും നോവിൻ്റെ മഹാമാരികൾ നിറഞ്ഞതുമാക്കിമാറ്റുന്നവരുമാണ്. സമൂഹത്തിലെ ജീവിത സങ്കീർണ്ണതകളെ കണ്ടെത്തുന്നതിലും അവയെ ചേർത്തു നിർത്തുന്നതിലും എഴുത്തുകാരൻ്റെ പങ്ക് വലുതാണ്. വായനക്കാരുടെ മനസ്സിലേക്ക് ഭാവങ്ങളെ ഭാഷാ സൗന്ദര്യത്തോടെ ആവിഷ്കരിക്കുവാൻ സ്വർഗ്ഗധനനായ ഒരെഴുത്തുകാരനേ സാധിക്കുകയുള്ളൂ. സാംസ്കാരിക സാഹിത്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ ഒട്ടേറെ കൃതികൾ നമുക്ക് സംഭാവന ചെയ്ത ശ്രീ പിയാർകെ ചേനത്തിൻ്റെ കാഴ്ചവട്ടങ്ങൾക്കുമകലെ എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളേയും നമ്മുടെ ചുറ്റുവട്ടങ്ങളിൽ  തന്നെ കണ്ടുമുട്ടിയവരാണെന്ന് ബോധ്യപ്പെടും. കഥകളൊക്കെ തന്നെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി രചിച്ചവയാണ്. വളരെ ലളിതമായിട്ടാണ് ഈ കഥകളുടെ ആഖ്യാനരീതി.

പൊതുവേ ഇക്കഥകളിലൊക്കെ പ്രകൃതിയുടെ പച്ചപ്പും കുളിരും തെളിഞ്ഞു കിടക്കുന്നു.മരങ്ങളും കാടുകളും കാട്ടുവള്ളി പടർപ്പും കാവും പുൽമേടുകളും ചോലകളും മലകളും ഹരിതകമ്പളങ്ങൾ പുതച്ച വയലുകളും നാട്ടിടവഴികളും കഥകൾക്ക് പശ്ചാത്തലമൊരുക്കുന്നത് കാണാം. പരിസ്ഥിതിയെ സ്നേഹിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ഓരോ കഥകളിലൂടെയും നമ്മോട് വിളിച്ചുപറയുന്നുണ്ട്. പന്ത്രണ്ട് കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്. കഥകളുടെ തലക്കെട്ടുകൾ പോലെ സുന്ദരമാണ് ഓരോ കഥകളും. സാമ്പത്തിക പരാധീനതകളാൽ നട്ടംതിരിഞ്ഞ അരവിന്ദൻ എന്ന ചെറുപ്പക്കാരൻ ജോലി തേടി മരുഭൂമിയിൽ എത്തിയത് ഒരുപാട് പ്രതീക്ഷകളുമായാണ്.   ”ഖഫ്ജി” യിലേക്കുള്ള യാത്രയിലെ ദുരിതങ്ങളും അവിടെ ചെന്നപ്പോൾ പ്രതീക്ഷയ്ക്കു വിപരീതമായി സ്വപ്നനഗരം ഒരു പ്രേതനഗരം പോലെ കാണപെടുകയുമാണ് ചെയ്യുന്നത്. ഏകദേശം ഒരു ആടുജീവിതത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഇക്കഥ നമ്മെ അസ്വസ്ഥമാക്കുന്നു. ‘അലഞ്ഞുതിരിഞ്ഞ ജീവിതങ്ങൾ ‘ ഗൾഫ് ജീവിതത്തിൻ്റെ കദന കഥ വിവരിക്കുന്നു. കോടാനുകോടി കോശങ്ങളുടെ ഒരു സമുച്ചയമാണ് നാമോരോരുത്തരും. കോശങ്ങൾക്ക് അകാലത്തുണ്ടാകുന്ന അപചയമാണ് നമുക്കുണ്ടാകുന്ന രോഗങ്ങൾ. എല്ലാ രോഗങ്ങൾക്കും  പരിഹാരവും പ്രതിവിധികളും പ്രകൃതിയിൽ തന്നെയുണ്ട്. പ്രകൃതിയാണ് എല്ലാം നിർണയിക്കുന്നത്. മനുഷ്യൻ്റെ ഇടപെടലുകളാണ് പരിഹാരമില്ലാത്ത പ്രശ്നങ്ങളാക്കി മാറ്റുന്നത്. ആയുർവേദവും അലോപ്പതിയും പരീക്ഷിച്ചിട്ടും ദീർഘനാളായി അരയ്ക്കുതാഴെ ചൊറി വന്ന് പഴുത്ത് വസ്ത്രമുടുക്കാൻ പോലും കഴിയാത്ത തരത്തിൽ വേദനയുടെ ലോകത്ത് കഴിഞ്ഞിരുന്ന ‘അമൽ’ എന്ന ബാലനെ പ്രകൃതിജീവന ചികിത്സയിലൂടെ സുഖപ്പെടുത്തുന്നതിൻ്റെ ആവിഷ്ക്കാരമാണ് ‘അനുസരണയുടെ സൗന്ദര്യശാസ്ത്രം’ എന്ന കഥയിലൂടെ വെളിച്ചത്താകുന്നത്. നഗര കാഴ്ചയിൽ തേക്കിൻകാടിനുള്ള പ്രാധാന്യം ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളതാണ്. തേക്കിൻകാടിൻ്റെ സൗന്ദര്യം വിളിച്ചോതുന്ന മൈതാനം, ആകാശത്തേയ്ക്ക് പടർന്നേറിയ മരങ്ങൾ, കൂടണയുന്ന പക്ഷികൾ, പ്രദക്ഷിണവഴിയുടെയും തെക്കോട്ടിറക്കത്തിൻ്റെയും മനോഹാരിത രണ്ടു കഥകളിൽ പശ്ചാത്തലമൊരുക്കുന്നുണ്ട്. തേക്കിൻകാട്ടിലും നഗരവീഥികളിലും നാമൊക്കെ നിത്യം കണ്ടുപരിചയിച്ച ചില വ്യഥാചിത്രങ്ങളെ പകർത്തിവയ്ക്കുന്നു ഇവിടെ. ജീവിത വഴികളിൽ നാം കണ്ടുമുട്ടുന്ന ചില വ്യക്തികൾ നമ്മുടെ മനസ്സിനുള്ളിൽ കനൽകണക്കെ നീറ്റികൊണ്ടിരിക്കും.

അഗാധമായ പഠനങ്ങളാൽ എപ്പോഴോ മനോനില തെറ്റിയ ഒരു മകനേയും അവൻ്റെ പ്രായമായ  അമ്മയെയും നാമൊക്കെ നഗരവീഥികളിൽ പലയിടത്തുമായി കണ്ടിട്ടുണ്ടായിരിക്കും. എല്ലാവരും കൈയൊഴിഞ്ഞപ്പോഴും മനോനില നഷ്ടപ്പെട്ട മകൻ ബഹളമുണ്ടാക്കി ഓടി നടക്കുമ്പോൾ അവൻ്റെയൊപ്പം തണലായി നിന്ന് അവൻ്റെ അകകണ്ണിൽ തെളിയുന്ന കാഴ്ചകളെ തിരഞ്ഞ്, പരിഹാര നിർദേശങ്ങളുമായി നടക്കുന്ന ”ഒരമ്മ ”മനസ്സിൽ നോവു പടർത്തുന്നു ‘കനൽ വഴിയിലൂടെ’ എന്ന കഥയിലൂടെ. വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൂച്ചുവിലങ്ങിട്ട കാലമായിരുന്നു ലോക്ക്ഡൗൺ. തൊഴിൽ നഷ്ടവും സാമ്പത്തിക പ്രയാസവും കഷ്ടപ്പാടും ഓരോ ജീവിതങ്ങൾക്ക് മേലേയും കരിനിഴൽ വീഴ്ത്തി കടന്നുപോയ കാലം. സാമൂഹ്യ മര്യാദ പാലിച്ച് ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് കുടിച്ചു ലക്കുകെട്ട് തിക്കും തിരക്കും ബഹളവുമായി കടന്നു വരുന്ന ഒരാൾ. കള്ളും കഞ്ചാവും കഴിച്ച് ചീട്ടുകളിയും കഴിഞ്ഞ്  ആ ദുർമാർഗ്ഗി പാതിരാത്രിയിൽ വീട്ടിലെത്തി ഭാര്യയെ തല്ലുകയും അയാളുടെ ദേഹോപദ്രവങ്ങളിലും ദ്രോഹങ്ങളിലും വിഷമിക്കുന്ന ആ സ്ത്രീയുടെ അവസ്ഥ കണ്ട് സഹികെട്ട് അതിലിടപ്പെട്ട് വഴിയെ പോയ ഒരു വയ്യാവേലി സ്വയം തോളിലേറ്റിയവൻ്റെ കഥയാണ് ‘കഥ പറയുന്ന കാട്ടുപാതകൾ’. പഴയ പ്രതാപമെല്ലാം തകർന്നു തരിപ്പണമായപ്പോൾ സാമ്പത്തിക ക്ലേശത്താൽ വിൽക്കാനൊരുങ്ങുന്ന ഒരു പഴയ തറവാടിനെ പരിസ്ഥിതി സ്നേഹികളായ ദേവൻ, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സംരക്ഷിക്കുകയും ഇതിലൂടെ പ്രകൃതിയെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന മനോഹരമായ ആവിഷ്കാരമാണ് ‘സുഗന്ധം പരത്തുന്ന വനസ്ഥലികൾ’.

കോടതിയിലെ പ്രധാനപ്പെട്ട ഒരു കേസ് ഫയൽ ശ്രദ്ധക്കുറവിനാൽ നഷ്ടപ്പെട്ടതിൻ്റെ കുറ്റം കോടതി ജീവനക്കാരൻ്റെ മേൽ അടിച്ചേൽപ്പിച്ചപ്പോഴുണ്ടായ അസ്വസ്ഥതയും മനസ്സമാധാനമില്ലായ്മയും കാരണം സമാധാനത്തിനുവേണ്ടി അയാൾ കുടജാദ്രിയിലേക്ക് ഒരു യാത്ര പുറപ്പെടുകയാണ്. കുടജാദ്രി മലയുടെ വന്യ സൗന്ദര്യം നിറഞ്ഞ വഴികളിലൂടെ ഉയരങ്ങളിലേക്ക് പോകുമ്പോൾ അയാൾക്ക് ശാന്തത കൈവരുന്നു. മനസ്സ് ശാന്തമായപ്പോൾ ശ്രദ്ധക്കുറവിനാൽ നഷ്ടപ്പെട്ടുപോയ ഫയലുകൾ ഇരിക്കുന്ന ഇടം അയാൾക്ക് ഓർമവരുന്നു. വനമേഖലകൾ തിരഞ്ഞെടുക്കുന്നവരാണ് ശരിയായ പാത തെരയുന്നവരെന്ന ഓർമ്മപ്പെടുത്തലാണ് ‘ഉയരങ്ങൾ സമ്മാനിക്കുന്നത്’ നമ്മോട് പറയുന്നത്. വിദേശ രാഷ്ട്രത്തലവൻ നാടുകാണാൻ വരുമ്പോൾ നഗരക്കാഴ്ചകളുടെ ഭംഗി നഷ്ടപ്പെടുത്തിയിരുന്ന ചേരിനിവാസികളെ ഒഴിപ്പിക്കേണ്ടി വരുന്നതും വേശ്യാവൃത്തിയും ഭിക്ഷാടനവും പോലുള്ള  പ്രവർത്തികളിലേർപ്പെട്ട് ജീവിതം കണ്ടെത്തുന്ന അരികുവൽക്കരിക്കപ്പെട്ടവരുടെ ദുരിതങ്ങളുമാണ്  ‘ചുട്ടുപൊള്ളിക്കുന്ന സ്വപ്നങ്ങൾ’. ഒരു പ്രളയകാലത്തിൻ്റെ ഭീകരതയോടൊപ്പം മനുഷ്യരുടെ ചില അത്യാഗ്രഹങ്ങളും വെറുതെ കിട്ടുന്നതെല്ലാം വാങ്ങിച്ചെടുക്കാനുള്ള വ്യഗ്രതയും പുതിയതൊന്നു കിട്ടാൻ പഴയ തൻ്റെ വീടും പ്രളയത്തിൽ ഇടിഞ്ഞു വീണെങ്കിൽ എന്നു കൊതിക്കുന്ന മനുഷ്യൻ്റെ തരംതാണ ചിന്തകളും വളരെ തന്മയത്വത്തോടെ ആവിഷ്ക്കരിച്ചിട്ടുള്ള ഈ കഥയിൽ ആപത്തുകാലത്ത് നന്മ ഉള്ളിൽ നിറച്ച് മറ്റുള്ളവരെ സഹായിച്ചവരെ കുറിച്ചും പ്രതിപാദിക്കുന്നു. അങ്ങനെ ‘ഗന്ധവും സുഗന്ധവും’ നിറച്ച കഥ പ്രകാശത്തോടെ നിൽക്കുന്നു. ആവർത്തന ജീവിതത്തിൻ്റെ മടുപ്പുകളിൽ നിന്നും സ്ഥായിയായ മോചനം നേടാൻ പഞ്ചേന്ദ്രിയങ്ങളെയും അതിജീവിച്ച് ആത്മീയതയിലേയ്ക്കുള്ള പ്രയാണത്തിൽ ഹരിദ്വാറിലും ഹിമാലയത്തിലും ചെന്നെത്തുകയും ആത്മീയതയുടെ വെളിച്ചം തെളിഞ്ഞു കത്തുന്ന ‘മഹാരാജ് പരമാനന്ദപുരി ‘യെന്ന യോഗിവര്യനെ കണ്ട് ശിഷ്യത്വം സ്വീകരിച്ച് സന്യാസിയുമാകുന്നു . അങ്ങനെ ‘കാഴ്ചപ്പാടുകൾക്കുമകലേക്ക് ‘ അയാൾ ചെന്നെത്തുകയാണ്. ഭാര്യയുടേയും രണ്ടു പെൺമക്കളുടേയും പേരിൽ ഇൻഷുറൻസ് പോളിസി എടുക്കുകയും അതിനുശേഷം അവരെ കൊല്ലുകയും ചെയ്യുന്ന മനുഷ്യൻ്റെ  ക്രൂരതയുമാണ്  ‘കൈപുസ്തക’മെന്ന കഥയിലൂടെ ഇതൾവിരിയുന്നത്. സമകാലിക യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ശക്തമായ ഒരു കഥയാണ് കൈപുസ്തകം. പാവപ്പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ പ്രതീക്ഷകളെ തകർത്തെറിയാൻ പോന്ന ഒരു സംഭവത്താൽ ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ തുനിഞ്ഞ് അതിൽ പരാജയപ്പെട്ട് ആശുപത്രിയിലും തുടർന്ന് പോലീസുകാർ ആത്മഹത്യചെയ്യാൻ തുനിഞ്ഞതിന് അവളുടെ പേരിൽ കേസെടുക്കുകയും ചെയ്യുന്നു. തനിക്ക് നേരിട്ട ദുരിതം  കോടതിയിൽ അറിയിക്കുന്ന അവസരത്തിൽ ലക്ഷ്യങ്ങളെല്ലാം തകർന്നുപോയെന്നു വിചാരിക്കെ അപ്രതീക്ഷിതമായ ചില പരിചയപ്പെടലുകൾ അവളിൽ പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുന്നു. ‘പറക്കാൻ ഭയക്കുന്ന പക്ഷികൾ ‘ അതാണ് അനാവരണം ചെയ്യുന്നത്. ഇതിൽ പന്ത്രണ്ട് കഥകളും വ്യത്യസ്തങ്ങളും നമ്മുടെ മനസ്സിലേക്ക് എളുപ്പം ഇറങ്ങിചെല്ലുന്നതുമാണ്. നിസ്സാരമെന്നു തോന്നുന്ന ചെറിയ സംഭവങ്ങളിൽ നിന്നു പോലും മനോഹരമായ കഥകൾ സൃഷ്ടിക്കാനുള്ള കഴിവ് പിയാർ.കെ. ചേനം എന്ന കഥാകൃത്തിനുണ്ട്.  മിക്ക കഥകളിലും പരിസ്ഥിതിയും പ്രകൃതിയും കടന്നുവരുന്നുണ്ട്. പ്രകൃതിയുടെ പച്ചപ്പ് തെളിഞ്ഞു കിടക്കുന്നവയാണ് പിയാർ.കെ.ചേനത്തിൻ്റെ കഥകൾ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here