കഥ
രാജേഷ് തെക്കിനിയേടത്ത്.
കിഴക്കൻമലയിൽ ഗരുഡൻ കൂടുകൂട്ടിയ വലിയപാറയ്ക്കുമുകളിൽ, കുരുക്കന്മാരുടെ കരിങ്കുളത്തിന് തൊട്ടുതന്നെയാണ് പുല്ലുമേഞ്ഞുണ്ടാക്കിയ അവരഞ്ചുപേരുടെയും കുടിൽ. അരികിൽക്കൂടി പൂപ്പലും പായലും നിറഞ്ഞൊരു വഴി കുളത്തിലേക്ക് ഇറങ്ങിച്ചെല്ലും. വെള്ളിമീനുകൾ പുളച്ച് ചെളിനിറഞ്ഞൊരുവഴി. കണ്ടാൽ മദമിളകിയ ആനക്കൂട്ടങ്ങൾ അതുവഴി കടന്നുപോയെന്ന് തോന്നും. വെള്ളിമീനുകളെ പാറ്റാനിടുന്ന കരിങ്കുളത്തിന്റെ നോട്ടച്ചുമതല കിഴക്കൻമല മൂപ്പനും പിന്നെ അവർ അഞ്ചുപേർക്കുമാണ്. വേനലിൽ കുമ്പളം വിളയിച്ചും, വർഷത്തിൽ വെള്ളിമീനുകളെ തിന്നാൻ വരുന്ന വരാൽമീനുകളെ പിടിച്ചുമായിരുന്നു അവരുടെ ജീവിതം. ഇടവം തുടങ്ങി മിഥുനം, കർക്കിടകം പെയ്തുനിറഞ്ഞാൽ കിഴക്കൻമലയും മുങ്ങും. അതിന് ഇത്തിരിമുൻപ് അഞ്ചുംകൂടി മരപ്പൊത്തൊന്ന് വൃത്തിയാക്കിയിടുക പതിവുണ്ട്. വെള്ളമിറങ്ങുവോളം ഉണക്കക്കൊള്ളിയും കാച്ചിലും ചവച്ച് അവർ ആ കിടപ്പ് തുടരും.
കാറ്റിന്റെ നിശ്വാസങ്ങളേറിയെത്തുന്ന കരിങ്കാറുകൾ ഭീതിയുള്ള ശബ്ദം പുറപ്പെടുവിച്ച് കടന്നുപോകുവോളം ആ പതിവ് തുടരും. വെള്ളമിറങ്ങി നിഴൽപരന്നാൽ കാളി കാത്തെന്ന് പറയുമെങ്കിലും, നിരന്തരമുണ്ടായിരുന്ന മിന്നലിന്റെ ഘോഷങ്ങളിൽ വിറച്ച് മലയരുടെ നെഞ്ചിലുരുണ്ടുകിടന്ന വായു മരങ്ങൾക്കിടയിൽ തെളിയുന്ന ഇത്തിരിയാകാശങ്ങളുടെ സൂചിയൊളികളെ നോക്കി പുറത്തേയ്ക്ക് പോകാൻ തുടങ്ങും. പിന്നെ ഇരുട്ടിലായിരുന്ന നാളുകളോട് മുഖം തിരിച്ച്, നീണ്ടുകിടക്കുന്ന അനന്തമായ വഴികളിലൂടെ നടക്കാൻ തുടങ്ങും. മഴയൊഴിഞ്ഞാലും മലയിൽ മരമുറ്റുക പതിവായിരുന്നു. മഴയുടെ ആവര്‍ത്തിച്ചു വരുന്ന പ്രതിഭാസമെന്നേ അപ്പോഴും തോന്നൂ. മലയർ നിസ്സഹായരായിപ്പോകുന്ന കാടിന്റെ വിളയാട്ടം. കാടിന് മഴയുടെ വരവെന്നു പറഞ്ഞാൽ തോറ്റമായിരുന്നു. വാദ്യമേളങ്ങൾ താലപ്പൊലി എന്നിവയുടെ അകമ്പടികളോടെ കരിയിലകൾ ഉയർത്തിയാകും കാറ്റ് മേഘങ്ങളെ എഴുന്നെള്ളിക്കുക. ആ നേരം വെളിവുകളിൽ ബോധംകെട്ടു കിടക്കുന്ന ഇളം വെയിൽ മലയിറങ്ങുക പതിവുണ്ട്.
ഉറവുനനവിലെ ഒഴുക്കിൽ വെള്ളിമീനല്ലാത്ത എന്ത് കണ്ടാലും വലിച്ചു കരയ്ക്കലിടുന്നതും കർക്കിടക ചേട്ടയാട്ടി തീറ്റക്കാക്കം കൊടുക്കലുമെല്ലാം കിഴക്കൻമലയിലെ തുടർവഴക്കമായിരുന്നു. അതിനുള്ള മേൽനോട്ടവും അവരഞ്ചിനുമായിരുന്നു. കുരുക്കഴിക്കുംമുമ്പ് ഇരയുടെ തലവെട്ടി, പണ്ടവും കുടലും വലിച്ചുകളഞ്ഞ് പച്ചപ്പാളയിൽ വാതംകൊല്ലിവേര് ചുറ്റിക്കെട്ടി മലമന്ത്രങ്ങൾ ഉരുക്കഴിച്ച് ചമതയാഴിയിൽ പൂഴ്ത്തിവെക്കും. പുറന്തോലും കരിഞ്ഞ് കഴമ്പ് മൊരിയുവോളം ഊർവ്വരതക്കുമുന്നിൽ കാടിളകുന്ന ഒച്ചയിട്ട് നൃത്തം ചെയ്യുകയെന്നതാണ് മലയിൽ ആസന്നമാകാൻ പോകുന്ന ചിങ്ങരാശിക്ക് അനുഷ്‌ഠാനം. കൊട്ടും, പാട്ടും കുരവയും തുള്ളലുമുണ്ടാവും. ദിക്കുതെറ്റിയെത്തുന്ന പന്നികൾക്കും, പോത്തുങ്ങൾക്കും അതേ അനുഭവമായിരിക്കും ഉണ്ടാവുക. ഏതു രാത്രിയിലും ചെറിയ അനക്കത്തെയവർ കരുതിയാണിരിക്കുക. സുഷിരങ്ങൾ നിറഞ്ഞ ആകാശവും കേട്ടറിവുള്ള കടലും, നിരപ്പും അവർക്ക് കാടായിരുന്നു. ഓരോ നിഴലിലും മലയന്റെ അഭയകേന്ദ്രങ്ങളെന്നാണ് പ്രതിജ്ഞയുടെ ധ്വനി. അതുകൊണ്ടെന്താ ചത്താലും മലയൻ കാട് വെളുക്കാൻ അനുവദിക്കില്ല.
മരം മുറിക്കാനെത്തുന്നവരുടെ ചോരയൊഴുകി കറുത്ത് മുഴച്ചതായിരുന്നു കിഴക്കൻമലയുടെ പാറകൾ. വേനലിലൊരു തീ, ആകാശത്തേയ്ക്കുയരുകയേവേണ്ടു, ഭയന്ന മേഘങ്ങൾക്കു പൊഴിയാനും, മലയൊലിക്കാനും. കാടുമുടിക്കുന്നവരുടെ തലയറുത്ത ബലിക്കല്ലിൽ ചോരനുണയാൻ കാളുന്നവളെത്തിയാലും ഒരു കാറ്റുവീശാൻ തുടങ്ങും. കൊടുങ്കാറ്റ്. ചോരപ്പുളിപ്പുള്ള വായതുറന്ന അലർച്ചയിലും മലയിടിയും. മനുഷ്യമജ്ജയും മാംസവുമലിഞ്ഞ മണ്ണിൽ പുതിയ കരിമ്പാറകൾ മുളയ്ക്കും. മലയുണ്ടാകും. ഉറവയുമുണ്ടാകും. പാറയടുക്കി വിശാലമായ അടിത്തറയാണ് കരിങ്കുളത്തിന്റേത്. കളിമണ്ണുപൊത്തി വെള്ളാരംകല്ലടുക്കി നാലുമണ്ടകളും ഭാഗംതിരിച്ച കുരുക്കന്മാരുടെ കുളത്തിണ്ടിന് അഞ്ചുപേർക്കെന്തിനും അനുവാദമുണ്ട്. പാറ്റിയും വിരിഞ്ഞും പെരുകുന്ന മീനുകൾ. നദികളിലും കണ്ടങ്ങളിലും കുളങ്ങളിലും കടലിലും അങ്ങനെ ഭൂമിമുഴുവനും ഒഴുകിച്ചെല്ലണം. അതിന്, ഉറവയുണ്ടാവണം, നദിയുണ്ടാവണം, കണ്ടങ്ങളും കുളവുമുണ്ടാവണം. കുരുക്കന്മാരും മലയരുമൊന്നിച്ച് വലിയ പാറക്ക് മുകളിൽ കൊത്തിയുണ്ടാക്കിയ ശാസനങ്ങളങ്ങനെയായിരുന്നു. മത്സ്യപുരാണവും, നീചരുടെ ചോര കുടിക്കാനെത്തുന്ന കാളിപുരാണത്തിനുമപ്പുറം മറ്റൊന്നും മലയർക്കറിയില്ല. പിന്നീടുണ്ടായ ചതിക്കഥകളുടെ പ്രചരണം മലയർ കിഴക്കൻമലയിൽ വിലക്കിയിരുന്നു. പേപിടിച്ചവരുടെ ചതിയുള്ള ജീവിതത്തോട് ശരീരവും മനസ്സും ക്രമപ്പെടരുത്. കേട്ടാൽ തലപെരുക്കണം. മീൻ പുരാണം പാലിക്കപ്പെടണം. കിഴക്കൻമലയുടെ അധികാരമേൽക്കുന്നവർ ഏറ്റുചൊല്ലേണ്ട സത്യവചനം അങ്ങനെയായിരുന്നു.
മീനിലായിരുന്നു ജീവൻ്റെ തുടക്കം. ഉയിരുകളഞ്ഞും മലയൻ അതിനെ കാക്കണം. ചൂരൽ കുന്തങ്ങളുയർത്തി വട്ടം നിൽക്കുന്നവർക്ക് മുന്നിൽ ഓരോ വാവിനുമുണ്ടാകും മൂപ്പൻ്റെ പ്രതിജ്ഞ. ‘പ്രപഞ്ചം മുഴുവൻ മീനുകൾ നിറയട്ടെ.’ എന്നായിരുന്നു ഒന്നാം വാക്ക്. ‘മീൻപാറ്റും കുളമെന്നും തുടുക്കട്ടെ’ എന്ന് രണ്ടാം വാക്ക്. കാർനിഴൽച്ഛായകൾ വണങ്ങി ആണയിട്ട് തീർന്നാലും വെളുക്കുവോളം കുരവയും, വാദ്യമേളങ്ങളും തുടരും. പൂവൻമയിലിന്റെ രൂപം കെട്ടിയ മലയന്റെ നൃത്തവുമുണ്ടാകും മുറയ്ക്ക്. പ്രചണ്‌ഡമാരുതന്‍ വേനലിന് പിറകെ കരിങ്കാറുമായെത്തണം. മാനവും മരവും പെയ്യണം. കുളം നിറഞ്ഞ് ബ്രഹ്മാണ്‌ഡം മുഴുവൻ വെള്ളിമീൻ കുഞ്ഞുങ്ങൾ ഒഴുകിയെത്തണം. മഴയില്ലാത്ത കാലത്തിന്റെ ഉൾക്കിടുങ്ങുന്ന കേട്ടറിവുകൾ പങ്കുവെക്കുമ്പോഴേക്കും പ്രഭാതസൂര്യനെ വണങ്ങുന്ന നേരമാകും.
കരിങ്കുളത്തിൽ പുളച്ചുകിടക്കുന്ന മീനുകളുണ്ടെങ്കിലും ഉറവയെത്തുന്ന കൈവഴികളിൽ വെട്ടിൽ കുരുക്കുന്ന മൂന്നേമൂന്നു മീനേ വേണ്ടൂ അഞ്ചിനും അന്നന്നത്തേക്കുള്ള അന്നത്തിന്. ബാക്കിയെല്ലം ഒഴുകി കുളത്തിലെത്തും. അല്ലാതെ കിഴക്കൻ മലയിലെ മലയർക്കെവിടന്നാ മീൻ?. കൈവഴികളിൽ മീൻകുഞ്ഞുങ്ങളെ തിന്നാനെത്തുന്ന വരാൽ മീനുകൾക്കിട്ട വെട്ടിൽ വെട്ടംവീണിട്ടും ഒന്നും പെട്ടില്ലെങ്കിൽ, അഞ്ചും കൂടി കുത്തിപ്പിടിക്കാനിറങ്ങും. തുമ്പത്തിരുമ്പുവച്ച മുളയും, ചൂരൽ കുരുത്തിയുമുണ്ടാകും കൈയിൽ. തോടുകളിലും കണ്ടങ്ങളിലും വെള്ളിമീൻ തിന്നുന്ന മീനുകളെ തിരഞ്ഞുപിടിക്കും. കരക്കെത്തിയാൽ എനം തിരിച്ചെടുക്കാനും വിറ്റുതീരാനും ഏറിയാൽ അരനേരം. ആദ്യം ചെറുതിനെ വിൽക്കും. പിന്നെ ഒരുപിടിക്കു വലുത്. ഏറ്റവുമൊടുവിൽ കൈത്തണ്ടയോളം മുഴുത്തത്. മലയിലും മരത്തിലുമുള്ള കുടിലുകളിലെ ആളെണ്ണമനുസരിച്ചായിരിക്കും വലിപ്പം നിർണ്ണയിക്കുക. മീൻ വാങ്ങിയ ഓരോരുത്തരും കുളത്തിലിറങ്ങി മീനൂട്ട് നടത്തണം. പൂക്കളും അരിയും കളഭവും വിതറണം. മാപ്പിരക്കണം. മീൻ ദേവതക്കുമുന്നിൽ തലകുനിച്ചു ഭവ്യതയോടെ നിൽക്കണം.
കിഴക്കൻ മലയിൽ മുപ്പതു കുടിലിലും താമസക്കാരുണ്ടായിരുന്നു. മരക്കൊമ്പിൽ കാടു കാക്കുന്നവരുടെ പത്തും കൂട്ടിയാൽ ആകെ നാല്പത് കുടിൽ. മാസത്തിൽ കുടിലൊന്നിന് മൂന്നേമൂന്നു നാള് മീനെന്നതാണ് മലയരുടെ വഴക്കം. ബാക്കി ദിവസങ്ങൾ മലങ്കറി കൊണ്ടെത്തിക്കണം. തെറ്റിച്ചാൽ വിലക്കും. പിന്നെ ഊരിലും, ചാവോളം കുലത്തിലും ഇടമുണ്ടാവില്ല. കെട്ടിനും, പുലയ്ക്കും, പേരിടലിനും തിരണ്ടുകല്യാണത്തിനും കൂട്ടില്ല. നാടിറങ്ങി നാട്ടുരാജാക്കന്മാരെ വിറപ്പിച്ച മുൻഗാമികളുടെ കല്പനയായിരുന്നു അത്. മാറിവരുന്നവർ ചട്ടങ്ങൾ അനുസരിക്കണം. അധികാരമേൽക്കും മുമ്പ് മലയരുടെ വഴക്കങ്ങൾ ബോധ്യപ്പെടുത്തണം. നാട്ടുരാജാക്കന്മാർ കാട്ടിൽ നടത്തിയ കൊടും ചെയ്തികൾക്ക് ഉടനെ തിരിച്ചടി നൽകിയ മൂപ്പന്മാരുണ്ടായിരുന്ന പെരുപ്പിലെ ഊരായിരുന്നു കിഴക്കൻമല. കാടില്ലാതെ എന്തുണ്ടായിട്ടെന്താ? എന്നായിരുന്നു രാജാക്കന്മാരുടെ നിലപാട്. ഇഷ്ടത്തിന് കൊല്ലാം, ചുട്ടുതിന്നാം. കാട്ടുദ്രവ്യങ്ങൾ തിളപ്പിച്ച് ആവി നിറച്ച ഭരണികളും, വിളമ്പാൻ മലയത്തികളും ഉണ്ടാവും. വേറെന്തു വേണം ജന്മസാഫല്യത്തിന്.? ഉറക്കെച്ചിരിച്ച് രാജാക്കന്മാർ പറയാറുള്ള സുഖത്തിന്റെ വിവരങ്ങൾ അത്രയ്ക്കുണ്ടാകും കേൾക്കാൻ. അരക്കെട്ടിലെ ഊഷ്മാവണയുവോളം പ്രണയത്തിന്റെ ചൂടിൽ കിടന്നുരുകും അവർ. ഉറഞ്ഞാൽ വാളുയർത്തി ആട്ടിയോടിക്കും. അല്ലെങ്കിൽ അംഗരക്ഷകർക്ക് സമ്മാനിക്കും. അനേകം പേർ ക്ഷതമേറ്റ് മരിക്കാതെ മരിച്ച് അവരുടെ കത്തിമുനയിൽ കോർക്കപ്പെട്ടുകിടക്കും. ചിലർ തന്തയാരെന്നറിയാത്ത കുഞ്ഞുങ്ങളെ പെറ്റുപോറ്റും. തിരിച്ചടിക്കാനുള്ള അവസരങ്ങളൊന്നും മലയരും പാഴാക്കിയില്ല. പിടിച്ചടക്കിയ നാടുകളിലോരോ വീടും മലയർക്ക് കാളവണ്ടിയിലാഹാരമെത്തിക്കണം. കാള തെളിക്കുന്നവരും കാളയും വണ്ടിയും പിഴച്ച മലയത്തികൾക്ക് അടിമകളായിരിക്കണം.നാട്ടുരാജ്യങ്ങളിലോരോ വീടിനുമുണ്ടായിരുന്നു മലയരേല്പിച്ച കപ്പം.
ചെറിയൊരു കാലം നീണ്ടുനിന്നില്ല, നാട്ടിലുമുണ്ടായി മറ്റൊരഞ്ചുപേർ. കരുത്തർ, അഭ്യാസികൾ. മനുഷ്യസ്ത്രീയിൽ പിറന്ന ദൈവങ്ങളുടെ പുത്രന്മാർ. അവർ തിരിച്ചടിച്ചു. മലയർ തോറ്റു. കാട്ടുമങ്കകൾ അവരുടെ ഉണ്ണികളെപ്പെറ്റു. ഇന്ന് ഒരു യുഗം പിന്നിട്ടിരിക്കുന്നു. അരുവികൾ മലകൾ മരങ്ങൾ അങ്ങനെ കാട്ടിലെ ഓരോന്നും ലക്ഷ്യമിട്ടെത്തുന്ന മനുഷ്യരെയും കാടിന്റെ അപകടകരങ്ങളായ ദശാസന്ധികളെയും കാട്ടിലവരഞ്ചും കൂടി കാക്കുന്നു. കാടിന്റെ മക്കൾ. പുതുമ അഞ്ചിലൊന്ന് പെണ്ണെന്നുള്ളതായിരുന്നു. കിഴക്കൻമലയ്ക്കു മാത്രമുള്ള പുതുമ. കിഴക്കൻ മലയിൽ ചിലരുണ്ട്, അന്നന്നത്തേത് കുശാലാകണമെന്നുള്ളവർ. അവരെന്നും കാടിന്റെ നിയമങ്ങളോടും വഴക്കങ്ങളോടും മുഖംതിരിച്ചുനടന്നു.
“ഉങ്കളാലെ കൊഞ്ചം അധികമാ പിടിക്ക മുടിയലയാ? ഇത്തന പേർക്ക് ഇന്ത മൂന്ന് മീൻ എന്ന ആവർത്?” കുളത്തിൽ വെറുതെയൊന്നിറങ്ങിയാൽ കോരിയെടുക്കാവുന്ന മീനുകളെ നോക്കി അവർ ചോദിച്ചു. “പൊന്ന് കെടക്കറ കിളിയാരും കൊൽറതില്ലെ. മീൻ തിൻറത്ക്ക് ആസയിരുന്താൽ ഇറങ്കി പുടിച്ച്ക്കോ. വിലക്കിയിരിക്കിരത് താണ്ടിയാച്ച്ന്നാ കിഴക്ക്മല വിട വേണ്ടിയതാ വരും ജ്ഞാപകം വച്ച്ക്കോ.” എതിർപ്പുകൾക്കു മുന്നിൽ അവർ നിലയുറച്ചു. കെട്ടകാലം എപ്പോ വേണമെങ്കിലും വരുമെന്നും, കഷ്ടിജീവൻ നിർത്തുന്നതാണ് ഒരേയൊരു
വഴിയെന്നും മാത്രമേ കിഴക്കൻമല മൂപ്പന്മാരുടെ ഭരണത്തിലുള്ളൂ. അങ്ങനെയുള്ളവർക്കേ കുലത്തിലിടമുള്ളു, കാടുള്ളു. ചോദ്യങ്ങൾ ഉയർത്തുന്നവർക്ക് മുന്നിൽ കല്ലിൽക്കൊത്തിയ നിയമങ്ങൾ രണ്ടുപേർ ഉയർത്തിപ്പിടിക്കുകയാണ് പതിവ്. വെഷക്കായ പുരട്ടി ഇരുമ്പുമുനയുള്ള ചൂരൽവടി ഉയർത്തി ബാക്കിമൂന്നും നിൽക്കും. മലയരുടെ നിയമങ്ങൾ ഓരോന്നായി മൂപ്പനേറ്റുചൊല്ലുക പതിവുണ്ട്. വാദിക്കുന്നവരുടെ കണക്കറിയാൻ നടത്തിയ ഒരു പരീക്ഷണത്തിൽ, കിഴക്കൻമല വിട്ടവരെല്ലാം പട്ടിണികിടന്ന് ചത്തവാർത്ത വേരുപറിക്കാനെത്തിയ ലാടർ ഊരിലെത്തിച്ചു. മലയിറക്കിൽ തീറ്റ കട്ടെന്ന കുറ്റമാരോപിച്ച് മലയനെ പിടിച്ചുകെട്ടി തല്ലിക്കൊന്നിട്ടുമുണ്ട്. നാളിത്തിരിയെടുത്ത് രണ്ടാമതൊരു പരിശോധന കൂടി മൂപ്പൻ നടത്തിയെങ്കിലും ഊരുവിലക്കിനാരും ഉണ്ടായില്ല.
“കെടച്ചത് ഒരു നേരത്തക്ക് പത്തലേനാലും അതെല്ലാമെ സഹിച്ച് കാട് മലെ രണ്ട്മെ സറിയാക്കി മീൻ കുളം കാപ്പാത്തണം” കാട്ടുപോത്തിന്റെ ഇറച്ചി വീതിക്കുന്നതിനിടെ മൂപ്പൻ പറഞ്ഞു. മൂകരായിപ്പോയ ജനതക്കു മുന്നിൽ കാട് ചിരിച്ചു. മുന്നോട്ട് പോകേണ്ട ഉൾവഴികൾ തെളിഞ്ഞുകിട്ടിയ സന്തോഷത്തിൽ മൂപ്പനും ചിരിച്ചു. മീനില്ലെങ്കിലും കിഴക്കൻമലയിൽ പത്തു ചുമട് കുമ്പളവും, കപ്പയും തീരുമെന്ന് മൂപ്പനറിയാം, അതുകൊണ്ട് കാടിന്റെ ചട്ടങ്ങൾക്കു മേലേക്കുയരുന്ന വിരലുകൾ അയയുകയാണോ മുറുക്കുകയാണോ എന്നാരും നോക്കാറില്ലെങ്കിലും ഒന്നുറപ്പായിരുന്നു. മൂപ്പന്റെ മനസ്സ് വെളുക്കുന്നതും ശരീരം തണുക്കുന്നതും മലയിലുള്ളവർക്കറിയാം.
അവരഞ്ചിനെയും മുന്നിൽ നിർത്തി നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങൾ ഊരിന് നേട്ടമാണെന്നും, പതിവിലും കൂടുതൽ കുളം തുടുത്തെന്നും, വീത് കർമ്മങ്ങൾക്കു ശേഷം മൂപ്പൻ വിളിച്ചുപറയുക പതിവുണ്ട്. വടക്കൻ മലയിൽ ഉരുൾപൊട്ടലിന് മടുകക്കുന്നിൽ നിന്ന് കുത്തിയൊലിച്ച മണ്ണിൽ നിന്നു കിട്ടിയതാണവരെ. നാലാണും, ഒരു പെണ്ണും. മക്കളില്ലാത്ത മൂപ്പന് കാളിയമ്മ കനിഞ്ഞ നിധി.
“യാരെയുമേ ഭയപ്പെടക്കൂടാത്. നേരില്ലാത എതുക്കുമേ കൂടെ നിക്കക്കൂടാത്. നാട്ട്ക്ക് പോകക്കൂടാത്.” അപ്പൻ മക്കളോടു പറഞ്ഞ ആദ്യാക്ഷരങ്ങൾ അതായിരുന്നു. അഞ്ചിലൊന്ന് പെണ്ണാണെങ്കിലും മൂപ്പനവളെ ആണായിത്തന്നെ വളർത്തി. അഞ്ചുപേർക്കും ഒരേ മെയ് വഴക്കവും കരുത്തും വേണം. പണ്ടുപണ്ട് നാട്ടിലുണ്ടായിരുന്ന അഞ്ചുപേരുടെ കരുത്തിന്റെ കഥ മൂപ്പൻ അവരെ കേൾപ്പിച്ചു. ചതിയുടെ പാഠങ്ങളായിരുന്നു കൂടുതലും. ഊരിനും കുലത്തിനും കാടിനും ചേരാത്തവ. അടവെത്ര പഠിച്ചാലും വിളിച്ചുകൂട്ടിയ ഊരുകൂട്ടത്തിനു മുന്നിൽ കരുത്തു തെളിയിക്കണം. ഏഴുകാടും എഴുപത് ഊരുമുണ്ടാകും കാഴ്‌ചക്ക്. ചാടലും നീന്തലും മരം കയറ്റവും മലകയറ്റവും തീരാൻ നിന്നില്ല, മൂപ്പൻ പറഞ്ഞു.”പാഞ്ഞ് വർറ പൻറിയെ അതൊടെ തേറ്റയിൽ പുടിച്ച് കീളെ അടിക്കണം” കേട്ടുനിന്നവർ പകച്ചു. എന്നാൽ പെൺകിടാവിന് എല്ലാവരെയും ഞെട്ടിച്ചുള്ള കുതിപ്പായിരുന്നു. കാട്ടിലുള്ളതെല്ലാം ആരെക്കാളും അവൾക്കറിയാം. ഒപ്പമെത്താൻ ആൺകിടാങ്ങളും വീറുകാട്ടി. നാട്ടിലുള്ളവരെക്കുറിച്ചുകേട്ടാൽ അഞ്ചിനും കലിയിളകും. പ്രത്യേകിച്ച് അവരഞ്ചു പേരെക്കുറിച്ചു കേട്ടാൽ
“മോസടിയാര് .”കാട്ടുമൂപ്പന്മാരെ കൊന്നതു മുതൽ മലയത്തിക്ക് വയറ്റിലുണ്ടാക്കി കാട്ടിലിട്ടു പോയതും, യുദ്ധത്തിന് മലയത്തിയുടെ മകനെ കൊണ്ടുപോയി കൊല്ലിച്ച കഥയും. അവരുടെ മനസ്സിനെ കൂടുതൽ ഇളക്കിമറിച്ചു. ചോരക്ക് ചോരയെന്നും പറഞ്ഞ് പകപോക്കാനിറങ്ങിയവരാരും തിരിച്ചുവന്നില്ലെന്നത് കാടിന്റെ അനുഭവമായിരുന്നു. മലയത്തിയുടെ മകനെ കൊണ്ടുപോയി കൊല്ലിച്ചവർ ഉടലോടെ സ്വർഗത്തിൽ പോയെന്ന് മരത്തൊലി ചെത്താനെത്തിയ ലാടന്മാർ ന്യായീകരിച്ചു. “നിങ്ങളിങ്ങനെ പകപെറ്റു വളർത്തിയിട്ടെന്തിനാ അവരൊക്കെ മോക്ഷം കിട്ടിപ്പോയില്ലെ? ദൈവങ്ങളുടെ മക്കൾ. അവരെപ്പെറ്റവർ കുലവൈരാഗ്യം മറന്ന് ഒരിടത്തൊന്നിച്ച് തപസ്സിരിക്കാനും തുടങ്ങി”. “ആമാങ്കൊ അപ്പവും മലയത്തി മകനെ കൊലപ്പണ്ണ കണക്ക് മീതിയിരുക്കില്ലയാ.” മലയരും വിട്ടുകൊടുത്തതില്ലേ. പെരിയപ്പ ചിത്തപ്പാവെ കൊല്ലതുക്കെറിഞ്ച വേല് തടയരുത്ക്ക് വിയനയായാച്ച്. കാട്ടൊടെ മകൻ. അപ്പാവും കൂട്ട് നിന്നാച്ച് കഥയെക്കേട്ട മലയത്തി സാകര വരെയ്ക്കും ഓടി നടന്ത്ക്കിട്ടെയിരുന്തെ ഇന്ത കിഴക്കൻ മലയില് ഒരു പൈത്യം മാതിരി.” കാടിന്റെ കഥകേട്ട ലാടർ കരഞ്ഞു. “വേദനിക്കുന്ന ചെടിയുടേതൊന്നും ഫലം കാണില്ല.” അവർ മടങ്ങി. ഒരു ദിവസം ഉച്ചക്കുമുമ്പ് മീനും കുമ്പളവും വിറ്റുതീർന്നതുനോക്കി അഞ്ചിൽ ഇളയവൻ പറഞ്ഞു. “വെയിലാറത്ക്ക് ഇന്നും നേരമിരുക്കില്ലയാ. രണ്ട് മൂട് മരവള്ളിക്കിഴങ്ങ് പൊറിച്ചാൽ ഇന്നും ജാസ്തി ദുട്ട് കെടക്കും.”
” അത്ക്ക് അന്ത കടക്കാര് കണാരൻ വിടുമാ?”. “ദുട്ട് കൊഞ്ചം കമ്മിയാ കെടച്ചാലും പറവാല്ലെ ഇരുക്കറത് അന്തയാള്ക്ക് കൊടുത്ത്ക്കലാം”. “സരിതാനെ ശാപ്പിടത്ക്ക് എതുമെ കെടക്കാമെ എത്തന പേർ ഊരിലിറുക്ക്. യെതാവുത് വാങ്കറുതുക്ക് വീടിയുമ്പോത് പോണാലും തിരുമ്പി വരമാട്ടെ. പുലിയെ ഭയന്ത് പട്ടിണിതാ മലയര്.” പറഞ്ഞതു കാര്യമാണെന്നു തോന്നി അഞ്ചും കുത്തിയിരുന്നു ചിന്തിച്ചു. “ദുട്ട് ഇല്ലേനാലും മലയരെ പട്ട്ണി പോടക്കുടാത് എൻറ് മൂപ്പൻ സൊല്ലിയിരുക്ക്”. “അത് സരിതാനെ ഇന്നക്ക് കാസില്ലാമെ അവുങ്ക പട്ട്ണിയാകക്കൂടാത് . മരത്തോലും വേരും തേനും വിറ്റ കാസിരുന്തും തിൻറത്ക്ക് യെതാവത് കെടക്കുമാ മലയില്.” പിന്നെയൊന്നും ചിന്തിക്കാനിരുന്നില്ല. പന്നിനെയ്യിലുണക്കി മുനപ്പിച്ച ചൂരൽ കുന്തമെടുത്ത് അഞ്ചുംകൂടിയിറങ്ങി. “മലയടിവാരത്തിലെ ഒരു ഇടം ഇരുക്ക്. അങ്കെ യാരോ മരവള്ളിക്കമ്പ് വെച്ച് അതിര് പോട്ട് കൈയ്യേറിട്ടാന്ന് മലയില് സൊല്ലത്. തണ്ണിപാച്ചലില് ഒലിച്ച് പോണ വഴി കെട്ടാമെ കാട് ആയാച്ച്. അതിനാലെന്നാ മരവള്ളിക്കിഴങ്ങ് പെരിസായാച്ച് രണ്ട് കിളങ്ങ് പൊറിച്ചാൽ തൂക്കറത്ക്ക് ആൾ പത്താമെ പോയിടും.” അഞ്ചും കൂടി ഒത്തുപിടിച്ചിട്ടും ഒരു കടയ്ക്കാഴം കണ്ടെത്താൻ ഇരുട്ടി. പിന്നെ കാട്ടുവള്ളിയിട്ടുകെട്ടി ചുമടാക്കാനും എടുത്തുനേരം. “തോട്ടില് മീൻ പുടിക്കറത്ക്ക് വെട്ട് പോട്ട് വീട്ട്ക്ക് വന്തിരുന്താൽ പോതുമായിരുന്തത്. ദുട്ട് കെടക്കറത്ക്ക് ഇനി യൊവളോം വേലസെയ്യണം”. “അത്ക്കെന്നാ..? കണാരൻ എതാവത് കെടക്ക്മാ അത് കൊടുത്തിടുവാ. മലയരുടെ പള്ള നിറഞ്ചിടും. കുളത്തിലെ മീന് അങ്കെ കിടന്തിടും.” ചുമടേറ്റും മുമ്പ് അണ്ണാക്കിലേക്കൊരു ശ്വാസമെടുക്കാൻ നിവർന്ന അഞ്ചും ഒരനക്കം കേട്ട് തിരിഞ്ഞുനിന്നു. ”കണ്ടൊ നിങ്ങളെന്റെ പ്രാണനാഥനെ? ഇതുവഴി പോയെന്നാ കേൾവി.” പെരുങ്കാട്ടീന്നൊരു പെൺരൂപം ഇറങ്ങിവരുന്നതുകണ്ട് അഞ്ചിൻ്റെയുള്ളിലും പേടിയുറഞ്ഞു തുള്ളാൻ തുടങ്ങി. പെണ്ണിന് പിറകെ ഇറങ്ങിവന്ന ഇരുട്ടാണെങ്കിൽ വെളിമ്പറമ്പിലാകെ കുത്തിച്ചാരാൻ തുടങ്ങി. വെള്ളാരംമലയിൽത്തട്ടിയ അന്തിച്ചുവപ്പിന്റെ പ്രതിച്ഛായ ആഗതയുടെ മുഖത്ത് പ്രതിഫലിക്കുന്ന കാഴ്ച പേടി തോന്നുന്നതായിരുന്നു. “നിങ്ങള് കണ്ടൊ എന്റെ പ്രാണപ്രിയനെ?” വർത്തമാനത്തിലും കൂടുതൽ കിതപ്പായിരുന്നു അവർക്ക്. മാനംതൊട്ട ആനത്തൊലി നിറമുള്ള കരിമലേന്നൊരു പെണ്ണ് ആ നേരത്ത് ആളെത്തിരക്കുന്നത് ഒന്നും കാണാതെയാവില്ലന്നവർക്കറിയാം. ദീനം കൊണ്ടോയ തായ്യും, മലവെള്ളം കൊണ്ടോയ അപ്പയും കാളിയമ്മയും തൊണയ്ക്കുണ്ടെന്നു നല്ലോണം വിചാരിച്ച് അഞ്ചും പറഞ്ഞു. “എങ്കളിലാരുമേ പാക്കലെ”. ”അയ്യോ അങ്ങനെ പറയല്ലെ. കാട്ടാളരെ.. പതിനാല് കൊല്ലായി ഞാനദ്ദേഹത്തെ തിരയുന്നു, രാജാവ് തിരയുന്നു, നാട് തിരയുന്നു.”
അതുപറയുമ്പോഴെക്കും കിതപ്പൊഴിഞ്ഞ പെണ്ണ് കരയാൻ തുടങ്ങി. മലയിറങ്ങി പെരും കാടിറങ്ങി വന്നവള് മലയത്തിയല്ലെന്ന് ഉറപ്പായി. ഈ നേരത്ത് പേടിക്കാനൊന്നും പാടില്ലെന്ന് അഞ്ചിനും അറിയാം. വഴിയടച്ചാരു വന്നാലും മനുഷ്യച്ചോരയുടെ മണമുണ്ടോന്ന് ശ്വസിച്ചു നോക്കണം. അല്ലെങ്കില് കാല് നെലത്തുണ്ടോന്നും നോക്കണം. ഇരുട്ടത്ത് അമ്മൻകോവില് വേലക്ക് പോകാനിറങ്ങിയ മൂപ്പന്റെ മോള് കാത്തുപ്പെണ്ണിനോട് ചക്കിത്തള്ള പറഞ്ഞ സൂത്രം. പന്നിനെയ്യ് മുക്കിയുണക്കിയ ചൂരൽക്കുന്തം അഞ്ചും മുറുക്കിപ്പിടിച്ചു. ഇരുമ്പുപിടിപ്പിച്ച കുന്തമുന ഇരുട്ടത്തും വെട്ടിത്തിളങ്ങുന്നതു നോക്കി പെണ്ണ് പറഞ്ഞു. “അയ്യോ നിങ്ങളെന്നെ കൊല്ലല്ലെ. ഞാൻ വരുന്നതും കാത്ത് ഉണ്ണിയൊന്ന് ഇരിക്കുന്നുണ്ട്”. തിന്നാത്തെന്തിനേം കുത്താനോങ്ങും മുമ്പ് വെഷക്കായനീര് പുരട്ടുന്ന പതിവുണ്ടു മലയർക്ക്. ചോരേന്റെ മണം പോയിട്ട് മനുഷ്യന്റെ മണോണ്ടെന്ന സംശയം തീർത്ത് അഞ്ചും തമ്മിൽ ഓരോ നോട്ടം കൂടിയെറിഞ്ഞ് നിന്നു. “കടവുളെന്ന് സൊല്ലിയ മനിതൻ മെതിച്ച് വിട്ട ഒരുത്തർ പാതാളത്ത്ക്ക് നടന്ത കഥയിരുക്ക്. യേമാത്തിയ കഥ. അതില്ലാമെ ഇന്ത വഴിക്ക് യാരുമേ പോയത് തെരിയാത്.”
അടുത്ത നിമിഷത്തിൽ സ്ത്രീ നിലത്തിരുന്നു കരയാൻ തുടങ്ങി. മലയിൽ വിചാരിച്ചതിലും ഇരുട്ടായി. ഒരു തണുപ്പും തുടങ്ങി. “നോക്കു ദയവായി നിങ്ങളെന്നെ ഇട്ടുപോകരുത്.” അവർ നിലത്ത് മുട്ടുകുത്തിയിരുന്ന് യാചിച്ചു. “എങ്കള്ക്ക് പോണം. ഇറങ്കിറ ഇടത്തിലെ നാങ്കെ എടുത്തിട്ട് വരത് കാത്തിരിക്കറ ആളിറുക്ക്. പട്ടിണിയാ വയറ് ഒട്ടി ഇരിക്കറവർ”. “ഞാനും വരാം നിങ്ങളുടെ കൂടെ. വെളുക്കാറായാൽ എന്റെ തിരച്ചിലെനിക്കു തുടരാം. അല്ല തുടരണം. അദ്ദേഹത്തെ കണ്ടെത്തണം. വരാൻ പോകുന്ന ഒരു യുദ്ധമുണ്ട് കലിംഗയിൽ. മുൻപത്തേതുപോലെ നയിക്കുകയല്ല സമാധാനിപ്പിക്കുകയാണ് വേണ്ടത്. അത് അദ്ദേഹത്തിന് കഴിയും.” ഒരു നിമിഷം അഞ്ചും മുഖാമുഖം നോക്കി. പിന്നെ നടക്കാൻ തുടങ്ങി. “ഊര് വിട്ട് പോയെന്ന് സൊന്ന ഉങ്ക കനവർ ഇങ്കെയിരുക്കെന്ന് യാര് സൊല്ലിയാച്ച്”.”ആരും പറഞ്ഞതല്ല. ഒരു ഊഹം വച്ച് ഞാൻ നടക്കുന്നു എന്നുമാത്രം. അദ്ദേഹം പോയതിനു ശേഷം ഞാൻ കരഞ്ഞതിനു കണക്കില്ല”. പറഞ്ഞു തീരും മുമ്പ് സ്ത്രീ കരയാൻ തുടങ്ങി. പരാജയപ്പെടില്ലെന്നു വിശ്വസിക്കുന്ന ഒരുത്തിയുടെ മുഖം അവരഞ്ചും നോക്കിനിന്നു. അവരുടെ വഴികൾ ശരിയാണെന്ന് ആർക്കും തോന്നും. പിന്നെ കിഴക്കം മലയെ നയിക്കുന്നവരെ പറഞ്ഞിട്ടു കാര്യമുണ്ടോ?. കാടും മൂപ്പനും കൂടി അഞ്ചിനുമേൽപ്പിച്ച ജോലിയവർ മറന്നു. തലച്ചുമടുകൾ നിലത്തിറക്കി അവർ നിവർന്നു നിന്നു. കരിങ്കുളത്തിനരികിൽ മരപ്പൊത്തിനു കീഴിൽ തീ കൂട്ടി സ്ത്രീയെ അവർ ചൂടുകൊള്ളാനിരുത്തി. ഇത്തിരി ചൂടുകിട്ടിയ സ്ത്രീ ഭാണ്ഡം അഴിച്ച് ഓലക്കെട്ടെടുത്ത് കുത്തിക്കുറിക്കാൻ തുടങ്ങി. “കിറുക്കി വക്കറത് എന്നാ? കാട്ടാളനുടെ രാമായണമാ ഇല്ലെ മുക്കുവനുടെ ഭാരതമാ എഴുതറത്? സരിയായിരുന്താൽ മലയത്തികളെ യേമാത്തിയ കഥയും സേർത്ത് എളുതുങ്കോ. കൊളന്തയെ എടുത്ത് വേലു തടപ്പോട്ടതും സേർക്കണം”. സ്ത്രീ ചിരിച്ചു. പിന്നെ ചുറ്റും കണ്ണോടിച്ചു. കൂരിരുട്ടിൽ മിന്നിമറയുന്ന മിന്നാമിനുങ്ങുകൾ ഇരുട്ടിനെ മൊത്തിക്കുടിക്കുമ്പോൾ ഒരു വഴികാട്ടിയുടെ ജന്മസാഫല്യം പൂർത്തീകരിക്കുന്നത് സ്ത്രീയോടൊപ്പം അവരഞ്ചും ആദ്യമായി നോക്കിക്കണ്ടു. “വെളിച്ചത്തിന്റെ ഇരുട്ടിനോടുള്ള പ്രണയം.” സ്ത്രീ പറഞ്ഞു. സ്ത്രീ എഴുതി, പതിനാലുകൊല്ലംമുമ്പ് തന്നെ വിട്ടുപിരിഞ്ഞ പ്രിയനെ സ്ത്രീ മറന്നു. ജീവിതത്തിനോടുള്ള ദേഷ്യവും പകയും ഇഷ്ടക്കേടും ഓർക്കാതെ സ്ത്രീ മരപ്പൊത്തിലുറങ്ങി. നിലാവത്ത് പിടഞ്ഞെഴുന്നേറ്റ അവർ കരിങ്കുളത്തിൽ പുളച്ചുമറിയുന്ന മത്സ്യങ്ങൾ കേൾക്കെ ചിലത് പറയുന്നുണ്ടായിരുന്നു. അപ്പോൾ അസാമാന്യധൈര്യം കൈവരിച്ച അവരഞ്ചും തീയെല്ലാം കെടുത്തി ഇരുട്ടിലേക്കു നോക്കിയിരിക്കുകയായിരുന്നു. വെളുക്കുമ്പോൾ മരപ്പൊത്തിന് മുകളിൽ പന്തലിച്ചുനിൽക്കുന്ന ആൽമരം സ്ത്രീയെ അതിശയിപ്പിച്ചു. “എനിക്കെവിടെയും പോകാനില്ല.” തന്നെ യാത്രയാക്കാൻ ഒരുങ്ങിനിൽക്കുന്ന അഞ്ചുപേരെയും നോക്കി സ്ത്രീ പറഞ്ഞു. ഒരിടിവെട്ടി, മഴപെയ്തു, കുരുക്കന്മാരുടെ കുളം നിറഞ്ഞുകവിഞ്ഞു. സ്ത്രീയുടെ തിരിച്ചറിവുകൾ അവരെ വിസ്മയിപ്പിച്ചു. ‘ഓരോ കാലത്തും ഞാൻ എന്ന സ്ത്രീ അന്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ മകനെ വളർത്തി, അദ്ദേഹത്തിനെ കാത്തിരിക്കുക എന്നത് ഇപ്പോൾ എന്റെ മനസ്സിലില്ല. ഒരായുധം തടയാൻ അച്ഛൻ കൊണ്ടുപോയ മകനെ കേൾക്കുമ്പോൾ നീറുന്ന ആ അമ്മയുടെ മുന്നിൽ ഞാൻ എത്ര പുണ്യം. ഗൗതമാ നിന്റെ അന്വേഷണങ്ങളിൽ ആ അമ്മയെകണ്ടുവോ ? ഒരു ഭ്രാന്തി മലയത്തിയെ….?
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.