ആനി

Published on

spot_imgspot_img

കഥ

രാജേഷ്‌ തെക്കിനിയേടത്ത്‌

ഇഞ്ചത്തോപ്പ്‌ മിച്ചഭൂമിയില്‍ താമസിക്കുന്ന ബീഡി തെരുപ്പുകാരി ആനി ജോസ്‌ കെട്ടിത്തൂങ്ങി എന്ന വാര്‍ത്ത കേട്ടപ്പോഴായിരുന്നു വേണുവിന്റെ കാത്‌ പൊട്ടിയത്‌. ഇരുകൈകളും ചെവിയില്‍ അമര്‍ത്തി അയാള്‍ നിലത്തേക്കിരുന്നു. ഇഞ്ചത്തോപ്പ്‌ ഔട്ട്പോസ്റ്റില്‍ നിന്നെത്തിയ എസ്‌. ഐ. കറപ്പനും സംഘവും കയര്‍ അറുത്ത്‌ നിലത്തു കിടത്തുവോളം ആളുകള്‍ക്ക്‌ അടുത്തേക്കൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല. എന്നിട്ടും , നിലംതൊട്ടാണ്‌ തൂങ്ങി നില്‍ക്കുന്നതെന്നും കണ്ണ്‌ തുറിച്ചിട്ടില്ലെന്നും, നാവ്‌ പുറത്തേക്ക്‌ തള്ളിയിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കവലയില്‍ കൂടിനില്‍ക്കുന്നവരുടെ ആ പ്രയോഗത്തില്‍ ദീര്‍ഘമായി ഒന്ന്‌ നിശ്വസിക്കുകയല്ലാതെ വിധിയെ പഴിക്കാനാരും മുന്നോട്ട്‌ വന്നില്ല. മറിച്ചായാലും പറയാനോ ഓര്‍ത്തെടുക്കാനോ ഒരു ബന്ധു പോലുമില്ലാത്തവളായിരുന്നു ആനി.

തൊടിയിലും ചിറയിലും തോട്ടിറക്കങ്ങളിലും അനുകമ്പാപൂര്‍ണ്ണമായി മൗനം പാലിച്ചു നില്‍ക്കുന്ന ആളുകൾക്കിടയിൽ കൂടിയായിരുന്നു വേണു നൂണ്ട് കയറിയെത്തിയത്‌. അതോടെ വിതുമ്പി നിന്നവരുടെ മുഖത്ത്‌ ദേഷ്യം കത്തിപ്പടരാന്‍ തുടങ്ങി. ആ ഒരു നിമിഷം കറപ്പന്‍പോലീസിന്‌ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അയാള്‍ വേണുവിനെ പൊതിരെ തല്ലി. “എനിക്കൊന്ന്‌ കണ്ടാല്‍ മതി സാറേ..”
അടികൊള്ളുമ്പോഴും വേണു അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. തളര്‍ച്ചയോടെ ആനിയുടെ ഇറയത്തിരുന്ന കറപ്പന്‍ അത്‌ ശ്രദ്ധിക്കാന്‍ നിന്നില്ല. “ഒരു പെണ്ണിനെ കൊന്നുകളഞ്ഞിട്ട്‌ കിടന്നുമോങ്ങുന്നോ? പോലീസുള്ളതുകൊണ്ടാണ്‌ നീയ്യിപ്പോഴും ജീവിച്ചിരിക്കുന്നത്‌.” ചിറയിറക്കും കണ്ടക്കരയും കഴിഞ്ഞ്‌ ഇങ്ങോളം കൂടിനിന്നവര്‍ വിളിച്ചുപറഞ്ഞു. എല്ലാവരുടെ മുഖത്തും ദേഷ്യം ആളിക്കത്തുന്നുണ്ടായിരുന്നു. ആനിയുടെ മുറ്റത്തോളമെത്തിയ വേണു കേള്‍ക്കുന്ന പ്രാക്ക്‌ പോലീസിനും കൂടിയാണെന്നേ തോന്നു. ആയിരിക്കും. അല്ലെങ്കിലിങ്ങനെ കുറുകെ നില്‍ക്കേണ്ടല്ലൊ. അതും കടല്‍ കവിഞ്ഞതുപോലെ ഉരച്ചു നില്‍ക്കുന്ന ആളുകള്‍ക്കു മുന്നില്‍.

ഇഞ്ചത്തോപ്പ്‌ തൊട്ടുകിടന്ന ചേര്‍പ്പുള്ളിക്കര സര്‍ക്കിള്‍ ഓഫീസില്‍ നിന്ന്‌ സി. ഐ. യും സംഘവും എത്തുന്നതുവരെ വേണുവിനെ കെട്ടിയിടാനും കാക്കിക്കോട്ട തീര്‍ക്കാനുമായിരുന്നു കറപ്പന്‍ പോലീസിന്റെ ഉത്തരവ്‌. ഒച്ച ഉയര്‍ത്തി എന്തിനും തയ്യാറായി ഒരു നാടുനില്‍ക്കുന്നത്‌ തന്റെ തലയ്ക്കുള്ള വാളെന്ന്‌ കറപ്പനറിയാം. വേണുവിനെന്തെങ്കിലും പറ്റിയാല്‍ സമാധാനം പറയേണ്ട ഏകയാള്‍ കറപ്പനായിരിക്കും. അതിന്റെ ഒരു കരുതലായിട്ടാണ്‌ അയാളെ കെട്ടിയിടുന്നത്‌. “കൊന്ന്‌ കെട്ടി തൂക്കിയതല്ലെന്ന്‌ ആര്‍ക്കാ അറിയാത്തത്‌? എങ്കിലും ഒരു ഉറപ്പ് വേണ്ടേ? അതുവരെ നിങ്ങളൊന്ന്‌ ക്ഷമിക്ക്‌.” കടലിനു സമാന്തരമായി നില്‍ക്കുന്ന ആള്‍ക്കുട്ടത്തെ നോക്കി എസ്‌. ഐ. കറപ്പന്‍ അഭ്യര്‍ത്ഥിച്ചു. അടിയന്തിരാവസ്ഥ കാലത്ത്‌ പുറത്തെടുത്ത പല അടവുകളും കറപ്പന്റെ കൈയിലുണ്ട്‌. അതെല്ലാം കൈവിടാതെ സൂക്ഷിച്ചു പോകുന്നുമുണ്ട്. നിരോധിത മേഖലയായി ആനിയുടെ മുറ്റം പ്രഖ്യാപിച്ചതും കയറുകെട്ടിത്തിരിച്ചതും അതിന്റെ ഭാഗമായിരുന്നു. വേണുവിനെ കണ്ടതുമുതല്‍ എല്ലാത്തിനും അല്‍പായുസ്സായിരുന്നു. ഓരോ നിമിഷം കഴിയുന്തോറും കറപ്പന്റെയുള്ളില്‍ ഭയം തികട്ടിത്തികട്ടി വന്നു.

മിച്ചഭൂമിയില്‍ താരതമ്യേന ചെറിയ കുടിലുകളായിരുന്നു. വീതികുറഞ്ഞ വഴികളും. അങ്ങനെയൊരിടത്ത്‌ വേണുവിനെ കെട്ടിയിടുന്നതിനോട്‌ ഇഞ്ചത്തോപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചില എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും കറപ്പന്‍ അത്‌ കാര്യമാക്കിയില്ല. നിയമകാര്യങ്ങളില്‍ പ്രസിഡന്റ്‌ തലകടത്തേണ്ടന്ന്‌ വിളിച്ചുപറയുകയും ചെയ്തു. അതൊരു മുന്നറിയിപ്പുപോലെ ഉറച്ച ശബ്ദമായിരുന്നു. “നിങ്ങളെന്നെ കൊന്നേക്കൂ. അതിനുമുന്‍പ്‌ എനിക്കൊന്നവളെ കാണണം.” സ്വരത്തില്‍ യാതൊരു ഭയവും കലരാതെ വേണു വിളിച്ചുകൂവി. സി. ഐ. യും സംഘവും എത്തും മുമ്പ്‌ ആളുകളെ നിയന്ത്രിച്ച് തളര്‍ന്ന കറപ്പന്‍ ആ ഉഷ്ണപ്പുഴുക്കത്തിലും തെരുപ്പുബീഡി വലിച്ച്‌ തള്ളിക്കൊണ്ടിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു ആ നേരത്ത്‌ വേണുവിന്റെ കടന്നുകയറ്റം. അതിനിടയില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ വേണുവിനെ പിടിച്ചുവലിച്ച്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. കണ്ടാല്‍ ബന്ധുക്കളെന്നേ തോന്നു. ആ ഒച്ചപ്പാടുകളിലേക്ക്‌ പോലീസ്‌ സംഘം മുന്നോട്ട്‌ വന്നെങ്കിലും തൽക്കാലം വേണ്ടെന്നുവച്ചു. “ഈ സമയത്ത്‌ പ്രതിയെ അവിടെനിന്ന്‌ മാറ്റുന്നതാണ്‌ നല്ലത്‌.” കോണ്‍സ്റ്റബിള്‍ ദിവാകരന്റെ അഭിപ്രായമായിരുന്നു അത്‌. കറപ്പന്‍ തണുത്തെങ്കിലും ഇരുപ്പുറക്കാതെ തലങ്ങും വിലങ്ങും നടന്നു.

അതിനിടയില്‍ അരുത്‌ അരുത്‌ എന്ന്‌ ഒച്ചയുണ്ടാക്കി, പിടിച്ചുവെച്ചവരെ കുതറിവിടുവിച്ച്‌ ഓടിവന്ന വേണുവിനെ കറപ്പന്‍ ചവിട്ടി താഴെയിട്ടു. ആഹാ.. എന്ന്‌ മുരളുകയും ചെയ്തു. പ്രായമായതോടെ എല്ലാകാരൃത്തിലും ഉണ്ടായിരുന്ന ഒരു മന്ദത അപ്പോഴത്തെ കറപ്പന്റെ ചലനങ്ങളെ നിയ്യന്ത്രിച്ചിരുന്നില്ല. പി. സി. ദിവാകരന്‍ അയാളെ ഒരുമരത്തിനോട്‌ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. “ഇനി ചവിട്ടിയാല്‍ അയാള്‍ ചത്തുപോകും.” അപ്പോള്‍ മാത്രം കറപ്പന്‍ ഒന്നയഞ്ഞു. വേണുവിന്‌ നേരെ ഓങ്ങിയ രണ്ടാമത്തെ കാല്‍ സാവകാശം പിന്‍വലിച്ചു. പണ്ട്‌ കവലച്ചട്ടമ്പി പേക്കുമാരനെ ചവിട്ടി ഒടിഞ്ഞ മുട്ട് നേരെയാകാന്‍ ഉഴിച്ചലിന്‌ എടുത്ത സമയം കറപ്പന്‍ നന്നായി ഓര്‍മ്മയുണ്ട്‌. വെറുതെയെന്തിനാ ഇനിയൊരു ക്ഷതം? അയാള്‍ ചിന്തിച്ചു.

ബീഡിതെറുപ്പുകാരി ആനിയും വേണുവും കടുത്ത പ്രണയത്തിലാണെന്ന്‌ ഇഞ്ചത്തോപ്പുകാര്‍ക്കറിയാം. തെറുത്തുണക്കിയ ബീഡിയും ചുമന്ന്‌ സന്ധ്യയോടെ കടകളിലേക്കു പോകുന്ന ആനിയെന്നും മുല്ലപ്പൂ ചൂടുക പതിവായിരുന്നു. ചന്തയുടെ തിരക്കില്‍ തട്ടിയും തടഞ്ഞും നടക്കുന്നതിനിടയില്‍ മാറിടത്തില്‍ തോണ്ടുന്നവരും ചന്തിക്ക്‌ പിടിക്കുന്നവരുമായിരുന്നു കൂടുതലും. എന്നാല്‍ ഒരു തീ ചുവന്ന നോട്ടമല്ലാതെ ആനി അതൊന്നും ശ്രദ്ധിക്കുക പതിവില്ല. ഇടപഴകുന്നവരെക്കുറിച്ച്‌ രണ്ടാം വിചാരം വേണ്ടല്ലോ. അതിലും വലിയ ഭീകരത ജീവിതത്തില്‍ വന്നെത്തുമെന്ന്‌ കരുതി നടക്കുന്ന അനാഥയായ ഒരു പെണ്ണിന്‌ ഇതൊരു കാരൃമാണോ? അല്ലെങ്കിലും പെണ്ണിന്റെ മാനം അങ്ങനെ പോകുന്നതല്ലല്ലോ ? ഒരേസമയം ഭയവും അറപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും ആനി സ്വയം ചിന്തിക്കാന്‍ പഠിച്ചു. ചന്തയുടെ അങ്ങേവശത്തായി ചാഞ്ഞുകിടക്കുന്ന ഒരു തോടുണ്ട്‌. ചന്തയിലെ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടി തൂരാറായ പുഴയുടെ കൈവഴി. ആനി ആ കാഴ്ച നോക്കി നില്ക്കുക പതിവുണ്ട്‌. ചന്തയിലെ ജീവിതം നിലച്ചുകാണാന്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്ന പോലെ തോന്നും കണ്ടാല്‍. ശ്വാസംമുട്ടിക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ അധികവും ബീഡിക്കുറ്റികളായിരുന്നു. എവിടെ നിന്നെങ്കിലും ഒരു ജലധാര പ്രവഹിച്ച്‌ എല്ലാം ഒഴുകിപ്പോയെങ്കില്‍ എന്ന്‌ അവള്‍ ആഗ്രഹിച്ചു.

ആയിടക്കാണ്‌ വേണുവുമായി ആനി പരിചയപ്പെടുന്നത്‌. ഇഞ്ചത്തോപ്പ്‌ പഞ്ചായത്തില്‍ ആകെയുള്ള ഓട്ടോയാണ് വേണുവിന്റെത്‌. നാട്ടില്‍ അതൊരു കൗതുക വസ്തുവായിരുന്നു. ആന്റു മുതലാളിയുടെ സ്വര്‍ണ്ണക്കടയില്‍ ജോലി ചെയ്ത്‌ മിച്ചമുണ്ടാക്കിയ കാശ്‌ കുറി വെച്ചായിരുന്നു വേണു ഓട്ടോറിക്ഷ വാങ്ങിയത്‌. അടവിന്‌ ആനിയുടെ കാശുമുണ്ടെന്ന സംസാരങ്ങളും നാട്ടില്‍ പരന്നിരുന്നു. വേണു അവരെ നോക്കിച്ചിരിച്ചു. ഒരു ബന്ധത്തിന്‌ എത്ര അര്‍ത്ഥങ്ങളുണ്ട്‌. പക്ഷേ ഇവിടെ ഒരു വ്യാഖ്യാനം മാത്രം. ദ്രോഹികള്‍ എന്ന്‌ മനസ്സില്‍
പറഞ്ഞു. ഇഞ്ചത്തോപ്പ്‌ ചന്തയില്‍ ബീഡി വിറ്റു മടങ്ങുന്ന ആനിയെ എന്നും വീട്ടിലെത്തിക്കുന്നത്‌ വേണുവായിരുന്നു. “ഇവള്‍ ഓട്ടോകാശ്‌ കൊടുത്തുമുടിയുമല്ലൊ?” കവലപ്പീടികയില്‍ പൊതിഞ്ഞുകൊടുക്കാന്‍ നില്‍ക്കുന്ന ഗംഗാധരന്റെ സ്വരമായിരുന്നു അത്‌. ആ നാട്ടിലെ ഏക പലചരക്ക്‌ പീടിക സഹായിക്ക്‌ എന്തും പറയാം. പലചരക്ക്‌ വാങ്ങാന്‍ നില്‍ക്കുന്നവര്‍ ചിരിക്കും. ആനിയെക്കുറിച്ച്‌ പറഞ്ഞാല്‍ കൂട്ടച്ചിരി ഉയരും. സഹനത്തിന്റെ എല്ലാ സീമകളും കടന്നുകൂടിയ അവള്‍ക്കെന്ത്‌? നീയിതെങ്ങനെ സഹിക്കുന്നു എന്ന്‌ ചോദിക്കുന്നവരോട്‌ അവള്‍ മാതാവിന്റെ രൂപം കാണിക്കും. പിന്നെയല്ലെ ഞാന്‍? എന്ന്‌ ഓര്‍മ്മപ്പെടുത്തും. അതിനുശേഷം നെടുവീർപ്പിട്ട്‌, നീണ്ടിടംപെട്ട്‌ കണ്ണുകള്‍ അടച്ചുവെയ്ക്കും.

ബീഡിതെരുപ്പുകാര്‍ക്ക്‌ ചിലവും കഴിഞ്ഞ്‌ കാലണ മിച്ചമില്ലാത്ത കാലത്ത്‌ ഒരുത്തിയങ്ങനെ നടക്കുന്നതില്‍ ആളുകള്‍ക്കുള്ള അമര്‍ഷം തെറ്റല്ലെന്നായിരുന്നു ഇഞ്ചത്തോപ്പുകാരുടെ പൊതുവെയുള്ള അഭിപ്രായം. എന്തുകേട്ടാലും ചിരിക്കുന്ന വേണു അതൊന്നും കാര്യമാക്കിയില്ല. മിച്ചഭൂമിയില്‍ കുടില്‌ വച്ചുതാമസിക്കുന്ന വേണുവിനും അമ്മയ്ക്കും അടച്ചുറപ്പുള്ള വീടുവേണം. ആ ഓട്ടത്തിലായിരുന്നു അയാള്‍. എന്നാല്‍ ആനിയങ്ങനെയല്ലായിരുന്നു. ഇരുട്ടാണല്ലോ ചുറ്റും. കേള്‍ക്കാത്തതുകേള്‍ക്കുമ്പോള്‍ അന്തിച്ചുപോകും. അപമാനഭീതികൊണ്ട്‌ അവള്‍ പരവശയാകും. വിവാഹത്തെപ്പറ്റി ഒരുറപ്പും നല്കാതെ വഴുതിമാറിക്കൊണ്ടിരിക്കുന്ന വേണുവിനൊപ്പം അങ്ങനെ നടക്കുന്നതില്‍ ചില സ്ത്രീകള്‍ ആനിയെ കുറ്റപ്പെടുത്തി. വേണുവിനോടുള്ള ആനിയുടെ വിശ്വാസത്തില്‍ അയല്‍വാസി സ്ത്രീകളുടെ ഉപദേശങ്ങള്‍ മുങ്ങിപ്പോയി. വെള്ളപ്പൊക്കത്തിന്‌ വാഴവെട്ടാന്‍ പോയ ആനിയുടെ അപ്പന്‍ ജോസ്‌ പിന്നെ വന്നില്ല. ഒഴുക്കില്‍പ്പെട്ടു പോയെന്നും. അതേദിവസം കാണാതായ മീന്‍കാരി ആമിനാത്തയുമായി നാടുവിട്ടെന്നും സംസാരങ്ങളിലുണ്ട്‌. “നീ ഇതൊക്കെ ശ്രദ്ധിക്കാന്‍ നില്‍ക്കുന്നതാണ്‌ തെറ്റ്‌.” അങ്ങനെ ഒന്ന്‌ കേട്ട്‌ ഇടവഴിയില്‍
കരഞ്ഞുനിന്ന ആനിയോട്‌ വേണു പറഞ്ഞു. ഉത്കണ്ഠയോടെ ആകാശത്തിലേക്ക് നോക്കുകയല്ലാതെ അവള്‍ തിരിച്ചൊന്നും പറഞ്ഞില്ല. എല്ലാവര്‍ക്കും അവരവരുടേതായ പ്രാരബ്ധങ്ങളുണ്ട്‌ അതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെയാ നേരം. എന്ന്‌ പറഞ്ഞ്‌ വേണു അവളെ ഓട്ടോയില്‍ കയറ്റി ചുറ്റാന്‍പോയി. ഒന്നിച്ചിരുന്ന്‌ ചായകുടിച്ചു. അപ്പോഴും അവളുടെ മനസ്സില്‍ ഇളപ്പംമാറും മുന്‍പ്‌ ചത്തുപോയ ആ തോട്‌ മാത്രമായിരുന്നു. ഒന്നും മിണ്ടാതെ ഓട്ടോയില്‍ നിന്ന്‌ ഇറങ്ങിപ്പോയ ആനിയെ വേണു “ആനി.. ആനി..” എന്ന്‌ പലവട്ടം വിളിച്ചു. എന്നിട്ടും അവള്‍ തിരിഞ്ഞുനോക്കിയില്ല. വേണുവിന്റെ മനസ്സ്‌ വേദനിച്ചു. പാവം എന്ന്‌ ആരോടൊന്നില്ലാതെ പറഞ്ഞ്‌ അയാള്‍ ഓട്ടോ മുന്നോട്ടെടുത്തു.

കടകളില്‍ ബീഡി എത്തിക്കുന്നതും ആനിക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതും പലപ്പോഴും വേണുവായിരുന്നു. ഒരു സന്ധ്യയ്ക്ക്‌, പെരുമഴയത്തായിരുന്നു വേണു ആനിയെ വീട്ടില്‍ക്കൊണ്ടാക്കിയത്‌. തെരുത്ത ബീഡികള്‍ ഉണക്കാനിട്ട്‌ അങ്ങാടിയില്‍ പോയതായിരുന്നു ആനി. നനഞ്ഞ ബീഡിക്കെട്ടുകള്‍ കൂട്ടിപ്പിടിച്ച്‌ മഴയത്തിരുന്ന്‌ കരയുന്ന അവളെ തനിച്ചാക്കി പോകാന്‍ അയാള്‍ക്ക്‌ മനസ്സുവന്നില്ല.
തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന ആനിയെ പിടിച്ച്‌ കുരക്കുള്ളില്‍ ഇരുത്തി വേണു ആശ്വസിപ്പിച്ചു. ഒരു ദുര്‍ബലയെപ്പോലെ അവള്‍ അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തിയിരുന്നു. അവള്‍ കരയുകയായിരുന്നു.

മഴതോര്‍ന്ന പുലര്‍ച്ചെ വെളിച്ചം കുളിച്ചുകിടന്ന വഴിയിലൂടെ വേണു ഓട്ടോ വീട്ടിലേക്ക്‌ ഓടിച്ചു. മഴവെള്ള പ്രവാഹം ഒഴുക്കിക്കൊണ്ടുപോയ ബീഡിക്കെട്ടുകള്‍ ചെറുചാലില്‍ ഒഴുകിനടന്നു. ചത്ത തോടിനെക്കുറിച്ച്‌ ആനി പറയാറുള്ളത്‌ വേണു ഓര്‍ത്തു. “നിനക്കവിടെയങ്ങ്‌ താമസ്സിക്കായിരുന്നില്ലെ?”” അകത്ത്‌ കടന്നുവരുന്ന മകന്റെ മുഖത്തേക്ക്‌ ചിമ്മിണിവെട്ടം നീട്ടിപ്പിടിച്ച്‌ അമ്മ ചോദിച്ചു. ആ ഒറ്റ ചോദ്യത്തില്‍ വേണു നിന്ന
ഭൂമി കുലുങ്ങി. അമ്മയെ അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ അയാള്‍ തലകുമ്പിട്ടു. അനക്കമറ്റിരുന്ന വേണുവിന്റെ ഇരുതോളിലും പിടിച്ചുകുലുക്കി അമ്മ പറഞ്ഞു. “നിനക്കുവേണ്ടി കാത്തിരുന്ന ഒരു പെണ്ണുണ്ട്‌. എന്റെ ആങ്ങളയുടെ മോള്‍ നന്ദിനി. അതിനെ നീ വിഷമിപ്പിക്കരുത്‌.”” ഒരു നിമിഷം വേണുവിന്റെ ലോകം എവിടെയോ അപ്രതൃക്ഷമായിരിക്കുന്നു. നെറ്റി ചുളിച്ച്‌ കഠിനമായി എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന
മകനെ തലോടി അമ്മ പറഞ്ഞു. “നമുക്ക്‌ ആ ബന്ധം വേണ്ട മോനെ.” വേണു തല ഉയര്‍ത്താനോ അമ്മയെ നോക്കാനോ നിന്നില്ല. പകരം ഒരു നെടുവീര്‍പ്പോടെ മുറ്റത്തേക്ക്‌ നടന്നു.

കര്‍ക്കടത്തിന്‌ മുന്‍പ്‌ ഒരു ഞായറാഴ്ചയായിരുന്നു വേണുവിന്റെയും നന്ദിനിയുടെയും വിവാഹം. നന്ദിനിയുടെ വീട്ടുകാരും ബന്ധുക്കളും വരുന്ന വഴിക്കായിരുന്നു ആളുകള്‍ മിച്ച ഭൂമിയിലേക്ക്‌ ഓടുന്നത്‌ കണ്ടത്‌. ഓടുന്നവരില്‍ ഒരുവനെ പിടിച്ചുനിര്‍ത്തി അവര്‍ കാര്യം ചോദിക്കുകയും ചെയ്തു. ബോധമറ്റുകിടക്കുന്ന വേണുവിന്റെ മുഖത്ത്‌ വെള്ളം തളിച്ചുനിന്ന നന്ദിനിയുടെ നെറ്റിയിലെ ചുളിവുകളൊന്നു പോലും നിവരുന്നുണ്ടായിരുന്നില്ല. ആനി തൂങ്ങിയ വാര്‍ത്തയറിഞ്ഞ്‌ മണ്ഡപത്തില്‍ കുഴഞ്ഞുവീണ വേണുവിന്‌ ഒന്നും കേള്‍ക്കാനോ പറയാനോ സാധിച്ചില്ല. ബോധം തെളിഞ്ഞ പാടെ അയാള്‍ എഴുന്നേറ്റ്‌ ഓടാന്‍ തുടങ്ങി.

ആനി ഗര്‍ഭിണിയായിരുന്നു എന്ന പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്‌ വായിച്ചിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റിന്റെ മുന്നിലേക്ക്‌ ഇഞ്ചത്തോപ്പിലെ സസ്പെക്റ്റ്‌ കെട്ടിത്തൂങ്ങിയെന്ന വാര്‍ത്തയുമായി കോണ്‍സ്റ്റബിള്‍ വന്നുനിന്നു. “അല്ലെങ്കിലും അവനിനി ജീവിച്ചിട്ടെന്തിനാ? സി. ഐ. കാണാതെ കറപ്പന്‍ ആഞ്ഞുതുപ്പി. അപ്പോള്‍ മാത്രം കാട്ടുനായയെപ്പോലെ ചീറിനിന്ന ഇന്‍സ്പെക്ടര്‍ ഒന്ന്‌ ശാന്തനായി. പിന്നെ പാന്റിന്റെ പോക്കറ്റില്‍ തിരുകിയ വാറണ്ട്‌ നാലായി കീറി മുകളിലേക്കെറിഞ്ഞു. പുച്ഛമടക്കി വാലൊതുക്കി നിന്ന കറപ്പനും ഒരമര്‍ഷം
കടിച്ചിറക്കി. തല്ലിയും തൊഴിച്ചും കേസുതെളിയിക്കാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ട നിരാശ
കറപ്പന്റെ മുഖത്തുണ്ടായിരുന്നു. ആനിയുടെ വീട്ടുവളപ്പില്‍ കെട്ടിയിട്ട പ്രതിയെ അഴിച്ചുകൊണ്ടുപോകുന്ന വേണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു കറപ്പന്റെ മനസ്സില്‍. എത്ര ശ്രമിച്ചിട്ടും ആ ദിവസങ്ങളില്‍ വേണുവിനെ വലയിലാക്കാന്‍ പോലീസിന്‌ സാധിച്ചില്ല. തന്നെ തടഞ്ഞ സഹപ്രവര്‍ത്തകരെ ഒരു ദേഷ്യത്തോടെ കറപ്പന്‍ നോക്കി. എല്ലാറ്റില്‍ നിന്നും അയാള്‍ക്ക്‌ മോചനം ലഭിച്ചു. കേട്ടുനിന്ന പി. സി. ദിവാകരന്‍ പതുക്കെ പറഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...