ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്

0
771

വായന
രാജീവ്‌ ചേലനാട്ട്

സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു.

ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ മറഞ്ഞുകിടക്കുകയായിരുന്നു ഇന്ന് നമ്മളറിയുന്ന ആ ശ്രമണബുദ്ധൻ. ദൈവമായി പല പല നാടുകളിൽ ആരാധിക്കപ്പെട്ടുകൊണ്ടിരുന്ന ഒരാളായിരുന്നു ഏറെക്കാലം ഗൌതമൻ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിക്കാരനായ മാർക്കോപോളോ ആണ് ആദ്യമായി ഇത്തരമൊരു ദൈവത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. പിന്നീടത് ബ്രിട്ടീഷുകാരുടെ അന്വേഷണങ്ങൾക്ക് വഴിവെച്ചു. നേപ്പാളിലും മംഗോളിയയിലും ചൈനയിലുമൊക്കെ ബുദ്ധൻ ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം ഒരു ചരിത്രപുരുഷനായിരിക്കാൻ സാധ്യതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. ഫ്രാൻസിസ് ബുക്കാനനാണ് ചരിത്രപുരുഷനായ ഒരു സന്ന്യാസിയെക്കുറിച്ച് ആദ്യം എഴുതുന്നത്. 1797-ലയിരുന്നു അത്. ബിഹാറിൽ അദ്ദേഹം നടത്തിയ സർവ്വേയിൽ ഗയയെക്കുറിച്ചും ബുദ്ധമതത്തെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു. പിന്നീട് ജെയിംസ് പ്രിൻസെപ്പും അലക്സാണ്ടർ കണ്ണിംഗ്ഹാമുമൊക്കെ ഗൌതമന്റെ വഴികൾ കണ്ടെത്തുകയും അശോകന്റെ ശാസനങ്ങൾ വീണ്ടെടുക്കുകയും ചെയ്തതോടെയാണ് ബുദ്ധന്റെ രണ്ടാം ജന്മം സാധ്യമാവുന്നത്.

ബോബി തോമസിന്റെ ശ്രമണബുദ്ധൻ എന്ന ഗംഭീരമായ പഠനത്തിൽ കല്പിതകഥകളിലെയും ചരിത്രത്തിലെയും ബുദ്ധനെ മറനീക്കി കൊണ്ടുവരുന്നുണ്ട്.

രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ള പുസ്തകത്തിന്റെ ആദ്യഭാഗത്തിൽ ബുദ്ധന്റെ ജീവിതമാണ് ഇഴകീറി പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ ജന്നവും, യാത്രകളും, അന്വേഷണപഥങ്ങളും, അവിടങ്ങളിൽവെച്ച് കണ്ടുമുട്ടിയ ഗുരുക്കന്മാരും, ആ ഗുരുക്കന്മാരുടെ പ്രപഞ്ചവീക്ഷണങ്ങളും എല്ലാം വിശദമായി പരിശോധിക്കുന്ന ആദ്യഭാഗം ബുദ്ധന്റെ മരണത്തോടെ അവസാനിക്കുന്നു.

മരണാനന്തരമുള്ള ബുദ്ധന്റെയും – ബുദ്ധന്മാരുടെയും- ബുദ്ധദർശനങ്ങളുടെയും വികാസവും ചരിത്രഗതിയുമാണ് രണ്ടാം ഭാഗത്തിലുള്ളത്. മനുഷ്യകുലത്തിന്റെ ദു:ഖത്തിന്റെ വേരുകളന്വേഷിച്ചുപോവുകയും, തന്റെ കാലത്തിന്റെ പരിമിതികളിലും അറിവിലും നിന്നുകൊണ്ട്, അവയെ അഭിമുഖീകരിച്ച് പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത ഒരു മനുഷ്യൻ, പിന്നീടിങ്ങോട്ടുള്ള ചരിത്രത്തിൽ ഏതെല്ലാം രൂപ-ദാർശനിക പരിണാമങ്ങൾക്ക് വിധേയനായി എന്നതിന്റെ സമഗ്രമായ വിവരണമാണ് പുസ്തകത്തിന്റെ ഈ രണ്ടാം ഭാഗത്തിൽ.

മാർക്സിസ്റ്റ് ചിന്തകളോട് ആഭിമുഖ്യവും അനുഭാവവും പുലർത്തുന്ന ഒരാൾ ബുദ്ധനെ സമീപിക്കുമ്പോൾ ഉണ്ടാകാനിടയുള്ള മുൻവിധികളും തീർപ്പുകളും പാടെ ഒഴിവാക്കിക്കൊണ്ടാണ് ബോബി അദ്ദേഹത്തിന്റെ ശ്രമണബുദ്ധനെ സമീപിക്കുന്നത്. ഗോതമനിൽ ഉള്ളടങ്ങിയിരുന്ന ബുദ്ധനെയും ബുദ്ധനിൽ നിലീനമായിരുന്ന ഗോതമനെയും കാണാനാണ് ബോബി ശ്രമിച്ചിട്ടുള്ളതെന്ന് തോന്നും. പുസ്തകത്തിലുടനീളം. ആ ശ്രമത്തിൽ അദ്ദേഹം ഉപയോഗിക്കുന്നതാകട്ടെ, തനിക്ക് ലഭ്യമായതും, വായിച്ചറിഞ്ഞതുമായ ബുദ്ധചരിത്രങ്ങളും കാവ്യങ്ങളും ദർശനങ്ങളുമൊക്കെയാണ്. വലിയൊരു സഞ്ചയംതന്നെ ഉപയോഗിച്ചിട്ടുണ്ട് അതിനായിട്ട്. മൂന്നോ നാലോ വർഷവും അതിനുവേണ്ടി ബോബി തോമസ് ചിലവഴിച്ചതായി നേരിട്ടറിയുകയും ചെയ്യാം. സമ്പന്നവും പലപ്പോഴും പരസ്പരവിരുദ്ധംപോലുമായ ആ വിവരങ്ങളെല്ലാം നമ്മുടെ മുൻപിൽ വെച്ചുതരിക മാത്രമാണ് ബോബിയെന്ന ഗ്രന്ഥകാരൻ ചെയ്യുന്നത്. ബുദ്ധനെക്കുറിച്ചുള്ള സന്ദേഹങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ശ്രമണബുദ്ധനെ തിരിച്ചറിയുകയും ചെയ്യേണ്ടത് നമ്മളാണെന്ന നിലപാടാണ് ബോബിയുടേത്. ക്രിസ്ത്യാനികളെക്കുറിച്ച് ബോബി എഴുതിയ പുസ്തകത്തിലും ഇതേ രീതിതന്നെയാണ് അവലംബിച്ചിരുന്നത്.

എന്നാൽ, എഴുത്തിന്റെയും എഴുത്തുകാരന്റെയും രാഷ്ട്രീയം പരോക്ഷമായും, സൂക്ഷ്മമായും ഇടയ്ക്കിടെ തെളിയുന്ന ചില സന്ദർഭങ്ങളും പുസ്തകത്തിൽ കാണാം. അംബേദ്ക്കറിന്റെ ബുദ്ധനെക്കുറിച്ച് പറയുന്ന ഭാഗത്തെ ഒരു വരി പ്രത്യേകം ശ്രദ്ധിക്കുക.
“ആരായിരുന്നു ബുദ്ധൻ എന്നത് അംബേദ്ക്കർക്ക് വ്യക്തമായിരുന്നു. മതങ്ങളുടെയെല്ലാം ലക്ഷ്യം ലോകത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കലാണെങ്കിൽ ബുദ്ധധർമ്മത്തിന്റെ ലക്ഷ്യം ലോകത്തെ പുതുക്കിപ്പണിയലാണെന്നും അംബേദ്ക്കർ മനസ്സിലാക്കി”.

പറയുന്നത് അംബേദ്ക്കറെക്കുറിച്ചാണെന്നേ തോന്നൂ. ആണെന്ന് പറഞ്ഞാൽ തെറ്റില്ലതാനും. പക്ഷേ, ഗ്രന്ഥകാരന്റെ രാഷ്ട്രീയംകൂടിയാണ് അതിൽ തെളിയുന്നത് എന്ന് വായിക്കുന്നവനും വായിച്ചെടുക്കാവുന്ന പഴുതുകൾ ശ്രമണബുദ്ധന്റെ ചരിത്രകാരൻ ബാക്കിവെക്കുന്നുണ്ട്. അവിടവിടെയായി.

ഈ പുസ്തകത്തിന്റെ എഴുത്ത് ബോബി തോമസ് പൂർത്തിയാക്കുന്നത്, ബുദ്ധപഥത്തിലൂടെ രണ്ടാഴ്ചയോളം നടത്തിയ യാത്രയിലൂടെയായിരുന്നു. ലുംബിനി മുതൽ കുശിനഗരംവരെ നീണ്ടുകിടക്കുന്ന ആ ചരിത്രജീവിതരഥ്യകൾ നേരിട്ട് കാണാൻ ബിഹാറിലും ഉത്തരപ്രദേശിലും നടത്തിയ ആ യാത്രയിൽ കൂടെയുണ്ടായിരുന്ന ഒരാൾ എന്ന നിലയ്ക്ക് ബുദ്ധനെ അറിയാൻ ഗ്രന്ഥകാരൻ നടത്തിയ വൈകാരികവും ചരിത്രപരവുമായ കഠിനയത്നം നന്നായറിയുകയും ചെയ്യാം. ബുദ്ധപഠനം ഏറ്റെടുത്തതുമുതൽ, ഗ്രന്ഥകാരനെയും ബുദ്ധൻ സാരമായി സ്വാധീനിച്ചിരുന്നു. തന്റെ അതുവരെയുള്ള നിലപാടുകളെയൊക്കെ പുതിയൊരു വെളിച്ചത്തിൽ കാണാനുള്ള ബോധപൂർവ്വമായ ഒരു ശ്രമവും അതോടെ ബോബി നടത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഗോതമനെപ്പോലെ, വിവിധ പരിണാമങ്ങളിലൂടെയാണ് ബോബി തോമസിന്റെയും ജീവിതസഞ്ചാരം. അത് കൂടുതൽ വ്യക്തമാക്കുന്നതാണ് ഈയടുത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥാപരമായ കുറിപ്പുകളടങ്ങിയ ‘ജന്മാന്തരങ്ങൾ’ എന്ന പുസ്തകം (സൈൻ ബുക്ക്സ്).

ചരിത്രത്തിലെ ബുദ്ധനെ സമഗ്രമായി അറിയാൻ സഹായിക്കാൻ ശ്രമണബുദ്ധൻ സഹായിക്കും. എന്തുകൊണ്ട് ബുദ്ധനെ വായിക്കണം, അറിയണം എന്ന ചോദ്യത്തിന് നമുക്ക് കിട്ടുന്ന ഒരു ഉത്തരം, പുസ്തകത്തിന്റെ അവസാനഭാഗത്തുണ്ട്.

“ചോദ്യങ്ങൾ ചോദിച്ചും ഭയരഹിതമായ ഉത്തരങ്ങളിലേക്ക് എത്തിച്ചേർന്നും ലോകത്തോട് സംവദിച്ചുകൊണ്ടിരുന്ന ശ്രമണനായിരുന്നു ബുദ്ധൻ…ശ്രമണൻ എന്ന വാക്കിൽ ആധുനികകാലത്തെയും ഉൾക്കൊള്ളുന്ന കുറേയേറെ അർത്ഥങ്ങൾ പ്രതിദ്ധ്വനിക്കുന്നുണ്ട്. ബഹുസ്വരതയുടേതായൊരു ഭൂതകാലത്തെ അത് ഓർമ്മിപ്പിക്കുന്നുണ്ട്. ഇന്ത്യ എന്ന ആശയത്തെ അത് വികസ്വരമാക്കുകയാണ് ചെയ്യുന്നത്”.

ബഹുസ്വരതയുടെയും ശ്രമണപാരമ്പര്യത്തിന്റെയും ഭൂതകാലത്തെ ഓർക്കുന്നതിന് മാത്രമല്ല, അതിനെ വീണ്ടെടുക്കുന്നതിനുകൂടി ഈ പുസ്തകം സഹായകമായിരിക്കും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here