കണ്ണാന്തളിയും വയലറ്റ് കുറുക്കും

5
826

അനുഭവകുറിപ്പ്
അജേഷ് .പി

2010 – 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട് തണ്ണീർക്കോട് വഴി തിരിഞ്ഞ് പോകുന്ന പ്രയാഗ ബസ്സിൻ്റെ സൈഡ് സീറ്റ് എന്നും എനിക്കുള്ളതായിരുന്നു. കഥകളും, കവിതകളും, രാഷ്ട്രീയവും ഞങ്ങൾ ഓരോ സ്റ്റോപ്പിലും കൊഴിച്ചിടും. പടിഞ്ഞാറങ്ങാടിയിൽ നിന്ന് പറക്കുളം കുന്ന് കയറാൻ ജീപ്പോ, ഓട്ടോയോ ആളുകളെ കാത്തു നിൽപ്പുണ്ടാവും. കുന്നിൻ്റെ വിശാലതയിലേക്ക് വണ്ടിയിരമ്പുമ്പോൾ, പറക്കുളംക്കുന്ന് മുറിച്ചുകടന്ന് പുന്നയൂർകുളത്തേക്കും, കുമരനെല്ലൂരിലേക്കും വഴി നടന്നു പോയ എം.ടിയെ കുറിച്ച് വാതോരാതെ സംസാരിക്കും. കണ്ണാന്തളിപ്പൂക്കളെ കുറിച്ച് അത്ഭുതം
കൂറും.

പറക്കുളം ഹെൽത്ത് സെൻററും പിന്നിട്ട് കുന്നിൻ്റെ വിശാലതയിൽ സ്ഥിതി ചെയ്യുന്ന തൃത്താല മോഡൽ റസിഡൻഷ്യൽ സ്കൂളിൻ്റെ ഗേറ്റു കടക്കും.

കൗതുകങ്ങൾ മുഖത്തൊളിപ്പിച്ച കുറേ കുട്ടികളവിടെ അധ്യാപകരെ കാത്തിരിപ്പുണ്ടാവും. ഹയർ സെക്കൻററി വിഭാഗത്തിലെ താത്കാലിക മലയാളം അധ്യാപകനായിരുന്നു ഞാനന്ന്. ഒന്നാം വർഷക്കാരും രണ്ടാം വർഷക്കാരുമായി എഴുപത് കുട്ടികൾ,
അധ്യാപകരായി കൂടെ ഷൈല ടീച്ചർ, ജയശ്രീ ടീച്ചർ, സാബുസാർ, കുട്ടിഹസ്സൻ മാഷ്, ബിന്ദു ടീച്ചർ, സിസ ടീച്ചർ, അനില, സിന്ധു ടീച്ചർ, ജ്യോതി…പ്രിയപ്പെട്ട അനേകം പേർ, മനസ്സുനിറഞ്ഞ് ജോലി ചെയ്ത നാളുകൾ.

ഒന്നാം വർഷം മലയാളം പാഠപുസ്തകത്തിൽ ഏറെ ഇഷ്ടപ്പെട്ട കൃതികൾ. ആദ്യ കവിത “കുറ്റിപ്പുറം പാലം”. പറക്കുളത്തിന് വളരെയടുത്ത്, പലരു കണ്ട പ്രിയപ്പെട്ട നിള, കുറ്റിപ്പുറംപാലം, നാട്ടുവഴികൾ, അന്തിമഹാകാളൻകുന്ന്.

അതിനു ശേഷമാണ് “കണ്ണാന്തളിപ്പൂക്കളുടെ കാലം” എം ടി.യുടെ മനോഹരമായ ഓർമ്മക്കുറിപ്പ്. താനിക്കുന്നു മുതൽ പറക്കുളം കുന്നുവരെ വിരിഞ്ഞു നിന്നിരുന്ന കണ്ണാന്തളിപ്പൂക്കൾ; പുനെല്ലിൻ്റെ നിറവും ഗന്ധവമുള്ള പൂക്കൾ.

കാലങ്ങൾക്കു മുമ്പ് നിറയെ കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞുനിന്ന കുന്ന്. ഇന്നാ ചെടി അപൂർവമായി കണ്ടാലായി. കാലങ്ങൾക്കു ശേഷം പാറയിടുക്കിൽ നിന്ന് കണ്ടെത്തിയ മൂന്ന് കണ്ണാന്തളി ചെടികൾ ഒരു വീട്ടിലെ ചട്ടിയിൽ പറിച്ചു നട്ടത് കാണാൻ ഒരിക്കൽ പോയ സന്ദർഭവും ഓർമ്മിക്കുന്നുണ്ട് ഈ കൃതിയിൽ എം ടി.

ആ കുന്നിൻ്റെ വിശാലതയിൽ നിന്ന് പാഠഭാഗം ആവേശത്തോടെ അവതരിപ്പിച്ചതിനു ശേഷമാണ്, അതെ ആവേശത്തോടെ
പ്രവർത്തനങ്ങളിലേക്കും കടന്നത്. എം ടി.യുടെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും ഓണത്തിന് മാത്രം കിട്ടിയ കരയുള്ള മുണ്ട്, പുനെല്ലിൻ്റെ ചോറ്, കണ്ണാന്തളിയും തുമ്പയും ചന്തം ചാർത്തിയ പൂക്കളങ്ങൾ…. വേനലവധിക്ക് അച്ഛൻ്റെ വീട്ടിലേക്ക്;
പുന്നയൂർകുളത്തേക്കുള്ള യാത്ര, കണ്ണാന്തളികൾ പുത്തു നിൽക്കുന്ന പറക്കുളം കുന്നിറങ്ങി കുമരനെല്ലൂർ സ്കൂളിലേക്കുള്ള യാത്രകൾ,
ഗൃഹാതുരത്വം നിറച്ചു വെച്ച അക്ഷരക്കൂട്ടങ്ങൾ .

അന്ന് അവരവരുടെ ഓണാനുഭവങ്ങൾ ക്ലാസിലവതരിപ്പിക്കാൻ ഓരോരുത്തർക്കും അവസരം നൽകി. ഓരോ കുട്ടിയും അവരുടെ മനോഹരമായ ഓണക്കാലം ഓർത്തെടുക്കുന്നു.

ഓണക്കോടികളെടുത്തത്, പൂക്കൾ തേടി കുന്നുകയറിയത്, ചന്തമുള്ള പൂക്കളം തീർത്തത്, വിരുന്ന് പോയത്, വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചത്, ഓണക്കളികൾ കളിച്ചത്, ഓണത്തിന് വിനോദയാത്ര പോയത്…

അങ്ങനെ അനുഭവം പറച്ചിലുകളിൽ മാധുര്യം നിറയുമ്പോഴാണ് ഒരു വിളി.

മാഷേ….
ഇനി ഞാൻ പറയാം

എല്ലായ്പ്പോഴും ചിരിച്ച് സംസാരിക്കുന്ന രഞ്ജിനി (പേര് യഥാർത്ഥമല്ല). ക്ലാസിൽ ചർച്ചയിൽ നന്നായി ഇടപെടുന്നവൾ, നാടൻപാട്ടു പാടുന്നവൾ.

എൻ്റെടുത്ത് വന്ന് ക്ലാസിനിഭമുഖമായി നിന്ന് അവൾ പറഞ്ഞു തുടങ്ങി,

നിങ്ങളിൽ മിക്കയാളുകളും
ഓണം നന്നായി ആഘോഷിച്ചൂലെ…

സന്തോഷം!
അവൾ പുഞ്ചിരിച്ചു

ഇനി ഞാനെൻ്റെ
അല്ല,
ഞങ്ങളുടെ ഊരിലെ ഓണക്കഥ പറയാം.

ഞാനും മറ്റുള്ളവരും അവളുടെ അട്ടപ്പാടിയിലെ ഓണക്കാലം കേൾക്കാൻ ആകാംക്ഷയോടെ അവളെ നോക്കി.
ഞങ്ങളുടെ ഓണം വിഭവസമൃദ്ധമല്ലായിരുന്നു.

വയലറ്റ് നിറത്തിലുള്ള ഒരു പൊടിയായിരുന്നു ഈ ഓണക്കാലത്ത് ഞങ്ങളുടെ പ്രധാന ഭക്ഷണം. ഉപ്പു മാത്രമിട്ട് തിളപ്പിച്ച് കുറുക്കാക്കി കഴിക്കും.

നിങ്ങളിൽ പലരും അത് കഴിച്ചിട്ടുണ്ടാവില്ല.
ഇവിടത്തെ പോലെ രുചിയുള്ള ഓണസദ്യയൊന്നും ഞങ്ങൾക്ക് കിട്ടിയില്ല.
ഊരിൽ ആർക്കും പണിയില്ല, പൈസയില്ല.
വിശപ്പു മാറ്റാൻ ആകെയുള്ളത് ഈ പൊടി മാത്രം.
രുചിയൊന്നുമില്ലെങ്കിലും ഞങ്ങളത് സന്തോഷത്തോടെ കഴിച്ചു.
അതിനിടയിൽ ഈരിലേക്ക് ഏതോ വലിയ നേതാക്കളൊക്കെ വന്നു.

ആ സമയത്ത് ഞാനും ഒരു ചേച്ചിയും കുട്ടികളെ കൂട്ടി ഈ പൊടി അവരുടെ മുൻപിൽ
കൊണ്ടു ചെന്നു വെയ്ക്കാൻ ഒരുങ്ങിയതാ.

അപ്പോൾ ഊരിലെ മൂത്തയാളുകൾ ഞങ്ങളെ തടഞ്ഞു,
“അവരൊക്കെ പെരിയ ആളുകളാണ് അങ്ങനെ ചെയ്തു കൂടാന്ന്”.

പത്തു ദിവസങ്ങൾ
അരപ്പട്ടിണി,
വയലറ്റു പൊടി.

ഇതാണ് എൻ്റെ ഓണാഘോഷം,
എൻ്റെ മാത്രമല്ല നമ്മുടെ സ്കൂളിലെ പല കുട്ടികളുടെയും.

ചിരിച്ചു കൊണ്ടു തന്നെ അവൾ കണ്ണു തുടച്ച് സീറ്റിലേക്ക് നടന്നു.

ക്ലാസ് മുറിയാകെ സങ്കടപ്പുഴയായി.
ഓണക്കാലത്ത് കണ്ണാന്തളി പൂത്ത പറക്കുളം കുന്നിൽ നിന്ന് വിഭവസമൃദ്ധമായ ഒരോണം ഒലിച്ചുപോകുന്നു.

എൻ്റെ തൊണ്ടയിൽ വലിയൊരു തടസ്സം, അക്ഷരങ്ങൾ പുറത്തേക്ക് വരുന്നില്ല.
പാഠപുസ്തകം പിടിച്ച് നിശബ്ദനായി ക്ലാസ് മുറി വിട്ടറങ്ങി, കുട്ടികളറിയാതെ കണ്ണു തുടച്ചു.

പിറകിൽ നിന്നൊരു വിളി
മാഷേ….

നമ്മുടെ സന്തോഷം ഈ എം.ആർ.എസും ഇവിടുള്ളവരുമാണ് ഇവിടെ വന്നാണ് രുചിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയത്.
ഞാനവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

അനുഭവങ്ങളിൽ തീ സൂക്ഷിക്കുന്നവർക്കു മുൻപിൽ ആഘോഷങ്ങൾക്കെന്ത് പ്രസക്തി,
എന്ത് ഗൃഹാതുരത…?

വർത്തമാനകാലത്തും അട്ടപ്പാടിയിലും മറ്റും ആദിവാസി വിഭാഗത്തിൽ പെടുന്നവർ പോഷകാഹാര കുറവുകൊണ്ടും പട്ടിണി കൊണ്ടും ബുദ്ധിമുട്ടുന്നു, മരിച്ചു വീഴുന്നു. ഓരോ വാർത്ത കാണുമ്പോഴും രഞ്ജിനിമാർ മനസ്സിൽ വരുന്നു.
പുറത്തുചാടാൻ കഴിയാത്ത വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു..

*രഞ്ജിനി (യഥാർത്ഥ പേരല്ല)

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

5 COMMENTS

  1. അജേഷേട്ടൻ
    ഓർമ്മകൾക്ക് എന്ത് മധുരം നിറഞ്ഞ കയ്പിന്റെ തിളക്കമാണ്????????????????????
    കെ.സി

  2. വരികളിൽ നിന്നെടുത്ത നിൻ്റെ അനുഭവം കണ്ഠത്തിൽ ഭാരമായി കണ്ണ് നനയുമ്പോഴും…

    പ്രിയപ്പെട്ടവൻ്റെ എഴുത്തിൻ്റെ തെളിച്ചം സന്തോഷം പകരുന്നു

  3. ഓർമ്മകൾ … വളരെ മനോഹരമായി വരച്ചു കാണിച്ചിരുന്നു… അജേഷേട്ടന്റെ എല്ലാ രചനകളും…. വായിക്കാറുണ്ട് സന്തോഷം……. ????????????????????????????????????????????????????????????????????????????

LEAVE A REPLY

Please enter your comment!
Please enter your name here