HomeTHE ARTERIASEQUEL 43സെലിബ്രേഷൻ

സെലിബ്രേഷൻ

Published on

spot_imgspot_img

കഥ
രജീഷ് ഒളവിലം

ഓഫീസിൽ നിന്നും ഇറങ്ങുമ്പോ ഓർമ്മയുണ്ടായിരുന്നതാണ്. അതിനിടക്ക് കൂൾ കഫേയിൽ കയറി ഐസ് ക്രീമും ഡെസേർട്ടും വാങ്ങുന്ന തിരക്കിൽ വിട്ടുപോയി എന്നതാണ് വാസ്തവം. ഇതിപ്പോ അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിനടുത്ത് എത്തിയപ്പോഴെങ്കിലും  ഓർമ്മവന്നത് നന്നായി അല്ലെങ്കിൽ വാക്ക് പാലിക്കാത്ത അമ്മയോട് ഗീതു മനസ്സുകൊണ്ടെങ്കിലും പരിഭവിച്ചേനെ.

ലീവുവേണമെന്ന് കുമാറിനോട് ആദ്യമേ പറഞ്ഞിരുന്നതാണ്. എന്നിട്ടിപ്പൊ സമയമായപ്പോ കീർത്തന തന്നെ പാർട്ടിയെ അറ്റൻഡ് ചെയ്താൽ മതിയെന്നും പറഞ്ഞ് മൂപ്പര് സ്വയം ലീവെടുത്ത് മുങ്ങി. സമർഥയായ ഒരു ജീവനക്കാരിക്കു കിട്ടുന്ന അംഗീകാരമാണ് തനിക്ക് കിട്ടിയ ഈ അവസരമെന്നും, മറ്റുള്ളവർ ഇങ്ങനൊരു അവസരത്തിനായി കാലങ്ങളായി കാത്തിരിക്കുന്നുണ്ട് എന്നും ഒരു പ്രൊഫെഷണൽ ലേഡി എന്നനിലയ്ക്ക് അറിയാഞ്ഞിട്ടല്ല എന്നിരുന്നാലും സ്വന്തം മോളേക്കാൾ വലുതല്ലാലോ ഒരു അംഗീകാരവും.  ജീവിതത്തിന്റെ വിരസതയിൽ ജോലി വലിയൊരു ആശ്വാസമാണെങ്കിലും ഇങ്ങനുള്ള സന്ദർഭങ്ങളിലാണ് ഓഫിസിനോടും ജോലിയോടും വെറുപ്പ് തോന്നുന്നത്. പിന്നെ ഉത്തരവാദിത്വമുള്ള പോസ്റ്റിൽ ഇരിക്കുമ്പോ വല്ലപ്പോഴുമുള്ള ഈ ബുദ്ധിമുട്ടുകളെ കണ്ടില്ലാന്ന് നടിക്കാതിരിക്കാനും പറ്റില്ല.  

ഗീതുവിന് ഇന്ന് രാത്രിയോടെ പതിനെട്ട് വയസ്സ് തികയും എന്നത് കീർത്തനയ്ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. റെയിൽപാലത്തിന് മുകളിലൂടെ പോവുന്ന തീവണ്ടി പോലെയാണ് കാലം,  നോക്കിനോക്കിയിരിക്കെ ബോഗികൾ ഓരോന്നായി കൺവെട്ടത്തുനിന്നും മാഞ്ഞുമാഞ്ഞില്ലാതാവും. താഴെ ജലപ്പരപ്പിൽ നിഴലുപോലും അവശേഷിപ്പിക്കാതെ ഓടിമറയും. പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ആസ്‌മാക്കാരിയായ പൊടിക്കുഞ്ഞിനെയും തോളിൽ തട്ടി ഈ മഹാ നഗരത്തിൽ വന്നിറങ്ങിയ ആ ദിവസവും, പേയിങ് ഗസ്റ്റായി  നിന്ന  തമിഴ് കുടുംബവും തന്റെ ജോലി സമയങ്ങളിൽ ഗീതുവിന് അമ്മയായ്‌ മാറിയ മാനസി അക്കയും  മാറാല കേറിയ ആൽബത്തിലെ നിറം മങ്ങിയ ചിത്രങ്ങൾ കണക്കെ അവളുടെ കണ്മുന്നിലൂടെ മിന്നിമറഞ്ഞു. നാട്ടിൻപുറത്തുകാരിയാണെന്ന് മനസ്സിലാക്കി മുതലെടുക്കാൻ പിന്നാലെ കൂടുന്നവരെ ഒതുക്കുക എന്ന ഉദ്ദേശത്തോടെയാണ് മോഡേൺ ജീവിതത്തെ ചേർത്തു പിടിച്ചത്. ഏറെക്കുറെ അത് പ്രാവർത്തികമായെങ്കിലും കാലഭേദമന്യേ  പെണ്ണ് എന്തായിരിക്കണം എന്നുള്ള സാമൂഹിക ഫ്യൂഡൽ  മനോഭാവങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച കുറെയേറെ നാളുകൾ സ്വീകരണമുറിയിലെ കലണ്ടറിൽനിന്നും പൊഴിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു. മാനസികമായും ശാരീരികമായും എത്ര വേദനിച്ചിരിക്കുന്നു, ജോലിയിലും ജീവിതത്തിലും എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിരിക്കുന്നു. എത്രയെത്ര കഠിനമായ സാഹചര്യങ്ങൾ തരണം ചെയ്തിരിക്കുന്നു. തുടക്കത്തിൽ എല്ലാം ഗീതുവിന് വേണ്ടിയല്ലേ എന്ന ക്ളീഷേ ചിന്ത ഉണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ അതൊക്കെയും താൻ തനിക്ക് വേണ്ടി തന്നെയാണ് ചെയ്തത് എന്ന തിരിച്ചറിവുണ്ടായതോടെ എല്ലാം സുന്ദരമായി. കാലിൽ ചങ്ങലക്കുരുക്കില്ലാത്ത ഈ ജീവിതം

എത്ര മനോഹരമാണെന്നു ഗീതുവിനെയും പറഞ്ഞു ബോധ്യപ്പെടുത്തികൊടുക്കണം. ആവർത്തിക്കപ്പെടുന്ന കീഴ്വഴക്കങ്ങളിൽ നിന്നും അവളെയെങ്കിലും മോചിതയാക്കണം. ജീവിതം ഹൈഡ്രജൻ ബലൂൺ പോലെ ഒഴുകിപ്പറന്ന് ഉയരങ്ങൾ തൊടാനുള്ളതാണെന്ന് അവൾക്ക് കാണിച്ചു കൊടുക്കണം. ചിറകുവിരിക്കാൻ കഴിയാത്ത കൂടുകളല്ല, മറിച്ച് അനന്തതയെ വലയംചെയ്യുന്ന ആകാശമാണ് പറക്കാൻ ഉചിതമെന്ന് സ്വയം അറിയാൻ പറയണം.

നീളൻ ഹോണും മുഴക്കി കടന്നുപോയ ചരക്കുലോറി അവളെ ചിന്തകളിൽ നിന്നും ഉണർത്തി. അവൾ സീറ്റിലേക്ക് ഒന്നൂടെ നിവർന്നിരുന്നു ഡാഷ് ഡ്രോയറിൽ നിന്നും ഒരു ച്യൂയിങ്ഗം എടുത്ത് വായിലേക്കിട്ടു. പുകവലിക്കണമെന്ന് വല്ലാതെ തോന്നുമ്പോഴാണ് പൊതുവെ ചൂയിംഗത്തിൽ അഭയം പ്രാപിക്കാറുള്ളത്.

“മോൾക്ക് ആസ്ത്മ കാരണമാണ് ശ്വാസതടസ്സം,  അമ്മക്ക് സിഗരറ്റ് കാരണവും. അസ്ത്മയ്ക്ക് ചികിത്സയുണ്ട് എന്നാൽ സിഗരറ്റിനു അതില്ല. അതോണ്ട് നിങ്ങടെ ജീവൻ വേണേൽ നിങ്ങക്ക് സ്വയം സംരക്ഷിക്കാം”

വലിക്കണം എന്ന് തോന്നുമ്പോ എക്സറേ റിപ്പോർട്ട് നോക്കി ഡോക്ടർ കോശി  പറഞ്ഞത് അവൾ ഓർക്കും പിന്നെ നേരെയൊരു ചൂയിയിംഗം എടുത്ത് വായിലിടും. 

അവൾ സ്റ്റിയറിങ് മുറുകെ പിടിച്ച് ആക്സിലേറ്ററിൽ ആഞ്ഞുചവുട്ടി. 

ഷോപ്പിംഗ് മാൾ ലക്ഷ്യമാക്കി  ഇരുട്ടിൽ ഒരു മിന്നാമിനുങ്ങു പോലെ കീർത്തനയുടെ കൊച്ചു വണ്ടി കുതിച്ചു.   

കാലാവസ്ഥ കാരണമാവണം സമയം അത്രയധികമായില്ലെങ്കിലും ഇരുട്ട് നന്നേ പരന്നിരിക്കുന്നു, കോച്ചുന്ന തണുപ്പിൽ കിളികൾ പോലും നേരത്തെ കൂടണഞ്ഞിരിക്കുന്നു. തെറ്റിപ്പിരിഞ്ഞ ഉറുമ്പിൻ കൂട്ടംപോലെ അവിടിവിടായി ചില വണ്ടികൾ മാത്രം കാണാം.  കിട്ടിയ ഒരിടത്ത്  കാർ പാർക്ക് ചെയ്തിട്ട് അവൾ സൂപ്പർമാർക്കറ്റിലേക്ക് ഓടിക്കയറി.   കടയിൽ തിരക്ക് നന്നേ കുറവാണ്. ഒരാളെപോലും അവിടെങ്ങും കാണാനേയില്ല ഒരു റൌണ്ട് കടയിലൂടെ നടന്നിട്ടും തിരഞ്ഞു വന്ന സാധനം കിട്ടാതായപ്പോൾ മുന്നിലൂടെ കടന്നുപോയ ഒരു  സ്റ്റാഫിനെ അടുത്തുവിളിച്ചു.

“ഈ കോണ്ടം കിട്ടുന്ന സ്ഥലം ഒന്ന് കാണിച്ചു തരാമോ” 

അയാൾ കീർത്തനയെ ചൂഴ്ന്നു നോക്കിക്കൊണ്ട് വലത് വശത്തേക്ക് കൈ ചുണ്ടി ” കോസ്മെറ്റിക് ഏറിയയിൽ അവസാനത്തെ ഷെൽഫിൽ കിട്ടും മാഡം”

സ്ട്രോബറിയാണ് തന്റെ ഇഷ്ട്ട ഫ്ലേവർ പക്ഷെ ഗീതുവിന് അതിഷ്ട്ടമാവുമോ എന്നറിയില്ല. പൊതുവെ തന്റേതിനോട് സമാനമായ ഇഷ്ട്ടങ്ങൾ തന്നെയാണല്ലോ ഗീതുവിന്റേതും. ഷെൽഫിൽ നിരത്തിവച്ചിരിക്കുന്ന വിവിധതരം ഫ്ലേവറുകളിലേക്ക് നോക്കി അവൾ ഒന്ന് ചിന്തിച്ചു നിന്നു. അവസാനം സ്ട്രോബറി തന്നെ രണ്ടുമൂന്ന് സെറ്റ് എടുത്ത് സ്റ്റാഫിനോട് അതൊന്ന് ഗിഫ്റ്റ് റാപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. 

‘ഹാപ്പി ബർത്ത് ഡേ ഗീതുമോൾ’  ഗിഫ്റ്റിന് മുകളിലെ നെയിം സ്ലിപ്പിൽ അവൾ വടിവൊത്ത അക്ഷരത്തിൽ പിറന്നാൾ ആശംസകൾ കുറിച്ചിട്ടു. പേനത്തുമ്പിൽ നിന്നും ചാടിയിറങ്ങിയ അക്ഷരങ്ങൾ അവളെനോക്കി നൃത്തം ചവുട്ടി.

“മാഡം പിറന്നാളിന് ആരെങ്കിലും ഇതൊക്കെ സമ്മാനം കൊടുക്കുമോ”

ഊശാൻ താടിയും തടവിക്കൊണ്ടു കാഷ്യറുടെ വക അടുത്ത ചോദ്യം.

“എന്റെ മോൾക്കാണെടോ, അവൾക്കിപ്പൊ ലോലിപ്പോപ്പിന്റെയും ബാർബി ഡോളിന്റെയും പ്രായം കഴിഞ്ഞു. ഞാനല്ലാതെ താൻ വാങ്ങിക്കൊടുക്കുമോ അവൾക്കിത്” 

അവൾ തിടുക്കത്തിൽ കൗണ്ടർ വിട്ടിറങ്ങി കാർ ലക്ഷ്യമാക്കി നടന്നു.

കുമാർ തുടരെ തുടരെ വിളിക്കുന്നുണ്ട്, ഇപ്പൊ തന്നെ പതിനാല് മിസ്സ്ഡ് കോൾ ആയി ഫോണിന്റെ സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ കാണിക്കുന്നു. തലശ്ശേരിക്കാരി നഫീസയും പാലക്കാടൻ പട്ടര് സുബ്രഹ്മണ്യനും.  ആറുമണിക്ക് തന്നെ അപ്പാർട്ട്‌മെന്റിൽ എത്തിയിട്ടുണ്ട്. തന്റെ ടീമിലെ ചുറുചുറുക്കുള്ള രണ്ട് സഹപ്രവർത്തകർ എന്നതിനപ്പുറം തന്റെ ജീവിതത്തിലെ സുഖത്തിലും ദുഃഖത്തിലും ഒരേപോലെ കൂടെനിൽക്കുന്ന ചങ്ക് കൂട്ടുകാരും കൂടിയാണ് ആ തലതെറിച്ച പ്രണയജോഡികൾ. ഇന്നത്തെ പാർട്ടിയുടെ ചീഫ് ഗെസ്റ്റ് റോഷനും അവിടെ എത്തിയിട്ടുണ്ടെന്ന് ഗീതുവിന്റെ മെസേജിലൂടെ കീർത്തന അറിഞ്ഞു. സെലിബ്രേഷൻ പാർട്ടി സ്പോൺസർ ചെയ്തിരിക്കുന്നത് കുമാർ ആണെങ്കിലും എല്ലാം ഓടിനടന്ന് ഒരുക്കി കൂട്ടിയത് കീർത്തന ഒറ്റയ്ക്ക് തന്നെയാണ്. 

“താനെവിടെയാടോ, തനിക്ക് ഫോൺ എടുത്ത് കാര്യം പറഞ്ഞൂടെ”

അത്രയും സമയം അവൾ പ്രതികരിക്കാതിരുന്നതിന്റെ ദേഷ്യം കുമാറിന്റെ ശബ്ദത്തിൽ പ്രകടമായിരുന്നു. കീർത്തനയുടെ രണ്ടാമത്തെ ലിവിങ് ടുഗെതർ പങ്കാളിയാണ് കുമാർ.  ‘തന്റേതായ  കാരണത്താൽ’ മുൻ വിവാഹബന്ധം വേർപെടുത്തി ബാച്ചിലറായി കഴിയുന്ന കുമാറാണ് കീർത്തന ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഇൻചാർജ്. ഗീതുവിന്റെ അനുവാദത്തോടെ തന്നെയാണ് ഇരുവരും ഒന്നിച്ചതെങ്കിലും കുമാർ ഇപ്പോഴും താമസിക്കുന്നത് അയാളുടെ സ്വന്തം ഫ്‌ളാറ്റിൽ തന്നെയാണ്.

“ചൂടാവല്ലേ മാഷേ ഞാനൊരു കോണ്ടം വാങ്ങാൻ പോയതാണ്, ദാ ഇപ്പൊ അഞ്ചുമിനുട്ടുകൊണ്ട് ഞാൻ അപ്പാർട്ട്‌മെന്റിൽ എത്തും” സരസമായൊരു മറുപടിയും കൊടുത്ത് അവൾ ഫോൺ കട്ടാക്കി.  ഡാഷ് ബോർഡിന് മുകളിലെ കുഞ്ഞു ഫോട്ടോ ഫ്രയിമിനുള്ളിലിരുന്ന് ഗീതു അവളെനോക്കി ചിരിച്ചു. മുന്നിലെ ചില്ലിൽ വൈപ്പർ കാലുകൾ ഓടിനടന്ന് മഞ്ഞുതുള്ളികളെ തൂത്തുകൊണ്ടിരുന്നു. 

രണ്ടു ദിവസം മുമ്പ് ചെസ്സ് കളിച്ചോണ്ടിരിക്കുമ്പോഴാണ് പിറന്നാളിനെക്കുറിച്ചും ആഘോഷത്തെക്കുറിച്ചും അവർക്കിടയിൽ ചർച്ച ഉണ്ടായത്.  മിക്ക ദിവസങ്ങളിലും രാത്രിഭക്ഷണത്തിന് ശേഷം അമ്മയും മകളും അന്നേദിവസത്തെ വിശേഷങ്ങളും പറഞ്ഞ്  മുറ്റത്തൂടെ ഇത്തിരി നേരം നടത്തം പതിവാണ്.  അതും കഴിഞ്ഞ് നല്ല മൂഡിൽ ആണെങ്കിൽ കുറച്ചു നേരം ചെസ്സ് കളിക്കാൻ ഇരിക്കും. 

ഗീതുവിന്റെ പതിനെട്ടാം പിറന്നാളിന് അവൾ എന്ത് ആവശ്യപ്പെട്ടാലും സാധിച്ചുകൊടുക്കുമെന്ന് വാക്ക് കൊടുത്തത് കീർത്തന തന്നെയായിരുന്നു.

“Can I have sex with my boyfriend”?

ഗീതു ആവശ്യപ്പെട്ടതാവട്ടെ അവളുടെ ഒരു ചോദ്യത്തിനുള്ള ഉത്തരവും. റോഷൻ എന്ന ചെറുപ്പക്കാരനുമായി കഴിഞ്ഞ രണ്ടു വർഷമായി ഗീതു പ്രണയത്തിലാണെന്ന്  കീർത്തനയ്ക്ക് അറിയാമെങ്കിലും ഇങ്ങനൊരു ചോദ്യം അവളിലെ അമ്മ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.  

വർഷങ്ങൾക്ക്മുമ്പ് പത്തായപ്പുരയുടെ ഇടനാഴിയിൽ വച്ച് ജാനകിയമ്മായിയുടെ മകൻ സുമേഷേട്ടൻ ഒരുമ്മവച്ചതിന്റെ പേരിൽ രണ്ടുദിവസത്തോളം മുറിക്കകത്തടച്ചിട്ട് പട്ടിണിക്കിട്ട തന്റെ അമ്മയുടെ മുഖമാണ് അവൾക്ക് ഓർമ്മവന്നത്. ആ ഒരു ഉമ്മയാണ് സുമേഷേട്ടനുമൊത്തുള്ള കല്യാണംവരെ കാര്യങ്ങൾ എത്തിച്ചത്. ഒടുവിൽ തന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യംചെയ്ത മാതാപിതാക്കളോടുള്ള പ്രതിഷേധമെന്നോണം സുമേഷേട്ടനെ മാത്രമേ  കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ച് ഒറ്റക്കാലിൽ സമരം തുടങ്ങി. അങ്ങനെ ആ ചരിത്ര സമരത്തിന് മുന്നിൽ മുട്ടുമടക്കിയ അമ്മയും അച്ഛനും അന്നുതൊട്ടിന്നേവരെ തന്നോട് മിണ്ടിയിട്ടില്ലയെന്നും അവൾ സങ്കടത്തോടെ ഓർത്തു. അവൾക്കപ്പൊ ഒന്നരവർഷം മാത്രം പ്രായമുള്ള ദാമ്പത്യവും സുമേഷ് എന്ന മെയിൽ ഷോവനിസ്റ്റും കൈപ്പുനീരുപോലെ തികട്ടി വന്നു. 

ഗീതുവിനോട്  “ചോദ്യത്തിനുള്ള ഉത്തരം  നിന്റെ പിറന്നാളിന് തരാം കേട്ടോ” എന്നും മറുപടി പറഞ്ഞുകൊണ്ട് അവൾ ആ നശിച്ച ഓർമ്മകളിൽ നിന്നും ഒളിച്ചോടാനായി സ്റ്റീരിയോയിൽ മനോഹരമായൊരു മലയാളം പ്രണയഗാനം പ്ലേ ചെയ്തു.

അമ്മയും മകളും ചേർന്ന് കൈകൾ കോർത്തുപിടിച്ച് ആ ഗാനത്തിനൊപ്പം ചുവടുകൾ വച്ചു.

കോളിംഗ് ബെല്ലിന് പ്രതികരിച്ചതും, വാതിൽ തുറന്നതും റോഷൻ ആണ്. അവൻ കീർത്തനയുടെ വിരൽത്തുമ്പ് പിടിച്ച് സ്വീകരണമുറി വരെ അവളെ ആനയിച്ചു, ആവളാദ്യമായാണ് അവനെ നേരിൽ കാണുന്നത്. ഇരുനിറം, ഉറച്ച ശരീരം. വട്ടമുഖം, സൗമ്യ സ്വഭാവം. ആദ്യ ഇടപെടലിൽ തന്നെ അവൾക്കവനെ നന്നായി ബോധിച്ചു. സത്യത്തിൽ അവൾക്കപ്പൊ ഗീതുവിനോട് ഇത്തിരി അസൂയയും തോന്നാതിരുന്നില്ല.   നഫീസ പഠിപ്പിച്ചു കൊടുത്ത ചില കണ്ണൂർ സ്‌പെഷ്യൽ വിഭവങ്ങൾ  ഒരുക്കാൻ സുബ്രഹ്മണ്യൻ അടുക്കള കയ്യേറിയിട്ടുണ്ട് അയാളുടെ മാന്ത്രികസ്പർശനത്താൽ തലശ്ശേരി ബിരിയാണി മുതൽ കല്ലുമ്മക്കായ പൊരിച്ചതുവരെ തയ്യാറായിക്കഴിഞ്ഞു. സഹായത്തിനായി കുമാറും ഒപ്പം കൂടി. രണ്ടുപേർക്കും ഊർജ്ജം പകരാൻ  റോഷൻ ഒഴിച്ചു കൊടുത്തുകൊണ്ടിരുന്ന വോഡ്ക്ക ഒരു കുപ്പിയ്യോളം കാലിയായി. കീർത്തന വരുന്നതും കാത്ത് നഫീസയും ഗീതുവും ടിവിയിലെ സിനിമയും കണ്ടിരിക്കുകയായിരുന്നു

നിമിഷങ്ങൾക്കകം എല്ലാരും ചേർന്ന് ഭക്ഷണം ഒരുക്കി വച്ചു. മുറിയിലാകെ വയലറ്റ് വെളിച്ചം നിറഞ്ഞു. സ്റ്റീരിയോയിൽ നേർത്ത ശബ്ദത്തിൽ പ്രണയഗാനം ഒഴുകിപ്പരന്നു നിരത്തിവച്ച ഗ്ളാസ്സുകളിൽ വോഡ്ക്കയും, വൈനും, ബിയറും നിറഞ്ഞു നുരഞ്ഞു പൊങ്ങി.  ആഘോഷത്തിന്റെ ഇടവേളയിൽ

ഇടയ്ക്കെപ്പോഴോ എല്ലാരും നോക്കിനിൽക്കെ അവൾ ഗീതുവിന് സമ്മാനപ്പൊതി കൈമാറി. 

“You can my dear… just celebrate your life.”

ഉത്തരം കേട്ട ഗീതു, മുറിയിൽ ഉയർന്ന കയ്യടികളുടെ താളത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്തു. സ്റ്റീരിയോയിൽ നിന്നും പ്രവഹിച്ചുകൊണ്ടിരുന്ന പങ്കജ് ഉദാസിന്റെ ഗസൽ രാത്രിയെ കൂടുതൽ വർണ്ണാഭമാക്കി. വയലറ്റിൽ മുങ്ങി പ്രണയ ജോഡികൾ ഗാനത്തിനൊത്ത് ചുവടുകൾ ചലിപ്പിച്ചു.

പുറത്തുപെയ്യുന്ന നനുത്ത മഞ്ഞ് ജനാലചില്ലിലൂടെ വയലറ്റ് തുള്ളികളായി ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു….


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

  1. നിലവാരം കൂടി പോയോ എന്നൊരു സംശയം. അഭിപ്രായത്തിൽ നിലവാരം കുറഞ്ഞു പോയെങ്കിൽ ക്ഷമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...