വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം ഏഴ്
കർമ്മം:
തുടര്‍ന്ന് ഒരു ഉഴവുകാരന്‍ പറഞ്ഞു:
കര്‍മ്മത്തെക്കുറിച്ച് ഞങ്ങളോടു പറയുക.
അവന്‍ പറഞ്ഞു:
ഭൂമിയോടും ഭൂമിയുടെ ആത്മാവിനോടും
സ്വരലയപ്പെടുവാന്‍ നിങ്ങള്‍ അദ്ധ്വാനിക്കുന്നു.
ആലസ്യം നിങ്ങളെ ഋതുക്കള്‍ക്ക് അപരിചതരാക്കും.
അനന്തതയിലേക്കുള്ള പ്രൗഢവും വിനയാന്വിതവുമായ
ജീവന്റെ ഘോഷയാത്രയില്‍നിന്ന്
അത് നിങ്ങളെ പുറംന്തള്ളും.
അദ്ധ്വാനിക്കുമ്പോള്‍ നിങ്ങളൊരു മുരളിക.
മര്‍മ്മരമുതിര്‍ക്കുന്ന യാമങ്ങളെല്ലാം
ഹൃദയത്തിലൂടെ സംഗീതമായി ഒഴുകിവരും.
പ്രപഞ്ചം പാരസ്പര്യത്തോടെ ഗാനമാലപിക്കുമ്പോള്‍
നിശ്ശബ്ദവും ബധിരവുമായ മുളന്തണ്ടായിരിക്കാന്‍
ആര്‍ക്കാണു കഴിയുക?
ജോലി ഒരു ശാപമാണെന്നും
അദ്ധ്വാന ദൗര്‍ഭാഗ്യമാണെന്നും
നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു;
അദ്ധ്വാനിക്കുമ്പോള്‍,
ഭൂമിയുടെ വിദൂരമായ സ്വപ്നത്തിന്റെ ഒരംശത്തെ
നിങ്ങള്‍ സാക്ഷാത്ക്കരിക്കുകയാണ്.
ആ സ്വപ്നത്തിന്റെ ജനനത്തോടൊപ്പം
നിങ്ങളുടെ നിയോഗവും നിശ്ചയിക്കപ്പെട്ടിരുന്നു.
അദ്ധ്വാനിക്കുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍
ജീവിതത്തെ സ്നേഹിക്കുകയാണ്.
കര്‍മ്മത്തിലൂടെ ജീവിതത്തെ സ്നേഹിക്കുകയെന്നാല്‍,
ജീവിതത്തിന്റെ അത്യഗാധരഹസ്യവുമായി
ആത്മബന്ധത്തിലാകുവെന്നാണര്‍ത്ഥം.
വേദനയോടെയിരിക്കുമ്പോള്‍ നിങ്ങള്‍
ജന്മംതന്നെ ദുരിതമെന്നു ശപിക്കുകയും വിധിയെന്നു പരിതപിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:
നിങ്ങളുടെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പിനല്ലാതെ
മറ്റൊന്നിനും നിങ്ങളുടെ വിധിയെ മാറ്റിയെഴുതാനാവില്ല.
ജീവിതം അന്ധകാരമെന്ന്
നിങ്ങളെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്.
നിങ്ങള്‍ തളര്‍ന്നിരിക്കുമ്പോള്‍
തളര്‍ന്നവരുടെ വാക്കുകളാണ്
നിങ്ങളില്‍ പ്രതിദ്ധ്വനിക്കുന്നത്.
ഹൃദയത്തില്‍ ഉത്സാഹമില്ലെങ്കില്‍,
ജീവിതം അന്ധകാരമെന്നുതന്നെ
ഞാനും പറയും.
അറിവിന്റെ സ്പര്‍ശമേല്ക്കാത്ത
പ്രചോദനങ്ങള്‍ അന്ധകാരംതന്നെയാണ്.
സ്നേഹത്തിന്റെ തലോടലേല്ക്കാത്ത
കര്‍മ്മം ശൂന്യവും.
നിങ്ങളുടെ കര്‍മ്മം സ്നേഹത്തോടെയെങ്കില്‍
നിങ്ങളെ നിങ്ങളോടും സഹജാതരോടും
ദൈവത്തോടുതന്നെയും അത് വിലയിപ്പിക്കും.
സ്നേഹത്തോടെ കര്‍മ്മംചെയ്യുകയെന്നാലെന്താണ്?
പ്രണയഭാജനത്തിന് ഉടുക്കുവാനായി
ഹൃദയനൂല്‍കൊണ്ട് വസ്ത്രം നെയ്തെടുക്കലാണത്;
വസിക്കാനായി പ്രണയപൂര്‍വ്വം
ഭവനം പണിയലാണത്;
ഉണ്ണുവാനായി ഹൃദയപൂര്‍വ്വം
വിത്തു വിതയ്ക്കുകുയും
ആഹ്ലാദത്തോടെ വിളവെടുക്കലുമാണത്.
സ്വന്തം ആത്മാവില്‍നിന്നുണരുന്ന
ശ്വാസനിശ്വാസങ്ങളാല്‍
ചുറ്റുപാടുകളെ ചൈതന്യവത്താക്കലാണത്.
നിങ്ങളെ കടന്നുപോയ പുണ്യാത്മാക്കളെല്ലാം
വാത്സല്യത്തോടെ നിങ്ങളെ
ശ്രദ്ധിച്ചുനില്ക്കുന്നുണ്ടെന്ന് അറിയലാണത്.
നിദ്രയിലെന്നോണം നിങ്ങളിങ്ങനെ
പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:
വെണ്ണക്കല്ലില്‍ കൊത്തുവേല ചെയ്യുന്നവനും
കല്ലില്‍ തന്റെ ആത്മസ്വരൂപത്തെ ദര്‍ശിക്കുന്നവനും
മണ്ണില്‍ പണിയെടുക്കുന്നവനേക്കാള്‍ ശ്രേഷ്ഠനാണെന്ന്.
വസ്ത്രങ്ങളില്‍ മനുഷ്യരൂപത്തെ പകര്‍ത്താനായി
മഴവില്‍ വര്‍ണ്ണങ്ങളെ കൈപ്പിടിയിലൊതുക്കുന്നവന്‍
നഗ്നപാദങ്ങളെ സംരക്ഷിക്കാന്‍
ചെരുപ്പുതുന്നുന്നവനേക്കാള്‍ മികച്ചവനെന്ന്.
എന്നാല്‍ ഉറക്കച്ചടവിലല്ല, മറിച്ച്,
മദ്ധ്യാഹ്നത്തിന്റെ തികഞ്ഞ ഉണര്‍വ്വില്‍
ഞാന്‍ നിങ്ങളോടു പറയുന്നു:
നിസ്സാരയായ പുല്‍നാമ്പിനോട്
സംസാരിക്കുന്നതിനേക്കാള്‍ മധുരോദാരമായി
കൂറ്റന്‍ ഓക്കുമരത്തിനോട് തെന്നല്‍ സല്ലപിക്കുന്നില്ല.
കാറ്റിന്റെ ആരവത്തെ
തന്റെ സ്നേഹമഹിമയാര്‍ന്ന മാധുര്യംകൊണ്ട്
നാദമാക്കുന്നവരാരോ അവരാണ് മഹത്വമാര്‍ന്നവര്‍.
പ്രത്യക്ഷമായ കര്‍മ്മമാണ് സ്നേഹം.
തൃപ്തിയോടെയും സ്നേഹത്തോടെയും
കര്‍മ്മനിരതരാകാൻ കഴിയുന്നില്ലെങ്കില്‍,
ദേവാലയത്തിനു വെളിയിലിരുന്ന്
സന്തോഷത്തോടെ കര്‍മ്മമനുഷ്ഠിക്കുന്നവരില്‍നിന്ന്
ഭിക്ഷയെടുക്കുന്നതാണ് നല്ലത്.
ഉദാസീനരായാണ്
നിങ്ങള്‍ അപ്പം ചുട്ടെടുക്കുന്നതെങ്കില്‍
അത് കയ്പുനിറഞ്ഞതാവുകയേയുള്ളൂ.
മനുഷ്യന്റെ പാതി വിശപ്പിനെയേ
അത് ശമിപ്പിക്കുകയുള്ളൂ.
വീഞ്ഞിനായി നിങ്ങള്‍ മുന്തിരി പിഴിയുന്നത്
പിറുപിറുപ്പോടെയെങ്കില്‍
ആ പിറുപിറുക്കല്‍,
വീഞ്ഞില്‍ വിഷത്തെയാകും
വാറ്റിയെടുക്കുക.
മാലാഖമാരെപ്പോലെ പാടിയാലും
പാടലിനെ നിങ്ങള്‍ സ്നേഹിക്കുന്നില്ലെങ്കില്‍
അത് മനുഷ്യരുടെ കാതുകളെ
രാവിന്റെയും പകലിന്റെയും നാദത്തില്‍നിന്ന്
അകറ്റിനിറുത്തുകയേയുള്ളൂ.
(തുടരും ….)