വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം എട്ട്
സുഖദു:ഖങ്ങൾ
പിന്നീട് ഒരു സ്ത്രീ പറഞ്ഞു:
ഞങ്ങളോട് സുഖത്തെയും
ദുഖത്തെയുംകുറിച്ച് പറയുക.
മുഖമൂടിയഴിഞ്ഞ ദു:ഖമാണ് സുഖം.
പുഞ്ചിരിയുതിര്‍ക്കുന്ന അതേ ഉറവ
കണ്ണുനീരിനാല്‍ നിറയുകയും ചെയ്യും!
അതങ്ങനെയല്ലാതെപിന്നെ
എങ്ങനെയാകാനാണ്?
വേദനയുടെ ആഴമെത്രയോ
അത്രയുമാഴത്തില്‍ ആനന്ദത്തെ
ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്കാവും.
വീഞ്ഞുനിറച്ച നിങ്ങളുടെ കോപ്പ!
കുശവന്റെ മൂശയില്‍ എത്ര വെന്തതാണ്!
ഉളിയേറ്റ് ശൂന്യമായ മരക്കഷണമല്ലേ
നിങ്ങളുടെ ആത്മാവിന്
ആശ്വാസം പകരുന്ന കിന്നരം!
സന്തോഷത്തിലായിരിക്കുമ്പോള്‍
ഹൃദയത്തിലേക്കൊന്ന് ആഴത്തില്‍ നോക്കുക.
അപ്പോള്‍ നിങ്ങളറിയും;
അങ്ങേയറ്റം വേദന പകര്‍ന്നതുതന്നെയാണ്
നിങ്ങളില്‍ സന്തോഷം നിറച്ചതെന്ന്.
ദു:ഖത്തോടെയിരിക്കുമ്പോള്‍
വീണ്ടും ഹൃദയത്തിലേക്കൊന്ന് നോക്കുക.
അപ്പോള്‍ കാണുവാന്‍ കഴിയും;
ആനന്ദം പകര്‍ന്നതിനെപ്രതിയാണ്
സത്യത്തില്‍ നിങ്ങള്‍ വിലപിക്കുന്നതെന്ന്.
നിങ്ങളില്‍ ചിലര്‍ പറയുന്നു;
ദു:ഖത്തേക്കാള്‍ മഹത്തരമാണ് സുഖമെന്ന്.
മറ്റുചിലരോ ദു:ഖമാണ്
ശ്രേഷ്ഠമെന്ന് അണയിടുന്നു.
എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു:
അത് വേര്‍പിരിക്കാനാവാത്തതെന്ന്.
അത് ഒന്നിച്ചു വന്നു.
ഒന്ന് നിങ്ങളോടൊപ്പമായിരിക്കുമ്പോള്‍
മറ്റൊന്ന് നിങ്ങളുടെ ശയ്യയില്‍
മയങ്ങുകയാണെന്ന് മറക്കാതിരിക്കുക.
സത്യത്തില്‍,
സുഖദു:ഖങ്ങളുടെ ത്രാസില്‍
തൂക്കിയിടപ്പെട്ടവരാണ് നിങ്ങള്‍.
ശൂന്യമായിരിക്കുമ്പോള്‍ മാത്രമെ
നിങ്ങള്‍ നിശ്ചലതയിലും സമനിലയിലും
ആയിരിക്കുന്നുള്ളൂ.
നിധിസൂക്ഷിപ്പുകാരന്‍
സ്വര്‍ണ്ണവും വെള്ളിയും തൂക്കാനായി
നിങ്ങളെ ഉയര്‍ത്തുമ്പോള്‍
നിങ്ങളുടെ സുഖദു:ഖങ്ങള്‍
ഊയലാടാതെ വയ്യ.
(തുടരും….)