വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
തുടര്‍ന്ന് സത്രം സൂക്ഷിപ്പുകാരനായ
ഒരു വയോധികന്‍ ചോദിച്ചു:
തിന്നുന്നതിനെയും കുടിക്കുന്നതിനെയും കുറിച്ച്
ഞങ്ങളോടു സംസാരിക്കുക.
ഭൂമിയുടെ സുഗന്ധത്താല്‍ പുലരുവാനും
ചെടിയെപ്പോലെ
അന്തരീക്ഷ വെളിച്ചത്താല്‍ വളരുവാനും
നിങ്ങള്‍ക്ക് കഴിയുമോ?
ഭക്ഷണത്തിനായി
കൊല്ലേണ്ടി വരുന്നതുകൊണ്ടും
ദാഹമകറ്റാനായി അമ്മയുടെ മുലപ്പാല്‍
പിഞ്ചുകുഞ്ഞില്‍നിന്ന്
കവര്‍ന്നെടുക്കേണ്ടി വരുന്നതുകൊണ്ടും
അതെല്ലാം ഒരു യജ്ഞംപോലെയാകട്ടെ.
മനുഷ്യനിലെ
ഏറ്റവും ശുദ്ധവും നിഷ്ക്കളങ്കവുമായ
ഭാവങ്ങളെ ഉണര്‍ത്തുന്നതിനുവേണ്ടി
വനത്തിലെയും സമതലത്തിലെയും
ശുദ്ധവും നിഷ്ക്കളങ്കവുമായതിനെ ബലിയര്‍പ്പിക്കുന്ന അള്‍ത്താരയായി മാറട്ടെ നിങ്ങളുടെ തീന്‍മേശ.
നിങ്ങളൊരു മൃഗത്തെ കൊല്ലുന്നുവെങ്കില്‍
അതിനോടായി നിങ്ങളുടെ ഹൃദയത്തില്‍
ഇങ്ങനെ പറയുക:
യാതൊരു ശക്തിയാലാണോ
ഞാന്‍ നിന്നെ വധിക്കുന്നത്
അതിനാല്‍തന്നെ ഞാനും വധിക്കപ്പെട്ടും.
ഞാനും ഭക്ഷിക്കപ്പെടും.
യാതൊരു നിയമമാണോ നിന്നെ
എന്റെ കൈകളിലെത്തിച്ചത്,
അതേ നിയമംതന്നെ എന്നെയും
മറ്റൊരു ശക്തമായ കൈകളിലെത്തിക്കും.
സ്വര്‍ഗ്ഗീയവൃക്ഷത്തില്‍ സേചനം ചെയ്യുന്ന
ജീവരസമല്ലാതെ മറ്റൊന്നുമല്ല
എന്റെയും നിന്റെയും രക്തം.
നീ ഒരാപ്പിള്‍ ചവച്ചരയ്ക്കുമ്പോള്‍
അതിനോട് ഹൃദയത്തില്‍ ഇങ്ങനെ പറയുക:
നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ ജീവിക്കും.
നിന്റെ നാളെയുടെ നാമ്പുകള്‍
എന്റെ ഹൃദയത്തില്‍ വിരിയും.
നിന്റെ സുഗന്ധം എന്റെ ശ്വാസമാകും.
അങ്ങനെ നമ്മള്‍ എല്ലാ ഋതുക്കളിലും ഒന്നിച്ചാനന്ദിക്കും.
ശരത്ക്കാലത്ത് വീഞ്ഞുണ്ടാക്കാന്‍
തോട്ടങ്ങളില്‍നിന്ന് മുന്തിരി ശേഖരിക്കുമ്പോള്‍
നീ നിന്റെ ഹൃദയത്തില്‍ പറയുക:
ഞാനും ഒരു മുന്തിരിത്തോട്ടം.
എന്റെ ഫലങ്ങളും ചക്കിലേക്ക് ശേഖരിക്കപ്പെടും.
പുതുവീഞ്ഞുപോലെ ഞാനും
അനശ്വരതയുടെ ഭവനത്തില്‍ വിശ്രമിക്കും.
ശിശിരത്തില്‍ വീഞ്ഞുപകരുമ്പോള്‍
ഒരോ കപ്പിനൊപ്പവും
ഹൃദയത്തിലൊരു സംഗീതമുണരട്ടെ.
ആ സംഗീതത്തില്‍ ശരത്ക്കാലദിനങ്ങളുടെയും
മുന്തിരിത്തോട്ടത്തിന്റെയും മുന്തിരിച്ചക്കിന്റെയും
സ്മരണകളുണ്ടാകട്ടെ.
(തുടരും….)