വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം അഞ്ച്
ധനികനായ ഒരാള്‍ പറഞ്ഞു:
ദാനത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കുക.
അവന്‍ പറഞ്ഞു:
നിങ്ങളുടെ സമ്പാദ്യം ദാനം ചെയ്യുമ്പോള്‍
കുറച്ചുമാത്രമെ നല്കുന്നുള്ളൂ.
നിങ്ങള്‍ നിങ്ങളെത്തന്നെ നല്കുമ്പോഴാണ്
അത് ദാനമാകുന്നത്.
നാളേയ്ക്കുവേണ്ടി ഭീതിയോടെ കൈവശമാക്കുകയും
കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവയല്ലാതെ
മറ്റെന്താണ് നിങ്ങളുടെ സമ്പാദ്യങ്ങള്‍?
നാളെകള്‍!
നടവഴികളില്ലാത്ത മരുഭൂമിയില്‍
എല്ലിന്‍കഷണങ്ങള്‍ കുഴിച്ചിട്ട്
വിശുദ്ധനഗരത്തിലേക്കു പോകുന്ന
തീര്‍ത്ഥാടകരെ പിന്തുടരുന്ന നായയ്ക്ക്
നാളെകള്‍ എന്താണ് തിരികെ നല്കുക?
ആവശ്യങ്ങളെപ്രതിയുള്ള ആശങ്ക,
ആവശ്യംതന്നെയല്ലാതെ മറ്റെന്താണ്?
കിണറുകള്‍ നിറഞ്ഞിരിക്കുമ്പോഴും
തുടരുന്ന ദാഹഭീതി
ഒരിക്കലുമൊടുങ്ങാത്ത ദാഹംതന്നെയല്ലേ?
അമിതമായുള്ളതില്‍നിന്ന്
കുറച്ചുമാത്രം നല്കുന്നവരുണ്ട്.
അംഗീകാരത്തിനുവേണ്ടി
അവരതുനല്കുമ്പോള്‍
ആ ഗൂഢാഭിലാഷം
ദാനവസ്തുവിനെ നിന്ദ്യമാക്കുന്നു.
എന്നാല്‍ ചിലരുണ്ട്.
അവര്‍ക്ക് കുറച്ചേയുള്ളൂ.
എങ്കിലോ ഉള്ളതെല്ലാം അവര്‍ നല്കും.
അവരാണ് ജീവിതത്തിലും
ജീവിതസമൃദ്ധിയിലും വിശ്വസിക്കുന്നവര്‍.
അവരുടെ സമ്പത്ത്
ഒരിക്കലും ശൂന്യമാകുന്നില്ല.
സന്തോഷത്തോടെ നല്കുന്നവരുണ്ട്.
ആ സന്തോഷമാണ് അവരുടെ സാഫല്യം.
കഷ്ടപ്പെട്ട് നല്കുന്നവരുണ്ട്.
ആ കഷ്ടപ്പാടാണ് അവരുടെ ജ്ഞാനസ്നാനം.
ഇനിയും ചിലരുണ്ട്.
അവര്‍ ആഹ്ലാദത്തിനു വേണ്ടിയോ
നന്മ ചെയ്യണമെന്നു കരുതിയോ അല്ല നല്കുന്നത്.
ദൂരെയെങ്ങോ ഒരു താഴ്‌വരയില്‍
വളരുന്ന മിര്‍ട്ടില്‍ച്ചെടി
അന്തരീക്ഷത്തിലേക്ക് സുഗന്ധം
പ്രസരിപ്പിക്കുന്നതുപോലെ അവര്‍ നല്കുന്നു.
ഇങ്ങനെയുള്ളവരുടെ കൈകളിലൂടെയാണ്
ദൈവം സംസാരിക്കുക.
ഇവരുടെ മിഴികള്‍ക്കകമേയിരുന്നാണ്
ദൈവം ഭൂമിക്കുമേല്‍ മന്ദഹിക്കുന്നത്.
ചോദിക്കുമ്പോള്‍ നല്കുന്നത് നല്ലതുതന്നെ.
എന്നാല്‍ അറിഞ്ഞുനല്കന്നത്
എത്രയോ ശ്രേഷ്ഠം.
തൃപ്തനായ ഒരുവന്,
സ്വീകര്‍ത്താവിനായുള്ള ആ തേടല്‍
കൊടുക്കുന്നതിനേക്കാള്‍
എത്രയോ വലിയ ആനന്ദമാണ്.
കൊടുക്കാതിരിക്കത്തക്കവണ്ണം
എന്താണ് നിങ്ങളുടെ കൈയിലുള്ളത്!
നിങ്ങളുടെ കൈവശമുള്ളതെല്ലാം
ഒരുനാള്‍ കൊടുത്തേ മതിയാകൂ.
അതിനാല്‍ ഇപ്പോള്‍തന്നെ കൊടുക്കുക.
ദാനത്തിന്റെ കാലം നിങ്ങളുടേതാകട്ടെ.
അത് പിന്‍മുറക്കാര്‍ക്കുള്ളതാകാതിരിക്കട്ടെ.
നിങ്ങള്‍ ഇടയ്ക്കിടെ പറയാറുണ്ട്;
അവകാശപ്പെട്ടവര്‍ക്കേ ഞാന്‍ കൊടുക്കൂവെന്ന്.
നിങ്ങളുടെ തോട്ടത്തിലെ വൃക്ഷങ്ങളോ
മേച്ചില്‍പ്പുറങ്ങളില്‍ മേയുന്ന മൃഗങ്ങളോ
അങ്ങനെ പറയുന്നില്ല.
ജീവിക്കാനായി അവര്‍ നല്കിക്കൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ടെന്നാല്‍ നല്കാതിരിക്കുന്നത് നാശമാണ്.
സ്വന്തം രാത്രികളെയും പകലുകളെയും
സ്വീകരിക്കാന്‍ അര്‍ഹതയുള്ളവന്‍
നിങ്ങളില്‍നിന്ന് മറ്റെല്ലാം സ്വീകരിക്കാനും
അര്‍ഹനല്ലയോ!
ജീവിതസാഗരത്തില്‍നിന്ന്
ആവോളം പാനംചെയ്യാന്‍ യോഗ്യനായവന്‍
നിങ്ങളുടെ കൊച്ചരുവിയില്‍നിന്നും
അവന്റെ കോപ്പ നിറയ്ക്കാന്‍ അര്‍ഹനല്ലേ!
ദാനം സ്വീകരിക്കാനുള്ള ധൈര്യത്തിലും ആത്മവിശ്വാസത്തിലും
ഔദാര്യത്തിലും വലുതായി മറ്റേതു മരുഭൂമിയാണുള്ളത്?
നെഞ്ചു പിടഞ്ഞും ആത്മാഭിമാനം അടിയറവെച്ചും
നിങ്ങള്‍ക്കുമുന്നില്‍ ലജ്ജിതരായും മൂല്യരഹിതരായും
അവര്‍ നില്ക്കണമെന്ന് ശഠിക്കാന്‍മാത്രം നിങ്ങളാരാണ്?
ആദ്യം നിങ്ങള്‍ കൊടുക്കുന്നവരാകാനും
അതിനൊരു നിമിത്തമായിമാറാനും
അര്‍ഹത നേടുക.
സത്യത്തില്‍ ജീവിതം
ജീവിതത്തിനാണ് നല്കുന്നത്.
കൊടുക്കുന്നവരെന്നു
സ്വയം അഭിമാനിക്കുന്ന നിങ്ങളോ
ഒരു സാക്ഷിമാത്രമാണ്.
സ്വീകരിക്കുന്നവരോട് ഒരപേക്ഷ
–എല്ലാവരും സ്വീകര്‍ത്താക്കളാണെങ്കിലും-
കൃതജ്ഞതയുടെ ഭാരം
നിങ്ങള്‍ താങ്ങുകയേ വേണ്ട.
അത് നിങ്ങളുടെയും
തരുന്നവരുടെയും ചുമലില്‍
നുകം കയറ്റിവയ്ക്കുന്നതിനു തുല്യമാണ്.
അതിനാല്‍, നല്കുന്നവനോടൊപ്പം
ദാനത്തിന്റെ ചിറകിലേറി പറന്നുയരുക.
ബാദ്ധ്യതയെപ്രതി നിങ്ങള്‍
കൂടുതല്‍ വിചാരവാന്മാരുകന്നുവെങ്കില്‍
അത്, മാതാവായി സ്വതന്ത്രഹൃദയയായ ഭൂമിയും
പിതാവായി ദൈവവും ഉള്ളവന്റെ
ഉദാരതയെ സംശയിക്കുന്നുവെന്നാവും.