മഞ്ഞിനപ്പുറം

2
654

കഥ
പ്രതിഭ പണിക്കർ

വേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന് മെത്തമേൽ വീണുകിടക്കുന്ന ഇളവെയിൽച്ചീളിലേയ്ക്ക്‌ അശ്രദ്ധമായിനോക്കിയിരിക്കുന്ന നേരത്താണ് എവിടെനിന്നെന്നില്ലാത്ത ഓർമ്മവരവിലേയ്ക്ക്‌ മനസ്‌ പൊടുന്നനെ തള്ളിയിടപ്പെട്ടത്‌.

തികച്ചും അവ്യക്തമാണെന്ന് പറഞ്ഞുകൂടാനാവാത്ത, എന്നാൽ പൂർണ്ണമായി ഗ്രഹിച്ചെടുക്കാൻ ആവുന്നതുമല്ലാത്ത, ഒരുതരം ആശയക്കുഴപ്പമുണ്ടാക്കുന്ന ചില ഓർമ്മകൾ ഇങ്ങനെ മുൻപും, വല്ലപ്പോഴും കടന്നുവരാറുള്ളതാണ്. പോയ ആഴ്ചയിൽ പതിവുവൈകുന്നേരനടത്തത്തിനിടെ, രണ്ടു ദിവസം മുൻപ്‌ സുഹൃത്തുക്കളൊത്തുള്ള വിരുന്നുരാത്രിയിൽ അത്താഴമേശയ്ക്കുമുന്നിലിരിക്കെ, പിന്നെ ഇന്നിതാ തിരക്കുണ്ടായിരുന്നതും, എന്നാൽ പ്രശാന്തവുമായ പകലിന്റെ മദ്ധ്യാഹ്നത്തിലെ ഈ മഴപ്പെയ്ത്തിനുശേഷവും വല്ലാത്ത ഈ സങ്കീർണ്ണതയിലേയ്ക്ക്‌ വീണ്ടും നിമിഷനേരങ്ങൾക്കുവേണ്ടിയാണെങ്കിൽക്കൂടിയും സ്വയം നഷ്ടപ്പെട്ടിരിക്കുന്നു.

തെളിഞ്ഞുകാണാനൊക്കാത്തൊരു മഞ്ഞുമൂടലിലേയ്ക്കാണ് കണ്ണെത്തിച്ചുനോക്കുന്നതെങ്കിലും ഈയുണ്ടായ വീണ്ടുകിട്ടലുകളുടെ അദ്ധ്യായങ്ങളിലൊക്കെയും പൊതുവായുണ്ടായിരുന്നത്‌ അത്‌ ആ സ്ഥലത്തെക്കുറിച്ചുള്ളവയാണെന്നതായിരുന്നു; ഏറെ വർഷങ്ങൾക്കു മുൻപ്‌ ഒരൽപകാലം മാത്രം ചെലവഴിയ്ക്കാനിടയായ, നഗരത്തിരക്കിൽ നിന്നൊക്കെയുൾവലിഞ്ഞുള്ള പച്ചയോർമ്മ പിടിച്ചു നിൽക്കുന്ന താഴ്‌വരകളുടെ ആ നാടിനെക്കുറിച്ചുള്ളത്‌.

പറിച്ചുനടപ്പെട്ടതിന്റെ ആകുലതകളിലേയ്ക്കും, ഏകാന്തവിരസമായ അവളുടെ സായന്തനങ്ങളിലേയ്ക്കുമാണയാൾ പെട്ടെന്നൊരുനാൾ എവിടെനിന്നോ വന്നുചേർന്നത്‌.

തൊടിയുടെ അരികുപറ്റിനിൽകുന്ന പുല്ലാനിയുടെ ഉണങ്ങിയ പൂക്കളെ കാറ്റിൽ പറത്തിക്കൊണ്ട്‌ താൻ താമസിയ്ക്കുന്ന വാടകവീടിന്റെ അരമതിലിനുമേൽ വൈകുന്നേരങ്ങൾ ചെലവിടാനിരിക്കാനായി അയാൾ അവളെ ക്ഷണിയ്ക്കുമായിരുന്നു. കാറ്റിന്റെ ചുഴികളിൽപ്പെട്ട്‌ കറങ്ങിത്തിരിഞ്ഞ്‌ താഴെയുള്ള റോഡിലേയ്ക്ക്‌ ഉണക്കപ്പുല്ലാനികൾ പോകുന്ന പോക്കുകാണാൻ അവൾക്കിഷ്ടമായിരുന്നുതാനും.

ചില സന്ധ്യകളിൽ മഴമരങ്ങളും, മഞ്ഞവാകയും പൂക്കളുതിർത്ത വഴികളിലൂടെ ഒരുപാടുനേരം അവർ നടന്നു. പകൽ നേരത്തും ചില ദിവസങ്ങളിൽ കണ്ടുമുട്ടിയിരുന്നെങ്കിലും ഒരുമിച്ചു നേരം പങ്കിടാൻ സാധിച്ചിരുന്നില്ല.

പൂട്ടിക്കിടന്നിരുന്ന തൊട്ടടുത്ത വീടിന്റെ ഉമ്മറത്തോ, ചാഞ്ഞുകിടന്നിരുന്ന മാവിൻകൊമ്പിലോ പഠിയ്ക്കാനുള്ള ഏതെങ്കിലും പുസ്തകവുമായിരിക്കുമ്പോഴോ വെയിൽമൂക്കും മുൻപ്‌ കലുങ്കുകൾക്കുതാഴെയൊഴുകുന്ന കാട്ടുതെളിനീരരുവിയിലെ ഉരുളൻകല്ലുകൾക്കുമേലെ തണുപ്പുകൊണ്ട്‌ നടക്കുമ്പോഴോ അയാൾ അതുവഴിയേ പോകുമായിരുന്നു. സന്തോഷത്തോടുകൂടി എന്തെങ്കിലും ഉപചാരവാക്കുകൾ പറഞ്ഞ്‌, അല്ലെങ്കിൽ വെറുതെ അഭിസംബോധന ചെയ്ത്‌ അപ്പോഴൊക്കെ അയാൾ നടന്നകന്നിരുന്നു. അല്ലെങ്കിലും അധികം സംസാരിക്കാറുണ്ടായിരുന്നില്ല അവർ തമ്മിൽ.

അവധിക്കാലങ്ങളിൽ മരത്തണലുകൾ തേടി അലഞ്ഞുതിരിഞ്ഞ്‌ വാടകവീടിനുമുന്നിലുള്ള ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിടത്തിനരികിലെ അലരിച്ചുവട്ടിലവളെത്തും. അപ്പോൾ തന്റെ സങ്കേതത്തിന്റെ വലതുവശത്തെ വരാന്തമേലിരുന്ന് എഴു തിക്കൊണ്ടിരിക്കുന്ന അയാൾ തലയുയർത്തിനോക്കും ഇടയ്ക്കിടെ. തിരിച്ചുപോരാനായി എഴുന്നേൽക്കുമ്പോൾ എഴുത്തുനിർത്തി മതിലോരംവന്ന് യാത്രപറയും.

ചിലപ്പോൾ കുറേ ദിവസത്തേക്ക്‌ കാണുകയേയില്ല അയാളെ. വീടിന്റെ ഗേറ്റുകളോ, മുറിയുടെ ജനലുകളോ മുഴുവനായി അടച്ചിരിക്കുകയില്ല. അതിനാൽ അങ്ങനെയുള്ള ദിവസങ്ങളിലും ആ മതിലിനുമേലെയും, വരാന്തയിലും അയാളെ അനുകരിക്കുംവിധം ഇരിക്കൽ അവൾക്ക്‌ പതിവായിരുന്നു. ചില പകലുകളിൽ വീട്ടിലില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ അയാൾ വന്നുപോകുന്നതിന്റെ തെളിവുകൾ എന്തെങ്കിലും അവൾക്കുലഭിക്കും.

വാക്കുകളാലല്ലാതെയും അയാൾക്കായുള്ള സന്ദേശങ്ങൾ ആ വീടിന്റെ ജനലരികിൽ അവൾ കൊണ്ടുവച്ചു. വെള്ളയോ, ഓറഞ്ചോ നിറത്തിലുള്ള ഏപ്രിൽ ലില്ലികളാൽത്തീർത്ത ഒരു പൂച്ചെണ്ടോ, ഇഷ്ടഗാനങ്ങളുടെ ഒരു കാസറ്റോ അങ്ങനെ എന്തെങ്കിലും. അതയാൾ കാണുന്നുണ്ടെന്നതിനുള്ള പ്രതികരണവും അവൾക്ക്‌ അതേയിടത്തുനിന്ന് മിക്കപ്പോഴുംതിരിച്ചും കിട്ടും. ഒരു ബോഗൻവില്ലപ്പൂങ്കുല പറിച്ചെടുത്തോ‌, ഏതെങ്കിലും നാലുവരിക്കവിത കടലാസുതുണ്ടിൽക്കുറിച്ചോ തന്റെ ജനൽപ്പടിയിലയാൾ എടുത്തുവച്ചു. ഒരിക്കലയാൾ താൻ പതിവായിരുന്നെഴുതുന്ന ഉമ്മറത്തെ തൂണിൽ ഒരുചായച്ചിത്രം പകർത്തിവച്ചു. ഉണങ്ങിക്കഴിഞ്ഞിരുന്ന എണ്ണച്ചായവരകളിൽ വിരലോടിച്ചുനിൽക്കേ പതുങ്ങിവന്ന് അവളുടെ കണ്ണുപൊത്തി. പലപ്പോഴും ദിവസങ്ങളോളം അയാൾ തിരിച്ചുവന്നില്ല. അപ്പോഴൊക്കെയും ആ വീടിന്റെ ജനൽപ്പാളികൾ പാതിയടഞ്ഞുമാത്രമിരുന്നു. മുറ്റമാകെ കരിയിലകൾ മൂടിയും, അനാഥമായും കിടന്നു.

അത്തരം തെല്ലുവലിയൊരിടവേളയ്ക്കുശേഷം അടുത്തുള്ള അലരിമരത്തിനുകീഴെ തമ്മിൽക്കണ്ടപ്പോൾ അയാൾ അരികിലേക്കുചെല്ലുകയും, ഒരു മയിൽപ്പീലിത്തുണ്ട്‌ അവൾക്കായ്‌ നീട്ടുകയും ചെയ്തു. വായിക്കുന്നപുസ്തകങ്ങളിലൊന്നിന്റെ ഇഷ്ടമുള്ളൊരേടിൽ വച്ചോളണമെന്നുപറഞ്ഞ്‌ അവളുടെ പുസ്തകഭാണ്ഡത്തിനുള്ളിൽ അതയാൾ തിരുകി. കുറച്ചുദൂരത്തേയ്ക്കാണ് തന്റെ അടുത്ത യാത്രയെന്നും, എന്നു തിരിച്ചുവരാനാവുമെന്നറിയില്ലെന്നും പറഞ്ഞകലും മുൻപ്‌ വലം കൈയാൽ വരിഞ്ഞുപിടിച്ച്‌, അതിനകം ചുവന്നുതുടുത്ത അവളുടെ കവിളിൽ തീവ്രമായൊന്നുചുണ്ടമർത്തി. ഒരാളുടെയും കൈകൾക്കുള്ളിൽ അങ്ങനെ അമർന്നിട്ടില്ലാത്തതിനാലും, അന്നോളം ചുംബിയ്ക്കപ്പെട്ടിട്ടില്ലാത്തതിനാലും ആവണം ഒരു മിന്നൽപ്പിണർ പുളഞ്ഞുകയറിയപോലെ സ്തബ്ധയായവൾ അന്ന് അവിടെത്തന്നെ ഏറെനേരം നിൽക്കുകയുണ്ടായി.

പിന്നീടും ആ വീടിനെച്ചുറ്റിപ്പറ്റി പലനാൾ അവൾ കറങ്ങിനടന്നു. മതിലിനിപ്പുറംനിന്നുള്ള കാഴ്ചകളിൽ അതിന്റെ ജാലകങ്ങൾ പൂട്ടിയടക്കപ്പെട്ടതായും മുറ്റംനിറയെ കാൽപ്പാദം മൂടാവുന്നതിലേറെ കരിയില വീണ് ഉപേക്ഷിയ്ക്കപ്പെട്ടതായും കാണപ്പെട്ടു. തനിക്കായെന്തെങ്കിലും സന്ദേശം അവശേഷിപ്പിച്ചയാൾ പോയിരിക്കുമോ എന്നറിയാനുള്ള ആകാംക്ഷയാൽ ഗേറ്റിന്റെ അഴികളിൽ കാൽവച്ചു കയറി ഒരുനാളവൾ മതിൽക്കെട്ടിനുള്ളിലെത്തി. വരാന്തയുടെ വലതേത്തൂണിൽ വരയ്ക്കപ്പെട്ടിരുന്ന ചിത്രത്തിനോടുചേർന്ന് കോറിയിട്ട തന്റെ പേരു കാണാനവൾ ചെന്നു. വർഷങ്ങളായി ആൾപ്പെരുമാറ്റമില്ലാത്തതു പോലെ തോന്നിച്ച ആ വീടിന്റെ തൂണിൽ ഒരു നിറപ്പാടുപോലും ഉണ്ടായിരുന്നില്ല.

ഇതൊക്കെയും ഒരു മഞ്ഞുമൂടലിനപ്പുറത്തെ പഴകിയ ഓർമ്മകളായി മരിച്ചെന്നുതന്നെ വിചാരിച്ചിരിക്കുമ്പോഴാണ് മറവിയുടെ തുരുമ്പെടുത്ത ഓടാമ്പലുകൾ തുറന്ന് വീണ്ടുവരവുകളുടെ താഴ്ച്കളിലേയ്ക്കവൾ നിലതെറ്റിപ്പതിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

ഒറ്റയ്ക്ക്‌ അടച്ചിരുന്നുള്ള പ്രശ്നങ്ങളാണിതൊക്കെയെന്ന് സ്വയം ബോധ്യപ്പെടുത്തി സന്ധ്യയുടെ കാറ്റിനെ അകത്തുകടത്തിവിടുന്ന ജനലിന്റെ കൊളുത്തിട്ട്‌ താഴെ ലോണിൽ വൈകീട്ട്‌ പതിവുള്ള ഉലാത്തലിനായി വസ്ത്രംമാറി വീടുപൂട്ടിയിറങ്ങുമ്പോൾ പൊടുന്നനെ കോറിഡോറിലാകെ അലരിമണം. അടുത്ത ഫ്ലാറ്റിന്റെ മുൻവാതിൽതുറന്നൊരാൾ പുറത്തിറങ്ങുന്നു. താഴോട്ടിറങ്ങാനുള്ള കോണിപ്പടികളും, ലിഫ്റ്റും, ചുവരിലെ ഫയർ എക്സ്റ്റിംഗ്വിഷറും ഒക്കെ മറഞ്ഞ്‌ പൂത്തുലയുന്നൊരലരിമരം അവൾക്കും, നവീൻ എന്ന് വാതിൽക്കലെ നെയിംബോർഡ്‌ പേരറിയിച്ച അയൽപ്പക്കക്കാരനുമിടയിൽ വെളിവാകുന്നു. മൂടൽമഞ്ഞിന്റെ നിറമുള്ള അയാളുടെ മുഖത്ത്‌ നോട്ടംപതിഞ്ഞതും മിനുമിനുത്ത മാർബിൾനിലത്തേയ്ക്ക്‌ അവൾ ബോധരഹിതയായി നിലംപതിച്ചു. ഇടനാഴിയുടെ ചുവരരികിൽ വളർന്നിരുന്ന കോളിയസിന്റെ നീലച്ച ഇലപ്പടർപ്പുകളുമായി അവളുടെ മുടിയിഴകൾ പിണഞ്ഞു.

ഉണരുമ്പോൾ സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞവെളിച്ചം ജനലഴികൾക്കിടയിലൂടെ ഒലിച്ചുവന്ന് കിടക്കമേൽ വീണിരുന്നു. അലരിയുടെ ഉന്മത്തഗന്ധം മുറിയ്ക്കകത്തെ വായുവിനപ്പോഴുമുണ്ടായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here