പ്രതാപ് ജോസഫ്

3
456
Prathap-joseph-athmaonline-the-arteria-thumbnail

പ്രതാപ് ജോസഫ്

Photography is a love affair with life.”
— Burk Uzzle
അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ Burk Uzzle ന്റെ വാക്കുകളാണ്. ഫോട്ടോഗ്രഫി എന്നല്ല ഏത് കലയെക്കുറിച്ചും പറയാവുന്ന ഏറ്റവും മനോഹരമായ നിർവചനങ്ങളിൽ ഒന്ന്. ആർട്ടേരിയയിൽ പ്രസിദ്ധീകരിച്ച അമ്പതോളം ഫോട്ടോസ്റ്റോറികളിലൂടെ ഒരിക്കൽക്കൂടി കടന്നുപോയപ്പോൾ മനസ്സിലേക്ക് തികട്ടിവന്നത് ഈ വാക്കുകളാണ്. അത് ഫോട്ടോഗ്രാഫറുടെ മാത്രം പ്രണയബന്ധമല്ല ആ ചിത്രങ്ങളിലൂടെ കടന്നുപോകുന്ന കാണിയുടെ കൂടെ പ്രണയബന്ധമാണ്. “എല്ലാ ഫോട്ടോയിലും രണ്ട് മനുഷ്യരുണ്ട്, എടുക്കുന്നയാളും കാണുന്നയാളും” എന്ന് അൻസൽ ആഡംസും പറഞ്ഞിട്ടുണ്ടല്ലോ.

കോവിഡ്‌ കാലം പല കാരണങ്ങൾകൊണ്ടും ഫോട്ടോഗ്രഫിയോട് കൂടുതൽ അടുത്തുനിന്ന കാലമാണ്. ഒരു പക്ഷേ യാത്രികരായ ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ച് ഇക്കാലം ദുഷ്കരമമായിട്ടുണ്ടാകാം. ചുറ്റുമുള്ളതിനെ പകർത്തുന്നവരെ സംബന്ധിച്ച് അടച്ചിടലും അത് സൃഷ്ടിച്ച ഒറ്റപ്പെടലും എല്ലാം ചേർന്ന് തന്നെത്തന്നെ പുനസൃഷ്ടിക്കുന്ന ഒരു കാലമായി ഇത് മാറിയിട്ടുണ്ടെന്ന് തീർച്ച.

എന്റേതായി മൂന്ന് ഫോട്ടോസ്റ്റോറികളാണ് ആർട്ടേരിയയിൽ വന്നത്. ഒന്ന് ഒച്ചുകളെക്കുറിച്ചായിരുന്നു, മറ്റൊന്ന് ലോക്ഡൗൺ ഡയറീസ്, മൂന്നാമത്തേത് ഒരു മരത്തിൽ പാർക്കുന്ന ജീവർഗങ്ങളെക്കുറിച്ച്. കണ്ണിൽക്കാണുന്നതൊക്കെ പകർത്തുന്ന എന്നെപ്പോലൊരാളെ സംബന്ധിച്ച് ഒരു പ്രത്യേക വിഷയത്തിലൂന്നി കാര്യങ്ങളെ സമീപിക്കാൻ ആർട്ടേരിയയുടെ ഫോട്ടോസ്റ്റോറികൾ പ്രചോദനമായി.

25 ൽ അധികം ഫോട്ടോസ്റ്റോറികൾ കുറേറ്റ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് ഇക്കാലയളവിലെ മറ്റൊരു പ്രധാന നേട്ടം. ഒരു ഫോട്ടോഗ്രാഫിക് കാഴ്ചപ്പാടോടെ ഒന്നുമല്ല കുറേഷൻ തുടങ്ങിയത്‌. പരിചയമുള്ളവരോട് ഫോട്ടോസ്റ്റോറികൾ ആവശ്യപ്പെടുകയും ചിലരോട് ഇന്നവിഷയമായാൽ നന്നാവും എന്ന നിർദ്ദേശം നൽകുകയും മാത്രമാണ് ചെയ്തത്. പക്ഷേ നമ്മുടെ ഫോട്ടോഗ്രാഫർമാർ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വൈവിധ്യവും വൈപുല്യവും ഈ 50ഫോട്ടോസ്റ്റോറികളിലൂടെ കടന്നുപോകുന്നവർക്ക് എളുപ്പം മനസ്സിലാവും. എസ്‌. ഹരിഹരൻ, സന്ദീപ്‌ ദാസ്, സീമാ സുരേഷ്, അനിൽ ടി.പ്രഭാകർ, ശബരി ജാനകി, ഷബീർ തുറക്കൽ, സുഭാഷ്‌ കൊടുവള്ളി, സുബീഷ് യുവ, ദേവരാജ് ദേവൻ തുടങ്ങി ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഫോട്ടോഗ്രാഫർമാർ മുതൽ താരതമ്യേന തുടക്കക്കാരായ ഫോട്ടോഗ്രാഫർമാർ വരെ വൈവിധ്യമുള്ള ഒരു നിര ഈ ഫോട്ടോസ്റ്റോറികളിൽ പ്രത്യക്ഷപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കുറെയധികം ട്രാവൽ സ്റ്റോറികളും ഇക്കൂട്ടത്തിൽ ഉണ്ടായി.

വ്യക്തിപരമായി എന്നെ കൂടുതൽ ആകർഷിച്ചത് കേരളത്തിലെ യുവതലമുറയിലെ ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ ആണ്.

വിഷയ സ്വീകരണത്തിലും കോമ്പോസിഷനിലും സാമ്പ്രദായികമായ ഫോട്ടോഗ്രാഫിക് ശീലങ്ങളിൽനിന്ന് കുതറിമാറാനുള്ള അവരുടെ ശ്രമം വളരെ പ്രകടമാണ്. ശ്രീകുമാർ പി.കെ യുടെ മരങ്ങൾ, ഗിരീഷ് രാമന്റെ ഇലകൾ, അരുണിമയുടെയും ജിഷ്ണു പ്രകാശിന്റെയും അരുൺ ഇൻഹാമിന്റെയും മനുഷ്യർ, ജിത്തു സുജിത്തിന്റെ നിഴലുകൾ, മനു കൃഷ്ണന്റെയും അനീസ് വടക്കന്റെയും അമൂർത്ത ചിത്രങ്ങൾ, അശ്വതിയുടെയും അമലിന്റെയും ഇടങ്ങൾ, മഞ്ചി ചാരുതയുടെ ഇടിവെട്ട് കൂണുകൾ, മിന്റു ജോണിന്റെയും പ്രജുൽ പ്രഭാകറിന്റെയും ആദിത്യന്റെയും തെയ്യചിത്രങ്ങൾ, നിഹാൽ ജബിന്റെയും ശ്രീഹരിയുടെയും വന്യജീവിത ചിത്രങ്ങൾ, ഇവയൊക്കെയും ഒന്നിനൊന്ന് വ്യത്യസ്തമായ ശ്രമങ്ങളാണ്. എസ്.ഹരിഹരന്റേതും അരുൺ ഇൻഹാമിന്റേതും സോയ തോമസിന്റേതും ഒഴിച്ചാൽ പ്രകടമായ രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള സ്റ്റോറികൾ കുറവായിരുന്നു എന്നുപറയാം. ജിഷ്ണുവിന്റെയും അരുണിമയുടെയും സുർജിത്തിന്റെയും ചിത്രങ്ങളിൽ പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യർ ഇടംപിടിക്കുന്നു.

വൈവിധ്യമാർന്ന വിഷയങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും പരീക്ഷണാത്മകമായ നോട്ടങ്ങൾ വളരെ കുറവാണെന്നുതന്നെ പറയാം. ഒരു പക്ഷേ അത്തരം നോട്ടങ്ങളിലേക്ക്, അത് പകർത്തുന്നവരിലേയ്ക്ക് നമ്മുടെ കണ്ണെത്താത്തതുമാവാം. ആർട്ടേരിയയുടെ വരും ലക്കങ്ങൾ അത്തരം ചിത്രങ്ങൾകൊണ്ട് സജീവമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

പ്രസിദ്ധീകരിച്ച ഫോട്ടോസ്റ്റോറികൾ 

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here