(കവിത)
യഹിയാ മുഹമ്മദ്
ബിൽഡിങുകൾ
ഏത് ഗ്രഹത്തിലെ
മരങ്ങളാണ്!
ഇവിടുത്തെതല്ലെന്നു തോന്നുന്നു.
അതിൻ്റെ ഉണക്കം കണ്ടാലറിയാം.
അവയ്ക്കു വേരോടാൻപറ്റിയ
മണ്ണേയല്ലിവിടമെന്ന്.
വണ്ടികൾ
ഏതു ഗ്രഹത്തിലെ
ജീവികളാണ് ?
ഇവിടുത്തെതാണെന്
തോന്നുന്നേയില്ല.
അവറ്റകളുടെ
വേഗത കണ്ടാലറിയാം.
നമുക്ക് മുമ്പേ
എന്നോ വന്നു പോയ
അന്യഗ്രഹ ജീവികളുടെ വീട്ടിലെ
വളർത്തു മൃഗങ്ങളാണെന്ന്…
വിമാനവും
അങ്ങനെ തന്നെ.
ഇവിടുത്തെ പറവയെപ്പോലെ
യല്ല അവയുടെ
പറക്കൽ….
തീവണ്ടി
അവിടുത്തെ
പെരുമ്പാമ്പായിരിക്കും.
ആ ഇഴജന്തുവിൻ്റെ പോക്ക്
ഭൂമിക്കൊരു ഭാരം തന്നെ.
ജെ സി ബി നമ്മെ
ഭയപ്പെടുത്തുന്ന ഒരു ജീവിതന്നെ..!
ദിനോസറുകളുടെ
കാലംമുതൽക്കേ
മറ്റേതോ ഗ്രഹത്തിലെ ജീവികൾ
ഇവിടെ വന്നിട്ടുണ്ടെന്ന്
അനുമാനിക്കാം.
മല തുരന്നും, പുഴ നികത്തിയും
വനം മുറിച്ചും അവ
അതിവേഗം ഭൂമിയെ മറ്റൊരു ഗ്രഹമാക്കുന്നു.
അവരുടെ ആവാസവ്യവസ്ഥയ്ക്ക്
ഇവിടം പാകപ്പെടുത്തുന്നു…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല