പ്രണയരേഖകൾ

0
182

കവിത

യഹിയാ മുഹമ്മദ്

I
നീ പോയതിൽ പിന്നെ
ഞാൻ പ്രണയകവിതകൾ
എഴുതിയിട്ടേയില്ല

വളരെ പണിപ്പെട്ടാണേലും
ഇപ്പോൾ ഞാൻ
എന്നെ തന്നെ പ്രണയിച്ചു
പാകപ്പെട്ടിരിക്കുന്നു

ഇനിയും ഞാൻ
പ്രണയകവിതകളെഴുതിയാൽ
നിങ്ങളെന്നെ
അൽപ്പനെന്നു വിളിച്ചേക്കും

II

പണ്ടാരോ
പറഞ്ഞതായ് കേട്ടിട്ടുണ്ട്
പ്രണയം
ഒരു യാത്രയാണെന്ന്
ഉദാ:
വടേരേന്ന് കോയിക്കോട്ടേക്ക്
പോന്ന പോലെ.
എന്നിട്ടോ
എന്നിട്ടെന്ത്
അടുത്ത ബസ്സില് തിരിച്ചുപോരുന്നു.
അപ്പോ
പ്രണയവും!?
“ഉം “!

III

പറവകൾ
ഉയരങ്ങളെ പ്രണയിക്കുന്നു.
എന്നിട്ട്
അവറ്റകൾ
ഉയരങ്ങളിലേക്ക് പറക്കുന്നു

പുഴ കടലിനെ പ്രണയിക്കുന്നു.
എന്നിട്ട്
പുഴ കടലിലേക്കൊഴുകിച്ചേരുന്നു.

മേഘങ്ങൾ മണ്ണിനെ പ്രണയിക്കുന്നു.
എന്നിട്ട്
മേഘങ്ങൾ മഴയായ്
മണ്ണിനെ കുളിർപ്പിക്കുന്നു.

ഞാൻ നിന്നെ പ്രണയിക്കുന്നു.
എന്നിട്ട്
എന്നിട്ടെന്ത്
നിൻ്റെ വീട് വക്കോളം വരുന്നു.
ഗേയ്റ്റു തുറക്കാനുള്ള മാന്ത്രികമന്ത്രം മറന്ന്
വീണ്ടും തിരിച്ചു പോരുന്നു.

IV

നീ പോയപ്പോൾ
എൻ്റെ ഹൃദയം ആഴത്തിൽ
മുറിപ്പെട്ടിരിക്കുന്നു.
നല്ല വേദനയുണ്ട്
എങ്കിലും സാരമില്ല.
അതിൻ്റെ ഉറവയിൽ നിന്ന്
അതുവഴി കടന്നു പോയവരൊക്കെ
ദാഹമകറ്റുന്നു.
കുളിക്കുന്നു.
മുഖം കഴുകുന്നു.
കിളികൾ കൂട്ടം കൂട്ടമായ്
അവിടേക്ക് പറന്നു വരുന്നു.

ഒരിക്കൽ
മരുഭൂമിയായ ഒരിടം
ഇപ്പോൾ
മരുപ്പച്ചയായ് തളിർക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here