ജലാശയത്തിന്റെ മറുകരയിലേക്ക് അവൻ തുഴഞ്ഞു പോയി

0
256

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 12

ഡോ. രോഷ്നി സ്വപ്ന

തർക്കോവ്‌സ്‌ക്കിയുടെ ഏറ്റവും നല്ല ചലച്ചിത്രങ്ങളിൽ ഒന്നാണ് Ivan’s childhood (1962). ആവർത്തിച്ച് വരുന്ന ബിംബങ്ങൾ കൊണ്ട് കവിത തീർക്കുകയാണ് സംവിധായകൻ. ജീവിതം എങ്ങനെയാണ് കൈവെള്ളയിൽ നിന്ന് ഊർന്ന് പോകുന്നത് എന്ന് ഇവാൻ ഇലകൾക്കിടയിലൂടെ നോക്കിക്കാണുകയാണ്.

സ്വപ്നവും സ്വപ്നഛേദവും
ഇപ്പോൾ ഇല്ലാത്ത കാടും
ശൂന്യത തളം കെട്ടി നിൽക്കുന്ന ഭൂമിയും
ആപ്പിളുകളും….
കറുത്ത പശ്ചാത്തലത്തിൽ
വെള്ള പടർന്ന മരങ്ങളും …….

ബിംബങ്ങളുടെ ജലസമൃദ്ധികളാണ് ഈ ചലച്ചിത്രം

“”We can express our feelings regarding the world around us either by poetic or by discriptive means””

എന്ന് തന്റെ ആത്മകഥയായ Sculpting in time ൽ തർക്കോവ്‌സ്‌ക്കി എഴുതിയിട്ടുള്ളത് ഈ ചലച്ചിത്രത്തിൽ കൃത്യമായി കാണാം. സ്വപ്‌നങ്ങൾ അതിവേഗത്തിലാണ് ദു:സ്വപ്നങ്ങളിലേക്ക് പടരുന്നത്. നമുക്കത് കാണാം അനുഭവിക്കാം, തൊട്ടടുത്തെന്ന പോലെ. കവിത കാട്ടിത്തരികയാണ് സംവിധായകൻ. കാഴ്ചയെ അനുഭവിപ്പിക്കുക, കവിതയെ കാട്ടിത്തരിക എന്ന സമീക്ഷയാണല്ലോ തർക്കോവ്‌സ്‌ക്കി എന്നും പിന്തുടർന്നത്. ഇതാ ഒരു മികച്ച സംവിധായകൻ എന്ന് വിളിച്ചോതിയ സിനിമ ആയിട്ടും ‘ഇവാനു’ ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടി വന്നു. കമ്മ്യുണിസ്റ്റ് പത്രമായ #യൂണിറ്റയാണ് ഈ ചിത്രത്തെ വല്ലാതെ നിഷേധിച്ചത് .

തർക്കോവ്‌സ്‌ക്കിയുടെ ആത്മനിഷ്ഠതയെ അവർ ചോദ്യം ചെയ്തു. സിനിമയെക്കുറിച്ചുള്ള ഔപചാരിക ,വ്യവസ്ഥാപിത നിർവചനങ്ങൾക്കനുസരിച്ചാണ് യൂണിറ്റ ഈ വിമർശനങ്ങൾ ഉന്നയിച്ചത്. ആ നിർവചനങ്ങൾ പൊളിച്ചെഴുതുകയായിരുന്നു തർക്കോവ്‌സ്‌ക്കി. യുദ്ധം പറിച്ചെറിഞ്ഞ ഇവാൻ ഇന്നും പ്രസക്തമായ കഥാപാത്രമാണ്. യുദ്ധത്തിന്റെ ഇര…ഏകാന്തതയുടെ ഇര..ഒരിക്കലും തുഴഞ്ഞെത്താത്ത ജലാശയത്തിന്റെ മറുകരയിലേക്ക് അവനോടൊപ്പം നമ്മളും തുഴഞ്ഞു പോകുന്നു ഇപ്പോഴും. സൈലന്റ് shot കളുടെ അതീവ സൗന്ദര്യമാണ് Vadim yusovന്റെ ക്യാമറക്ക്. “തർകോവ്സ്കിയുടെ സിനിമകള്‍ കാണാന്‍ സാധിച്ചത് ഒരു അത്ഭുതമായിരുന്നു എന്ന് ഒരിക്കല്‍ ബെര്‍ഗ്മാന്‍ പരാമര്‍ശിക്കുന്നുണ്ട്. ചാവി നഷ്ടപ്പെട്ടു, തുറക്കാനാവാത്ത ഒരു മുറിക്കു മുന്നിലെന്ന പോലെ തർകോവ്‌സ്കിയുടെ ചലച്ചിത്രങ്ങൾക്ക് മുന്നിൽ ഞാന്‍ പകച്ചു നിന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് .

ബെര്‍ഗ്മനെ സംഭന്ധിച്ചിടത്തോളം തർകോവ്സ്കി ഒരു മഹാനായ സംവിധായകനായിരുന്നു.വർത്തമാനകാല
‘സംഭവങ്ങളുടെ’ തുടർച്ചയായി സിനിമയിൽ സമയമെന്ന ഘടകത്തെ വളരെ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലാഷ്‌ബാക്ക് അല്ലെങ്കിൽ സ്വപ്നങ്ങളുടെ ചങ്ങലകള്‍  പോലുള്ള സൂത്രവാക്യങ്ങള്‍ കൊണ്ട് നോണ്‍ ലീനിയര്‍ ആയ ഒരാഖ്യാന സ്വഭാവം ഈ സിനിമക്ക് കൊടുക്കാന്‍ തർകോവ്സ്കിക്ക് സാധിച്ചു. ചലച്ചിത്രത്തിന്റെ linear narration ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മാത്രമേ ഇത്തരം സമീപനങ്ങൾ പ്രയോഗികമാകൂ. അല്ലെങ്കിൽ ഒരു കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രാവർത്തികമാക്കാവുന്ന ഒരു രീതിയുമാവാം. തർക്കോവ്‌സ്‌കിയെ സംബന്ധിച്ചിടത്തോളം,
ഭാവനാത്മകമായ യാഥാർത്ഥ്യം പിടിച്ചെടുക്കാനുള്ള എല്ലാ ശ്രമവും അർത്ഥപൂർണ്ണമാക്കാനും എല്ലാ സംഭവങ്ങളോടും പ്രതികരിക്കാനും മാറിയ സാഹചര്യങ്ങൾ കൊണ്ടുവരാനും അതിനെ സാധൂകരിക്കാനായി കഥാപാത്രങ്ങളെ ഉൾപ്പെടുത്താനും മനഃപൂർവം സാധിക്കില്ല. സമരസപ്പെടാത്ത സംവിധാന ശൈലി എന്ന് അദ്ദേഹത്തിന് ചാർത്തിക്കൊടുക്കുന്നതും അതുകൊണ്ട് തന്നെയാണല്ലോ. ചിത്രത്തിന്റെ പ്രാതിനിധ്യങ്ങളെ വിലയിരുത്തുമ്പോള്‍, ഈ ഒരു വസ്തുത മാത്രം ചൂണ്ടിക്കാണിക്കാതെ, ഓരോ “ഷോട്ടിന്റെയും  സമയപദ്ധതി , അതിനായി എടുക്കുന്ന  സമ്മർദ്ദം” എന്നീ ഘടകങ്ങളില്‍  തർക്കോവ്സ്കി മുന്നോട്ടു വച്ച സംവിധായകപക്ഷമെന്നത് പുതുമയുള്ളതായിരുന്നു. ആഖ്യാനം, ക്രിയ , രീതികള്‍, മനഃശാസ്ത്രം എന്നീ ഘടകങ്ങളെക്കൂടി ഉള്‍ക്കൊള്ളും വിധമാണ് അവയെ പഠന വിധേയമാക്കേണ്ടത്. അത്തരം പഠനങ്ങൾക്ക് സാധ്യതയുമുണ്ട്. യുദ്ധത്തിന്റെ വിനാശകരമായ പ്രവണതകളുടെ ചരിത്രപരമായ സത്യവും മരണം ഒരു കുട്ടിയുടെ നിരപരാധിത്വത്തെ എങ്ങനെ ബാധിക്കുന്നു എന്ന വൈകാരിക സത്യവും ഇവാൻസ് ചൈൽഡ്‌ഹുഡ് ചിത്രീകരിക്കുന്നു.

എങ്ങനെയാണ് നിഷ്കളങ്കബാല്യങ്ങളിലേക്ക്  യുദ്ധം കടന്നു ചെന്ന് നശിപ്പിക്കുന്നത് എന്ന യാഥാർഥ്യമാണ്
ഇവാന്റെ ഡ്രീം സീക്വൻസുകളിൽ നമ്മൾ കാണുന്നത്. ‘’മരങ്ങളുടെ നേര്‍ത്ത ഇലകളുടെ ദൃശ്യത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പുല്ലുകൾക്കിടയിലൂടെ നടന്നു വരുന്ന ബാലന്‍. ഒരു ആടിന്റെ സമീപദൃശ്യം. അവന്‍ പെട്ടെന്ന് ഒരു പൂമ്പാറ്റയെ കാണുന്നു. പൂമ്പാറ്റയുടെ പറക്കലിനൊപ്പം കേള്‍ക്കുന്ന അവന്റെ ചിരി പടരുന്നത് മറ്റൊരു ദൃശ്യത്തിലേക്കാണ്. വരണ്ട മണ്ണില്‍ വീണു കിടക്കുന്ന ചില്ലകള്‍ . ഇലകളില്ലാത്ത ചില്ലകള്‍. വെയിലില്‍ നിന്ന് അവന്‍ മുഖം മറയ്ക്കുന്നു. ഒരു കിളിയുടെ കൂവല്‍ കേള്‍ക്കാം. പെട്ടെന്ന് അവന്‍ അമ്മയെ കാണുന്നു. അമ്മയുടെ കയ്യിലെ വെള്ളത്തൊട്ടിയിലേക്ക് മുഖം പൂഴ്ത്തി അവന്‍ അമ്മയോട് പറയുന്നു

“അമ്മാ ഈ മരങ്ങള്‍ക്കിടയില്‍ ഒരു കുയിലിന്റെ ഞാൻ ശബ്ദം കേട്ടു.”
അമ്മ പുഞ്ചിരിക്കുന്നു .
ആ പുഞ്ചിരി പതുക്കെ മായുന്നു ‘’

പെട്ടെന്ന് ഇവാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു. അപരിചിതമായ ഒരു അറയിലാണ് അവന്‍ ഇപ്പോളുള്ളത്. പേടിപ്പിക്കുന്ന നിശബ്ദത. അവന്‍ പുറത്തിറങ്ങുന്നു. ചുറ്റും തളംകെട്ടി നില്‍ക്കുന്ന നിശബ്ദതയിലേക്കവന്‍ നോക്കുന്നു. നീണ്ട മരങ്ങളുടെ അടിയില്‍ നിന്നുള്ള ദൃശ്യം. ചതുപ്പാണ്‌. വെള്ളത്തിലൂടെ അവന്‍ പതുങ്ങിപ്പതുങ്ങി നടക്കുന്നു. ഇരുട്ടില്‍ ഇവാനെ നമുക്ക് കാണാം.
മുള്‍വേലികള്‍,വെടിയൊച്ചകള്‍….പതുക്കെ ടൈറ്റില്‍ തെളിയുന്നു. തീരേ ചെറിയ ബിംബങ്ങളിലൂടെ ഭീതിതമായ ഒരു യാഥാർഥ്യത്തെ തർകോവ്സ്കി വരച്ചിടുന്നു. വിനാശകരമായ അതിന്റെ എല്ലാ ആഴങ്ങളോടും കൂടിത്തന്നെ !. കുഞ്ഞുകുഞ്ഞ് ആനന്ദങ്ങളിൽ നിന്ന് പ്രതികാരത്തിലേക്ക് പടരുന്ന ഇവാന്റെ വികാരങ്ങളിൽ യുദ്ധം ചെലുത്തുന്ന സ്വാധീനത്തിലൂടെയാണ് സിനിമയുടെ വൈകാരികസത്ത
അവതരിപ്പിക്കപ്പെടുന്നത്. ടൈറ്റിൽ സീനിന് പശ്ചാത്തലം ജലമാണ്. അതിന്റെ ഇളക്കങ്ങളുടെ ശബ്ദമാണ്. ഇരുട്ടിൽ തെളിഞ്ഞു കാണുന്ന ഒരു കൈ, നാലു വിരലുകൾ, അപൂർവ്വസൗന്ദര്യമുള്ള മറ്റൊരു ഷോട്ട്.
ഇവാൻ ഇപ്പോൾ പട്ടാളക്കാരുടെ കയ്യിൽ ആണ്. അവൻ ഒന്നും സംസാരിക്കുന്നില്ല. ആരാണെന്ന ചോദ്യത്തിന് ഞാൻ മറുകരയിൽ നിന്ന് നീന്തി വന്നതാണെന്ന് ഹെഡ് ക്വാർട്ടർസിലെ നമ്പർ 51നോട്‌ ഞാൻ വന്നു എന്നും പറയുക എന്ന് മാത്രമാണവന്റെ ഉത്തരം.

ബാരക്കിൽ തളർന്നു കിടന്നുറങ്ങുന്ന ഇവാന്റെ മെലിഞ്ഞ വിരലുകളിലേക്ക് ഇറ്റു വീഴുന്ന വെള്ളത്തുള്ളികൾ. ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഇവാൻ. അവൻ മറ്റൊരു സ്വപ്നത്തിലാണ് ഇപ്പോൾ. ആഴമുള്ള ഒരു കിണറിലേക്ക് അമ്മയോടൊപ്പം നോക്കി നിൽക്കുകയാണ് ഇവാൻ. കിണറിനടിയിൽ നിന്നുള്ള ദൃശ്യം.
ആഴങ്ങളിൽ എന്താണീ തിളക്കം? അവൻ അമ്മയോട് ചോദിക്കുന്നു.

“രാത്രിയിൽ നക്ഷത്രങ്ങൾ അടർന്നു വീഴുന്നതാവാം..”

“അതിന് ഇത് രാത്രിയല്ലല്ലോ.

“നമുക്കിത് പകലാണ്. പക്ഷെ നക്ഷത്രങ്ങൾക്കിത് രാത്രിയും.

അമ്മ മറുപടി പറയുന്നു.

ഇവാൻ വെള്ളത്തിലേക്ക് കൈനീട്ടി തൊടുന്നു. ഷോട്ട് പെട്ടെന്ന് cut ചെയ്ത് കിണറാഴത്തിലേക്ക് പടരുന്നു. താഴേക്ക് ഊക്കിൽ വീഴുന്ന തൊട്ടി. ഇവാന്റെ അമ്മ മണ്ണിൽ വീണ് കിടക്കുന്നു. ഇതൊരു ഫ്ലാഷ് ബാക്കായും സ്വപ്ന ദൃശ്യമായും കാണാം. ഭൂതവും വർത്തമാനകാലവും കലർന്ന ആഖ്യാനത്തിന്റെ പുതുമ ഇവാനെ വേറിട്ട്‌ നിർത്തുന്നു.

“ഞാൻ ഉറക്കത്തിൽ എന്തെങ്കിലും പറഞ്ഞോ?”

അവൻ പട്ടാളക്കാരനോട് ചോദിക്കുന്നു.

“ഇനി എന്തെങ്കിലും പറഞ്ഞാലും അത് കാര്യമാക്കണ്ട ”

അമ്മയോടൊപ്പമുള്ള ഇവാനല്ല അത്. അവന്റെ മുഖവും ശരീരവും അകവും ഏറെ പീഡിതമാണ്. നാസികൾ കവാത്ത് നടത്തുന്ന താടാകക്കരയെക്കുറിച്ചവൻ പട്ടാളക്കാരനോട് പറയുന്നുണ്ട്. അവനൊരു വഞ്ചി കണ്ടെത്താൻ പോലും സാധിക്കുന്നില്ല. അത്രക്ക് ഇരുട്ടായിരുന്നു.

യുദ്ധം മനുഷ്യന് മേൽ തീർക്കുന്ന ഇരുട്ടുകളെക്കുറിച്ച് അലൻ രെനെയും, ഫെല്ലിനിയും കുറോസൊവയും, ബർഗമനും കീസ്ലോവ്സ്കിയും ഗോദാർദും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇവാൻസ് ചൈൽഡ് ഹൂഡിൽ നേരിട്ടൊരു പറച്ചിലല്ല. യുദ്ധം ഈ ചിത്രത്തിന്റെ അന്തർധാരയിൽ അലിഞ്ഞു കിടക്കുന്നുണ്ട്. എല്ലും തോലുമായല്ലോ എന്ന് ഹോളിൻ ഇവാനെ കാണുമ്പോൾ പറയുന്നുണ്ട്. അയാൾ അവനു പുതിയ ഉടുപ്പുകൾ കൊടുക്കുന്നു. യുദ്ധം തൂത്തെറിഞ്ഞ തന്റെ കുടുംബത്തിന്റെ മരണങ്ങൾക്ക് പ്രതികാരം ചെയ്യാനുള്ള ഇവാന്റെ തീവ്രമായ ആഗ്രഹം നമുക്ക് കാണാം. അവന്റെ തന്നെ സ്വപ്നങ്ങളിൽ  സന്തോഷകരമായ സ്വന്തം ബാല്യകാലവും നാം കാണുന്നുണ്ട്. പട്ടാള മാർച്ചിലൂടെ ഇവാൻ ഓടിക്കളിക്കുന്നുണ്ട്. അവിടെ നിന്ന് ചാമ്പലായ ഒരു വീടിന്റെ അകത്തു നിന്നുള്ള കാഴ്ചയാണ്. കരിഞ്ഞുണങ്ങിയ ഭൂമി. മരണപ്പെട്ടവർ തിരിച്ചു വരുമെന്ന പ്രതീക്ഷയുമായി ആ യുദ്ധ ഭൂമിയിൽ പാർക്കുന്നവരെ ഇവാൻ കാണുന്നുണ്ട്. ഇവാനെ തിരഞ്ഞെത്തുന്നവർ അവനെ നിർബന്ധപൂർവ്വം അവിടെ നിന്ന് കൊണ്ട് പോകുന്നു. മിലിട്ടറി സ്കൂളിൽ നിന്ന് ഞാൻ ഓടിപ്പോകും എന്നാണവൻ പറയുന്നത്. യുദ്ധം വളർച്ചയുള്ള മനുഷ്യർക്ക് വേണ്ടിയാണ് എന്ന സൈനികരുടെ ന്യായം അവനെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി അവൻ സൈനികരോട് തർക്കിക്കുന്നുണ്ട്. ഇവാന്റെ സ്വപ്നങ്ങളിൽ മാത്രമാണ് വെളിച്ചം, സന്തോഷം. എന്നാൽ യുദ്ധത്തിന്റെ യഥാർത്ഥമുഖം ആ സന്തോഷത്തെ ഞെരിച്ചു കളയുന്നു. “എന്റെ മേൽ എനിക്ക് മാത്രമാണ് അധികാരം ” എന്ന് സൈനികരുടെ മുഖത്ത് നോക്കി ഇവാൻ പറയുന്നുണ്ട്.

യുദ്ധം  തന്റെ കുട്ടിക്കാലത്തെ എങ്ങനെ നഷ്ടപ്പെടുത്തിയെന്ന് വെളിപ്പെടുന്ന ഓരോ സ്വപ്നത്തിന്റെ ഉള്ളിലും ഇരുണ്ട രേഖകളുണ്ട്. അത് ഞണ്ടുകളുടെ കൈകൾ പോലെ നമ്മെ തോണ്ടി അസ്വസ്ഥമാക്കുകയും ചെയ്യും. മരങ്ങൾ ഈ ചലചിത്രത്തിന്റെ പ്രധാന കണ്ണികളാണ്. ഇവാന്റെ സ്വപ്നങ്ങളിലും, സൈനികരുടെ വണ്ടികൾ പോകുന്ന വഴിവക്കിലും ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന മരങ്ങളുണ്ട്. ചലച്ചിത്രത്തിന്റെ അരക്ഷിതാവസ്ഥയെ സൂചിപ്പിക്കുന്ന വിധം ഈ മരങ്ങളുടെ ഉടൽ നീണ്ടു നീണ്ടു പോകുകയാണ് കാഴ്ച്ചയിൽ പലപ്പോഴും.

സൈനികനും പെൺകുട്ടിയും ഉള്ള സീനിലും പരിസരം നീണ്ട മരങ്ങളാണ്.

“നിനക്ക് എപ്പോഴെങ്കിലും മുറിവേറ്റിട്ടുണ്ടോ?.
മരങ്ങൾക്കിടയിൽ നിന്നാണ് സൈനികൻ അവളോട് ചോദിക്കുന്നത്.
“ഉണ്ട് ”
അവൾ മറുപടി പറയുന്നു.
“എനിക്ക് ചിലന്തികളെ മാത്രമേ പേടിയുള്ളു.”

അവൾ സൈനികനോട് മറുപടി പറയുന്നു. മരങ്ങൾക്കിടയിൽ വച്ച് അവൾ ചരിഞ്ഞ ഒരു മരത്തടിയിലൂടെ നടക്കുന്നു അയാൾ താഴെയുണ്ട്. ‘ചാടിക്കോളൂ ഞാൻ പിടിക്കാം’ അയാൾ പറയുന്നു. അവൾ ചാടുന്നില്ല. പിന്നീട്, അവൾ ഒരു കിടങ്ങ് ചാടിക്കടക്കുകയാണ്. സൈനികൻ അവളെ സഹായിക്കാനായി ചേർത്ത് പിടിക്കുന്നു. പെട്ടെന്നയാൾ അവളെ ചുംബിക്കുന്നുണ്ട്. ഈ സിനിമയിലെ ഏറ്റവും സുന്ദരമായ ഒരു ഷോട്ടാണത്. പെട്ടെന്ന് അവിടേക്ക് മറ്റൊരാൾ വരുന്നു. അവരെ നിരീക്ഷിക്കുന്ന സൈനികർ. ലാഘോവും മോറോസും അവിടെത്തന്നെയുണ്ട് എന്നവർ റിപ്പോർട്ട്‌ ചെയ്യുന്നു. ഇവാന്റെ കഥയുടെ സമാന്തരമായ ഒരു ആഖ്യാനമാണ് ഈ പ്രണയം..

ഇവാന്റെ സംഘർഷങ്ങൾക്ക് സമാന്തരമായി മാഷാ എന്ന ആ പെൺകുട്ടിയുടെ സംഘർഷങ്ങളും വായിക്കാം. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈസ്റ്റേൺ ഫ്രണ്ടിൽ തനിച്ചായ 12 വയസ്സുള്ള അനാഥനായ ആൺകുട്ടിയുടെ കഥയാണ് ഈ സിനിമ  പറയുന്നതെങ്കിലും. സിനിമയിലുടനീളം വിവിധ ഫ്ലാഷ്ബാക്കുകൾ ഉണ്ട്. ഇവാന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന ഡ്രീം സീക്വൻസുകൾ മിക്കവയും നോൺ-ലീനിയർ രീതിയിലാണ് സംശോധനം ചെയ്തിട്ടുള്ളത്. ഇവാന്റെ അമ്മയും കുടുംബത്തിലെ മറ്റുള്ളവരും നാസികളാൽ കൊല്ലപ്പെട്ടുവെന്ന്,സ്വപ്ന പരമ്പരകളിലൂടെയും മറ്റ് കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെയും വ്യക്തമാക്കുന്നു. തന്റെ കുടുംബത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനായാണ് ഇവാൻ യുദ്ധത്തിൽ ചേരുന്നത്.

റഷ്യൻ കേണലായ ഗ്ര്യാസ്‌നോവിന്റെ പ്രിയപ്പെട്ട ചാരനാണ് ഇവാൻ. ലെഫ്റ്റനന്റ് ഗാൽസ്റ്റേവ് അവനെ ചോദ്യം ചെയ്തതിന് ശേഷമാണ് കൂടെ കൂട്ടുന്നത്. ഇവാന്റെ കൂട്ട് അദ്ദേഹത്തെ മുന്നണിയിൽ കൂടുതൽ ഇടപെടുന്നതിന് സഹായകമാകുന്നുണ്ട്. പട്ടാളക്കാരും മാഷായും തമ്മിലുള്ള പ്രണയം സിനിമയുടെ ഒരുപാഖ്യാനമാകുന്നുണ്ട്. ഇത് പലപ്പോഴും സിനിമയുടെ പ്രധാനാഖ്യാനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. തർകോവസ്കിയുടെ മിക്ക ചിത്രങ്ങളിലുമുളളത് പോലെ തന്നെ ഇവാനിലെയും കഥാപാത്രങ്ങളോട് വൈകാരികമായി അടുക്കുക വളരെ ബുദ്ധിമുട്ടാണ്. അത് കാഴ്ചക്കാരിൽ തീർക്കുന്ന സംഘർഷം ചെറുതല്ല.

ഇവാൻ, അവന്റെ സ്വപ്നങ്ങളിൽ പ്രതിനിധാനം ചെയ്യുന്ന ബാല്യകാല അനുഭവങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. നോൺ-ലീനിയർ പ്ലോട്ട് ഉപയോഗിച്ച്, തർക്കോവ്സ്കി പകരുന്ന
സന്ദേശം പല തരത്തിൽ വ്യാഖ്യാനിക്കാം. പ്ലോട്ട് ഇവാനിൽ നിന്ന് ആരംഭിക്കുന്നു, പിന്നീട് അത് മാഷയുടെയും രണ്ട് റഷ്യൻ സൈനിക ഉദ്യോഗസ്ഥരുടെയും പ്രണയത്തിലേക്ക് മാറുന്നു, തുടർന്ന് അത് ഒരു ദൗത്യത്തിന് തയ്യാറെടുക്കുന്ന ഇവാനിലേക്കും പിന്നീട് ദൗത്യത്തിലേക്കും മാറുന്നു, തുടർന്ന് യുദ്ധത്തിന്റെ അനന്തരഫലങ്ങളിലേക്ക് കടക്കുന്നു. ഇവാനെ നാസികൾ തൂക്കിലേറ്റുകയാണ്. ഇവാന്റെ നിരപരാധിത്വം യുദ്ധത്താൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു: ഒരു സാധാരണ ബാല്യത്തിന്റെ എല്ലാ സൗന്ദര്യങ്ങളും യുദ്ധം തകർക്കുകയാണ്. യുദ്ധത്തിന്റെ വിനാശകരമായ പ്രവണതകൾ തുറന്നു കാണിക്കുകയാണ് ഈ ചിത്രം.

ലോംഗ് ഷോട്ടുകൾ, ക്ലോസപ്പുകൾ, ലീഡിംഗ് ലൈനുകൾ എന്നിവയുൾപ്പെടെ അതിമനോഹരമായ നൂതനമായ ഛായാഗ്രഹണം ഉപയോഗിച്ചാണ് ഇവാൻസ് ചൈൽഡ്ഹുഡ് ചിത്രീകരിച്ചിരിക്കുന്നത്. തരിശ് നിലങ്ങളും ഇടവിട്ട മരങ്ങളും മനുഷ്യ ശരീരങ്ങൾ കൊണ്ട് തീർക്കുന്ന ലെയറുകളും ചിത്രത്തിന്റെ ചലനാത്മകതയെ പ്രകടിപ്പിക്കുന്നു. തരിശായതും തകർന്നതുമായ മരങ്ങൾ, ചതുപ്പുകൾ, പരന്ന പ്രദേശങ്ങൾ തുടങ്ങിയ കാഴ്ചകൾ ഉൾപ്പെടുന്ന മുൻനിരയിലെ വിജനമായ ഭൂപ്രകൃതി, യുദ്ധത്തിന്റെ നാശത്തിലും അത് സൃഷ്ടിക്കുന്ന ഇരുണ്ട അന്തരീക്ഷത്തിലും കാഴ്ചക്കാരനെ കൂടുതൽ ആഴങ്ങളിലേക്ക് കടന്നു പോകാൻ സഹായിക്കുന്നു. ഇവാന്റെ ബാല്യകാലം അനായാസമായി ചെയ്യുന്നത്, യുദ്ധത്തിന്റെ സംഘർഷങ്ങളെയും അനന്തരഫലങ്ങളെയും ഒരു ഭൗതിക മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. അതാകട്ടെ കൂടുതൽ യാഥാർത്ഥ്യബോധമുള്ളതും അസ്വാസ്ഥ്യകരവും മൂർത്തവും “സത്യവും” ആണെന്നും ഒരേസമയം അനുഭവപ്പിക്കുന്നുണ്ട്  സിനിമ. ചിത്രത്തിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളിൽ പലതും ശ്രദ്ധാപൂർവം തയ്യാറാക്കിയ ഷോട്ടുകളാണ്. അവശിഷ്ടങ്ങളുടെ ഘനം, വെള്ളത്തിലേക്ക് ഇറക്കുന്ന വഞ്ചിയുടെ വഴുക്കൽ ജലപ്പരപ്പിലെ വെയിൽ….

അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!

“ഞങ്ങളോട് പ്രതികാരം ചെയ്യുക” എന്ന അഭ്യർത്ഥനയോടെ ജർമ്മൻകാർ വെടിവയ്ക്കാൻ പോകുന്നവരുടെ അവസാന വാക്കുകൾ വഹിച്ച പള്ളിയിലെ മതിലിന്റെ രൂപരേഖ ഓർക്കുക. ഒരു വലിയ പള്ളിമണിയുടെ ദൃശ്യത്തിൽ നിന്ന് ഇവാന്റെ മുഖത്തേക്ക് കലർന്നു പോകുന്ന ക്യാമറ. ഇവാൻ അതിനിടയിലൂടെ ഇഴഞ്ഞു നീങ്ങുന്നു. അവൻ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. വെടി വച്ചു കൊല്ലാനുള്ള, 19 വയസിന് താഴെയുള്ളവരുടെ പേരുകൾ വിളിക്കുകയാണ്‌.. പെട്ടെന്നു ഇവാൻ പേടിപ്പെടുത്തുന്ന ഒരു കാഴ്ച കാണുന്നു. അവർക്കിടയിൽ കിടക്കുന്ന സ്വന്തം ശരീരത്തെ.! ആസന്നമായ വിധിയെ അവൻ നേർക്കുനേർ കാണുന്നു..
ഇവാൻ കൂട്ട മണി അടിക്കുന്നു. പെട്ടെന്ന് ഒരുപാട് കൂട്ടമണികളുടെ ഒച്ച ഒരുമിച്ചു കേൾക്കുകയാണ്..ഇവാൻ ഓടിപ്പോകാൻ ശ്രമിക്കുന്നു. ചുവരിൽ തൂങ്ങിക്കിടക്കുന്ന ഒരു സൈനികന്റെ ഉടുപ്പ് നോക്കി ഇവാൻ പറയുന്നുണ്ട്. “ഞാൻ എല്ലാം മറന്നു എന്ന് നീ കരുതുന്നുണ്ടോ? നിനക്കൊരിക്കലും എന്നിൽ നിന്ന് ഒളിക്കാൻ ആവില്ല. ഞാൻ നിന്നെ വിചാരണക്ക് വിധേയനാക്കും. ഇവന്റെ തൊണ്ട ഇടറുന്നു.. പെട്ടെന്ന് വലിയ സ്ഫോടനങ്ങളുടെ ഒച്ചകൾ കേൾക്കുന്നു. ജലവും മണ്ണും പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ!.

സമകാലിക സിനിമകൾ പോലും പലപ്പോഴും ഉപയോഗപ്പെടുത്താൻ തയ്യാറാകാത്ത തരത്തിൽ, മനോഹരമായും പുതുമയോടെയുമാണ് തർക്കോവ്സ്കി ഈ വിഷയം ചിത്രീകരിച്ചിരിക്കുന്നത്. ഇവാന്റെ ബാല്യം ശാന്തവും ക്രമക്കേടും കലർന്ന ഒരു അരാജകത്വമാണ്. സിനിമയുടെ ഭൂരിഭാഗവും സൈനിക നീക്കങ്ങളും സൈനികരുടെ ആന്തരികസംഘർഷങ്ങളുമാണ്. ഇവാന്റെ ബാല്യകാലത്തിന്റെ ആഘാതത്തേക്കാൾ മറ്റൊന്നും കാഴ്ചക്കാർക്ക് ഈ ചിത്രത്തിൽ പ്രധാനമായി തോന്നുകയില്ല. കഥാഖ്യാനത്തിലെ മറ്റു അടരുകൾ ഇവാന്റെ ചിന്തകൾക്കോ വികാരങ്ങൾക്കോ, പ്രാധാന്യം കൊടുക്കുക എന്നിവയിൽ നിന്നുള്ള അപരിചിതമായ വ്യതിചലനമല്ലാതെ മറ്റൊന്നും ആവശ്യപ്പെടുന്നുമില്ല. തർക്കോവ്‌സ്‌കിയുടെ ആദ്യ ഫീച്ചർ ഫിലിമായിരുന്നു ഇത്. 1957 ൽ വ്ലാദിമീർ മോളോഗോവ് എഴുതിയ ചെറു കഥയെ അടിസ്ഥാനമാക്കിയാണ് തർക്കോവ്സ്‌കി ഈ ചലച്ചിത്രമൊരുക്കിയത്. വൈരുദ്ധ്യാത്മകമായ ഇമേജറികളാൽ  മനോഹരമാണ് ചിത്രം. സിനിമയുടെ തുടക്കത്തിൽ ഇവാൻ കടന്നുപോകുന്ന മങ്ങിയ ചതുപ്പ്, ഒരു ബിർച്ച് ഫോറസ്റ്റിന്റെ മാന്ത്രിക ഷോട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. രസകരമായ നിരവധി ലോംഗ് ഷോട്ടുകളും ആംഗിളുകളും വരും തലമുറകളെ ഒരുപാട് പ്രചോദിപ്പിച്ചവയാണ്.

ബിർച്ച് ഫോറസ്റ്റിലെ ഒരു രംഗത്തിൽ ഖോലിൻ, ഇവാന്റെ ക്യാപ്റ്റനും പിതാവിനെപ്പോലെയുള്ള വ്യക്തിയും ഫ്രണ്ട്‌ലൈൻ നഴ്‌സായ മാഷയും നിൽക്കുന്ന രംഗം  ഉദാഹരണം. തെളിച്ചമുള്ള പശ്ചാത്തലം രംഗത്തിന് ചുറ്റും മായികമായ  പ്രഭാവലയം സൃഷ്ടിക്കുന്നു, കൂടാതെ അദ്ദേഹം മാഷയെ ട്രെഞ്ചിന് കുറുകെ വലിക്കുമ്പോൾ, ക്യാമറക്കണ്ണ് പ്രതലത്തിൽ നിന്ന് ട്രെഞ്ചിനുള്ളിലേക്ക് താഴുകയും മറുവശത്തേക്ക് കടക്കുമ്പോൾ ലെവലുകൾ പുറത്തെടുക്കുകയും ചെയ്യുന്നു. ഈ ഷോട്ട്  രസകരമാണ്, ഇത്തരം എണ്ണമറ്റ സ്‌മാർട്ട് ക്യാമറാ വർക്കുകൾ, അസാമാന്യമായി അഭിനയിച്ച കഥാപാത്രങ്ങൾ, എന്നിവ ചേർന്ന ഈ ചലച്ചിത്രം ഇന്നും കാഴ്ചയുടെ ഒരു ഭാഗത്തെ അപഹരിക്കുന്നു. ഇവാന്റെ ബാല്യത്തെ ചരിത്രത്തിന്റെ ലെൻസിലൂടെ പകർത്തുന്ന ശക്തമായ ഒരു രീതിയാണ് ഈ ചലച്ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

ഇവാൻസ് ചൈൽഡ് ഹൂഡ് പോലുള്ള യുദ്ധ സിനിമകൾ ഗ്രേസ്കെയിലിലെ സ്റ്റാറ്റിക് ഇമേജുകൾ മാത്രമല്ല, അവയുടെ ഷോട്ട് കോമ്പോസിഷനിലും ഘടനയിലും കലാപരമായ കവിതയെ ഒളിപ്പിക്കുമ്പോഴാണ് അതിൽ തർകോവസ്‌കിയുടെ മാത്രo കൈമുദ്ര ചാർത്തിക്കിട്ടുന്നത്. യുദ്ധം നടക്കുന്ന കാലത്ത് തർക്കോവ്സ്കി
ഏകദേശം ഇവാന്റെ അതേ പ്രായത്തിലുള്ള ഒരു കുട്ടിയായിരുന്നു. സ്വപ്ന സീക്വൻസുകളിലുള്ളവ ഉൾപ്പെടെ, അദ്ദേഹത്തിന്റെ ചില ഓർമ്മകൾ സിനിമയിൽ ചിത്രങ്ങളായി ഉപയോഗിച്ചു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയനെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് ഇവാൻ കരുതുന്നുണ്ട്, യുദ്ധസമയത്ത് ഒന്നും ചെയ്യാത്തവരെ “പ്രയോജനമില്ലാത്തവർ” എന്ന് സൈനികർ വിളിക്കുന്നുണ്ട്.

അവസാന രംഗങ്ങളിൽ നിര നിരയായി തൂങ്ങിക്കിടക്കുന്ന തൂക്കു കയറുകൾ..ഒരു വാതിലിലെ വിടവിലൂടെ ഇരച്ചു വരുന്ന പൂമ്പാറ്റകൾ…ഒഴിഞ്ഞ മുറികൾ….ഇവാന്റെ അമ്മയുടെ ചിരിക്കുന്ന മുഖം. ആദ്യ രംഗത്തിലെന്ന പോലെ ഇവാൻ അമ്മയുടെ കയ്യിലെ വെള്ളത്തൊട്ടിയിലേക്ക് മുഖം പൂഴ്ത്തി വെള്ളം കുടിക്കുന്നു. അമ്മ തടാകക്കരയിലൂടെ നടന്നു പോകുന്നു. നിർഭയരായി മണലിൽ കളിക്കുന്ന ഒരുപാട് കുട്ടികൾ. അവർക്കിടയിൽ നിന്ന് ഓടി ക്യാമറക്കരികിലേക്ക് വരുന്ന ഇവാൻ. ഒരു പെൺകുട്ടി ഇവാനെ നോക്കി ചിരിക്കുന്നു. വെയിൽ പടർന്ന തടാകക്കര. ആ പെൺകുട്ടി ചിരിച്ചു കൊണ്ട് ഓടിപ്പോകുന്നു. ഇവാൻ അവൾക്ക് പിന്നാലെ ഓടുന്ന വിദൂരദൃശ്യം. പതിയെ വെള്ളത്തിലേക്ക് ഓടിയിറങ്ങുന്ന ഇവാൻ. ഇതാരുടെ സ്വപ്നമാണ് എന്ന് ഇപ്പോഴും അറിയില്ല. തർക്കോവ്‌സ്‌കിയുടെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന ഈ ചലച്ചിത്രത്തിൽ നിന്ന് ഇപ്പോഴും എന്നെ പിടിച്ചുണർത്തുന്നത് നീണ്ട മരങ്ങളുടെയും ആ ചതുപ്പു തടാകത്തിന്റെ ഇരുൾച്ചകളുടെയും ഇത്തരം സ്വപ്നങ്ങളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here