കവിത
യഹിയാ മുഹമ്മദ്
ഇറച്ചിവെട്ടുകാരൻ
സെയ്താലിമാപ്പിള
പൊടുന്നനെ ഒരു ദിവസം
മൗനത്തിലേക്കാണ്ടുപോയി
കസായിപ്പുരയിൽ
ഒരു ബുദ്ധൻ്റെ പിറവി.
നാട്ടുകാർ അതിശയം കൊണ്ടു.
അറക്കാനിരുത്തുമ്പോൾ
ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ
കണ്ണടച്ചു ധ്യാനിക്കുന്നത്.
“ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ…
രക്ഷിക്കണേ…
രക്ഷിക്കണേ…
ആടിൻ്റെ ദയനീയരോധനത്തിനിടയിൽ
സർവ്വസ്തുതിയും ദൈവത്തിന്.
മന്ത്രത്താൽ
കത്തി കഴുത്തിൽ വയ്ക്കുന്നു.
അറവുശാല ഒരു ബോധിവൃക്ഷമായി
സമാധാനത്തിൻ്റെ തണലുവിരിക്കുന്നു.
വേദനയറിയാതെ
കണ്ടം ഛേദിക്കുന്നത് അഹിംസയെന്ന് അയാൾ
ധ്യാനത്തിൽ ഉൽബോദിതനാവുന്നു.
അറവുമാടുകളുടെ കരച്ചിലിൽ
അയാളുടെ സൂഫി നൃത്തച്ചുവടുകൾ.
ധ്യാനത്തിൽ നിന്നും കണ്ണുതുറക്കുന്നതും കാത്ത്
അറവുമാടുകൾ
പുനർജനിച്ചിരിക്കുന്നു.
ശാന്തി സമാധാനം അഹിംസ
സ്വാതന്ത്രത്തിൻ്റെ കാനനവഴികളിലേക്ക്
ആടുകളെ അയാൾ വഴി തെളിക്കുന്നു.
ഒരു നല്ല ആട്ടിടയനേ
ഒരു പ്രവാചകനാവൂ എന്നയാൾ
ഇടയനായ് ആടുകൾക്കിടയിൽ
പതിയിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല