കവിത
വിനോദ് വിയാർ
‘മാനിനെ അടുത്തറിയാൻ
അതിനെ കൊല്ലണം’
കുട്ടി പറയുകയാണ്
അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി.
കൊല്ലലും അതിനെ തിന്നലുമാണ്
അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന്
കുട്ടി നിർവചിക്കുന്നു.
സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന്
രണ്ടു ദിവസമെങ്കിലും വേണം
കുട്ടിയുടെ സൂത്രവാക്യങ്ങൾ
ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.
അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച്
മാഷ് ദിവസങ്ങളായി പറയുകയായിരുന്നു
മഹാന്മാർ അയാൾക്ക് സാക്ഷ്യം പറഞ്ഞു
ചരിത്രം സൂര്യൻ്റെ സത്യം പോലെ
കത്തി നിന്നു.
കുട്ടി തിരയില്ലാത്ത കടലിനെ സ്നേഹിച്ചില്ല
മറ്റൊരു കടൽത്തീരത്ത്
അ എന്ന അക്ഷരത്തെ
പട്ടം പോലെ അവൻ പറത്തി രസിച്ചു
തീരം തകർക്കുന്ന തിരകൾക്കായി
പട്ടം ഉയരെ ഉയരെ പറത്തി.
മനുഷ്യരെ അടുത്തറിയാൻ
എന്തുചെയ്യണമെന്ന ചോദ്യം
കൂടുതൽ കൂനി
മാഷിന് മുന്നിലൂടെ നടന്നുപോയി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.