ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ

3
360

വായന

കെ.പി ഹാരിസ്

ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ വിശപ്പും ദാരിദ്ര്യവും പട്ടിണിയും മരണവും സുഭിക്ഷതയും അഹന്തയും അന്തക്കേടും എല്ലാം പ്രതിപാദനങ്ങളായി വരികയും കഥയെ പൊള്ളുന്ന ഒരു അനുഭവമാക്കി തീർക്കുകയും ചെയ്യുന്നു. അസ്പ്രഷ്ഠതയോ ആപൽക്കരമായ സൂചകങ്ങളോ ഒന്നുമില്ലാതെ, യാഥാർത്ഥ്യത്തിന്റെ തുറന്ന പുസ്തകമായി അവതരിപ്പിക്കപ്പെട്ട കഥ അതീവ പാരായണ ക്ഷമമാണ്. ദുർഗ്രഹതയും ക്ലിഷ്ടതയും സമ്മാനിക്കാതെ ലളിതസുന്ദരമായി എഴുതിയ ബിരിയാണി സമുദായത്തിനകത്തെ ജീർണ്ണതക്ക് നേരെ പിടിച്ച കണ്ണാടിയാണ് എന്നതോടൊപ്പം വിശപ്പിനെയും മരണത്തെയും പ്രശ്നവൽക്കരിച്ച് കൊണ്ട് സമൂഹത്തിന്റെ മറ്റൊരു ദുരന്തത്തെയും ഓർമപ്പെടുത്തുന്നു. ഉണ്ണുന്ന ബസുമതിയും ഉണ്ണാത്ത ബസുമതിയും എന്ന ജീവിതത്തിന്റെ രണ്ട് യാഥാർത്ഥ്യങ്ങളെ നമ്മുടെ മുന്നിലേക്ക് കഥാകൃത്ത് അവതരിപ്പിക്കുമ്പോൾ വിലയില്ലാതായി തീർന്ന മനുഷ്യ ജീവനാണ് അതിൽ ഒരു ബസുമതിയെങ്കിൽ നമ്മുടെ ആഘോഷങ്ങളിലെ അന്തസ്സിന്റെയും പൗഡിയുടെയും വില കൂടിയ ഭക്ഷണമാണ് മറ്റൊരു ബസുമതി.

ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന് മരിച്ച തന്റെ മകളുടെ ദുരന്തകഥ അഛൻ ഗോപാൽ യാഥവ് വിവരിക്കുന്നത് ദമ്മ് പൊട്ടിക്കാത്ത ബസുമതി ബിരിയാണി കുഴിയിൽ മൂടുന്ന ജോലി ചെയ്യുമ്പോഴായിരുന്നു എന്നത് ഞെട്ടലോടെയല്ലാതെ വായിക്കാൻ കഴിയില്ല. രണ്ട് വൈരുദ്ധ്യങ്ങളെ അഥവാ രണ്ട് ദുരന്തങ്ങളെ വായനക്കാരന് മുന്നിൽ കഥാകൃത്ത് അവതരിപ്പിക്കുമ്പോൾ നമ്മിലെ ധാർമിക രോഷം ഉയരുകയും അതോടൊപ്പം ഒരു തരത്തിലുള്ള നിസ്സഹായതയും നിസ്സംഗതയും നമുക്ക് സമ്മാനിക്കുന്നു. ഒന്ന് ഇല്ലായ്മയുടെയും പട്ടിണിയുടെയും ദുരന്തമാണെങ്കിൽ മറ്റൊന്ന് ആധിക്യത്തിന്റയും അഹന്തയുടെയും ദുരന്തമാണ്. സങ്കീർണതയുടെ ഘടനയോ അപരിചിത ഭാഷ പ്രയോഗമോ ഇല്ലാതെ ലാളിത്യം കൊണ്ട് ശ്രദ്ധേയമായ ബിരിയാണി പരിചിതമായ ലോകത്തെ നമ്മുടെ ദൈനംദിന ജീവിതത്തെ സ്വയം വിശദീകരിക്കുന്നു. തൊഴിൽ, കൂലി, അധ്വാനം, വിശപ്പ്, ദാരിദ്ര്യം, ധൂർത്ത്, പൊങ്ങച്ചം, വിലപേശൽ തുടങ്ങി നമ്മുടെ സ്ഥിരം വ്യവഹാരങ്ങളെയെല്ലാം പ്രശ്നവൽക്കരിച്ച് മുന്നോട്ട് പോവുന്ന കഥ വായനക്ക് ശേഷം ഒരു രോദനം മുഴക്കി കൊണ്ടാണ് അവസാനിക്കുന്നത്. മകൾ ബസുമതിയുടെ മരണം വളരെ യുക്തിഭദ്രമായിരുന്നു. അത് അപ്രതീക്ഷിതമായിരുന്നില്ല. കാരണം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നാൽ മരിക്കുമെന്നത് സ്വാഭാവികം. അതിന് അതിര് കടന്ന യുക്തിബോധത്തിന്റെ ആവശ്യമില്ല എന്ന് കഥാകൃത്ത് പറയാതെ പറയുന്നു. ദയാരഹിതമായ ദൈന്യതയുടെ ചുറ്റുപാടിൽ സാമൂഹ്യ ജീവിതം തരം താഴ്തിയ മനുഷ്യ വികാരങ്ങളെ അടയാളപ്പെടുത്തുന്ന ഈ കഥയിൽ വേദനകൾ മാത്രം തിന്ന് ജീവിക്കാൻ വിധിക്കപ്പെട്ട ഇത്തരം മനുഷ്യരുടെ ദീനരോധനം നമുക്ക് കേൾക്കാം. ഇത്തരത്തിലുള്ള മനുഷ്യർ അനുഭവിക്കുന്ന ദൈന്യതയുടെ നേർചിത്രങ്ങളെ ഈ കഥയിൽ വായിച്ചെടുക്കാം. പട്ടണത്തിലെ പലചരക്ക് കടയിൽ പോകുമ്പോഴെല്ലാം ബസുമതി അരി കാണുകയും വാങ്ങാനുള്ള മോഹം ഉള്ളിലൊതുക്കി സ്വല്പം അരി കയ്യിലെടുത്ത് മണപ്പിച്ച് സായൂജ്യമടയുന്ന ഗോപാൽ യാഥവ് അയാളുടെ സ്നേഹനിധിയായ ഭാര്യക്ക് ഒരു ദിവസം അമ്പത് ഗ്രാം ബസുമതി അരി വാങ്ങി കൊടുക്കുകയും അവർ അത് ചവച്ചരക്കുന്നത് നോക്കി നിന്ന് നിർവൃതി അടയുകയുകയും ചെയ്യുന്നു. ഇത്തരത്തിൽ പരിമിതമായ ആഗ്രഹങ്ങളെ പോലും നിവർത്തിക്കാൻ കഴിയാത്ത പച്ചമനുഷ്യരുടെ നിസ്സഹായതയുടെയും ദൈന്യതയുടെയും മുഖം ഏത് സാമൂഹിക വ്യവസ്ഥിതിയുടെ ഉൽപന്നമാണെന്ന ചോദ്യവും ഉയർന്ന് വരുന്നു.

തന്റെ ഭൂതകാലത്തിലെ ദുരന്തകഥ വിവരിക്കുമ്പോൾ സ്വയം ഇളിഭ്യനായിത്തീരുന്ന ഒരു അവസ്ഥ വിശേഷത്തെ ഗോപാൽ യാധവ് വിവരിക്കുന്നത് നമുക്ക് കഥയിൽ ഇങ്ങനെ വായിക്കാം. നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോൾ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും ചിലവേദനകളിലൂടെ കടന്ന് പോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം കുറ്റവാളിയോ കോമാളിയോ ആയിതീരും. ഈയൊരു വാക്യത്തിൽ കഥാകൃത്ത് വലിയൊരു സത്യത്തെയും തത്ത്വചിന്തയെയുമാണ് ഉയർത്തുന്നത്. അപരന്റെ വേദന ഉൾക്കൊള്ളുന്നില്ലെങ്കിലും മനസ്സിലാക്കാനുള്ള ഒരു തലത്തിലേക്ക് മനുഷ്യ മനസ്സുകൾക്ക് വികാസം സംഭവിക്കുമ്പോൾ മാത്രമെ സാംസ്കാരിക ബോധമുള്ള മനുഷ്യരായി നാം മാറുകയുള്ളൂ. സാമൂഹ്യ ജീവിതത്തിന്റെ അന്തസ്സത്ത നിലകൊള്ളുന്നത് അപ്പുറത്തിരിക്കുന്നവനെ അറിയുമ്പോഴും അറിയാൻ ശ്രമിക്കുമ്പോഴുമാണ് എന്ന് ഇനിയും നാം മനസ്സിലാക്കിയിട്ടില്ല. മനുഷ്യസമൂഹമായി നാം ജീവിക്കുമ്പോഴും നിസ്സഹായവരായ മനുഷ്യരുടെ ദീന രോദനങ്ങൾ സ്വാഭാവികതയായി നാം മനസ്സിലാക്കിയിരിക്കുന്നു. ഇത്തരം സ്വാഭാവിക ബോധങ്ങളെ മറികടക്കാൻ കഴിയാതെ കമ്പോള യുക്തി മനുഷ്യ ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന ലോകത്താണല്ലോ നാം ജീവിക്കുന്നത്. അമിതഭക്ഷണത്തെ ആഘോഷമാക്കി, ഭക്ഷണത്തിനു മേൽ ഭക്ഷണം അനുഭവിച്ച് അസംബദ്ധത്തെ ഉൽസവമാക്കി കല്യാണവിരുന്നുകൾ മാറ്റപ്പെട്ട സാഹചര്യത്തെ സാമൂഹ്യ വിമർശനത്തിന് വിധേയമാക്കാൻ സാധിക്കുന്നിടത്താണ് ഈ കഥയുടെ പ്രസക്തി മൂല്യം നിലകൊള്ളുന്നത്. നട്ടുച്ചയേക്കാൾ ചൂടുള്ള രോഷം ഉൽപാദിപ്പിക്കാൻ ഈ കഥയ്ക്ക് സാധിക്കുന്നത്.

പൊള്ളുന്ന ഒരു യാഥാർഥ്യത്തെ കഥാകൃത്ത് വരച്ചിടുന്നത് ലളിത ഭാഷ കൊണ്ട് മാത്രമല്ല, പ്രതിപാദനത്തിന്റെ മികവ് കൊണ്ട് കൂടിയാണ്. സാമൂഹ്യ യാഥാർഥ്യത്തിന്റെ നിരവധി വശങ്ങളെ വ്യവഹരിക്കുന്ന കഥയിൽ ബോധപൂർവമായ ഒരു ഞെട്ടലിനെ സൃഷിക്കാൻ കഥാകൃത്ത് ശ്രമിക്കുന്നില്ല. പക്ഷെ കഥ വായിച്ച് തീരുമ്പോൾ നമ്മളിൽ ഞെട്ടലുണ്ടാവുന്നു. വർത്തമാനകാല യാഥാർഥ്യത്തിന്റെ ക്ലിഷ്ടതകളെ ഓർമപ്പെടുത്തുന്ന ഈ കഥ മനുഷ്യ വേദനയെ, യാത്രയെ, പാലായനത്തെ, നാട് നീങ്ങലിനെ സ്വന്തം നാട് പോലും വിസ്മൃതിയിലാവുന്നതിന്റെ ദുരന്തങ്ങളെ എല്ലാം ഓർമപ്പെടുത്തുന്നു. തന്നെ പോലെ തന്റെ നാടും ബീഹാർ വിട്ടിരിക്കുന്നു എന്ന് അറിയാതിരിക്കാൻ മാത്രം വിസ്മൃതിയിലേക്ക് സ്വന്തം നാടിനെ കുറിച്ചുള്ള ബോധം എത്തിപ്പെട്ട ഇത്തരത്തിലുള്ള മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ടെന്നും ഇവരെ മനുഷ്യരായി ഉൾക്കൊള്ളാനുള്ള സാമൂഹ്യബോധ്യത്തിലേക്ക് നാം ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. നമ്മൾ എത്തിപ്പെട്ട ജീർണ്ണതക്കെതിരെ കൃത്യമായ വിമർശനം ഉന്നയിച്ച് തിരുത്തൽ ശക്തിയായി ഈ കഥയെ വായിക്കുമ്പോഴും ഇസ്ലാം ഫോബിയയുടെ സൃഷ്ടിയാണ് എന്നുമുള്ള മറുവായനയെയും കാണാതിരുന്നുകൂടാ. കാരണം, പൈശാചികവൽകരിക്കപ്പെട്ട കഥാപാത്രസൃഷ്ടിയിലൂടെ മുസ്ലിം വിരുദ്ധത പ്രസരിപ്പിക്കാൻ കഥയിൽ ശ്രമിക്കുന്നു എന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. നാല് കെട്ടിയ കലന്തൻ ഹാജിയും വൃഷണം ചൊറിഞ്ഞ് കൊണ്ടിരിക്കുന്ന അസനാർച്ചയും കേരളീയ പൊതുബോധം ഉൽപാദിപ്പിച്ച മുസ്ലിം ബിംബങ്ങളാണ്. ബിംബ നിർമിതിയിലെ ഈ പൊതുബോധത്തെ മറികടക്കാൻ കഥാകൃത്തിന് സാധിക്കാതെ വരുന്നത് അദ്ദേഹം ഇസ്ലാമോഫോബിയയുടെ വക്താവായത് കൊണ്ടല്ല. മറിച്ച് അബോധപരമായി അദ്ധേഹത്തെയും സ്വാധീനിച്ച സവർണ്ണ ബോധവും മുസ്ലിംവിരുദ്ധ ബോധ്യങ്ങളുമാണ്. മുസ്ലിം വിരുദ്ധത ഒഴിവാക്കാനോ ഒഴിവാക്കണമെന്ന് ഭാവിക്കാനോ വിസമ്മതിക്കുന്ന ഒരു കഥാപാത്രസൃഷ്ടിയാണ് സന്തോഷ് എച്ചിക്കാനം നടത്തിയിരിക്കുന്നത്. അദ്ധേഹത്തിന്റെത് ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രസൃഷ്ടിയാണെങ്കിലും മുസ്ലിംവിരുദ്ധമായ ഉള്ളടക്കത്തെ ആരെങ്കിലും വായിച്ചെടുത്താൽ കുറ്റപ്പെടുത്താനും കഴിയില്ല. എങ്കിലും ഇസ്ലാം ഫോബിയയുടെ സൃഷ്ടിയാണ് എന്ന് വിമർശിച്ച് ഈ കഥയെ കോർണറൈസ് ചെയ്യുന്നതിനേക്കാളും ഗുണപരമായത് നമ്മുടെ ജീർണതക്ക് നേരെ പിടിച്ച കണ്ണാടി എന്ന നിലയിലുള്ള വായനയാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

3 COMMENTS

  1. നിഷ്പക്ഷ വായനയിലൂടെ ബിരിയാണിക്കഥയിലെ സമസ്യകളും ആകുലതകളും ബോധ്യങ്ങളും അടയാളപ്പെടുത്തുന്നു.കഥയിലെ വിമർശന വിധേയമായ പരാമർശങ്ങളെ
    കൃത്യമായി നിരീക്ഷിക്കന്നതോടൊപ്പം
    കഥയുടെ സമകാലിക പ്രസക്തിയെ
    ഉയർത്തി കാട്ടുകയും ചെയ്യുന്നു. വായനക്കാരിൽ ‘ബിരിയാണി’ എന്നും
    അജീർണ്ണമായിരിക്കും.

  2. സന്തോഷ് എച്ചിക്കാനത്തിൻ്റെ”ബിരിയാണി ”
    ഒരു വായനാനുഭവത്തിലേക്കല്ല നമ്മെ കൊണ്ടു പോവുന്നത്, പൊള്ളുന്ന ജീവിത യാഥാർത്ഥ്യത്തിലേക്ക് തന്നെയാണ്. നിഷ്പക്ഷമായ വായനയിലൂടെ കടന്നു പോകാൻ മനസ്സ് വേണം.

  3. ‘ബിരിയാണി’യുടെ രുചി / സുഗതൻ വേളായി

    രണ്ടായിരത്തി പതിനാറിലെ നട്ടുച്ച. നഗരപാതകളിൽ നുരിക്കുന്ന വാഹനങ്ങൾ .ജനങ്ങൾ. ഉച്ചിയിൽ ദയാരഹിതനായി ഉച്ചസുര്യൻ!
    അന്തരാളത്തൽ ദാഹവും വിശപ്പും ഒരുമിച്ചൊരു എരിപൊരിസഞ്ചാരം!

    തൊട്ടടുത്തു കണ്ട കൊച്ചു ഹോട്ടലിലേക്ക് രക്ഷപ്പെട്ടു. പെട്ടിക്കടയിൽ തൂങ്ങി നിൽക്കുന്ന പഴക്കുല. ചീട്ട് അട്ടിയിട്ടതു പോലെ വിരിച്ചിട്ട വാരികകളിൽ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ഫോട്ടോയും കഥ ‘ബിരിയാണി’യും മുഖചിത്രമായ് മാതൃഭൂമി യിൽ. പഴവും കഴിച്ച് വിശപ്പാറ്റി ‘ബിരിയാണി’ രുചിച്ചാലോ? ഞാൻ ചിന്താധീനനായി. ദൈന്യതയോടെ കീശ തപ്പി .കനമില്ല. ‘ബിരിയാണി’ പിന്നീടാവാം. തുച്ഛമായ തുകയ്ക്ക് വയറ് നിറച്ച് ‘അന്ന സാമ്പാറ് ‘ കിട്ടി.(സാധാരണക്കാരൻ്റെ അന്നം: ചോറും രസം പോലുള്ള സാമ്പാറും തൊട്ടു കൂട്ടാൻ അച്ചാറും)

    പുറത്തേക്കിറങ്ങവേ, കൊതിയോടെ ഒന്നുകൂടി നോക്കി. നാളെ വാങ്ങിയിരിക്കും.’ ബിരിയാണി’യുടെ അക്ഷരക്കൂട്ട് അറിയണം. മനസ്സിൽ കണക്ക് കൂട്ടി . ഒടുവിലതും സഫലമാവാത്ത ആശയായി മനസ്സിൻ്റെ മൂശയിൽ ഒടുങ്ങി.

    രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞു.
    ‘ബിരിയാണി’ കഴിച്ച് ദഹനക്കേട് പിടിച്ചവരു
    ടെയും അന്തക്കേടേറ്റവരുടെയും ഏറ്റുപറച്ചിലും കുറ്റം പറച്ചിലും പത്രവാർത്തയിൽ. കേവലം ‘ബുജി’കൾക്കിടയിൽ കൊഴുക്കുന്ന കോലാഹലങ്ങൾ….

    നാട്ടിലെ ഓളങ്ങളടങ്ങിയപ്പോൾ പതിവുപോലെ ബംഗളരുവിലും ഒരു ചർച്ച അരങ്ങേറി.

    ‘സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥാ ചർച്ച’ എന്നോ മറ്റോ.സുനീഷ് കരിവെള്ളൂർ എന്ന സുഹൃത്ത് കുറച്ച്‌ പഠന കുറിപ്പുകൾ അയച്ചു തന്നിരുന്നു.
    കേൾവിക്കാരനായി ഞാനും കൂടി. ചർച്ചകളിലെ സ്ഥിരം സാന്നിധ്യക്കാർ തുലോം കുറവ്. വിശേഷാഥിതിയായി ശ്രീമതി ലതാ നമ്പൂതിരിയുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥാ വഴികളിലൂടെ അധികം നടന്നിട്ടില്ലെന്നും ‘ബിരിയാണി’ രുചിച്ച് നോക്കിയിട്ടില്ലെന്നും ആമുഖമായി
    അവർ പറഞ്ഞു. ഇത്തരം കൂട്ടായ്മകൾ
    എഴുത്തുകാരിലേക്കും രചനകളിലേക്കും
    എത്തിപ്പെടാനുള്ള തുറന്ന വാതായനങ്ങളാകട്ടെയെന്നവർ പ്രത്യാശിച്ചു.

    ‘ബിരിയാണി’ തൊടാതെയും അതുയർ
    ത്തിയ സമകാലിക പ്രശ്നങ്ങളും
    കോലാഹലങ്ങളും ചർച്ചയ്ക്ക് വരാതെയും ചടങ്ങ് കേവലമൊരു ‘ചടങ്ങായി’ ഒടുങ്ങാറായി.

    ഏച്ചിക്കാനത്തിൻ്റെ ‘ബിരിയാണി’ കൊതിപ്പിച്ച കഥ എഴുതിയത് കീശയിലുണ്ട്.ഒരവസരത്തിനായി ഞാൻ സദസ്സിൽ കാത്തിരുന്നു. ഈ അനുഭവകഥയ്ക്ക് എന്തെങ്കിലും സാംഗത്യമുണ്ടോ എന്നതായിരുന്നു ചിന്ത.
    എന്തായാലും അർദ്ധ മനസ്സോടെ എഴുന്നേറ്റു.
    “ചർച്ചയല്ലിത്, ഒരു വേറിട്ട കഥ വായിക്കാം” എന്നു പറഞ്ഞ് തുടങ്ങി.
    കാര്യമായ പ്രതികരണമൊന്നും ആരിലുമുണ്ടായില്ല..

    “വേറിട്ട കഥ നല്ലൊരു അനുഭവമായിരുന്നു”

    കഥ വായിച്ച് വന്ന് കസേരയിൽ ഇരുന്നപ്പോൾ തൊട്ടരികിലിരുന്ന സമാന ഹൃദയനും സഹൃദയനുമായ ഒരാൾ സ്വകാര്യം പറഞ്ഞു.

    ‘നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോൾ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും ചിലവേദനകളിലൂടെ കടന്ന് പോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം കുറ്റവാളിയോ കോമാളിയോ ആയിതീരും.’
    ഗോപാൽ യാദവ് എന്ന ‘അഥിതി’ തൊഴിലാളി കലന്തൻ ഹാജിയുടെ കാര്യസ്ഥൻ അസൈനാർച്ചയോട് തൻ്റെ ബീഹാർ ജീവിതം പങ്കുവെച്ചപ്പോൾ തോന്നിയ ആത്മഗതം എന്നെ മദിച്ചു

    കഥാകൃത്ത് സന്തോഷ്‌ ഏച്ചിക്കാനം ‘ബിരിയാണി’ എന്ന കഥയിലൂടെ ഉയർത്തിയ വലിയ സത്യത്തെയും തത്ത്വചിന്തയെയും ഞാനത്രമേൽ ഓർത്തു പോയിരിക്കണം.

    ആ ശുഷ്കിച്ച സദസ്സിൽ നിന്നും മുഷിഞ്ഞ മനസ്സോടെ ഞാൻ വേഗം പുറത്തു കടന്നു.നഗര വീഥിയിൽ ഇരുട്ടിനെ തുരത്താനായി തെരുവ് വിളക്കുകൾ വെളിച്ചം പരത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here