(കവിത)
വിജയരാജമല്ലിക
മക്കളെ സ്നേഹിക്കാൻ
വിലക്കുന്ന മന്ത്രം
എഴുതി വെച്ചത്രെ
ഭൂമിയിൽ മനുഷ്യർ
ആണും പെണ്ണും
മാത്രമെന്നൊരിക്കൽ
താലോലമാട്ടാനാകാതെ
കൈകൾ മൗനമായ് അലമുറയിട്ട-
ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ
കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ
ബുദ്ധിക്ക് വിലങ്ങുവെച്ചീ
നിഗൂഢ തന്ത്രം
ഈ മന്ത്രം ഉപാസിക്കും
കൊടികൾ പൊന്നുകൊയ്യും
വിളനിലങ്ങൾ
മറിച്ചും മറച്ചും
രചിക്കുന്നു കപട ചരിത്രഭാഗം
ഇത്തിരിപ്പോന്ന മണ്ണിനും
കീശനിറയും കാശിനും
വിണ്ണിൽ രുധിരം ചൊരിയുന്നു ദാസികൾ
ഏതു ചേരിയിൽ കാലൂന്നണമെന്നറിയാതെ
ഈർഷ കുടയുന്നു തൂലികകൾ
കാതങ്ങൾക്കകലെ
അതാ പുതിയ ഭൂമി കണ്ടുപിടിച്ചത്രെ
പക്ഷെ എനിക്കില്ലതിൽ ഒട്ടുമേ പ്രത്യാശയും
ഈ കൂട്ടർ തന്നെ അല്ലെ
അതിന്റെയും ദേശപരിവേഷകർ
രക്തം ചിന്തിയും
മാനം കവർന്നും
യുദ്ധം പുലർത്തിയും
അരികുകൾ തീർത്തവർ
അവിടെയും ഉച്ചനീചത്തങ്ങൾ
ആഘോഷിക്കില്ലെ?
ആണാക്കിയും അതിന്നടിമകളാക്കിയും
സമത്വത്തെ വിചാരണ ചെയ്യില്ലേ?
സ്വത്വങ്ങളെ
കൊന്നുതിന്നുകില്ലെ?
അത് പുതിയ ഭൂമി അല്ല
ആവർത്തനങ്ങളുടെ കൊണ്ടാടലുകൾ!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല