കവിത
താരാനാഥ്. ആർ
ഒരു കഷണം കാന്തത്തിന്
ഒരു പിടി മണലിൻന്മേൽ
ഉളവാകും സ്വാധീനം ?
ഒരു പൈഡ് പൈപ്പർ
ഊതുന്നൊരു നാദത്തിൻ
അനുധാവന ശബ്ദം ?
പ്രാചീന തപസ്വികൾ തൻ
ആവാഹന സിദ്ധി ?
* * *
ആ പാട്ടിൽ
ഞാൻ കാറ്റത്തുലയുന്നൊരു
കാറ്റാടി
വരിവരിയായ്
നിരനിരയായ്
ആടുന്നുണ്ടൊരുപോലെ
ഒരു കടലിൻ തീരം പോൽ
ഒരു പാട്ടിൻ തീരം
അലകൾ സ്വരമലകൾ
അതിലാടുന്നവർ പലരും
പറയുമ്പോൾ അറിയാത്തോർ
പുലബന്ധം ഇല്ലാത്തോർ
പാട്ടായോ പാടുന്നോരായോ
പാടിത്തീരാത്തോരായോ
തീരാത്തൊരു പാട്ടായോ
ഏറുന്നോരിമ്പമതിൽ
മുറുകുന്നൂ താളം
അതിതീവ്രം കാറ്റിൽ
കവുങ്ങുമരം പോലെ
മുടിനാരുകളിളകിപ്പിടയുന്നൂ
യാഗത്തിൽ ഹോമിക്കാൻ
നിൽക്കുന്നൊരു ഫണികൾ
പെട്ടെന്നൊരു നിമിഷത്തിൽ
അവരോഹണ താളം
സ്ഥായികൾ തൻ മാറ്റം
ചിതറിയവക്കൽപ്പാല്പം
ക്രമ ഭംഗികൾ വരവായ്
അതിനിടയിൽ
മിന്നലുകൾ പല ജിഹ്വകൾ നീട്ടി
ഇരുളിൻ ലഹരികൾ തൻ രുചി
തിരയുന്നതു പോലെ
പൊടിതൂവിക്കാറ്റിളകീ
കലിയിളകും കടലിൽ
തിരമാലകളുയരുന്നത്
പതിവിന്നും മുകളിൽ …
ആവേശത്തുള്ളികൾ പൊടിവേർപ്പായിത്തീർന്നിട്ടതു
ബാഷ്പിച്ചൊരു മേഘമതാ
നമ്മളിൽ ഒഴുകുന്നു
വീണ്ടും മുറുകുന്നൂ
അയയുന്നൂ പിണയുന്നൂ
അടതാളത്തിലൊരാളൽ
അടിവേരിൽത്തൊട്ടറ്റം വരെ
വൈദ്യുതി തൻ ഝരിക
അതു കേറിത്തലമണ്ടയിൽ
ഫിലമെൻറുകൾ നീട്ടി
പതിനായിരമോൾട്ടിൽ
പല സൂര്യൻമാരായി
ആ വെട്ടക്കടലിൽ അവിടെല്ലാരും
മുങ്ങി!
ഉണരുമ്പോൾ നീന്തിക്കര കേറിയവർ കണ്ടൂ
ചിതറിപ്പോയിത്തിരിമണൽ
പലതായോരെലികൾ
ഒറ്റയതാം കണ്ണികളും, ശൂന്യമിരുൾപ്പാട്ടും…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.