അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ

0
400
Shabab

വായന

ശബാബ് കാരുണ്യം

ഏറെ അപ്രതീക്ഷിതമായാണ് ‘ലിറ്റാർട്ട്’ പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ ‘കറക്കം’ കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി.

ഒരു സാധാരണ യാത്രാവിവരണ പുസ്തകത്തിനപ്പുറം എന്താണ് അബ്രീദയുടെ കഥകൾക്ക് പറയാനുള്ളത്? എനിക്ക് തോന്നിയത് രണ്ട് കാര്യങ്ങളാണ്.
കയ്യിലുള്ള കുറച്ച് പണം എല്ലാം കൂടി ഒപ്പിച്ചെടുത്ത് ബാക്കി പടച്ചോനും വിട്ടു കൊടുത്ത് ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും യാത്രയ്ക്കിറങ്ങിത്തിരിച്ച്, പലപ്പോഴും ഭക്ഷണമോ ഉറക്കമോ ഒക്കെ സ്കിപ് ചെയ്യേണ്ടി വന്നിട്ടും യാത്രയുടെ വൈബ് കളയാത്ത ചെറുപ്പക്കാർക്കൊക്കെ ഭയങ്കരമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പുസ്തകമാണ് ‘കറക്കം’. നമ്മൾ പറയാനാഗ്രഹിക്കുന്നതോ ചിന്തിച്ചു കൂട്ടുന്നതോ ആയ കാര്യങ്ങളെല്ലാം പല പേജുകളിലും തെളിഞ്ഞു വരുന്ന അനുഭവം. ഡൽഹിയിലെ ബട്ലാ ഹൗസിലെയും സാക്കിർ നഗറിലെയും രാത്രിത്തിരക്കുകൾ… പൊളിഞ്ഞ് വീഴാറായ ഹിമാചൽ ട്രാൻസ്പോർട്ട് ബസ്സിലെ യാത്ര തുടങ്ങി അനേകം വാങ്മയ ചിത്രങ്ങൾ ‘കറക്ക’ത്തിൽ കാണാം. ജീവിതത്തിൽ വളരെ ‘കംഫർട്ടാ’യി മാത്രം യാത്രകളെ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഒരു പക്ഷെ അത്യൽഭുതകരമായ ഒരു യാത്രാവിവരണമായും ഇത് തോന്നിയേക്കാം. എന്തൊക്കെയായാലും ലോ ബജറ്റ് യാത്രികർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും നൽകുന്ന ‘കറക്കം’ ആ ഇനത്തിൽപ്പെട്ട അപൂർവം ചില പുസ്തകങ്ങളിൽ ഒന്നാണ്. വലിയ വലിയ പാക്കേജുകളിൽ ലക്ഷ്വറി യാത്രകൾ നടത്തി വരുന്നവരുടെ യാത്രാവിവരണങ്ങളും പ്രിവിലേജഡ് തള്ളുകളും കേട്ട് വാ പൊളിച്ചിരിക്കുന്നതിനേക്കാളും ഗുണം അബ്രീദയുടെ കുറിപ്പുകൾ വായിച്ചാൽ ഒരു പക്ഷെ കിട്ടും. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണത്തിനു പകരം ഇവിടെ സഞ്ചാരിയുടെ പ്ലേറ്റിൽ കാണുക മൂന്ന് രൂപയുടെ റൊട്ടിയും നാലു രൂപയുടെ ‘റുമാലി’യും, കുറഞ്ഞ കാശിൻറെ ചോറും തൈരും മാത്രമായിരിക്കും. യാത്രയിൽ വിശപ്പും ദാഹവുമകറ്റുന്നത് സ്റ്റോക്ക് ചെയ്ത പച്ചവെള്ളമോ ബിസ്കറ്റോ ആയിരിക്കും. കയ്യിൽ പണമോ സമയമോ ആവശ്യത്തിനില്ലാത്ത ഒരാൾക്ക് പോലും യാത്രകൾ ചെയ്യാനുള്ള ആത്മവിശ്വാസം നൽകാൻ അബ്രീദയുടെ അനുഭവങ്ങൾക്ക് കഴിഞ്ഞേക്കും.

അപ്രതീക്ഷിതമായി കടന്നു വരുന്ന കഥാപാത്രങ്ങളാണ് പല കഥകൾക്കും ജീവൻ നൽകുന്നത്. നേപ്പാളിലെ നരേന്ദ്രനെയും കുംത റെയിൽവെ സ്റ്റേഷനിലെ നാടോടി വൃദ്ധനെയും പഞ്ചാബിലെ ഓട്ടോറിക്ഷക്കാരനെയുമൊക്കെ അബ്രീദയ്ക്കു മാത്രമല്ല, വായനക്കാർക്കും എങ്ങനെയാണ് മറക്കാൻ കഴിയുക? പേരു പറഞ്ഞതും പറയാത്തതുമായ അത്തരത്തിലുള്ള എത്രയെത്ര കഥാപാത്രങ്ങൾ…ഒരു സോ കോൾഡ് മലയാളി സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഹിമാചൽ പ്രദേശ് എന്നാൽ കുളു, മണാലി,ഷിംല എന്നിവയൊക്കെയാണ്. പഞ്ചാബെന്നാൽ അമൃത്സർ, രാജസ്ഥാനെന്നാൽ ജയ്പൂർ എന്നിങ്ങനെയുള്ള വിചാരങ്ങളെയൊക്കെ അബ്രീദയുടെ അനുഭവങ്ങൾ പൊളിച്ചെഴുതുന്നുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ എത്രയെത്ര പേരറിയാ നാടുകൾ, സംസ്കാരങ്ങൾ… ഹിമാലയ താഴ്വരകളിൽ തന്നെ മഞ്ഞു പുതച്ചു കിടക്കുന്ന, നമുക്ക് അറിഞ്ഞു കൂടാത്ത കൊച്ചുകൊച്ചു ഗ്രാമങ്ങൾ. തിക്കും തിരക്കും ബഹളവുമുള്ള മുബൈയുടെ പുറംപോക്കിൽ ശാന്തമായി കാഴ്ചക്കാരെ കാത്തിരിക്കുന്ന മതേരൻ താഴ്‌വരയെക്കുറിച്ച് മുമ്പ് എത്ര പേർക്കറിയാം? ഖീർഗംഗ, പ്രഷാർ, ഗോവിന്ദ്ഘട്ട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രകൃതി വിസ്മയങ്ങൾ. ‘കറക്കം’ കറങ്ങുന്നത് നമ്മൾ കണ്ടും അറിഞ്ഞും വായിച്ചും വെച്ച ഇന്ത്യയിലൂടെയല്ല. പകരം പോപ്പുലാരിറ്റിയുടെ ശക്തമായ വെളിച്ചമടിക്കുന്നത് കാരണം നമ്മൾ കാണാതെ പോവുന്ന ഭംഗിയുള്ള സാധാരണത്വങ്ങളിലൂടെയും പ്രാദേശിക സംസ്കാരങ്ങളുടെ വശ്യതയിലൂടെയുമാണ്.

യാതൊരു ജാഡയുമില്ലാത്ത ഭാഷയാണ് പുസ്തകത്തിന്റെത്. ഒരു സ്കൂൾ കുട്ടിയുടെ ഡയറി പോലെ, വളരെ ലളിതമായി വായിച്ചു പോകാൻ കഴിയുന്ന പുസ്തകം. അതേ സമയം സാന്ദർഭികമായി സംഭവിച്ച തമാശകളും എഴുത്ത്കാരിയുടെ സ്വതസിദ്ധമായ മാനറിസങ്ങളുമെല്ലാം നന്നായി പ്രതിഫലിപ്പിക്കാൻ ആ എഴുത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്. നീണ്ടു കിടക്കുന്ന ചില കുറിപ്പുകൾ പോലും ബോറടിക്കാതെ വായിച്ചു പോവുന്നത് യാത്രയുടെ റോളർകോസ്റ്റർ സ്വഭാവം കൊണ്ടും അതിനെ യാത്രക്കാരി സമീപിച്ച രീതി കൊണ്ടുമാണ്.കേവലം ജാതിക്കും മതത്തിനും ദേശത്തിനുമപ്പുറം നമ്മളെല്ലാം മനുഷ്യൻ എന്ന അഡ്രസിനാലും സ്നേഹത്താലും പരസ്പരം ബന്ധനസ്തരാണ് എന്നും നല്ല മനുഷ്യരും നല്ല ലോകവും ഇപ്പഴും ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന സത്യവും മനസ്സിലാക്കിത്തരാൻ ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. യാത്രകളെന്നാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കുള്ള യാത്രയെന്നതിനപ്പുറം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കുള്ള സഞ്ചാരമാണ്. സഹയാത്രികരോടുള്ള സംഭാഷണങ്ങളേക്കാൾ അവിടെ ക്രിയേറ്റീവായി മാറുന്നത് ചുറ്റും കാണുന്ന ‘പുതിയ’ മനുഷ്യരോടുള്ള വിചാരവിനിമയമാണ്. ‘കറക്ക’ത്തിൽ കാണുന്നത് ഭംഗിയുള്ള താഴ്‌വരകളും മരുഭൂമികളും കൂടാതെ ഭംഗിയുള്ള മനുഷ്യരെ കൂടിയാണ്. യാത്രകളിൽ അവൾ സംസാരിക്കുന്നത് അരപ്പട്ടിണിക്കാരായ റിക്ഷാ തൊഴിലാളികളോടും അനാഥ ബാല്യങ്ങളോടും നാടോടി ജീവിതങ്ങളോടുമാണ്. രാജസ്ഥാൻ സന്ദർശനത്തിന്റെ അവസാന ഭാഗത്ത് അബ്രീദ പറയുന്നത് ശ്രദ്ധിക്കുക: “ഡൽഹിയിലെത്തിയപ്പോൾ മതത്തിന്റെ പേരിൽ സ്വന്തം ചോരയെ വെട്ടിമുറിക്കുന്നത് മുന്നിൽ കണ്ടപ്പോൾ പേരും വിലാസങ്ങളും മാറോട് ചേർത്തു പിടിക്കുന്ന എല്ലാവരെയും കൂട്ടി ആ മനുഷ്യരുടെ അരികിലേക്ക് ഒന്നുകൂടി പോകണം എന്ന് തോന്നി. കാരണം അവിടെയുള്ള മനുഷ്യർക്കറിയാം പേര് ചോദിക്കാതെ ചിരിക്കേണ്ടതും വിലാസങ്ങൾക്കപ്പുറം സ്നേഹം പങ്കു വയ്‌ക്കേണ്ടതും എങ്ങനെയാണെന്നത്….”

അബ്രീദ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചരിത്ര പ്രാധാന്യമോ മറ്റോ അന്വേഷിക്കുന്നതിനേക്കാൾ ഇവിടെ സാർത്ഥകമാവുക സുന്ദരമായ മാനവിക മൂല്യങ്ങളെ തിരയുന്നതാവും. വിവരശേഖരണമോ ദർശന സുഖമോ എന്നതിലപ്പുറം നിഷ്കളങ്കരായ മനുഷ്യരെക്കുറിച്ചുള്ള ബോധ്യമാണ് ഒരു യാത്രയിൽ സംഭവിക്കേണ്ട ഏറ്റവും മഹത്തായ കാര്യം. ഏതായാലും ഇനിയൊരു യാത്ര പോകുമ്പോൾ ‘കറക്ക’ വും ഒരു ട്രാവൽ ഗൈഡ് എന്ന രൂപത്തിൽ ഉപകാരപ്പെടും. ഇക്കാലത്ത് ഒത്തിരി യാത്രകൾ ചെയ്യുകയും അത് ഒട്ടുമുക്കാലും ‘ഇൻസ്റ്റഗ്രാമ’ത്തിലോ മറ്റ് സോഷ്യൽ മീഡിയകളിലോ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നതിനു പകരം ഒരു പുസ്തകമെഴുതാൻ തയ്യറായി എന്നതാണ് അബ്രീദയെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത്. നമ്മൾക്കറിയാം കേരളത്തിനു തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ വരെ പെൺകുട്ടികളെ പഠിക്കാൻ വിടാൻ പോലും പേടിക്കുന്ന ഒരു നാട്ടിൽ നിന്നും, സമുദായത്തിൽ നിന്നും തന്നെയാണ് അബ്രീദയും വരുന്നത് (അടുത്ത കാലങ്ങളിലായി വിപ്ലവകരമായ നല്ല മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങിയിട്ടുണ്ട്,എങ്കിലും). അങ്ങനെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം, ഒരു സ്ലീപിങ് ബാഗും ടെൻ്റുമെടുത്ത് ട്രെയ്നിന്റെ തിരക്കുള്ള സെക്കന്റ് ക്ലാസ് കമ്പാർട്ട്മൻറിന്റെ തറയിലിരുന്ന് ഇന്ത്യയുടെ പല ഭാഗത്തേക്കും യാത്ര ചെയ്യുന്ന മലബാരിപ്പെൺകുട്ടിയുടെ ചിത്രം സങ്കൽപങ്ങൾക്കതീതമാണ്(ഇന്ത്യയിലെ പല ഭാഗങ്ങളിലും യാത്ര ചെയ്തിട്ടും, ആൺകുട്ടിയെന്ന പ്രിവിലേജുള്ള എനിക്ക് പോലും സെക്കന്റ് ക്ലാസ് യാത്രകൾ അത്ര കണ്ട് കംഫർട്ടായി തോന്നിയിട്ടില്ല എന്നതാണ് സത്യം.) പ്രിവിലേജുകളുടെ നടുവിൽ നിന്നിട്ടും അതിനെ വേണ്ട രൂപത്തിൽ ഉപയോഗിക്കാനറിയാത്ത മനുഷ്യരെക്കുറിച്ച് അബ്രീദ പറയുന്നുണ്ട്: ” സ്വപ്നങ്ങൾ ഇത്ര അടുത്തുണ്ടായിട്ടും അവ ഒന്ന് കയ്യെത്തിപ്പിടിക്കുക പോലും ചെയ്യാത്ത മനുഷ്യർ എത്ര പമ്പര വിഡ്ഡികളാണ്. അങ്ങനെയുള്ള അനേകായിരം പേർക്കിടയിൽ അവരെപ്പോലെയാവാൻ എനിക്ക് മനസ്സില്ല…”
അത്തരത്തിലൊരു നിലപാടുള്ള അബ്രീദയെന്ന സഞ്ചാരിയെ സാധ്യമാക്കിയെടുക്കാൻ വീട്ടുകാരും കൂട്ടുകാരും നൽകിയ പിന്തുണയും ഏറെ വലുതായിരിക്കണം. പ്രസിദ്ധീകരണത്തിൻറെ ആദ്യവർഷങ്ങളിൽത്തന്നെ രണ്ട് പെൺകുട്ടികളുടെ യാത്രാവിവരണങ്ങൾ (മറ്റൊരു പുസ്തകം- ‘പറുദീസ’-ഹെന്ന മെഹത്തർ) പ്രകാശനം ചെയ്ത ലിറ്റാർട് പബ്ലിക്കേഷനും അവരുടെ പ്രസിദ്ധീകരണത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിക്കഴിഞ്ഞു.

ഏതായാലും അബ്രീദയുടെ യാത്രകൾ ഇവിടെ അവസാനിച്ചിട്ടില്ല. വരും വരായ്കകളെക്കുറിച്ച് ആവശ്യത്തിലധികം കണക്കെടുപ്പ് നടത്തിയാൽ കാര്യം നടക്കില്ലെന്ന് ഈ പെൺകുട്ടിയ്ക്ക് നന്നായി ബോധ്യമുണ്ട്. ‘സിദ്ധാർത്ഥ’യിൽ പ്രിയ സാഹിത്യകാരൻ ഹെർമൻ ഹെസ്സെ പറഞ്ഞ് വച്ചതു പോലെ,

”Whither will my path yet lead me? This path is stupid, it goes in spirals, perhaps in circles, but whichever way it goes, I will follow it…”

ഈ ദുനിയാവ് എങ്ങനെയൊക്കെ കറങ്ങുമെന്നോ എത്ര വരെ കറങ്ങുമെന്നോ നമുക്കറിയില്ല, പക്ഷെ അത് എങ്ങനെയൊക്കെ കറങ്ങിയാലും അതിനനുസരിച്ച് കറങ്ങിക്കൊണ്ടേയിരിക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here