കവിത
ശ്രീകുമാർ കരിയാട്
കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല.
അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ?
വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ?
പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ?
കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ
കുഞ്ഞിടവഴിപ്പാതകളിലൂടെ,
മറ്റു കൃതികളിലേക്ക് പോയിക്കാണുമോ?
കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ
അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു.
ഇതേ വേഷത്തിൽ പോയാൽ
വായനക്കാരനെ കണ്ടുപിടിക്കാൻ കഴിയില്ലെന്നുറപ്പുള്ളതുകൊണ്ട്,
അപസർപ്പകൻ വേഷ പ്രച്ഛന്നനായി.
വാക്കുകളിലുള്ള വേഷം, രൂപകങ്ങളിൽ മറ്റൊന്നായി.
പദതാളമുഴക്കത്തിൽ അപസർപ്പകൻ സ്പന്ദനരൂപമായി.
റെഫറൻസുകളുടെ വാസ്തുമേഖലകളിൽ
ചരിത്രകാരവേഷത്തിൽ ഉറപ്പിച്ചുനടന്നു.
എങ്ങും വായനക്കാരനില്ല.
എന്നാൽ അവന്റെ മുദ്രകൾ വാക്കിലും രൂപകത്തിലും
പദതാളമുഴക്കത്തിലും റെഫറൻസുകളിലും പതിഞ്ഞുകിടന്നിരുന്നു.
മടുത്ത അപസർപ്പകൻ, മറ്റൊരു വേഷമെടുത്ത് ,
കവിതയിലെ അന്വേഷണ പാതയിലൂടെ തിരിച്ചു നടന്നു.
വഴിവക്കിൽ കണ്ട കടയിൽ നിന്ന്
മധുരപാനീയം കുടിക്കാമെന്നു തീരുമാനിച്ചു.
പെട്ടെന്ന്, കടയുടെ വശത്തു മാറി നിന്ന് പുകവലിക്കുന്നയാളിൽ
അപസർപ്പകന്റെ ശ്രദ്ധ കുരുങ്ങി.
ഇരുവരുടേയും കണ്ണുകളിടഞ്ഞു.
അപരന്റെ കണ്ണുകളിൽ
കവിതയുടെ ഒരു കോപ്പി തെളിഞ്ഞതുപോലെ..
വാക്കുകളിലും രൂപകങ്ങളിലും
പദ താളമുഴക്കത്തിലും റെഫറൻസുകളിലുമൊക്കെ
അയാളുടെ കാൽപ്പാടുകൾ ഉള്ളതു പോലെയും…
അപസർപ്പകൻ അപരന്റെ നേരെ ആഞ്ഞടുത്തു.
അയാൾ അവസാനത്തെ പുകകൊണ്ട്
അപസർപ്പകനെ മറച്ച് അതിനകമേ, സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല