കവിത
രാജന്‍ സി എച്ച്
അടുക്കളയില്‍
ഓരോ പാത്രവും
തട്ടി വീഴുമ്പോളുണ്ടാവും
അതാതിന്‍റേതായ ഒച്ച.
നിലവിളിയൊച്ച.
ചില്ലു ഗ്ലാസെങ്കില്‍
ചിതറി
ചില്ലെന്ന്
സ്റ്റീല്‍ തളികയെങ്കില്‍
കറയില്ലാതെ
സ്റ്റീലെന്ന്
ഓട്ടു പാത്രമെങ്കില്‍
അല്പം കനത്തില്‍
ഓടെന്ന്
മണ്‍കുടമെങ്കില്‍
നുറുങ്ങിത്തെറിക്കും
മണ്ണെന്ന്
അലൂമിനിയച്ചെമ്പെങ്കില്‍
കനമേശാതെ
അലൂമിനിയമെന്ന്
പ്ലാസ്റ്റിക്കെങ്കില്‍
അയഞ്ഞ്
പ്ലായെന്ന്
ശ്രദ്ധിച്ചാലറിയും
ഓരോ വീഴ്ച്ചയിലും
അതാതിന്‍റെ തനിമ.
തൊടിയില്‍
ഇല വീഴുമ്പോള്‍
ചിലമ്പി
ഇലയെന്ന്
മരം വീഴുമ്പോള്‍
അലറി
മരമെന്ന്
പൂ വീഴുമ്പോള്‍
നിശ്ശബ്ദം
പൂവെന്ന്
മഴ വീഴുമ്പോള്‍
അലച്ച്
മഴയെന്ന്
കാതുണ്ടായാല്‍ മതി
തിരയിലും
ഓം എന്ന്.
എന്നാല്‍
മനസ്സ് വീഴുമ്പോള്‍
ഏതൊച്ചയിലെന്ന്
ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
????Nice poetry by Rajan C H????
കവിത.❤️