മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

0
467

കവിത

രാധിക സനോജ്

എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തു

നുര വന്ന ചുണ്ടിലേക്ക്

ഒന്ന് രണ്ട് എന്ന്

കുടിനീരിറ്റിച്ചപ്പോൾ

എനിക്കറിയാത്ത ഭാഷയിൽ അത്

അമ്മേ എന്നു വിളിച്ചു

അത് മൃഗമല്ലാതായി, അപ്പോൾ

ഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്ന

ഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾ

ചികിത്സ കിട്ടാതെ മരിച്ച

കുഞ്ഞുങ്ങൾ

എൻ്റെ വീട്ടുപടിക്കൽ വരിവരിയായി നിന്നു

വടിവാൾതലക്കൽ പിടഞ്ഞു

ചോര ചീറ്റുന്ന

മക്കളുടൽ ഞാനപ്പോൾ ഓർത്തു

ഉള്ളിലെ കടലുകളിൽ ഇരമ്പുന്ന

വേദനയുടെ വേലിയേറ്റങ്ങൾ

ആരു കാണാനാണ് ?

ഇന്നലെ വരെ ഓടിക്കളിച്ച പൂച്ചക്കുഞ്ഞിന്

എൻ്റെ പൊന്നുമക്കളുടെ മുഖമായിരുന്നു

കലികാലദംശനമേറ്റ്
നീലിച്ച കവിത പോലെ

എൻ്റെ പൂച്ചക്കുഞ്ഞ് വിറങ്ങലിച്ചു കിടന്നു

മഴയത്ത് ചോര വാർന്ന് മരിച്ച

നിരവധി മക്കളെ ഓർത്ത്

ഞാനതിനെ മറവു ചെയ്തു

അവനെ കൊത്തിയെന്ന്

ഞാൻ ഭയക്കുന്ന സർപ്പം

ഇരുളിലിപ്പൊഴും ഒളിഞ്ഞിരിപ്പുണ്ട്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here