അഭിമുഖം

1
477
Nisha Narayanan poem arteria

കവിത

നിഷ നാരായണൻ

നമസ്കാരം.
ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക.
സുഹൃത്തേ,ചിരിക്കണ്ട.
ലേശം അങ്ങനെയങ്ങു വിചാരിക്കൂ.
നോവലാണ് എന്റെ തട്ടകം.
നോവല്‍ എന്ന സാഹിത്യത്തിന്
യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം.
Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ.
മൈക്ക് നേരെ പിടിച്ചാട്ടെ
എനിക്ക് ചിലത് പറയാനുണ്ട്.
അഭിമുഖങ്ങള്‍ പൊതുവെ ഞാന്‍ വെറുക്കുന്നു.
ഹേയ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ
അഭിമുഖകാരന്‍ തനിക്ക് പ്രിയമുള്ള കാര്യങ്ങളേ ചോദിക്കുള്ളൂ.
നിങ്ങള്‍ വിഡ്ഢിയെപ്പോലെ അയാളുടെ
ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചുകൊണ്ടേയിരിക്കും.
പുറത്തുവരുന്നതില്‍ നിങ്ങളുണ്ടാവില്ല.
അമ്പരന്നു നില്‍ക്കുന്ന നിങ്ങളെ ടാബ്ളോയിഡുകള്‍ വലിച്ചുകീറും.
നിങ്ങള്‍ വിചാരിക്കും.
ജനങ്ങള്‍ ഇതൊക്കെ പെട്ടെന്നു മറന്നോളും.
എവിടെ,മാസങ്ങള്‍ക്കുശേഷം,
അടുത്ത അഭിമുഖകാരന്‍ ഇതുതന്നെ എടുത്തുചോദിക്കും.
അതൊക്കെ വിടൂ,നമുക്ക് നോവലിലേക്ക് വരാം.
നോവലുകളെ കല്‍പിതങ്ങളെന്ന്,
കള്ളക്കഥകളെന്ന് കളിയാക്കുന്ന നിങ്ങളോട്
മാര്‍ക്വേസിന്റെ ജോനാഹ് മറുപടിപറയും.
ജോനാഹ് പറയുന്നു. ഭാര്യേ,ഞാന്‍ വരാന്‍ മൂന്നുദിവസം വൈകിപ്പോയി.
എന്നെയൊരു തിമിംഗലം വിഴുങ്ങിയിരിക്കുകയായിരുന്നു.
സത്യമായും ഒരു തിമിംഗലം വിഴുങ്ങിയ ആള്‍
തൊട്ടടുത്ത നിമിഷം ഒരു ചാട്ടുളിയാല്‍
വയറുകീറപ്പെട്ട തിമിംഗലത്തില്‍ നിന്ന്
രക്ഷപ്പെട്ടു വീടെത്തുന്നതില്‍
എന്ത് കള്ളമാണുള്ളത്?
അഭിമുഖകാരാ,നിങ്ങള്‍ തറച്ചുനോക്കണ്ട.
എന്താണ് കവിതയെഴുതാത്തത്
എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും.
ആത്മഭാഷണങ്ങളെ എനിക്കിഷ്ടമല്ല.
അവ പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട്
തത്വോക്തി ചൊരിയുന്ന പണ്ഡിതനെ പോലെയാണ്.
ഞാനെന്ന നോവല്‍കാരിയെ നിങ്ങളൊരു ഫോട്ടോഗ്രാഫറായി സങ്കല്‍പിക്കുക
അവള്‍ നിങ്ങളെ ഹാര്‍ദ്ദമായി സ്റ്റുഡിയോയിലേക്ക് സ്വാഗതം ചെയ്യും
നിങ്ങളുടെ കണ്ണ്,ചെവി,മൂക്ക്
ഇവയെ പറ്റിയൊക്കെ കലാത്മകമായി സംസാരിക്കും.
നിങ്ങളെപറ്റിയാണ് ഞാന്‍ കൂടുതല്‍ മിണ്ടുക
സാഹിത്യം സഹജജ്ഞാനവും സഹജീവിബോധവും കൂടിയാണ് സുഹൃത്തേ.

ആഹാ,അടുത്ത ചോദ്യത്തിനുള്ള തയ്യാറെടുപ്പാണോ
നോവലിനെ നിര്‍വചിയ്ക്കാന്‍ മാത്രം എന്നോടു പറയരുതേ കുഞ്ഞേ,
ഞാനതിനാളല്ല.
ഉണക്ക നിര്‍വചനങ്ങള്‍ക്കപ്പുറം
മൊസാര്‍ട്ട് സിംഫണിപോലെ
വിപ്ളവാത്മകമായ നൊട്ടെഷനുകളാണ്
നോവലുകളെന്നും
ജീവിതമെന്ന അമൂര്‍ത്തപദത്തിന്റെ
രക്ഷപെടാനാവാത്ത പരാജയങ്ങളെ
നേരിടുക എന്ന മൂര്‍ത്തതയാണ് നോവലെന്നും
ഒക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നാല്‍
നിങ്ങള്‍ വിയര്‍ക്കും, മൂന്നും നാലും കപ്പ് ചായ
എനിക്കുവേണ്ടി നിങ്ങള്‍
ഓര്‍ഡര്‍ ചെയ്യേണ്ടിവരും. ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യും.

ആക്ച്വലി മറയാണെല്ലാം.
മറ എന്താണെന്നറിയാമോ ചോദ്യകാരാ
എല്ലായിടത്തും മറയുണ്ട്.
നിങ്ങളുടേയും എന്റേയും കണ്ണുകളില്‍ പോലും
ഓറഞ്ചുതൊലി പോലെ ഒന്ന്
ഒരു മാന്ത്രികമറ ഉണ്ടാക്കുന്നുണ്ട്.
അതിനെ മാര്‍ക്വേസിന്റെ കണ്ണാടിനിര്‍മിതമായ
നഗരം മക്കോണ്ട വന്നു വലിച്ചുകീറി.
നോവലിന്റെ സാധ്യതയെ,വജ്രതയെ
മക്കോണ്ടയെന്ന മാന്ത്രികയാഥാര്‍ഥ്യം
പിടിച്ചുവലിച്ചു പുറത്തേയ്‌ക്കെടുത്തിട്ടു .
ഡിയര്‍ ,ചരിത്രത്തില്‍ നിന്നുകൊണ്ടുതന്നെ
ചരിത്രത്തില്‍നിന്നു വിടുതല്‍ നേടുന്ന
പ്രക്രിയ എന്തെന്നറിയുമോ,അതു നോവലാണ്
അഭിമാനിക്കൂ,നിങ്ങളൊരു നോവലെഴുത്തുകാരിയോടാണ്
സംസാരിക്കുന്നതെന്നതില്‍.
ഇനി ഞാന്‍ മിലന്‍ കുന്ദേരയെപറ്റിപറയട്ടെ?
കാഫ്കയേപറ്റിയും ബാല്‍സാക്കിനെപറ്റിയും
പമേലയേയും ഉര്‍സുലയേയും പറ്റി
പറഞ്ഞുകൊണ്ടേയിരിക്കട്ടെ,
വേണ്ടല്ലേ,സമയം കഴിയാറായല്ലേ,
എനിക്കെതിരെയുള്ള പ്രതിപ്പലകകള്‍
നിര്‍മിച്ചുകഴിഞ്ഞല്ലോ അല്ലേ
നാളെയത് പപ്പരാസികള്‍ക്ക് അയച്ചുകൊടുക്കൂ.
മാര്‍ക്വേസിനെപറ്റി പറയുമ്പോള്‍
ഞാനെന്നെപ്പറ്റിക്കൂടിയാണ്
പറഞ്ഞുകൊണ്ടിരുന്നത്.
റോമിനേപറ്റിപറയുമ്പോള്‍
നിലയെത്താത്ത ചേരികളെപറ്റിക്കൂടിയാണ്
ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.
നോവലിനെ പറ്റിപറയുമ്പോള്‍
ജീവിതമാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here