ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

0
180

കവിത

നിമ. ആർ. നാഥ്‌

നിന്നെയോർക്കുന്നു.
ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ.
ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം.
സമുദ്രജലവഴുപ്പ്.
ഗർഭദ്രവഗന്ധം.

ദിശതെറ്റിയുറഴി ചുഴിയരികുകളിൽ-
ചുംബിക്കുന്നൊരു കപ്പൽ.
ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം-
മുരണ്ടമറുന്ന കറുത്ത റോയൽ എൻഫീൽഡ്.
തലച്ചോറ് കിരുത്തു പെരുകി-
പുളിച്ചു പതയും ഹുങ്കാരം.

ജാക്കരന്തപ്പൂക്കൾ തെറിച്ചു വിരിച്ചിടും-
വയലറ്റ് രാശി.
അതിനാൽ നനഞ്ഞു മുങ്ങിയടരും-
വെയിൽച്ചീളുകൾ.
വരണ്ട മഞ്ഞ പുരണ്ട ദേഹങ്ങൾ.
വയറുന്തിയ പല്ലികളെന്ന പോൽ.
ഒഴുകുന്ന മൃതശരീരങ്ങൾ പോൽ.

നിശബ്ദത കനച്ചു പൊന്തിയ പുണ്ണുകൾ.
ശൂന്യത തിന്നു മുഴുത്ത പുഴുക്കൾ.
ലവണത്തരികളെന്ന വിധം പൊടിഞ്ഞു പറക്കുന്ന-
മുഷിപ്പിനസ്ഥികൾ.
വെറുപ്പിൻ ഫോസിലുകൾ.

പിത്തരസമൂറിയിറ്റുന്നു.
ഭ്രാന്ത് ചുറയുന്നു.

നിന്നെയോർക്കുന്നു.
അഗ്നിക്കൈകൾ തുടച്ചെടുത്ത ഭ്രൂണദ്വീപിൽ-
നീയെന്നൊരൊറ്റയില.
*ബാബുൽച്ചെടി വിത്തായി നീയെന്നിൽ-
ജലഞരമ്പുകളുലച്ചു വിരിക്കുന്നു.
ഓരോ രോമനാരിലും ഉന്മാദപ്പാൽപ്പത.

എനിക്ക് കാണാം.
ചുമരിൽ ചിലയ്ക്കുന്ന ഗൗളി.
നിലത്തിഴയുന്ന ഇരുതലമൂരി.
തീപ്പച്ചയിൽ ഒട്ടിയിരിക്കുന്നോരോന്ത്.
നീയാണ്.

ഉറഞ്ഞ കടൽദൂരം.
തേറ്റയാലൂറ്റപ്പെടുന്ന മസ്തിഷ്‌കം.
ഞാനഴിഞ്ഞു പരക്കുന്നു.

*ബാബുൽച്ചെടി : ആഴത്തിൽ നനവ് തേടിയിറങ്ങി പന്തലിക്കുന്ന ചെടി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here