കവിത
കെ.ടി അനസ് മൊയ്‌തീൻ
മഹാനായ പന്തുകളിക്കാരൻ
സുൽഫിക്കർ അലി
മൈതാനത്തു നിന്നും അടിച്ചുയർത്തിയ പന്ത്
പൊട്ടിയ കണ്ണാൽ
ഒരു എയർ ഇന്ത്യ കണ്ട്
നിലവിളിച്ച്
എന്റെ ഗോൾ വലക്കകത്ത് വന്ന്
പുതച്ചുമൂടിക്കവെ,
മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി
കോർണറിൽ മുട്ടിലിരുന്ന്
അതിന്റെ പേടിയാഘോഷിക്കുന്നു.
വിസിലൂതിപ്പറക്കും ലെഫ്രി
വാറ്റുകാരൻ ദിവ്യൻ.
വൈകി വൈകി
വാങ്ക് പെനയുന്നു.
ചുറ്റിയ ലോകം കാൽക്കലിറങ്ങുന്നു.
ഒരു നാരങ്ങാ സോഡായോളം
പന്തിനു ദാഹിച്ച നേരം.
കുടഞ്ഞൂരിയ ബൂട്ടുകളിലെ
ഓടിപ്പിരണ്ട ചരിതം, ആഞ്ഞടിച്ച മലക്കം,
പിടഞ്ഞ താളവുമൊന്നാകെ
മായ്ച്ചുറക്കുന്ന
തോറ്റവരുടെ ഗോളി തലയിൽ
ഒരു കാക്കക്കാഷ്ടം
നിറച്ചേൽക്കുന്നു.
ചരിത്രം മായ്ക്കരുതെന്ന കാക്കയുടെ
സമ്മോഹനവും, സൗജന്യവുമായ
ആക്ഷേപം നോക്കൂ..
അന്നേരം,
അവസാന നിമിഷത്തിൽ
തന്നെ വള്ളിവെച്ചു വീഴ്ത്തിയ
മൈതാനത്തെ പടുവള്ളിയെ
അഗാതമായി ശപിച്ചുകൊണ്ടിരിക്കുകയാണ്
മഹാനായ പന്തുകളിക്കാരൻ
സുൽഫിക്കർ അലി.
പഴയ ഗോൾപോസ്റ്റിന്റെ
നിറഞ്ഞ വയറ്റിൽ
വർഷങ്ങൾക്കിപ്പുറം പെറ്റെണീറ്റ
വിമാന ടെർമിനലിലോട്ട്
കടുത്ത വേദനകളെയും ഇരട്ടക്കുട്ടികളെയും
ഭാര്യയെ തിരിച്ചേൽപ്പിച്ച്
നടന്നുനീങ്ങുന്നു
മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി.
അവസാന നിമിഷങ്ങളിൽ
തന്നെ വള്ളിവെച്ചു വീഴ്ത്തിയിരുന്ന
പടുവള്ളികൾ
ഷൂ ധരിച്ച പാതം കൊണ്ട്
പരതി നോക്കുന്നുണ്ടയാൾ,
ഓരോ മിനിറ്റുകളെയും
മാച്ച് തുടച്ചോണ്ടിരുന്ന
തൂപ്പുകാരനെ കണ്ണിൽപ്പെടും വരെ.
മായ്പ്പുകാരുടെ തലയിൽ
കാഷ്ടിക്കാൻ
എയർ ഇന്ത്യകൾക്കാവില്ലല്ലോ.
പഴയ മൈതാനത്തിന്റെ
മതിലുവെച്ച ആകാശത്ത്
മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലിയെ
നിറച്ച എയർ ഇന്ത്യ
പുകഞ്ഞു പറക്കുമ്പോൾ
തോറ്റകളിയിലെ അവസാന ഷോട്ടുതിർക്കയാണയാൾ.
ഒന്നു പോലും തടഞ്ഞുനിർത്താനാവാത്ത
പഴയ ഗോളിയുടെ ഓട്ടക്കൈകളിൽ
ഒരു പെരുംകനം
ചുരുണ്ടുകിടക്കുന്നു.
കൈവീശാൻ പോലുമാവാതെ.
എനിക്ക് കേൾക്കാം…
ഒരു വിസിലിപ്പൊ മുഴങ്ങും.
ഈ മൈതാനം
എന്നേ ഞങ്ങളെ പുറത്തിരുത്തിയതാണ്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല