കവിത
കാവ്യ. എം
വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും..
കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ
എത്ര നാൾ ചേർത്ത് നിർത്തും?
എന്നാലുമെന്നാലും
ചേർത്ത് പിടിച്ചതിനൊന്നും
രാത്രികൾ ഉണ്ടാവാതിരിക്കട്ടെ..
വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്..
നെഞ്ചിലേക്ക് ഒരു വര..
അത് പിടിച്ചൊന്നു കൂടെ വരണം
പച്ച ഞരമ്പിൽ തട്ടി തടയരുത്..
ചോര ഞരമ്പ് പൊള്ളിച്ചെന്നു വരും..
പക്ഷെ കേൾക്കാതെ പോയ
നെഞ്ചിന്റെ മിടിപ്പിന് നനവുണ്ട്..
ചെവി ചേർക്കണം.. ആ മിടിപ്പിനൊപ്പം..
ചിലപ്പോൾ ശ്വാസം കിട്ടിയില്ലെന്നു വരാം..
കണ്ണൊന്നടച്ചു ശ്വാസം എടുത്തു നോക്കണം,
നിനക്ക് വീണു കിട്ടിയ ശ്വാസത്തിന്
കവിതയുടെ മണമായിരിക്കും..
ഉയിർകൊള്ളാൻ നിനക്കത് മതി,
കയറിപ്പോയ വഴി തന്നെ തിരിച്ചിറങ്ങണം നീ
ഞാനപ്പോൾ നിനക്കുമാത്രം കയറിവരാൻ തീർത്ത
കൊളുത്തിളകിയ വാതിൽക്കലുണ്ടാവും..
നിനക്ക് വീണു കിട്ടിയ ശ്വാസത്തെ തിരഞ്ഞ്..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല