കവിത
ജാബിർ നൗഷാദ്
ഇരുന്നിരുന്ന് മുഷിഞ്ഞപ്പോ കീഴേകാവിലെ
പോതിക്കൊരു കത്തെഴുതാന്നോർത്തു.
സോദരിക്ക് സുഖമല്ലേന്ന് ചോദിച്ചിട്ട് വെട്ടി.
വെട്ടീം തിരുത്തീമൊപ്പിച്ചൊരെണ്ണം ഒപ്പിട്ട്
സ്റ്റാമ്പൊട്ടിച്ച് കാവിലന്തി വീണപ്പോഴാരും
കാണാതെ വഞ്ചീകൊണ്ടിട്ടു. പിച്ചിക്കൊ-
പ്പമൊരഞ്ചാറ് മോഹങ്ങളാണതില്.
പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും ഞാൻ
കണ്ണാടിക്കു മുന്നിൽ നിന്ന് മുലകൾ
തടവി,വളർന്നിട്ടില്ല. പാവാട ചോന്നിട്ടില്ല.
താടിയിലെ മറുകും കയ്യിലെ ആറാം വിരലുമെല്ലാമതേപോലവിടെയുണ്ട്.
ഒടുവിലായ് എഴുത്തുമേശയ്ക്കരുകിലിരുന്ന്
കണ്ണടച്ചാലോചിക്കാൻ തുടങ്ങീപ്പോ വീണ്ടും
കിണറ്റീന്ന് തൊട്ടിയിട്ടുയർത്തിയ വെള്ളത്തീ
ചത്ത് ചീർത്ത് കിടക്കണ പൂച്ചേടെ ചിത്രം
ഇന്ദ്രിയങ്ങളുടെ അറ്റത്ത് നിന്നോക്കാനിക്കുന്നു.
പോതികേട്ടില്ല, കനിഞ്ഞില്ല.വേറൊന്നും വേണ്ട
അവസാനത്തെ മോഹമെങ്കിലും?
എഴുതി ഞെളിയാനൊരു കഥ?
കണ്ണടച്ച് കഥ തിരയുമ്പോ മരണങ്ങളാണ്
മുന്നില്. അമ്മേടെ അച്ഛന്റെ.
കയ്യിലിരിക്കണ പേന വിറയ്ക്കും
മേനി വിയർക്കും.മാറിടിക്കും.
ഒരിക്കൽ കൂടി പോതിക്കെഴുതാന്ന് നിനച്ച്.
വെട്ടിത്തിരുത്താതക്ഷരതെറ്റില്ലാതെ.
ലക്കോട്ടിലഞ്ചാറ് മുല്ലപ്പൂവിട്ടൊപ്പിട്ട് സ്റ്റാമ്പൊട്ടിച്ച്
അന്തിചീർക്കും മുമ്പേയിറങ്ങി.
വെട്ടം കുറച്ച് ബാക്കിയുണ്ട്.
ഇന്ന് പുലരുമ്പൊ കണ്ട സ്വപ്നത്തിന്റെ
പൊരുളോർത്ത് ഞാൻ വരമ്പത്തൂടെ നടന്ന്.
എത്രനാൾക്ക് ശേഷമാ മരണങ്ങളുടെ
മൗനങ്ങളില്ലാത്തൊരു സ്വപ്നം!
എങ്കിലും മരണത്തോടടുത്തു നിൽക്കുന്നു.
ഞാനടുക്കും ചിട്ടയുമോടെ മൂന്നാമത്തെ
കത്തെഴുതുന്നൊരു രാത്രി മധ്യേയാണ്.
‘ഇതെന്റെ ഒടുവിലത്തെ കത്താണ് കനിയണം’
എന്നെഴുതിമടക്കുമ്പോ വാതിലിലാരോ മുട്ടി
തുടരെ തുടരെ അപശ്രുതിയിൽ,
എന്റെ നെഞ്ചുമൊപ്പം മുട്ടി.
ഞാൻ ദേവിയെ മനസ്സിൽ നിറച്ച് വിറച്ച്
ചെന്ന് കതക് തുറന്നതും രണ്ട്
ബലിഷ്ഠമായ കൈകളെന്റെ മുഖം പൊതിഞ്ഞു.
നീണ്ടൊരു ശ്വാസമെടുത്താണ്
ഞാനുറക്കമെണീറ്റത്.
ചിരിയാണ് വന്നത്, എന്നെയാർക്കെന്തിന്.
കാവിനുമുന്നിൽ പതിവില്ലാത്തെ
ആൾകൂട്ടം കണ്ട്
പിന്നെവരാന്നോർത്ത്
മടങ്ങാൻ തുടങ്ങുമ്പോഴുണ്ട്
വഞ്ചിയിരുന്നേടത്ത് വഞ്ചിയില്ല, നിഴലുമില്ല!
നെന്റെ സ്വത്തിനും രക്ഷേല്ലല്ലോ ഭഗവത്യേന്ന്-
ആരോ പറഞ്ഞത് മുറിയിലെത്തുന്നതു-
വരയെന്റെ തലയിൽ കിടന്നുഴറി.
വല്ലാത്ത വിഷാദത്തിലേക്ക് ഞാൻ വീണു
കയ്യിലപ്പോഴും മുറുകെ പിടിച്ചിരുന്ന കത്ത്
സേതുവിന്റെ ‘അടയാളങ്ങളിലേക്ക്’ ഞാൻ
കുത്തികയറ്റി.
പെടുന്നനെയുയർന്ന കൗതുകത്തിൽ
ഞാൻ കത്ത് കയറിച്ചെന്ന താളിലേക്ക്
മറിച്ച് കണ്ണിലുടക്കിയത് വായിച്ചു
‘നീയെന്താ എന്നെ ഒരു നിത്യരോഗിയാക്കി
ഇവിടെ കിടത്താനാണോ ഭാവം?’
എനിക്ക് ചിരി വന്നു.
വാതിലിൽ പരിചിതമായൊരു
മുട്ട് കേട്ടിട്ടാണെന്റെ
ചിരി മുറിഞ്ഞത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല