റോൾഡ് ഗോൾഡ്

0
283

സിനിമ

അജു അഷറഫ്

നിങ്ങളൊരു പാചകക്കാരനാണെന്ന് കരുതുക. ഏറെപ്പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സദ്യക്ക്, ഒരു വിഭവത്തിൽ പരീക്ഷണം നടത്താൻ നിങ്ങൾ തീരുമാനിക്കുന്നു. പതിവ് രീതി വിട്ട്, നിങ്ങളുടേതായ രീതിയിൽ സജ്ജമാക്കിയ ആ വിഭവത്തിന് കയ്യടി കിട്ടാൻ സാധ്യതയുണ്ട്. ഇനി, നിങ്ങളൊരു സദ്യയിൽ മുഴുവൻ വിഭവങ്ങളിലും പരീക്ഷണം നടത്താൻ തുനിഞ്ഞെന്ന് കരുതുക. പരിപാടി കയ്യിൽ നിന്ന് പോയേക്കാം. വിഭവങ്ങളിൽ പലതും കുളമായി, സദ്യ അലങ്കോലമായേക്കാം. അൽഫോൺസ് പുത്രനെന്ന കുശിനിക്കാരന്, ‘ഗോൾഡ്’ എന്ന സദ്യ ഒരുക്കുമ്പോൾ സംഭവിച്ചതതാണ്. ക്യാമറ, എഡിറ്റിംഗ്, കാസ്റ്റിംഗ്, കൊറിയോഗ്രാഫി.. മുഴുവൻ വിഭവങ്ങളിലും പരീക്ഷണങ്ങൾ. പലതും വേവാതെ പോയി, ചിലതിന് വേവേറിപ്പോയി.

താരസമ്പന്നമാണ് സിനിമ. പൃഥ്വിരാജ്, നയൻതാര, ലാലു അലക്സ്, ഷമ്മി തിലകൻ, ജഗദീഷ്, മല്ലികാ സുകുമാരൻ, ചെമ്പൻ വിനോദ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ശാന്തി കൃഷ്ണ, ഷറഫുദ്ദീൻ, ജാഫർ ഇടുക്കി, സിജു വിത്സൺ, ബാബുരാജ്, സുധീഷ്, സുരേഷ് കൃഷ്ണ, അൽത്താഫ്… ഈ ആൾപെരുപ്പം തന്നെയാണ് പടത്തിന്റെ പരാജയകാരണങ്ങളിലൊന്ന്. “പ്രേമത്തിലും” “നേരത്തിലും” പരിമിതമായ താരസാന്നിധ്യം കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച അൽഫോൺസ് പുത്രൻ, ഇത്തവണ ധാരാളിത്തത്തിന്റെ അങ്കലാപ്പിലായി. ചിലരുടെ റോൾ വെറുമൊരു മുഖംകാണിക്കലായി ഒതുങ്ങിയപ്പോൾ, മറ്റ് ചിലർക്ക് ചത്ത തിരക്കഥ വില്ലനായി. ഒരേ ഡയലോഗ് പലതവണ പറയേണ്ട ഗതികേടിലായിരുന്നു മല്ലികാ സുകുമാരനും ജഗദീഷും. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ അടുക്കളയിൽ മാത്രം ചെലവഴിക്കുന്ന മല്ലിക, ഏതാണ്ടൊരു അമ്പതോളം ചായകൾ ഗ്ലാസിലേക്ക് പകരുന്നുണ്ട്. റോഷാക്കിൽ പോലീസ് വേഷം മനോഹരമാക്കിയ ജഗദീഷ്, അതേ കാക്കിയിൽ ഇത്തവണ തീർത്തും നിറംമങ്ങി.

എഡിറ്റിംഗിലും കൊറിയോഗ്രഫിയിലും ഉൾപ്പെടെ അൽഫോൺസ് നടത്തിയ പരീക്ഷണങ്ങൾ ഒക്കെയും പാളി. പതിവ് പൂമ്പാറ്റ – ഉറുമ്പ് പ്രകൃതി രമണീയ ഫ്രയിമുകൾ ചിത്രത്തിലുടനീളമിട്ടതും, കഥാപാത്രത്തിന്റെ പേരും (ചിലപ്പോഴൊക്കെ ഡയലോഗും) സ്‌ക്രീനിൽ എഴുതിക്കാണിക്കുന്ന രീതിയും വിപരീതദിശയിലാണ് ചിത്രത്തെ ബാധിച്ചത്. 2.45 മണിക്കൂർ എന്ന ദൈർഘ്യവും ചിത്രത്തിന്റെ പോരായ്മകളിലൊന്നാണ്. ഇത്ര നീണ്ടൊരു സിനിമയായതിനാൽ, ഒരിക്കലെങ്കിലും ട്രാക്കിലേക്ക് കേറുമെന്ന് പ്രേക്ഷകൻ പ്രതീക്ഷിക്കുമെങ്കിലും, ആ ശ്രമത്തിൽ സിനിമ വിജയിക്കുന്നേയില്ല. ആവർത്തനവിരസതയെന്ന വാക്ക് ആവർത്തിച്ചുപയോഗിക്കാതെ ഗോൾഡിനെ നിരൂപിക്കാനാവില്ല. ചിത്രത്തിലെ ആദ്യ ഗാനരംഗത്തിൽ കൊറിയോഗ്രാഫി തരക്കേടില്ലാത്ത രീതിയിലായിരുന്നു. എന്നാലവസാനഭാഗത്ത് ആ വിഭാഗത്തിലും പടം പാളി. സൗബിനും ഗണപതിയുമടക്കം ഒരുപാടാളുകൾ തുടർച്ചയായി ഒരേ സ്റ്റെപ്പുമായി സ്‌ക്രീനിൽ നിറഞ്ഞതെന്തിനാണെന് കണ്ടവർക്കാർക്കും കലങ്ങിയിട്ടില്ല. കാർ, മൊബൈൽ എന്നൊക്കെ പറയേണ്ടിടത്ത്, ഓൺലൈൻ വെബ്‌സീരീസുകളെ പോലും കടത്തിവെട്ടുന്ന രീതിയിൽ ഉത്പന്നങ്ങളുടെ ബ്രാൻഡ് നെയിമും പ്രത്യേകതകളും പറയുന്ന രീതിയും സിനിമയിൽ ചെറുതല്ലാത്ത കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട്.

കഥപറച്ചിലിനെ ഏറ്റവും ലളിതമായി നമുക്ക് രണ്ട് വിഭാഗങ്ങളാക്കാം. ഒന്ന്, കൃത്യമായ ലോജിക്കിലൂന്നി, റിയലിസ്റ്റിക്കായി കഥ പറയുന്ന രീതി. അടുത്തിടെ ഇറങ്ങിയ അപ്പനടക്കമുള്ള സിനിമകൾ ഈ വിഭാഗത്തിൽ പെടുന്നു. യുക്തിയെ പാടെ കൈവിട്ട്, ഫാന്റസി മൂഡിലും സിനിമയെടുക്കാം. കനകം കാമിനി കലഹവും ചുരുളിയുമൊക്കെ ഈ ഗണത്തിൽ പെടുന്നു. ഗോൾഡ് റിയലിസ്റ്റിക്ക് എന്ന ഇല്ലത്ത് നിന്നും പുറപ്പെട്ടു. എന്നാൽ, ഫാന്റസി എന്ന അമ്മാത്ത് ഒട്ട് എത്തിയുമില്ല. ഇതിനൊപ്പം കഥയിലെ കാമ്പില്ലായ്മ കൂടെ ആയതോടെ ചിത്രമൊരു പരാജയമായി മാറി. നയൻ‌സിന് കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ അതേ പറ്റി കാര്യമായൊന്നും പറയാനില്ല. സിനിമയിൽ ഉടനീളം നിറഞ്ഞ് നിന്ന പൃഥ്വിരാജ് തന്നാലാവും വിധം ശ്രമിച്ചിട്ടുണ്ട്. ഷമ്മി തിലകനും ലാലു അലക്‌സും സിനിമയെ കരകയറ്റാൻ പരമാവധി പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഗോൾഡിന് തിളക്കമില്ലെങ്കിലും, നാലാമതൊരു മികച്ച ചിത്രവുമായി അൽഫോൺസെത്തുമെന്ന് പ്രതീക്ഷിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here